അഗസ്റ്റിന് സഹോദരന്മാർ
കൊച്ചി: മുട്ടില്‍ മരംമുറി വഞ്ചനാക്കേസില്‍ വിചാരണ നിര്‍ത്തി വയ്ക്കണമെന്ന പ്രതികളായ അഗസ്റ്റിന് സഹോദരന്മാരുടെ ആവശ്യം ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി തള്ളി. സുല്‍ത്താന്‍ ബത്തേരി മജിസ്ട്രേറ്റ് കോടതിയില്‍ മരംമുറി കേസില്‍ തീരുമാനമുണ്ടാകും വരെ ചോറ്റാനിക്കര കോടതിയിലെ വിചാരണനടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യമാണ് തള്ളിയത്.
ഇതേ ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളുകയും വിചാരണക്കോടതിയെ സമീപിക്കാനും നിര്‍ദേശിച്ചിരുന്നു. ഇതോടെയാണ് മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. മരംമുറി കേസും വഞ്ചനാക്കേസും രണ്ട് കേസുകളായി നിലനില്‍ക്കുമെന്ന് കോടതി പറഞ്ഞു. വിചാരണ തുടരുമെന്ന് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി.
സെപ്റ്റംബര്‍ 7ന് പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. ഒന്നാം പ്രതി റോജി അഗസ്റ്റിനോട് നേരിട്ടും രണ്ടാം പ്രതി ആന്റോ അഗസ്റ്റിനും മൂന്നാം പ്രതി ജോസുകുട്ടി അഗസ്റ്റിനും വീഡിയോ കോണ്‍ഫറന്‍സ് വഴിയും ഹാജരാകും.
വയനാട് മേപ്പാടിയില്‍ നിന്ന് അനധികൃതമായി മുറിച്ച് കടത്തിയ മരങ്ങള്‍ വനംവകുപ്പ് പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് എറണാകുളത്തെ മരകമ്പനി ഉടമയ്ക്ക് വില്‍പ്പന നടത്തി വിശ്വാസ വഞ്ചന കാണിച്ചെന്നായിരുന്നു എറണാകുളം അമ്പലമേട് പൊലിസ് എടുത്ത കേസ്.
കമ്പനി ഉടമ എം.എം. അലിയാര് നല്കിയ പരാതിയിലാണ് 2021ല്‍ റോജി അഗസ്റ്റിന്, ആന്റോ അഗസ്റ്റിന്, ജോസുകുട്ടി അഗസ്റ്റിന് എന്നിവരെ പ്രതിയാക്കി കേസ് എടുത്തത്. കേസ് പരിഗണിച്ച മജിസ്ട്രേറ്റ് കോടതിയില്‍ പ്രതികള്‍ നിരന്തരം ഹാജരാകാതിരുന്നത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
Tags : Muttile tree-cutting fraud Case Setback Augustine brothers