അങ്കണവാടി കുട്ടികളുടെ സമഗ്ര ആരോഗ്യസംരക്ഷണം
തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടി കുട്ടികളുടെ സമഗ്ര ആരോഗ്യസംരക്ഷണം ഉറപ്പാക്കാനായി വനിതാ-ശിശു വികസന വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ബാല്യസ്പന്ദനം സമഗ്ര അങ്കണവാടി ബാല ആരോഗ്യ പരിശോധനാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ രണ്ടിനു തിരുവനന്തപുരത്തു നടക്കും.
വട്ടിയൂർക്കാവ് കൊടുങ്ങാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് അങ്കണവാടി കുട്ടികളുടെ ത്രൈമാസ ആരോഗ്യ പരിശോധന പദ്ധതി ബാല്യസ്പന്ദനത്തിന്റെ ഉദ്ഘാടനം നടക്കുക. അങ്കണവാടി കുട്ടികളുടെ സമഗ്ര ആരോഗ്യസംരക്ഷണം ഉറപ്പാക്കാനും കുട്ടികളുടെ വളർച്ചയും ആരോഗ്യനിലയും കൃത്യമായി വിലയിരുത്താനും ആവശ്യമായ ഇടപെടലുകൾ സമയബന്ധിതമായി നടത്താനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. കേരളത്തിലെ 33,120 അങ്കണവാടികളിലൂടെ കുട്ടികൾക്ക് സമയബന്ധിതമായി ആരോഗ്യപരിശോധന ഉറപ്പാക്കുകയും ആവശ്യമായ സാഹചര്യങ്ങളിൽ വിദഗ്ധ ചികിത്സയും തുടർപരിചരണവും ലഭ്യമാക്കുകയും ചെയ്യും.
കുട്ടികളുടെ ശാരീരിക വളർച്ച, പോഷകാഹാരനില, കാഴ്ച, കേൾവി തുടങ്ങിയ ആരോഗ്യഘടകങ്ങൾ പരിശോധിക്കുന്നതിനൊപ്പം ആവശ്യമായ മെഡിക്കൽ ഇടപെടലുകളും ഉറപ്പാക്കും.
മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. മുരളീധരൻ അധ്യക്ഷനാകും. മേയർ വി.വി. രാജേഷ് വളർച്ച നിരീക്ഷണ സംവിധാനം ഉദ്ഘാടനം ചെയ്യും.
Tags : Deepika DeepikaNewspaper BreakingNews Balyaspandanam Anganwadi children