ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി
ഭുവനേശ്വർ: കോടതി ഉത്തരവിട്ടിട്ടും ഭാര്യമാർക്കും മക്കൾക്കും ജീവനാംശം നൽകുന്നതിൽ വീഴ്ച വരുത്തുന്ന സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് തുക നേരിട്ട് പിടിച്ചെടുക്കാൻ ഒഡീഷ സർക്കാർ തീരുമാനിച്ചു. ഇത്തരക്കാരുടെ ശമ്പളത്തിൽ നിന്ന് ജീവനാംശ തുക ഈടാക്കി ബന്ധപ്പെട്ടവരുടെ അക്കൗണ്ടിലേക്ക് നൽകുമെന്ന് മുഖ്യമന്ത്രി മോഹൻ ചരൺ മാജി പ്രഖ്യാപിച്ചു.
ഡ്രോയിംഗ് ആൻഡ് ഡിസ്ബേഴ്സിംഗ് ഓഫീസർമാർ മാസാന്ത ശമ്പളത്തിൽ നിന്ന് കുടുംബ കോടതി നിർദേശിച്ച തുക കുറയ്ക്കുകയും ഇത് ഭാര്യയുടെയോ മക്കളുടെയോ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ഇലക്ട്രോണിക് സംവിധാനത്തിലൂടെ ട്രാൻസ്ഫർ ചെയ്യുകയും ചെയ്യും. ഈ നടപടികൾ കൃത്യമായി നടപ്പാക്കുന്നതിനായി ജീവനാംശ ഉത്തരവുകൾ സംസ്ഥാന സർക്കാരിന്റെ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് സിസ്റ്റവുമായി സംയോജിപ്പിക്കും.
മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ എത്തുന്ന ഭൂരിഭാഗം പരാതികളിലും ജീവനക്കാർ കോടതി ഉത്തരവുകൾ ലംഘിച്ച് ജീവനാംശം നൽകുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കോടതി ഉത്തരവുകൾ ലംഘിക്കുന്നത് വച്ചുപൊറുപ്പിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജീവനാംശത്തിനായി ഉദ്യോഗസ്ഥരുടെ പിന്നാലെ നടന്ന് ബുദ്ധിമുട്ടേണ്ടി വരുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സാമ്പത്തിക പ്രയാസങ്ങൾക്ക് പരിഹാരം കാണാൻ ഈ തീരുമാനത്തിലൂടെ സാധിക്കും.
Tags : Odisha Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash