നേപ്പാൾ: മിന്നൽ പ്രളയം താറുമാറാക്കിയ റസുവ ജില്ലയിലെ ചെളിക്കും അവശിഷ്ടങ്ങൾക്കും ഇടയിൽനിന്ന് മൂന്നു ദിവസത്തിനു ശേഷം രക്ഷാപ്രവർത്തകർ ആറുവയസുകാരിയെ ജിവനോടെ കണ്ടെത്തി. പ്രകാശത്തിന്റെ നേർത്ത കിരണമായാണെങ്കിലും അതിജീവിതരെത്തേടി ഇനിയും അവശിഷ്ടങ്ങൾക്കും ചെളിക്കൂന്പാരങ്ങളിലേക്കും ഇറങ്ങാൻ രക്ഷാപ്രവർത്തകർക്ക് പ്രചോദനമാകുകയാണ് ഈ കണ്ടെത്തൽ.
ബോട്ടെകോഷി നദി കരകവിഞ്ഞതോടെ വെളപ്പൊക്കത്തിൽ നശിച്ച തിമൂർ ഗ്രാമത്തിലാണ് സംഭവം. അതിജീവിതരെത്തേടി അവശിഷ്ടങ്ങൾക്കിടയിലൂടെ നീങ്ങിയ സായുധ പോലീസ് സേന(എപിഎഫ്)യാണ് മണൽക്കൂന്പാരങ്ങൾക്കരികിൽ ഒരു കുഞ്ഞിന്റെ കരച്ചിൽകേട്ടത്. ഉടൻ തന്നെ സേന മണൽ ചെളിക്കൂന്പാരങ്ങളിൽ കുഴിക്കാൻ ആരംഭിച്ചു. അവളെ കണ്ടെത്തുന്നതിനും ജീവനോടെ പുറത്തെടുക്കുന്നതിനുമായി നടത്തിയ ശ്രമം വിജയിച്ചതോടെ കുഞ്ഞിന് തിമൂറിലെ അതിർത്തി എപിഎഫ് ഔട്ട്പോസ്റ്റിൽ പ്രാഥമിക ചികിത്സ നൽകി.
എന്നാൽ, വെള്ളിയാഴ്ച വൈകുന്നേരത്തോടെ അവളുടെ നില വഷളായതിനെത്തുടർന്ന് മികച്ച ആശുപത്രി സൗകര്യങ്ങൾ ഒരുക്കാൻ വിമാനമാർഗം അവളെ കാഠ്മണ്ഡുവിലെ ആശുപത്രിയിലെത്തിക്കാൻ അധികൃതർ തീരുമാനിച്ചു. മോശം കാലവസ്ഥയും ശരിയായ പ്രകാശമില്ലായ്മയും മൂലം യാത്ര വൈകി. പിന്നീട് ശനിയാഴ്ച വൈകുന്നേരം കാലാവസ്ഥ മാറി ഹെലികോപ്റ്റർ യാത്ര സാധ്യമായതോടെയാണ് രക്ഷാപ്രവർത്തകർ അവളെ സുരക്ഷിതമായി ആശുപത്രിയിലെത്തിച്ചത്.
ഡോക്ടർമാരുടെ നിരന്തര മേൽനോട്ടത്തിനു കീഴിയിൽ പ്രത്യേക പരിചരണങ്ങളോടെ കഴിയുകയാണ് ഇപ്പോൾ കുട്ടി. രക്ഷാപ്രവർത്തനത്തിന്റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ലോകമെന്പാടുനിന്നും രക്ഷാപ്രവർത്തകർക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Tags : girl rescued flood debris after three days Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash