സുപ്രീംകോടതി.
ന്യൂഡൽഹി: ആശുപത്രികളുടെ നിലനിൽപ്പിന്റെ പേരിൽ രോഗികളിൽനിന്ന് മരുന്നുകൾക്കും മറ്റു മെഡിക്കൽ സേവനങ്ങൾക്കും അമിതവില ഈടാക്കുന്ന രീതി ന്യായീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി.
രാജ്യത്തെ മരുന്നുവില നിയന്ത്രണവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയാണു കേന്ദ്രസർക്കാരിനെയും സ്വകാര്യ ആശുപത്രികളെയും സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചത്. കൺമുന്നിൽ നടക്കുന്ന ഇത്തരം കൊള്ള അനുവദിക്കുന്നത് സർക്കാരാണെന്നും അതു തുടരാൻ അനുവദിക്കാനാകുമോയെന്നും ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.
11,000 രൂപ വിലയുള്ള, അർബുദ ചികിത്സയ്ക്കുള്ള കീമോതെറാപ്പി കുത്തിവയ്പ് മരുന്ന് സ്വകാര്യ ആശുപത്രികൾ 1,30,000 രൂപയ്ക്കും 15 രൂപ വിലയുള്ള ഡ്രിപ്പ് ലൈനുകൾ 250 രൂപയ്ക്കുമാണ് ബിൽ ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടിയ കോടതി, ഇത്തരം രീതിയെ "കൊള്ള' എന്നും "പകൽക്കൊള്ള' എന്നുമാണ് വിശേഷിപ്പിച്ചത്.
രോഗികളുടെ ജീവൻ വച്ചുള്ള ഇത്തരം മുതലാളിത്ത ചിന്തകൾ അംഗീകരിക്കാനാകില്ലെന്നും വിപണിയിലെ 90 ശതമാനത്തോളം മരുന്നുകളും ഡ്രഗ് പ്രൈസ് കൺട്രോൾ ഓർഡറിന്റെ (ഡിപിസിഒ) പരിധിക്കു പുറത്താണെന്നും സുപ്രീംകോടതി കുറ്റപ്പെടുത്തി. അർബുദ മരുന്നുകളുടെ വ്യാപാര ലാഭപരിധി 30 ശതമാനമായി പരിമിതപ്പെടുത്താനുള്ള സർക്കാരിന്റെ തീരുമാനത്തിൽ തങ്ങളെ സന്തുഷ്ടരാക്കാൻ ഒന്നുമില്ലെന്നും മറ്റു മരുന്നുകളുടെ കാര്യത്തിലും ഇത്തരം തീരുമാനം എന്തുകൊണ്ട് എടുത്തുകൂടായെന്നും കോടതി നേരത്തേ നിരീക്ഷിച്ചിരുന്നു.
മരുന്നുനിർമാതാക്കളെ സഹായിക്കുന്ന തരത്തിൽ എന്തുകൊണ്ടാണു സംവിധാനങ്ങൾ മുഴുവൻ പ്രവർത്തിക്കുന്നതെന്നും കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി ചോദിച്ചു. എൻപിപിഎ പൂർണമായും പ്രവർത്തനരഹിതമായ ഒരു സംവിധാനമാണെന്നും ബെഞ്ച് നിരീക്ഷിച്ചു.
എന്നാൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ മരുന്നുവില താരതമ്യേന കുറവാണെന്നും സർക്കാർ നിരന്തരം വിലനയങ്ങൾ ക്രമീകരിച്ചുകൊണ്ടിരിക്കുകയാണെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ ഈ അവകാശവാദങ്ങൾ തള്ളിയ കോടതി കേസിൽ വിധി പറയുന്നതു മാറ്റി.
Tags : SupremeCourt Excessive Drug Prices Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash