സർക്കാർ ജില്ലാ, ജനറൽ ആശുപത്രികളിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുന്നതിൽ സർക്കാരും ഡോക്ടർമാരുടെ സംഘടനയും തമ്മിൽ ധാരണ. ഓർത്തോ, ഗൈനക്കോളജി, പീഡിയാട്രിക്സ്, ജനറൽ മെഡിസിൻ, സർജറി വിഭാഗങ്ങളിൽ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ മുഴുവൻ സമയവും ഒരു സ്പെഷലിസ്റ്റ് ഡോക്ടറുടെ സേവനമുണ്ടാകും.
രാത്രി എട്ടുമുതൽ ഓണ് കോൾ ഡ്യൂട്ടിയിൽ സ്പെഷലിസ്റ്റ് സേവനം ഉറപ്പാക്കാനും ആരോഗ്യമന്ത്രി കെ. മുരളീധരനും സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ ഭാരവാഹികളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ധാരണയിലായി.
സ്പെഷാലിറ്റി ഡോക്ടർമാരുടെ ഒഴിവുകൾ നികത്താമെന്നും പ്രമോഷൻ നടപടി വേഗത്തിലാക്കാമെന്നും സർക്കാർ ഉറപ്പു നൽകി. കെജിഎംഒഎയുടെ എതിർപ്പിൽ ആരോഗ്യമന്ത്രി പരസ്യമായി അതൃപ്തിയും രേഖപ്പെടുത്തി.
സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാനുള്ള തീരുമാനത്തിൽ വിട്ടുവീഴ്ചയില്ലെന്നു മന്ത്രി അറിയിച്ചു. ഇതിന് ആനുപാതികമായി കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്നു കെജിഎംഒഎ ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കാമെന്നു മന്ത്രിയും അറിയിച്ചു.
ആവശ്യത്തിന് ഡോക്ടർമാർ സംവിധാനത്തിന് അകത്തുതന്നെയുണ്ടെന്നും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽനിന്ന് സ്പെഷലിസ്റ്റുമാരെ വിന്യസിച്ചു പദ്ധതി നടപ്പാക്കാമെന്നുമായിരുന്നു സർക്കാർ നിലപാട്. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ നിന്ന് സ്പെഷലിസ്റ്റ് ഡോക്ടർമാരെ പുനർവിന്യസിക്കുന്പോൾ അവരോട് സമ്മതം ചോദിക്കും.പുനർവിന്യസിക്കുന്ന സ്പെഷലിസ്റ്റുമാർക്കു പകരം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കും.
പുനർവിന്യസിക്കുന്ന സ്പെഷലിസ്റ്റുകൾക്ക് പ്രത്യേക അലവൻസ് വേണമെന്ന ആവശ്യം പരിഗണിക്കാമെന്നും മന്ത്രി അറിയിച്ചു. പ്രശ്നപരിഹാരമായതോടെ ആദ്യഘട്ടത്തിൽ പുനലൂർ ആശുപത്രിയിൽ പദ്ധതി തുടങ്ങും.
Tags : Deepika DeepikaNewspaper BreakingNews Specialty services government hospitals