ലയണൽ മെസി
മയാമി: സൂപ്പർതാരം ലയണൽ മെസിയുടെ നാലു ഗോൾ മികവിൽ മേജർ സോക്കർ ലീഗിൽ ഇന്റർ മയാമിക്ക് തകർപ്പൻ ജയം. സിഎഫ് മോണ്ട്രിയാലിനെ 7-1ന് മയാമി തകർത്തു. ഇന്റർ മയാമിയുടെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ജയമാണിത്. ജൂലൈ 25നുശേഷം എംഎൽഎസിൽ മയാമി നേടുന്ന ആദ്യ ജയമാണിത്. ഇതോടെ ലീഗ് കപ്പ് ഉൾപ്പെടെ വിവിധ മത്സരങ്ങളിലായി ജയമില്ലാതെ തുടർന്ന പരന്പരയ്ക്ക് വിരാമമായി.
40-ാം മിനിറ്റിൽ മെസിയുടെ ഫ്രീകിക്ക് എതിർതാരത്തിന്റെ കാലിൽ തട്ടി വലയിൽ കയറി. 52-ാം മിനിറ്റിൽ തനിയെ നടത്തിയ മുന്നേറ്റത്തിലൂടെ അർജന്റൈൻ താരം രണ്ടാം ഗോളും നേടി. ലൂയിസ് സുവാരസിന് ഗോളിനുള്ള അസിസ്റ്റ് നൽകിയതിനുശേഷം 83-ാം മിനിറ്റിൽ ഗോൾകീപ്പറുടെ തലയ്ക്കു മുകളിലൂടെ ചിപ്പ് ചെയ്ത് മെസി ഹാട്രിക് തികച്ചു. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷങ്ങളിൽ ലഭിച്ച ഫ്രീകിക്ക്, മെസി തന്റേതായ ശൈലിയിൽ ഗോൾവലയുടെ മൂലയിൽ നിക്ഷേപിച്ചു.
പ്ലസ് എട്ടാം തവണ
മെസിയുടെ ഇതിഹാസ കരിയറിൽ ഇത് എട്ടാം തവണയാണ് ഒരു കളിയിൽ നാലോ അതിൽ കൂടുതലോ ഗോൾ നേടുന്നത്. മയാമിയിലെത്തിയശേഷം ആദ്യത്തേതും. സ്പാനിഷ് ലാ ലിഗയിൽ 2020 ഫെബ്രുവരിയിൽ ബാഴ്സലോണയ്ക്കായി ഐബറിനെതിരേ നാലു ഗോൾ നേടിയശേഷമുള്ള നേട്ടമാണിത്.
എംഎൽഎസ് ചരിത്രത്തിൽ റെഗുലർ സീസണിൽ 20 തവണ ഒന്നിലധികം ഗോളുകൾ നേടുന്ന ഏറ്റവും വേഗമേറിയ താരമമെന്ന റിക്കാർഡിൽ മെസിയെത്തി. 72 മത്സരങ്ങളിലാണ് ഈ നേട്ടം കൈവരിച്ചത്. ഈ എംഎൽഎസ് സീസണിൽ 19 കളിയിൽ 18 ഗോളുകളുമായി അർജന്റൈൻ താരം ഗോൾ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.
ഈ വേനൽക്കാല ട്രാൻസ്ഫറിൽ മയാമിയിൽ ചേർന്ന കസേമിറോ 20-ാം മിനിറ്റിൽ ടീമിനെ മുന്നിലെത്തിച്ചു. ടീമിന്റെ മറ്റൊരു ഗോൾ 89-ാം മിനിറ്റിൽ 18കാരനായ അലക്സാണ്ടർ ഷോയുടെ വകയായിരുന്നു.
കോച്ചില്ല
സ്ഥിരം കോച്ചില്ലാതെയാണ് ഇന്റർ മയാമി ടീം അണനിരന്നത്. മത്സരം വൈകിക്കുന്നതുമായി ബന്ധപ്പെട്ട ലീഗിന്റെ നിയമങ്ങൾ തുടർച്ചയായ ലംഘിച്ചതിനെത്തുടർന്നുള്ള ശിക്ഷാ നടപടിയുടെ ഭാഗമായി താത്കാലിക പരിശീലകൻ ഗില്ലെർമോ ഹോയെസിനു ലഭിച്ച വിലക്കിനെത്തുടർന്ന് ഗാലറിൽ ഇരുന്നാണ് കളി കണ്ടത്. ഈ ആഴ്ച ക്ലബ് അദ്ദേഹത്തിനു പകരം ക്രിസ്റ്റ്യൻ കിലി ഗേണ്സാലസിനെ സ്ഥിരം പരിശീലകനായി നിയമിച്ചു. എന്നാൽ ചുമതലയേറ്റടുക്കാനുള്ള വർക്ക് പെർമിറ്റിനായി ഗോണ്സാലസ് കാത്തിരിക്കുകയാണ്.
അസിസ്റ്റന്റ് പരിശീലകൻ റാഫേൽ പെരസിന്റെ കീഴിലാണ് ടീം ഇറങ്ങിയത്.
Tags : Deepika DeepikaNewspaper BreakingNews Four goals for Messi