നേപ്പാളിലേക്ക് ഇന്ത്യ കയറ്റി അയച്ചത് 68.5 ടൺ ദുരിതാശ്വാസ സാമഗ്രികൾ
ന്യൂഡൽഹി: മിന്നൽപ്രളയം സംഹാരതാണ്ഡവമാടിയ നേപ്പാളിലേക്ക് ഇന്ത്യ ഇതുവരെ കയറ്റി അയച്ചത് 68.5 ടൺ ദുരിതാശ്വാസ സാമഗ്രികൾ. ദുരിതാശ്വാസ സാമഗ്രികളുമായുള്ള ഇന്ത്യയിൽനിന്നുള്ള നാലാമത്തെ വിമാനവും നേപ്പാളിലെത്തിയെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു.
പുതപ്പുകളും സ്ലീപ്പിംഗ് ബാഗുകളും ടാർപോളിനുകളും പ്ലാസ്റ്റിക് ഷീറ്റുകളും ഹൈജീൻ കിറ്റുകളും ഉൾപ്പടെ 11 ടൺ ദുരിതാശ്വാസ സാമഗ്രികളാണ് ഇന്ത്യ ഇന്നലെ നേപ്പാളിനു കൈമാറിയത്. രക്ഷാപ്രവർത്തനങ്ങൾക്കായി തുരങ്ക സാങ്കേതിക വിദഗ്ധരുടെ ഒരു സംഘം, ഡിഎൻഎ പരിശോധനയ്ക്കായി ഫോറൻസിക് സംഘം എന്നിവരും ഇന്ത്യയിൽനിന്ന് നേപ്പാളിലെത്തിയിട്ടുണ്ട്.
മിന്നൽപ്രളയത്തെത്തുടർന്ന് നേപ്പാളിലെ ജലവൈദ്യുത പദ്ധതിയുടെ തുരങ്കങ്ങളിൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് തുരങ്ക സാങ്കേതിക വിദഗ്ധരോടൊപ്പം തുരങ്കങ്ങളിൽ പരിശോധന നടത്തുന്ന ഉപകരണങ്ങളും ഇന്ത്യ നേപ്പാളിലേക്ക് അയച്ചിരിക്കുന്നത്. ദുരന്തത്തെത്തുടർന്ന് ഡിഎൻഎ പരിശോധന, ഫോറൻസിക് ജോലി തുടങ്ങിയ വൈദഗ്ധ്യമുള്ള പ്രവർത്തനങ്ങൾക്കു നേപ്പാൾ വിദേശസഹായം അഭ്യർഥിച്ചതിനെത്തുടർന്ന് ഇന്ത്യയിൽനിന്നുള്ള ഫോറൻസിക് സംഘവും നേപ്പാളിൽ എത്തിയിട്ടുണ്ട്.
മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ഇവർ നേപ്പാളിലുള്ള ഫോറൻസിക് സംഘവുമായി ചേർന്നാണു പ്രവർത്തിക്കുന്നത്.42 ബെയ്ലി പാലങ്ങൾ നിർമിക്കാൻ നേപ്പാൾ ഇന്ത്യയുടെയും ചൈനയുടെയും സഹായം തേടിയതിനെത്തുടർന്ന് 230 അടിയുള്ള ഒറ്റ ലെയ്ൻ മോഡ്യുളർ സ്റ്റീൽ ബ്രിഡ്ജ് 16 ട്രക്കുകളിലായി ഇന്ത്യ നേപ്പാളിലെത്തിച്ചിട്ടുണ്ട്. ഏഴു ബെയ്ലി പാലങ്ങൾക്കൂടി നിർമിക്കാനുള്ള സാമഗ്രികളും ഇന്ത്യ ഉടൻ നേപ്പാളിലെത്തിക്കും.
Tags : Deepika DeepikaNewspaper BreakingNews India exported 68.5 tonnes