നമ്മൾ കരുതിയപോലെ നിസാരക്കാരല്ല കാക്കകൾ! ചില കാര്യങ്ങളിൽ മനുഷ്യരേക്കാൾ സമർഥരാണത്രെ കാക്കകൾ! കാക്കകളുടെ അതിശയകരമായ കഴിവുകൾ ഗവേഷകരെപ്പോലും അദ്ഭുതപ്പെടുത്തി! യൂണിവേഴ്സിറ്റി ഓഫ് ടൂബിംഗിലെ (ജർമനി) ഗവേഷകർ നടത്തിയ പഠനം കൂരിരുട്ടിന്റെ കിടാത്തിയെക്കുറിച്ചുള്ള നമ്മുടെ ധാരണ തിരുത്തിയെഴുതുന്നതായി.
മനുഷ്യരേക്കാൾ ഇരട്ടിവേഗത്തിൽ, കാഴ്ചയെ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങൾ സ്വീകരിക്കാൻ കാക്കകൾക്കു കഴിയുമെന്നാണു ഗവേഷകരുടെ പുതിയ കണ്ടെത്തൽ! അതിവേഗത്തിൽ, തെറ്റാതെ തീരുമാനങ്ങളെടുക്കാനുള്ള ശേഷി കാക്കകൾ എങ്ങനെ സ്വായത്തമാക്കിയെന്നു ഗവേഷകർ അന്വേഷിച്ചു.
ഇതിനായി രണ്ടു കാക്കകളെ പരീക്ഷണത്തിനായി തെരഞ്ഞെടുത്തു. ടച്ച് സ്ക്രീനിൽ നീങ്ങിക്കൊണ്ടിരിക്കുന്ന 'ഡോട്ട് പാറ്റേണു'കളുടെ ദിശ കൃത്യമായി തിരിച്ചറിയാൻ കാക്കകളെ പരിശീലിപ്പിച്ചു. സ്ക്രീനിൽ കാണുന്ന ഡോട്ടുകൾ ഇടതുവശത്തേക്കാണോ, അതോ വലതുവശത്തേക്കാണോ നീങ്ങുന്നതെന്നു കാക്കകൾ നിരീക്ഷിക്കുകയും അതനനുസരിച്ച് സ്ക്രീനിൽ കൊത്തി ദിശ വ്യക്തമാക്കുകയും ചെയ്യണം. ശരിയായ ദിശ തെരഞ്ഞെടുക്കുന്ന കാക്കയ്ക്കു തീറ്റയും നൽകി. പുഴുക്കളാണു നൽകിയത്.
പരീക്ഷണവേളയിൽ, ദൗത്യത്തിന്റെ കാഠിന്യം വർധിപ്പിക്കാൻ സ്ക്രീനിലെ ഡോട്ടുകളുടെ എണ്ണത്തിലും മാറ്റങ്ങൾ വരുത്തി. വെറും മൂന്നു ശതമാനം ഡോട്ടുകൾ മാത്രം ഒരു ദിശയിലേക്കു ചലിപ്പിക്കുന്പോഴും കാക്കകൾ വളരെ സമർഥമായി ശരിയുത്തരം തെരഞ്ഞെടുത്തു. ഒട്ടും തെറ്റാതെയാണു വേഗമേറിയ തീരുമാനങ്ങൾ കാക്കകൾ സ്വീകരിച്ചത്. ഇതു ഗവേഷകർക്ക് അദ്ഭുതമായി.