Kerala
പുനലൂർ: നിയന്ത്രണം വിട്ട ബൈക്ക് നിർത്തിയിട്ടിരുന്ന പിക്കപ് വാനിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കുളത്തൂപ്പുഴ നെല്ലിമൂട് ആകാശ് ഭവനിൽ സുരേഷ്– അജിത ദമ്പതികളുടെ മകൻ ആകാശ് (22) ആണ് മരിച്ചത്.
അഞ്ചൽ– കുളത്തൂപ്പുഴ മലയോര ഹൈവേയിൽ പത്തടിയിൽ വെള്ളിയാഴ്ച രാത്രി 11നായിരുന്നു അപകടം. അഞ്ചലിൽ നിന്നു കുളത്തൂപ്പുഴയിലേക്കു വരികയായിരുന്ന ആകാശിന്റെ ബൈക്ക് നിയന്ത്രണംവിട്ട് പിക്കപ് വാനിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആകാശ് തെറിച്ചുവീണു.
തലയ്ക്കേറ്റ ഗുരുതര പരുക്കാണ് മരണകാരണം. ബംഗളൂരുവിൽ അവസാന വർഷ ബിരുദ വിദ്യാർഥിയായിരുന്നു ആകാശ്.
District News
ഉള്ളൂര്‍: വ്യാജ നമ്പര്‍പ്ലേറ്റ് പതിച്ച ബൈക്കുമായി സഞ്ചരിച്ച തമിഴ്നാട് സ്വദേശിയെ പേട്ട സിഐയും സംഘവും പിടികൂടി. കന്യാകുമാരി മാര്‍ത്താണ്ഡം ഹാര്‍ബര്‍ തേങ്ങാപ്പട്ടണം സ്വദേശി മായാണ്ടി (27) ആണ് പിടിയിലായത്. സിറ്റി പൊലീസ് കമ്മീഷണര്‍ അരുള്‍ ആര്.ബി. കൃഷ് ണയ്ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പേട്ട പൊലീസ് പാറ്റൂരില്‍ നിരീക്ഷണം നടത്തുന്നതിനിടെയാണ് പാറ്റൂര്‍ ജംഗ്ഷനിലൂടെ തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഹീറോ ഹോണ്ട സ്പ്ലണ്ടര്‍ ബൈക്കുമായി സഞ്ചരിക്കുന്നയാളെ ശ്രദ്ധിച്ചത്. ഇയാളെ തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയില്‍ മുന്നിലും പിന്നിലുമുള്ള നമ്പര്‍പ്ലേറ്റ് വ്യാജമാണെന്നു തെളിഞ്ഞു.
വാഹനത്തില്‍ എന്ജിന് നമ്പരും ചേസിസ് നമ്പരും ചുരണ്ടി മാറ്റിയ നിലയിലായിരുന്നു. അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അതേസമയം താന്‍ തമിഴ്നാട്ടിലെ ഒരാളില്‍നിന്നു പണംനല്‍കി വാങ്ങിയ ബൈക്കാണെന്നാണ് മായാണ്ടി പൊലീസിനോടു പറഞ്ഞത്. ബൈക്ക് മോഷണവസ്തുവാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
മായാണ്ടി വര്‍ഷങ്ങളായി തിരുവനന്തപുരത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്നയാളാണെന്നും ആക്രിവില്‍പ്പന നടത്തുന്നയാളാണെന്നും പേട്ട പൊലീസ് പറഞ്ഞു. അറസ്റ്റിലായ മായാണ്ടിയെ കോടതിയില്‍ ഹാജരാക്കി.
ഇയാളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയാല്‍ മാത്രമേ ബൈക്ക് മോഷണവസ്തുവാണോ അല്ലയോ എന്നുള്ള കാര്യം വ്യക്തമാകുകയുള്ളൂ. ബൈക്ക് പൊലീസ് കസ്റ്റഡിയിലാണ്.
