ആറന്മുള ഉത്രട്ടാതി ജലോത്സവം
ആറന്മുള: പന്പാനദിയുടെ ഓളങ്ങളെ കീറിമുറിച്ചെത്തിയ ആവേശത്തിനൊപ്പം നയനാനന്ദ കാഴ്ചകളൊരുക്കിയ ആറന്മുള ഉത്രട്ടാതി ജലോത്സവത്തിൽ മേലുകര, കോറ്റാത്തൂർ - കൈതക്കോടി പള്ളിയോടങ്ങൾ വീണ്ടും മന്നം ട്രോഫിയിൽ മുത്തമിട്ടു. എ ബാച്ച് ഫൈനലിൽ മേലുകര ഒന്നാമതെത്തിയപ്പോൾ ബി ബാച്ചിൽ കോറ്റാത്തൂർ-കൈതക്കോടി ജേതാക്കളായി.2025ലും ഇതേ പള്ളിയോടങ്ങളാണ് മന്നം ട്രോഫി കരസ്ഥമാക്കിയത്. തുടർച്ചയായ മൂന്നാംവർഷമാണ് കോറ്റാത്തൂർ കരക്കാർ ട്രോഫി നേടുന്നത്.
പന്പാനദിയുടെ ആറന്മുള നെട്ടായത്തിൽ ഇന്നലെ നടന്ന ജലഘോഷയാത്രയിലും മത്സര വള്ളംകളിയിലും 51 പള്ളിയോടങ്ങൾ പങ്കെടുത്തു. വള്ളങ്ങളുടെ വലിപ്പം അടിസ്ഥാനമാക്കി എ, ബി ബാച്ചുകളായി തിരിച്ചാണ് ജലഘോഷയാത്രയും മത്സര വള്ളംകളിയും ക്രമീകരിച്ചത്. എ ബാച്ചിലെ 35 പള്ളിയോടങ്ങളെ ഒന്പത് ഗ്രൂപ്പുകളായും ബി ബാച്ചിലെ 15 പള്ളിയോടങ്ങളെ നാല് ഗ്രൂപ്പുകളായും തിരിച്ചായിരുന്നു മത്സര ക്രമീകരണം.
വഞ്ചിപ്പാട്ടിന്റെ അകന്പടിയോടെ നടന്ന ജലഘോഷയാത്രയോടെയാണ് ജലമേളയ്ക്കു തുടക്കമായത്. മുത്തുക്കുടയും കൊടിയും അമരച്ചാർത്തുമായി പന്പാനദിയുടെ ഇരുകരകളിൽ നിന്നുമുള്ള പള്ളിയോടങ്ങൾ രാവിലെ ആറന്മുള ക്ഷേത്രക്കടവിലെത്തി ദക്ഷിണ സ്വീകരിച്ചശേഷമാണ് ജലഘോഷയാത്രയ്ക്കായി അണിനിരന്നത്. ജലോത്സവം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ആറന്മുള ജലോത്സവം ദേശീയതലത്തിൽ പ്രാധാന്യമുള്ള തരത്തിൽ വളർത്തിക്കൊണ്ടുവരണമെന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു. ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ, മന്ത്രിമാരായ രമേശ് ചെന്നിത്തല, മോൻസ് ജോസഫ്, റോജി എം. ജോൺ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Tags : Deepika DeepikaNewspaper BreakingNews Aranmula Uthrattathi Boat Race