പ്രതീകാത്മക ചിത്രം - എഐ
ന്യൂഡൽഹി: ഒരാളെക്കുറിച്ച് വാർത്ത റിപ്പോർട്ട് ചെയ്യാൻ അയാളുടെ അനുവാദം വേണമെന്നതുൾപ്പടെയുള്ള ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ട് 2023ലെ വിവിധ വ്യവസ്ഥകളുടെ ഭരണഘടനാസാധുത ചോദ്യംചെയ്ത് മാധ്യമസ്ഥാപനങ്ങൾ സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിന്റെ മറുപടി തേടി.
നോട്ടീസ് അയച്ച കോടതി, കേസ് പരിഗണിക്കുന്നത് നവംബർ 17ലേക്കു മാറ്റി.നിയമത്തിലെ പല വ്യവസ്ഥകളും വാർത്താറൂമുകളുടെ പ്രവർത്തനത്തെയും മാധ്യമസ്വാതന്ത്ര്യത്തെയും സാരമായി ബാധിക്കുമെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. വ്യക്തികളുടെ മുൻകൂർ അനുമതിയോടെ മാത്രം വാർത്തകൾ നൽകേണ്ടിവരുന്നത് മുൻകൂർ സെൻസർഷിപ്പിനു തുല്യമാണെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക മാധവി ദിവാൻ വാദിച്ചു.
അന്വേഷണാത്മക പത്രപ്രവർത്തനത്തിന് ഇതു വലിയ തിരിച്ചടിയാകുമെന്നും വിവരദാതാക്കളുടെ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ സർക്കാരിനുള്ള അമിതാധികാരം ഭീഷണിയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
ഡാറ്റ പ്രൊട്ടക്ഷൻ ബോർഡിന്റെ ഘടനയെയും വിവരാവകാശ നിയമത്തിലെ ഭേദഗതികളെയും ഹർജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്.
മുൻകാലങ്ങളിൽ ഡാറ്റ സംരക്ഷണ നിയമത്തിൽ മാധ്യമപ്രവർത്തനത്തിന് ഇളവ് അനുവദിച്ചിരുന്നു. എന്നാൽ, 2022ലെ ഡാറ്റ സംരക്ഷണ ബില്ലിന്റെ കരടിൽ മാധ്യമപ്രവർത്തനത്തിനു പ്രത്യേക ഇളവ് നിലനിർത്തിയിരുന്നില്ലെന്നും കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്യുന്ന ഇളവുകളാണ് പരിഗണിച്ചതെന്നും ഹർജിയിൽ പറയുന്നു.
വാർത്തകളുടെ രഹസ്യ ഉറവിടങ്ങൾ മാധ്യമപ്രവർത്തകരിൽനിന്നു ലഭ്യമാക്കുന്ന തരത്തിൽ നിയമത്തിലെ വ്യവസ്ഥകളും ഹർജിക്കാർ ചോദ്യം ചെയ്യുന്നു. ഇത്തരം വ്യവസ്ഥകൾ പൊതുപ്രാധാന്യമുള്ള വിവരങ്ങൾ പങ്കുവയ്ക്കുന്നതിൽനിന്ന് വിസിൽ ബ്ലോവർമാരെ പിന്തിരിപ്പിക്കുമെന്നും ഹർജിക്കാർ വാദിക്കുന്നു.
അതേസമയം, നിയമത്തിന്റെ ദുരുപയോഗം തടയാൻ ആവശ്യമായ സുരക്ഷാമുൻകരുതലുകൾ സർക്കാരിനോടു നിർദേശിക്കാൻ ഹർജിക്കാർക്കു സാധിക്കുമെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. കൂടാതെ പൗരന്മാരുടെയും മാധ്യമങ്ങളുടെയും അവകാശങ്ങൾ തമ്മിൽ സന്തുലിതാവസ്ഥ പാലിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റീസ് നിരീക്ഷിച്ചു.
Tags : DataProtectionLaw Affects MediaFreedom SupremeCourt Notice Centre Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash