കെല്ലപ്പെട്ട അങ്കിത് ബാലിയാൻ
ലക്നോ: ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബാലിയാന്റെ കൊലപാതക കേസിലെ പ്രധാന പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പോലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തി. ഉത്തർപ്രദേശ് പോലീസും ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സും ചേർന്നാണ് ഗോഗി സംഘത്തിൽ ഉൾപ്പെടുന്നവരെന്ന് ആരോപിക്കപ്പെടുന്ന സുമിത്, മോഹിത് എന്നിവരെ കൊല്ലപ്പെടുത്തിയത്.
പോലീസിന് നേരെ പ്രതികൾ വെടിയുതിർത്തതിനെ തുടർന്നാണ് ആക്രമണം ഉണ്ടായതെന്ന് ഷാംലി എസ്പി നരേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു. കൊലയാളി സംഘത്തിൽ ഉൾപ്പെട്ട മറ്റ് രണ്ടുപേർക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
ഈ മാസം 26-നാണ് ഉത്തർപ്രദേശിലെ ഷാംലിയിൽ അങ്കിത് ബാലിയാനെ കൊലപ്പെടുത്തിയത്. ജിമിൽനിന്ന് വ്യായാമം കഴിഞ്ഞ് ഇറങ്ങിവന്ന അങ്കിത് ബാലിയാനു നേരെ രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ സംഘം വെടിയുതിർക്കുകയായിരുന്നു.
കൊലപാതകത്തിന് ശേഷം ആക്രണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോഗി സംഘത്തിലെ അംഗമാണെന്ന് അവകാശപ്പെട്ട ഒരാൾ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. അതേസമയം, പ്രതികളെ നാല് ദിവസത്തിനകം പിടികൂടിയില്ലെങ്കിൽ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ ജീവനൊടുക്കുമെന്ന് അങ്കിത് ബാലിയാന്റെ ഭാര്യ ഭീഷണി മുഴക്കിയിരുന്നു. സംഭവത്തെ തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ അങ്കിത് ബാലിയാന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചിരുന്നു.
Tags : Deepika BreakingNews Crime Police Singer