വേളാങ്കണ്ണി ബസിലിക്ക
നാഗപട്ടണം: വേളാങ്കണ്ണി ആരോഗ്യമാതാ ബസിലിക്കയിലെ വാർഷികതിരുനാളിനു കൊടിയേറി. തഞ്ചാവൂർ ബിഷപ് ഡോ.ടി. സഹായരാജ് കൊടിയുയർത്തിയതോടെ തിരുനാളിനു തുടക്കമായി. പിന്നാലെ മാതാവിന്റെ ലദീഞ്ഞ്, ദിവ്യകാരുണ്യ ആരാധന, നോവേന തുടങ്ങിയ പ്രത്യേക ചടങ്ങുകളും നടന്നു.
സെപ്റ്റംബർ ഏഴിന് ബിഷപ് ഡോ. സഹായരാജിന്റെ മുഖ്യകാർമികത്വത്തിൽ ബസിലിക്കയിൽ ആഘോഷമായ വിശുദ്ധ കുർബാനയും മാതാവിന്റെ നവനാൾ പ്രാർഥനയും ഉണ്ടായിരിക്കും. രാത്രി എട്ടിന് മാതാവിന്റെ തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണം.
എട്ടിനാണ് മാതാവിന്റെ ജനനത്തിരുനാൾ. രാവിലെ ആറിന് ബിഷപ് ഡോ. സഹായരാജിന്റെ കാർമികത്വത്തിൽ ബസിലിക്കയിൽ ആഘോഷമായ തിരുനാൾ പാട്ടുകുർബാനയും തിരുനാൾ സന്ദേശവും നടക്കും. വൈകുന്നേരം കൊടിയിറക്കത്തോടെ തിരുനാൾ സമാപിക്കും.
തിരുനാൾ ദിവസങ്ങളിൽ ബസിലിക്കയിലും താഴത്തെ പള്ളികളിലും തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, മറാഠി, കൊങ്ങിണി, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി വിവിധ ഭാഷകളിൽ വിശുദ്ധ കുർബാന ഉണ്ടാകും.
ലക്ഷക്കണക്കിനു വിശ്വാസികൾ തിരുനാളിനായി എത്തുന്നതിനാൽ റെയിൽവേ പ്രത്യേക സർവീസുകളും തമിഴ്നാട് സർക്കാർ പ്രത്യേക ബസ് സർവീസുകളും പോലീസ് കർശന സുരക്ഷയും ഒരുക്കിയിട്ടുണ്ട്.
Tags : Deepika DeepikaNewspaper BreakingNews Flag Hoisting Velankanni Basilica