രാഹുൽ ഗാന്ധി
ന്യൂഡൽഹി: എസ്ഐആർ പ്രതിഷേധങ്ങളുടെ ഭാഗമായി കോൺഗ്രസ് നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന റാലിക്ക് അനുമതി നൽകി ഡൽഹി പൊലിസ്. ശക്തമായ ഉപാധികളോടെയാണ് ഡൽഹി പൊലിസ് റാലിക്ക് അനുമതി നൽകിയിരിക്കുന്നത്.
ജനക്കൂട്ട നിയന്ത്രണം, സിസിടിവി നിരീക്ഷണം, യാത്രാസൗകര്യങ്ങൾ, റാലി അവസാനിക്കേണ്ട സമയം എന്നിവയുമായി ബന്ധപ്പെട്ടാണ് ഉപാധികൾ. ഡൽഹി രാംലീല മൈതാനത്ത് നവംബർ ഒന്നിന് നടക്കുന്ന റാലിക്ക് രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും നേതൃത്വം നൽകും.
അന്നേ ദിവസം രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെയാണ് റാലിക്ക് അനുമതിയുള്ളത്. അഞ്ചോടെ റാലി അവസാനിപ്പിക്കുകയും ആളുകൾ പിരിഞ്ഞുപോവുകയും വേണം. യാതൊരു കാരണവശാലും റാലിയുടെ സമയം നീട്ടിനൽകില്ലെന്നും ഡൽഹി പൊലിസ് വ്യക്തമാക്കി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പത്ത് ലക്ഷം പേരെയാണ് റാലിയിൽ പങ്കെടുപ്പിക്കാൻ ഇന്ത്യ സഖ്യം ലക്ഷ്യമിടുന്നത്. രാംലീല മൈതാനത്തേക്കല്ലാതെ മറ്റ് കേന്ദ്രങ്ങളിലേക്ക് മാർച്ച് നടത്തരുതെന്നും ഡൽഹി പൊലിസ് നിർദേശം നൽകിയിട്ടുണ്ട്.
ഇതുകൂടാതെ എച്ച്ഡി സിസിടിവി കാമറകൾ, ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യാനുള്ള സൗകര്യം, അഞ്ച് സ്ക്രീനുകളുള്ള മോണിറ്ററിംഗ് സംവിധാനം, ആവശ്യത്തിന് കുടിവെള്ള ടാങ്കറുകൾ, സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുള്ള ശുചിമുറികൾ, ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ആവശ്യത്തിന് വളണ്ടിയർമാർ എന്നിവയും സംഘാടകർ സജ്ജമാക്കണമെന്നാണ് നിർദേശം.
Tags : Congress NewDelhi DelhiPolice NewsUpdate Headlines