Kerala
കൊച്ചി: ബൈക്കിൽ പിന്നോട്ട് തിരിഞ്ഞിരുന്ന് അപകടകരമായ രീതിയിൽ യാത്ര ചെയ്ത സംഭവത്തിൽ വാഹനമോടിച്ച വിദ്യാർഥിയുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് ശിപാർശ ചെയ്തു. ഇതിന് പുറമെ, വിദ്യാർഥികൾ നിർബന്ധമായും മോട്ടോർ വാഹന വകുപ്പിന്റെ ബോധവത്കരണ ക്ലാസിൽ പങ്കെടുക്കണമെന്നും എൻഫോഴ്സ്മെന്റ് ആർടിഒ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
കുസാറ്റിലെ വിദ്യാർഥികളാണ് ഇടപ്പള്ളി ഭാഗത്തെ റോഡിലൂടെ യാതൊരുവിധ സുരക്ഷാ മുൻകരുതലുമില്ലാതെ അഭ്യാസപ്രകടനം നടത്തിയത്. ബൈക്കിന് പിന്നിൽ തിരിഞ്ഞിരുന്ന് യാത്ര ചെയ്തതിന്റെ ദൃശ്യങ്ങൾ വഴിയാത്രക്കാരൻ പകർത്തി മോട്ടോർ വാഹന വകുപ്പിന് കൈമാറിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഇതിന് പുറമെ, ഹെൽമെറ്റ് ധരിക്കാതെ മൂന്ന് പേരെ കയറ്റി ബൈക്ക് ഓടിച്ച മറ്റൊരു വിദ്യാർഥിക്കെതിരെയും മോട്ടോർ വാഹന വകുപ്പ് കർശന നടപടി സ്വീകരിച്ചു. ഇയാളുടെ ഡ്രൈവിംഗ് ലൈസൻസും സസ്പെൻഡ് ചെയ്യാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ഇത്തരം അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നവർക്കും അഭ്യാസപ്രകടനങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടികൾ തുടരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Kerala
പാലോട്: വാഹനാപകടത്തിൽ യുവതി മരിച്ചു. ഇടിഞ്ഞാർ മാടൻ കരിക്കകത്ത് വീട്ടിൽ മഞ്ജു (28) ആണ് കഴിഞ്ഞ ദിവസം രാത്രി പാരിപ്പള്ളിയിൽ വച്ച് ഉണ്ടായ അപകടത്തിൽ മരിച്ചത്.
മഞ്ജുവും ഭർത്താവ് റിബിൻ ജോസും മക്കളായ ആരോൺ, ആരാദ്യ എന്നിവരോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോൾ കാറിടിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി പാരിപ്പള്ളിയിൽ റബ്ബർ ടാപ്പിംഗ് ജോലി ചെയ്യുകയായിരുന്നു റിബിൻ ജോസും കുടുംബവും.
റിബിൻ ജോസിന്റെ സുഹൃത്തിന്റെ വീട്ടിൽ സന്ദർശനത്തിനു ശേഷം മടങ്ങുന്നതിനിടയിലായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ റിബിൻ ജോസും മക്കളായ ആരോണും, ആരാധ്യയും പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിൽസയിലാണ്.
ഗുരുതരമായി പരിക്കേറ്റ മഞ്ജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു.
National
ഹൈദരാബാദ്: തെലുങ്കാനയിലെ പപ്പാലഗുഡയിൽ അമിതവേഗത്തിലെത്തിയ ലോറി ബൈക്കിലിടിച്ച് ഒരാൾ മരിച്ചു. കട്ടേദാൻ സ്വദേശി സുശീൽ കുമാർ (28) ആണ് മരിച്ചത്. കുടെയുണ്ടായിരുന്ന സുഹൃത്ത് സുരേഷിന് പരിക്കേറ്റു. സംഭവത്തിൽ ലോറി ഡ്രൈവർ രഞ്ജിത് സിംഹയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഹഫീസ്പേട്ടിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു സുശീലും സുരേഷും. പിന്നിൽ നിന്നെത്തിയ ലോറി ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന സുശീൽ സംഭവസ്ഥലത്തു തന്നെ മരിച്ചു.
അപകടത്തിന് ശേഷവും വാഹനം നിർത്താതെ പോയ ഡ്രൈവർ മറ്റ് രണ്ട് വാഹനങ്ങളിൽ കൂടി ഇടിച്ച ശേഷമാണ് ലോറി നിർത്തിയത്. മറ്റ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
സംഭവത്തിൽ പോലീസ് കേസെടുത്ത് രഞ്ജിതിനെ കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
കോഴിക്കോട്: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വ്യാഴാഴ്ച പുലര്‍ച്ചെ 5.45ന് താഴെ കൂടരഞ്ഞിയിലുണ്ടായ അപകടത്തിൽ പൂവാറംതോട് സ്വദേശി അഭിജിത്ത് ആണ് മരിച്ചത്.
അഭിജിത്തും സുഹൃത്തും സഞ്ചരിച്ച ബൈക്കും എതിര് ദിശയില്‍ എത്തിയ കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന ഉടൻതന്നെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അഭിജിത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Kerala
ചിറ്റൂർ: ബൈക്കിൽ കഞ്ചാവു കടത്തുന്നതിനിടെ രണ്ടു പേരെ ചിറ്റൂർ പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തു.
പെരുമാട്ടി നന്ദിയോട് കൈപ്പൻകളം സ്വദേശി എം. മിഥുൻദാസ് (29), മുതലമട നരിപ്പാറ ചള്ള സ്വദേശി യു. മധു (27) എന്നിവരെയാണ് 1.45 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയത്.
ഇന്നലെ പുലർച്ചെ 1.30ന് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തത്തമംഗലത്ത് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
കൊല്ലങ്കോട് സ്റ്റേഷൻ പരിധിയിലെ ഒട്ടേറെ കേസുകളിലെ പ്രതിയായ മധുവിനെ കഴിഞ്ഞമാസം കാപ്പ ചുമത്തി മൂന്നു മാസത്തേക്കു ജില്ലയിൽനിന്ന് നാടുകടത്തിയിരുന്നു. വിലക്ക് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിനും മധുവിനെതിരേ കേസെടുക്കും.
Kerala
കൊച്ചി: കൂത്താട്ടുകുളം എംസി റോഡില്‍ ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. മീങ്കുന്നം സ്വദേശി അജയ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മീങ്കുന്നം സ്വദേശിയായ ജോബിനെ ഗുരുതര പരിക്കുകളോടെ മൂവാറ്റുപുഴ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായാറാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. അമിതവേഗതയില്‍ എത്തിയ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുതി പോസ്റ്റിലേക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
Kerala
കൊച്ചി: മൂവാറ്റുപുഴ മാറാടിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഇന്ന് ഉച്ചയ്ക്ക് 12 ഓടെ നടന്ന അപകടത്തില്‍ തലയോലപ്പറമ്പ് സ്വദേശി സുമിത് എം. ഡേവിഡ് ആണ് മരിച്ചത്. തലയ്ക്ക് പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു.
മൂവാറ്റുപുഴയില്‍ നിന്നും പിറവം ഭാഗത്തേക്ക് പോവുകയായിരുന്ന തമിഴ്നാട് സ്വദേശികളുടെ ലോറിയും പിറവത്തു നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കുമാണ് അപകടത്തില്‍ പെട്ടത്.
നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ലോറിയുടെ അടിയിലേക്ക് തെന്നി മാറിയതാകാം അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
Kerala
മലപ്പുറം: ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചുണ്ടായ അപകടത്തിൽ നിന്ന് യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ കണ്ണമംഗലം തോട്ടശേരിയറയിലുണ്ടായ അപകടത്തിൽ കെ.പി.ഷഹബാസാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
ഷഹബാസ് പൾസർ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയാണ് അപകടം. തോട്ടശേരിഅറയിലെ ഓവുപാലത്തിന് സമീപമെത്തിയപ്പോൾ വാഹനത്തിൽ നിന്ന് തീയും പുകയും ഉയർന്നു. തുടർന്ന് ഷഹബാസ് ഉടൻ തന്നെ ബൈക്ക് നിർത്തുകയായിരുന്നു.
സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ വെള്ളമൊഴിച്ച് ബൈക്കിലെ തീ പൂർണമായും അണച്ചതുകൊണ്ട് വലിയ ദുരന്തം ഒഴിവായി. അപകടത്തിൽ ബൈക്കിന്റെ ചില ഭാഗങ്ങൾ കത്തിനശിച്ചു.
