ഡ്രോണുകൾ
ന്യൂഡൽഹി: ഇന്ത്യ-പാക് അതിർത്തിയിൽ ആശങ്കയുയർത്തി പാക്കിസ്ഥാന് വൻതോതിൽ അത്യാധുനിക യുദ്ധ ഡ്രോണുകളും വ്യോമപ്രതിരോധ സംവിധാനങ്ങളും കൈമാറി തുർക്കി. ‘സൂയിസൈഡ് ഡ്രോൺ’ എന്നറിയപ്പെടുന്ന ബയ്കർ യിഹ-3, സാറ്റലൈറ്റ് കമ്യൂണിക്കേഷൻ സംവിധാനങ്ങൾ ഘടിപ്പിച്ച ബയ്റക്തർ ടിബിടുവിന്റെ നവീകരിച്ച പതിപ്പുകൾ, ലോയിറ്ററിംഗ് മ്യുണിഷനുകൾ എന്നിവ ഉൾപ്പടെയുള്ള ആധുനിക ആയുധശേഖരമാണു കൈമാറിയതെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇതു കൂടാതെ, വൻ നാശനഷ്ടങ്ങൾ സൃഷ്ടിക്കാൻ ശേഷിയുള്ള എണ്ണൂറിലധികം ‘സോംഗാർ’ ഡ്രോണുകളും പാക് സേനയ്ക്കു ലഭിച്ചിട്ടുണ്ട്. ഇസ്താംബൂളിൽനിന്ന് പാക് വ്യോമസേനയുടെ മുറീദ് വ്യോമതാവളത്തിലേക്ക് തുർക്കി വ്യോമസേനയുടെ എ400എം ചരക്കുവിമാനങ്ങൾ നടത്തിയ തുടർച്ചയായ സർവീസുകളിലൂടെയാണ് ആയുധങ്ങൾ എത്തിച്ചത്. ഈ സമയങ്ങളിൽ ചൈനീസ് വ്യോമസേനാ വിമാനങ്ങളുടെ സാന്നിധ്യവും മുറീദിൽ ഉണ്ടായിരുന്നു.
ഇന്ത്യൻ അതിർത്തി ലക്ഷ്യമിട്ടു നീക്കം
മുറീദ് വിമാനത്താവളത്തിലെത്തിച്ച ഡ്രോണുകളിൽ ഒരു പങ്ക് പാക് സൈന്യത്തിന്റെ രഹസ്യകേന്ദ്രങ്ങളിലേക്കും ഭൂരിഭാഗവും ഇന്ത്യൻ അതിർത്തിയോടു ചേർന്നുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളിലേക്കും മാറ്റിയതായാണു വിവരം. മെഷീൻ ഗണ്ണുകൾ, ഗ്രനേഡ് ലോഞ്ചറുകൾ, 81 എംഎം മോർട്ടാറുകൾ എന്നിവ ഘടിപ്പിക്കാൻ ശേഷിയുള്ള സോംഗാർ ഡ്രോണുകൾ രാവും പകലും ഒരുപോലെ പ്രത്യാക്രമണങ്ങൾക്കും അതിർത്തി നിരീക്ഷണത്തിനും ഉപയോഗിക്കാൻ സാധിക്കുന്നവയാണ്.
നേരത്തേ, ജൂലൈ 19 മുതൽ 21 വരെയുള്ള തീയതികളിൽ പാക് വ്യോമസേനാകേന്ദ്രങ്ങളായ നൂറുർ ഖാൻ, മസ്രൂർ, മുറീദ് എന്നിവിടങ്ങളിൽ തുർക്കിയുടെ സി-130, എ400എം വിമാനങ്ങൾ എത്തിയത് ഇന്ത്യൻ അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചിരുന്നു.
ഇതിന്റെ തുടരന്വേഷണത്തിലാണ് വൻ ആയുധക്കൈമാറ്റത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്. അതേസമയം, വാർത്തയോട് തുർക്കി പ്രരോധ മന്ത്രാലയമോ പാക് ചാരസംഘടനയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
നീക്കം പുതിയ സഖ്യനീക്കത്തിനു പിന്നാലെ
സൗദി അറേബ്യ, തുർക്കി, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ തമ്മിൽ സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവച്ചതിന് തൊട്ടുപിന്നാലെയാണ് ഈ ആയുധക്കൈമാറ്റം നടന്നതെന്നത് മേഖലയിൽ വലിയ ആശങ്കയ്ക്ക് വഴിവച്ചിട്ടുണ്ട്.
ഒരു അംഗരാജ്യത്തിനു നേരേയുണ്ടാകുന്ന ആക്രമണം മൂന്ന് രാജ്യങ്ങൾക്കും നേരേയുള്ള ആക്രമണമായി കണക്കാക്കുന്നതാണ് ഈ ഉടമ്പടി.
മേഖലയിലെ സൈനിക സന്തുലിതാവസ്ഥയെ ബാധിക്കുന്ന ഈ നീക്കങ്ങളെ ഇന്ത്യയും അന്വേഷണ ഏജൻസികളും അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്.
Tags : Deepika DeepikaNewspaper BreakingNews Turkey transfers tate-of-the-art drones