എല്ലാ പ്രവർത്തനങ്ങൾക്കും ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു
ന്യൂഡൽഹി: രാജ്യത്ത് നിയമപരവും വാണിജ്യപരവും ഭരണപരവുമായ എല്ലാ പ്രവർത്തനങ്ങൾക്കും ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇതുസംബന്ധിച്ച് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം "ലീഗൽ മെട്രോളജി-ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം-2026’ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തു. 2027 മാർച്ച് മുതൽ രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും ഭരണസംവിധാനങ്ങളും ഐഎസ്ടി നിർബന്ധമായും പാലിക്കണം.
ഗസറ്റിൽ പ്രസിദ്ധീകരിച്ച് 180 ദിവസത്തിനകം പ്രാബല്യത്തിൽ വരുന്ന ഈ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരേ ലീഗൽ മെട്രോളജി നിയമപ്രകാരം പിഴ ചുമത്തും. തദ്ദേശീയമായി വികസിപ്പിച്ച സമയം ഉപയോഗിച്ച് സമയക്രമത്തിലെ വ്യത്യാസങ്ങളും ഡിജിറ്റൽ ആശയക്കുഴപ്പങ്ങളും ഒഴിവാക്കാനാണ് ഈ നീക്കം.
പ്രധാന ലക്ഷ്യങ്ങൾ
രാജ്യത്തെ നിയമപരമായ ഇടപാടുകള്‍/ കരാറുകള്‍, വാണിജ്യ/ സാമ്പത്തിക ഇടപാടുകള്‍, ഡിജിറ്റല്‍ സംവിധാനങ്ങള്‍, ഭരണനടപടികള്‍ തുടങ്ങിയവയില്‍ ഐഎസ്ടി പ്രകാരമുള്ള സമയം പിന്തുടരുന്നത് സമയക്രമത്തിലെ വ്യത്യാസങ്ങളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കാന്‍ സഹായിക്കുമെന്നാണ് കേന്ദ്രം അഭിപ്രായപ്പെടുന്നത്.
ഐഎസ്ടി പിന്തുടരുന്നതിലൂടെ ഡിജിറ്റല്‍ ഇടപാടുകള്‍ സുരക്ഷിതമാക്കാനും സൈബര്‍ കുറ്റകൃത്യങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും. ഗതാഗതം, ടെലികോം തുടങ്ങിയവ ഉള്‍പ്പടെയുള്ള മേഖലകളില്‍ കൃത്യവും ഏകോപിതവുമായ സമയക്രമം ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുമെന്നും സര്‍ക്കാര്‍ പറയുന്നു.
Tags : Deepika DeepikaNewspaper BreakingNews Central Government implement