കാക്ക.
നമ്മൾ കരുതിയപോലെ നിസാരക്കാരല്ല കാക്കകൾ! ചില കാര്യങ്ങളിൽ മനുഷ്യരേക്കാൾ സമർഥരാണത്രെ കാക്കകൾ! കാക്കകളുടെ അതിശയകരമായ കഴിവുകൾ ഗവേഷകരെപ്പോലും അദ്ഭുതപ്പെടുത്തി! യൂണിവേഴ്സിറ്റി ഓഫ് ടൂബിംഗിലെ (ജർമനി) ഗവേഷകർ നടത്തിയ പഠനം കൂരിരുട്ടിന്‍റെ കിടാത്തിയെക്കുറിച്ചുള്ള നമ്മുടെ ധാരണ തിരുത്തിയെഴുതുന്നതായി.
മനുഷ്യരേക്കാൾ ഇരട്ടിവേഗത്തിൽ, കാഴ്ചയെ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങൾ സ്വീകരിക്കാൻ കാക്കകൾക്കു കഴിയുമെന്നാണു ഗവേഷകരുടെ പുതിയ കണ്ടെത്തൽ! അതിവേഗത്തിൽ, തെറ്റാതെ തീരുമാനങ്ങളെടുക്കാനുള്ള ശേഷി കാക്കകൾ എങ്ങനെ സ്വായത്തമാക്കിയെന്നു ഗവേഷകർ അന്വേഷിച്ചു.
ഇതിനായി രണ്ടു കാക്കകളെ പരീക്ഷണത്തിനായി തെരഞ്ഞെടുത്തു. ടച്ച് സ്ക്രീനിൽ നീങ്ങിക്കൊണ്ടിരിക്കുന്ന 'ഡോട്ട് പാറ്റേണു'കളുടെ ദിശ കൃത്യമായി തിരിച്ചറിയാൻ കാക്കകളെ പരിശീലിപ്പിച്ചു. സ്ക്രീനിൽ കാണുന്ന ഡോട്ടുകൾ ഇടതുവശത്തേക്കാണോ, അതോ വലതുവശത്തേക്കാണോ നീങ്ങുന്നതെന്നു കാക്കകൾ നിരീക്ഷിക്കുകയും അതനനുസരിച്ച് സ്ക്രീനിൽ കൊത്തി ദിശ വ്യക്തമാക്കുകയും ചെയ്യണം. ശരിയായ ദിശ തെരഞ്ഞെടുക്കുന്ന കാക്കയ്ക്കു തീറ്റയും നൽകി. പുഴുക്കളാണു നൽകിയത്.
പരീക്ഷണവേളയിൽ, ദൗത്യത്തിന്‍റെ കാഠിന്യം വർധിപ്പിക്കാൻ സ്ക്രീനിലെ ഡോട്ടുകളുടെ എണ്ണത്തിലും മാറ്റങ്ങൾ വരുത്തി. വെറും മൂന്നു ശതമാനം ഡോട്ടുകൾ മാത്രം ഒരു ദിശയിലേക്കു ചലിപ്പിക്കുന്പോഴും കാക്കകൾ വളരെ സമർഥമായി ശരിയുത്തരം തെരഞ്ഞെടുത്തു. ഒട്ടും തെറ്റാതെയാണു വേഗമേറിയ തീരുമാനങ്ങൾ കാക്കകൾ സ്വീകരിച്ചത്. ഇതു ഗവേഷകർക്ക് അദ്ഭുതമായി.

വെറും 235 മില്ലിസെക്കൻഡ് മാത്രം!
ഗവേഷണഫലം സൂചിപ്പിക്കുന്നത്, ഒരു കാഴ്ചയെ അടിസ്ഥാനമാക്കി തീരുമാനമെടുക്കാൻ കാക്കകൾ ശരാശരി 235 മില്ലിസെക്കൻഡ് സമയം മാത്രമാണെടുത്തത്. സമാന പരിശോധനകളിൽ മനുഷ്യരും കുരങ്ങുകളുമെടുക്കുന്ന സമയത്തിന്‍റെ പകുതി മാത്രമാണിത്. സ്ക്രീനിൽ ഡോട്ടുകൾ പ്രത്യക്ഷപ്പെട്ട് വെറും എഴുപതു മില്ലിസെക്കൻഡിനുള്ളിൽ കാക്കകളുടെ മസ്തിഷ്കത്തിലെ നാഡീവ്യൂഹം പ്രതികരിച്ചു തുടങ്ങുന്നതായി ഗവേഷകർ കണ്ടെത്തി.
സങ്കീർണമായ മസ്തിഷ്കഘടന പക്ഷികൾക്കില്ലെങ്കിലും, വിവരങ്ങൾ വേഗത്തിൽ അപഗ്രഥിച്ച് തീരുമാനത്തിലെത്താൻ അവയ്ക്കു കഴിയും. പറക്കുന്നതിനിടയിലും തടസങ്ങൾക്കിടയിലും അതിവേഗം പ്രതികരിക്കേണ്ട സാഹചര്യങ്ങളാകാം, പരിണാമഘട്ടങ്ങളിൽ ചിന്താശേഷി വികസിക്കാനുണ്ടായ കാരണങ്ങൾ!
അതേസമയം, ചുരുക്കം പക്ഷികളിൽ നടത്തിയ പരീക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോർട്ട്. അതുകൊണ്ട്, ഈ സവിശേഷ കഴിവ് പൊതുവായിട്ടുണ്ടോ എന്നു സ്ഥിരീകരിക്കാൻ തുടർ പഠനങ്ങളിലാണു ഗവേഷകർ.
Tags : Crow International University of Tubingen ScienceNews