കാട്ടിലൊളിച്ച പ്രതികളെ കണ്ടെത്തിയപ്പോൾ
തേനി: തേനി സബ് ജയിലിൽ നിന്ന് രക്ഷപ്പെട്ട 17 തടവുകാരിൽ 13 പേരെയും പിടികൂടി. സംഭവത്തെ തുടർന്ന് ഒമ്പത് ജയിൽ ഉദ്യോഗസ്ഥരെ ജയിൽ വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. ജയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ചാണ് പ്രതികൾ രക്ഷപ്പെട്ടത്.
ഒളിവിൽ തുടരുന്ന മറ്റ് നാല് പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഒരു തടവുകാരന് അപസ്മാരം ബാധിച്ചുവെന്ന വ്യാജേന ബഹളമുണ്ടാക്കിയാണ് പ്രതികൾ ജയിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ചത്. ബഹളം കേട്ട് വാതിൽ തുറന്ന അസിസ്റ്റന്റ് ജയിലറെയും സുരക്ഷാ ജീവനക്കാരെയും തടവുകാർ ആക്രമിക്കുകയായിരുന്നു.
പിന്നാലെ പുറത്തുകടന്ന തടവുകാർ ജയിൽ വളപ്പിലെ മതിലും ചാടിക്കടന്നാണ് രക്ഷപ്പെട്ടത്. ജയിലിന് പിൻവശത്തെ കാട്ടിൽ ഒളിച്ചിരുന്ന പ്രതികളെ ഡ്രോൺ ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്. ഓട്ടോറിക്ഷയിൽ രക്ഷപ്പെടാൻ ശ്രമിച്ച ഒരു പ്രതിയെ യാത്രാമധ്യേ പിടികൂടുകയായിരുന്നു.
Tags : Tamilnadu SubJail MassJailbreak Crime Police Investigation CaseFile FIR