Kerala
പനത്തടി: പനത്തടി സ്വദേശിയായ യുവാവ് ബംഗളൂരുവിൽ ബൈക്കപകടത്തിൽ മരിച്ചു. പുലിക്കടവിലെ പ്രകാശിന്റെയും പനത്തടിയിൽ കംപ്യൂട്ടർ സ്ഥാപനം നടത്തുന്ന ലക്ഷ്മിയുടെയും മകൻ നിപിൻ (30) ആണ് മരിച്ചത്.
ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു. ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടയിൽ നിതിൻ സഞ്ചരിച്ച ബൈക്കിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.
സഹോദരങ്ങൾ: അഡ്വ. മിഥുൻ (കാസർഗോഡ്), കിരൺ.
Kerala
തിരുവനന്തപുരം: തിരുവല്ലം ടോൾപ്ലാസക്ക് സമീപം ബൈക്ക് സ്ട്രീറ്റ് ലൈറ്റ് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ യുവാവിനും യുവതിക്കും ദാരുണാന്ത്യം. എറണാകുളം സ്വദേശിയായ യുവാവും തൊടുപുഴ സ്വദേശിയായ യുവതിയുമാണ് മരിച്ചത്.
കോവളം ഭാഗത്തേക്ക് പോയ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. രണ്ടുപേരുടെയും തല സ്ട്രീറ്റ് ലൈറ്റിന്റെ പോസ്റ്റിൽ ഇടിച്ചാണ് മരണം സംഭവിച്ചതെന്ന് അധികൃതർ പറഞ്ഞു. അപകടം നടന്ന ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹങ്ങൾ നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിരുവല്ലം പോലീസ് മേൽനടപടികൾ സ്വീകരിച്ചുവരുന്നു.
Kerala
കൊല്ലം: ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിലെ അർജന്റീനയുടെ വിജയത്തിന്റെ ആഹ്ലാദപ്രകടനത്തിനിടെ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. കൊല്ലം കരിക്കോട് ടികെഎം. കോളേജ് ജംഗ്ഷനു സമീപം ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
അർജന്റീ-ഈജിപ്ത് മത്സരത്തിലെ അർജന്റീനയുടെ വിജയത്തിന് പിന്നാലെ ആരാധകർ നടത്തിയ പ്രകടനത്തിനിടയിലാണ് അപകടമുണ്ടായത്. കിളികൊല്ലൂർ സ്വദേശി അഭിലാഷിന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് പൂർണമായും കത്തി നശിച്ചത്.
ബൈക്ക് അമിതമായി ആക്സിലറേറ്റ് ചെയ്തതാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക നിഗമനം. ഓടുന്നതിനിടെ ബൈക്കിന്റെ ഉൾഭാഗത്തുനിന്നു പെട്ടെന്ന് സ്പാർക്ക് ഉണ്ടാകുന്നത് ഉടമ അഭിലാഷിന്റെ ശ്രദ്ധയിൽപ്പെട്ടു.
ഉടൻതന്നെ അദ്ദേഹം വണ്ടി റോഡരികിലേക്ക് ഒതുക്കി നിർത്തി. തൊട്ടുപിന്നാലെ ബൈക്കിലേക്കു തീ ആളിപ്പടരുകയായിരുന്നു. തക്കസമയത്തു വണ്ടി നിർത്തി മാറിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. വിവരമറിഞ്ഞു സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘമാണ് തീയണച്ചത്.
Kerala
കൊച്ചി: അങ്കമാലി ദേശീയപാതയില്‍ ടെല്‍ക്ക് വളവില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. തൃശൂര്‍ ആറാട്ടുപുഴ സ്വദേശി സി.ആര്. ശരത് (34) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് അപകടം നടന്നത്. ഉടനെ അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു.
