രാജേന്ദ്ര ദവാഡി
കാഠ്മണ്ഡു: നേപ്പാൾ-ടിബറ്റ് അതിർത്തിഗ്രാമങ്ങളെ ഭീതിയിലാഴ്ത്തി എത്തിയ പ്രളയക്കെടുതിയിൽനിന്ന് 1,643 വിദ്യാർഥികളുടെ ജീവൻ രക്ഷിച്ച് അധ്യാപകന്റെ ധീരമായ ഇടപെടൽ. നുവാകോട്ട് ത്രിശൂലി താഴ്വരയിലെ ത്രിഭുവൻ ത്രിശൂലി സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായ രാജേന്ദ്ര ദവാഡിയാണ് (47) സമയോചിത തീരുമാനത്തിലൂടെ വൻ ദുരന്തം ഒഴിവാക്കിയത്.
ബുധനാഴ്ച രാവിലെ 9.20ഓടെയാണ് അടുത്തുള്ള ഗ്രാമം പ്രളയത്തിൽ ഒഴുകിപ്പോയെന്നും ഉടൻ രക്ഷപ്പെടണമെന്നും ആവശ്യപ്പെട്ടു ദവാഡിക്ക് ഫോൺ സന്ദേശം ലഭിക്കുന്നത്. തൊട്ടുപിന്നാലെ പ്രദേശവാസിയായ ഒരു രക്ഷിതാവും മുന്നറിയിപ്പുമായി സ്കൂളിലെത്തി. ആ നിമിഷംതന്നെ അദ്ദേഹം സ്കൂൾ ബെല്ലടിച്ച് ക്ലാസുകൾ നിർത്തിവയ്പിക്കുകയും വിദ്യാർഥികളോട് ഉയർന്ന പ്രദേശങ്ങളിലേക്ക് ഓടി രക്ഷപ്പെടാൻ നിർദേശിക്കുകയുമായിരുന്നു.
സ്കൂളിലേക്ക് കുട്ടികളുമായി വരികയായിരുന്ന ബസുകൾ തിരിച്ചുവിളിക്കാനും അദ്ദേഹം നടപടിയെടുത്തു. അധ്യാപകരുടെയും പ്രിൻസിപ്പലിന്റെയും നിർദേശപ്രകാരം സ്കൂളിനുപിന്നിലെ ഇടുങ്ങിയ ഗോവണി വഴി കുട്ടികൾ കുന്നിൻമുകളിലേക്ക് ഓടിക്കയറിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. മിനിറ്റുകൾക്കകം മൂന്നു നിലകളിലായുള്ള സ്കൂൾ കെട്ടിടവും സമീപത്തെ മാർക്കറ്റുമെല്ലാം പ്രളയത്തിൽ ഒലിച്ചുപോയി.
വിദ്യാർഥികളെ മുഴുവൻ സുരക്ഷിതരാക്കാൻ സാധിച്ചെങ്കിലും സ്കൂളിലെ രണ്ടു ജീവനക്കാർക്ക് ജീവൻ നഷ്ടമായി. പ്രളയമുന്നറിയിപ്പിനെത്തുടർന്ന് അടച്ചിടാനായി സ്കൂളിലേക്കു തിരിച്ചെത്തിയ സുൽത്താൻ ലാമ എന്ന ജീവനക്കാരനും ഭക്ഷണം കഴിക്കാൻ സമീപത്തെ മുറിയിലേക്കു പോയ സന്തോഷ് പരിയാർ എന്ന അധ്യാപകനുമാണ് മരിച്ചത്.ദുരന്തസമയത്ത് പതറാതെ കൃത്യസമയത്ത് ഉചിതമായ തീരുമാനമെടുത്ത രാജേന്ദ്ര ദവാഡിക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് അഭിനന്ദനപ്രവാഹമാണ്.
Tags : Deepika DeepikaNewspaper BreakingNews Nepal Floods: Teacher saves thousand children