എം.കെ. സ്റ്റാലിൻ
ചെന്നൈ: തമിഴ്നാട്ടിൽ തടവുകാർ കൂട്ടത്തോടെ ജയിൽചാടിയ സംഭവത്തിൽ ടിവികെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ. ജനങ്ങളെ സംരക്ഷിക്കാൻ സർക്കാരിന് കഴിയുന്നില്ലെന്നും സ്വയം സുരക്ഷ ഉറപ്പാക്കേണ്ട ദയനീയാവസ്ഥയിലേക്ക് തമിഴ്നാട് എത്തിയെന്നും അദ്ദേഹം പറഞ്ഞു.
ജാമ്യത്തിലിറങ്ങുന്ന കുറ്റവാളികളെ നിരീക്ഷിക്കുന്നതിൽ മാത്രമാണ് സർക്കാർ പരാജയപ്പെടുന്നതെന്നാണ് താൻ കരുതിയത്. എന്നാലിപ്പോൾ ജയിലിനുള്ളിലുള്ള തടവുകാരെപ്പോലും രക്ഷപ്പെടാൻ അനുവദിക്കുന്ന അവസ്ഥയാണുള്ളതെന്നും സ്റ്റാലിൻ ആരോപിച്ചു.
അതേസമയം ജയിൽചാടിയ തടവുകാരിൽ നാല് പേരെ പിടികൂടിയതായി തമിഴ്നാട് പൊലിസ് അറിയിച്ചു. ഒരു തടവുകാരന് അപസ്മാരബാധയുണ്ടായെന്ന് പറഞ്ഞ് അധികൃതരുടെ ശ്രദ്ധ തിരിച്ചായിരുന്നു ജയിൽചാട്ടം.
പ്രതികളെ കണ്ടെത്താൻ തമിഴ്നാട് പൊലിസ് ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചും ഡ്രോണുകൾ ഉപയോഗിച്ചും വ്യാപക തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. തെക്കൻ തമിഴ്നാട്ടിൽ വാഹന പരിശോധനയും കർശനമാക്കിയിട്ടുണ്ട്.
Tags : MKStalin TVK Tamilnadu NewsUpdate Headlines