Kerala
കൊച്ചി: ദേശീയപാത നെടുമ്പാശേരി അത്താണിയിൽ നിർത്തിയിട്ട ടാങ്കറിന് പിന്നിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ബൈക്ക് യാത്രികരായ പത്തനംതിട്ട സ്വദേശി ആദിത്ത്പ്രസാദ് (24), സുഹൃത്ത് കപിൽ (23) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ 6.50ഓടെ അത്താണി എയർപോർട്ട് കവലയിൽ നിർത്തിയിട്ട ടാങ്കർ ലോറിയിൽ ഇടിച്ചായിരുന്നു അപകടം. ആദിത്ത് അപകടസ്ഥലത്തുവച്ച് തന്നെ മരിച്ചു. അവശനിലയിലായ കിരണിനെ ഉടൻ അങ്കമാലി എൽഎഫ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മലയം സ്വദേശി അജിൻ, സനുഷ് എന്നിവരാണ് മരിച്ചത്. കാട്ടാക്കട പൊട്ടൻകാവിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.
കാട്ടാക്കടയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലേക്ക് ബൈക്ക് ഇടിച്ചുകയറിയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ യുവാക്കൾ ഇരുവരും ബസിനടിയിലേക്ക് തെറിച്ചുവീണു. യുവാക്കളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
കോഴിക്കോട്: കുറ്റ്യാടിവടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർഥി മരിച്ചു. വടയം സ്വദേശിയായ മുഹമ്മദ് (16) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന മുഹമ്മദ് തെറിച്ച് വീഴുകയായിരുന്നു.
നിയന്ത്രണം വിട്ട ബൈക്ക് കാൽനട യാത്രക്കാരനെയും ഇടിച്ചു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
Kerala
തിരുവനന്തപുരം: കഴക്കൂട്ടത്ത് കാട്ടുപന്നി ബൈക്കിൽ ഇടിച്ചു കോൺഗ്രസ് നേതാവിന് ഗുരുതരമായി പരുക്കേറ്റു. കോൺഗ്രസ് വെമ്പായം ബ്ലോക്ക് കമ്മിറ്റി ട്രഷററും അണ്ടൂർക്കോണം പറമ്പിൽപാലം സ്വദേശിയുമായ ജാബുവിന് (41) ആണ് പരിക്കേറ്റത്. ജാബുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 11ന് പള്ളിപ്പുറം പായ്ച്ചിറ റോഡിൽ ലാദൻസ് ഹോട്ടലിനു സമീപം ആയിരുന്നു അപകടം. ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോൾ കുറ്റിക്കാട്ടിൽ നിന്നും പാഞ്ഞുവന്ന കാട്ടുപന്നി ബൈക്കിൽ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണു ഗുരുതരമായി പരുക്കേറ്റ ജാബുവിനെ നാട്ടുകാർ ചേർന്നു ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു.
പഞ്ചായത്ത് മുൻ ഭരണസമിതി പാർക്കും ഓപ്പൺ ജിംനേഷ്യവും നിർമിക്കാനായി തെരഞ്ഞെടുത്ത സ്ഥലം ഇപ്പോൾ കാടുകയറി കിടക്കുകയാണ്. ഈ ഭാഗങ്ങളിൽ സ്ഥിരം അപകടങ്ങൾ നടക്കാറുണ്ടെന്നാണ് പരാതി.
അണ്ടൂർക്കോണം, ചന്തവിള സൈനിക സ്കൂൾ , കാട്ടായിക്കോണം, മടവൂർപ്പാറ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായിരിക്കുമ്പോഴും പഞ്ചായത്തിന്റെയും നഗരസഭയുടെയും ഭാഗത്തു നിന്നും ശരിയായ രീതിയിൽ നടപടിയെടുക്കുന്നില്ല എന്ന ആക്ഷേപവുമുണ്ട്. കാട്ടായിക്കോണം മങ്ങാട്ടുകോണത്ത് പന്നി ഇടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് ഇപ്പോഴും ചികിത്സയിലാണ്.
Kerala
കൊച്ചി: എറണാകുളം ചെങ്ങമനാട് ബൈക്ക് കാറിലിടിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവിന് ദാരുണാന്ത്യം. യൂത്ത് കോണ്‍ഗ്രസ് ചെങ്ങമനാട് മണ്ഡലം ജനറല്‍ സെക്രട്ടറി കപ്പശേരി കല്ലറയ്ക്കല്‍ അല്‍ അമീന് ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി നെടുമ്പാശേരി വിമാനത്താവളം റോഡിലായിരുന്നു അപകടം നടന്നത്.
