മാർപാപ്പ
റോം: ഹെയ്തിയിൽ നിരവധിയാളുകളുടെ മരണത്തിനിടയാക്കിയ ഭീകരമായ കൂട്ടക്കൊലയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ലെയോ പതിനാലാമൻ മാർപാപ്പ. തട്ടിക്കൊണ്ടുപോയ ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു. വേനൽക്കാല വസതിയായ കസ്തേൽ ഗണ്ടോൾഫോയിൽ ത്രികാല പ്രാർഥനയ്ക്കുശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നേപ്പാളിലും ടിബറ്റിലുമുണ്ടായ വിനാശകരമായ പ്രളയത്തിൽപ്പെട്ടവർക്കായി മാർപാപ്പ വീണ്ടും പ്രാർഥനകൾ അർപ്പിച്ചു.
‘ഹെയ്തിയിലെ കെൻസ്കോഫിൽ നടന്ന കൂട്ടക്കൊലയുടെ ദുഃഖകരമായ വാർത്തകളാണ് പുറത്തുവരുന്നത്. നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും മറ്റുള്ളവരെ ബന്ദികളാക്കുകയും ചെയ്തിട്ടുണ്ട്’ -മാർപാപ്പ പറഞ്ഞു. ഇരകളുടെയും അവരുടെ കുടുംബങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം, ബന്ദികളാക്കപ്പെട്ടവരെ ഉടൻ മോചിപ്പിക്കണമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അധികാരികൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
നേപ്പാളിലും ടിബറ്റിലും പ്രളയം വിതച്ച നാശനഷ്ടങ്ങളിൽ മരിച്ചവർക്കും പരിക്കേറ്റവർക്കും കാണാതായവർക്കും വേണ്ടി മാർപാപ്പ വീണ്ടും പ്രാർഥിച്ചു. ‘എല്ലാവരുടെയും ശ്രദ്ധയും സഹായവും ദുരന്തബാധിതരായ ജനങ്ങളുടെ ദുരിതം കുറയ്ക്കാൻ ഇടയാക്കട്ടെ’ -മാർപാപ്പ പറഞ്ഞു.
വിശുദ്ധ അഗസ്റ്റിന്റെ തിരുനാൾ ഓർമിപ്പിച്ചുകൊണ്ട് സമാധാനത്തിനായി പ്രാർഥിക്കുന്നത് തുടരാൻ മാർപാപ്പ ആഹ്വാനം ചെയ്തു. കൂടാതെ, സഭ ആചരിക്കുന്ന ‘സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള ലോക പ്രാർഥനാദിനം’ ഓർമിപ്പിച്ചുകൊണ്ട്, ഈ വർഷത്തെ പ്രമേയമായ ‘ജീവന്റെ ജലം’എന്ന സന്ദേശം ഉൾക്കൊണ്ട് പ്രകൃതിസംരക്ഷണത്തിനായി പ്രവർത്തിക്കാൻ മാർപാപ്പ എല്ലാവരെയും ക്ഷണിച്ചു.
Tags : Deepika DeepikaNewspaper BreakingNews Pope expresses massacre in Haiti