പ്രതീകാത്മക ചിത്രം
കാസര്‍ഗോഡ്: ഇതരസംസ്ഥാന തൊഴിലാളി പൊലിസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് വിറ്റ പൊലിസുകാരന് അറസ്റ്റില്‍.
ചന്തേര സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫിസറും ബദിയഡുക്ക നീര്ച്ചാല് സ്വദേശിയുമായ വൈ. ബൈജു (41) ആണ് പിടിയിലായത്. അതിക്രമിച്ചുകയറല്‍, മോഷണം എന്നീ കുറ്റങ്ങള്‍ ചുമത്തി ബൈജുവിനെതിരേ കേസെടുത്തു.
ഒക്ടോബര്‍ എട്ടിനാണു ചന്തേര പൊലിസ് സ്റ്റേഷന് സമീപം താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിക്കു റോഡില്‍നിന്ന് ഒരു റെഡ്മി നോട്ട് 9 പ്രോ ഫോണ്‍ കളഞ്ഞുകിട്ടുന്നത്. അദ്ദേഹം ഈ ഫോണ്‍ സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. അന്നു ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒ ബൈജുവാണു ഫോണ്‍ ഏറ്റുവാങ്ങിയത്.
ഫോണ്‍ ലഭിച്ച വിവരം സ്റ്റേഷനിലെ ജനറല്‍ ഡയറിയിലും ഗാര്‍ഡ് ഡ്യൂട്ടി രജിസ്റ്ററിലും രേഖപ്പെടുത്തി. ചന്തേര സ്റ്റേഷനില്‍നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള കണ്ണൂര്‍ രാമന്തളി പഞ്ചായത്തിലെ സുഭദ്ര എന്ന വീട്ടമ്മയുടേതാണ് ഈ ഫോണ്‍ എന്ന് പൊലിസ് കണ്ടെത്തി. അവരുമായി ബന്ധപ്പെട്ടപ്പോള്‍, പിറ്റേദിവസം സ്റ്റേഷനില്‍ വന്ന് ഫോണ്‍ കൈപ്പറ്റിക്കൊള്ളാമെന്ന് അവര്‍ അറിയിച്ചു.
എന്നാല്‍ സുഭദ്ര വന്നില്ല. ഏകദേശം ഒരാഴ്ചയ്ക്ക് ശേഷം ഫോണ്‍ വാങ്ങാനായി അവരുടെ മകന് ദര്ശന് സ്റ്റേഷനിലെത്തി. എന്നാല്‍ ഫോണ്‍ സൂക്ഷിച്ചിരുന്ന ഡ്രോയറില്‍ അതുണ്ടായിരുന്നില്ല. ഫോണ്‍ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ എസ്ഐ വിഷ്ണു എസ്. നായര്‍ അന്വേഷണം ആരംഭിച്ചു.
സൈബര്‍ വിഭാഗത്തിന്റെ സഹായത്തോടെ ഫോണിന്റെ ഐഎംഇഐ നമ്പര്‍ പൊലിസ് പരിശോധിച്ചു. ഒക്ടോബര്‍ 14ന് ഈ ഫോണില്‍ ഒരു പുതിയ സിം കാര്‍ഡ് ഇട്ടതായി പരിശോധനയില്‍ വ്യക്തമായി.
നീര്‍ച്ചാലിലെ ടവറുകളില്‍ നിന്നാണ് ഫോണ്‍ സിഗ്നലുകള്‍ ലഭിക്കുന്നതെന്നും ആ നാട്ടുകാരനായ മുഹമ്മദ് ഹാരിസാണ് ഫോണ്‍ ഉപയോഗിക്കുന്നതെന്നും പൊലിസ് കണ്ടെത്തി. തുടര്‍ന്ന് ചന്തേര സ്റ്റേഷനില്‍ ഹാജരാകാന്‍ ഹാരിസിനോട് ആവശ്യപ്പെട്ടു.
സ്റ്റേഷനിലെത്തിയ അദ്ദേഹം മൊബൈല്‍ ഫോണ്‍ പൊലിസിന് കൈമാറി. പൊലിസ് നടത്തിയ ചോദ്യം ചെയ്യലില്‍ തനിക്ക് പരിചയമുള്ള പൊലിസ് ഉദ്യോഗസ്ഥനായ ബൈജുവാണ് ഈ ഫോണ്‍ തനിക്ക് വിറ്റതെന്ന് ഹാരിസ് വെളിപ്പെടുത്തി.
Tags : Stealing Selling PhoneHanded PoliceStation YBiju Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash