ഐസ്ലൻഡ് ഹിതപരിശോധന
ബ്രസൽസ്: യൂറോപ്യൻ യൂണിയനിൽ അംഗത്വം നേടുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുനരാരംഭിക്കേണ്ടതില്ലെന്ന് ഐസ്ലൻഡ് ജനത. ഇന്നലെ നടന്ന ഹിതപരിശോധനയിൽ 52.8 ശതമാനം പേരും ചർച്ച പുനരാരംഭിക്കുന്നതിനെതിരായി വോട്ട് ചെയ്തു.
യൂറോപ്യൻ യൂണിയന്റെ ഭാഗമാകുന്നതിനെ 47 ശതമാനം ആളുകളാണ് അനുകൂലിച്ചത്. ഹിതപരിശോധന 2027ഓടെ നടത്തുമെന്നാണു പ്രധാനമന്ത്രി ക്രിസ്ട്രൺ ഫ്രോസ്റ്റഡോട്ടിർ പ്രഖ്യാപിച്ചിരുന്നതെങ്കിലും ഗ്രീൻലൻഡിനെതിരായ അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഭീഷണിയുടെ പശ്ചാത്തലത്തിൽക്കൂടിയാണ് നടപടി വേഗത്തിലാക്കിയത്. 2009നു ശേഷമുള്ള ഏറ്റവും ഉയർന്ന പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്.
2,70,000 വോട്ടർമാരിൽ 82.5 ശതമാനം പേരും തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി. 2008ലെ സാമ്പത്തിക തകർച്ചയ്ക്ക് ശേഷം 2009ലാണ് യൂറോപ്യൻ യൂണിയന്റെ ഭാഗമാകാൻ ഐസ്ലൻഡ് അപേക്ഷ നൽകിയത്. എന്നാൽ, 2015ൽ ചർച്ചകൾ നിർത്തിവച്ചു.
പ്രധാന വരുമാനമാർഗമായ മത്സ്യബന്ധന മേഖലയിലെ യൂറോപ്യൻ യൂണിയൻ നിയന്ത്രണങ്ങളാണ് ഇന്നത്തെപ്പോലെ അന്നും തടസമായി വന്നത്. ഐസ്ലൻഡ് നാറ്റോയുടെ സ്ഥാപക അംഗമാണെങ്കിലും അതിന് സൈന്യമില്ല.
പ്രതിരോധത്തിനായി സഖ്യകക്ഷികളെയാണ് ആശ്രയിക്കുന്നത്. സുരക്ഷാ ആശങ്കകളാണ് യൂറോപ്യൻ യൂണിയനിൽ ചേരാൻ ഐസ്ലൻഡിനെ പ്രേരിപ്പിക്കുന്നൊരു ഘടകം.
Tags : Deepika DeepikaNewspaper BreakingNews Iceland has once again frozen its bid