എയര്‍പോര്‍ട്ട് റോഡില്‍ വച്ച് ബൈക്ക് യൂടേണ്‍ എടുക്കവെ കാര്‍ വന്നിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അമീന് നാല് ദിവസത്തോളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
Kerala
തൃശൂർ: കാഞ്ഞാണിയിൽ വാഹനാപകടത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു. വാടാനപ്പള്ളി സ്വദേശി കൊടുവത്ത്പറമ്പിൽ പ്രണവ് (17), കരുവന്തല സ്വദേശി അഭിമന്യു (19) എന്നിവരാണ് മരിച്ചത്.
നിയന്ത്രണം വിട്ട ബൈക്ക് പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽ ഉണ്ടായിരുന്ന മറ്റൊരു യുവാവ് പരിക്കേറ്റ് ചികിത്സയിലാണ്. ശനിയാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്.
ബൈക്കിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ പരിക്ക് ഗുരുതരമാണ്. പിക്കപ്പ് വാൻ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.
Kerala
പയ്യാവൂർ: പൈസക്കരി ടൗണിലുണ്ടായ വാഹനാപകടത്തിൽ കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. കുടിയാന്മല പൊന്മലയിലെ തട്ടുകുന്ന് തേവരയിൽ ആൽബിൻ ടി. വിത്സൺ (19) ആണ് മരിച്ചത്.
പൈസക്കരി ദേവമാതാ ആർട്സ് ആൻഡ് സയൻസ് കോളജിൽ ഒന്നാം വർഷ ബിസിഎ വിദ്യാർഥിയാണ് ആൽബിൻ. ഇന്ന് രാവിലെ പത്തോടെ ബൈക്കിൽ കോളജിലേയ്ക്ക് വരുമ്പോൾ ടോറസ് ലോറിയുടെ അടിയിൽപ്പെട്ടാണ് അപകടമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
പയ്യാവൂർ പോലീസും ഇരിട്ടി ഫയർ ഫോഴ്സും സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Kerala
കൊല്ലം: കടയ്ക്കലിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചിതറ ഐരകുഴി സ്വദേശി അബിൻ കൃഷ്ണ(25) ആണ് മരിച്ചത്.
നേവി ഉദ്യോഗസ്ഥനാണ് അബിൻ കൃഷ്ണ. ഞായറാഴ്ച രാത്രി ആയിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അബിൻ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Kerala
കൊച്ചി: മുവാറ്റുപുഴയിൽ സിവിൽ സ്റ്റേഷൻ ജംഗ്ഷന് സമീപം ലോറിയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. പുനലൂർ ഇടമൺ, ഹോളിമാസ് സ്കൂളിന് സമീപം ഉത്രം വീട്ടിൽ ബിജുകുമാർ (സാമി- 57) ആണ് മരിച്ചത്.
ബൈക്കിൽ ഒപ്പമുണ്ടായിരുന്ന മൂലമറ്റം സ്വദേശി ഹരി(28)ക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. മുടവൂർ ഭാഗത്തുള്ള വർക്ക്ഷോപ്പിലെ ജീവനക്കാരായിരുന്നു ഇരുവരും. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അമിത വേഗത്തിൽ എത്തിയ ലോറിയുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നുവെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു.
ലോറിയുടെ അടിയിൽ കുടുങ്ങിയ നിലയിലായിരുന്നു ബിജുകുമാർ. അഗ്നിരക്ഷാസേനയെത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ലോറിയുടെ ഭാഗങ്ങൾ മുറിച്ച് നീക്കിയാണ് ബിജുവിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു. ഷൈനിയാണ് ബിജുകുമാറിന്റെ ഭാര്യ. മക്കൾ: അഞ്ജിത, അഞ്ജന. ഹരി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
National
മുംബൈ: മഹാരാഷ്ട്രയിലെ മുളുണ്ടിൽ ഐരോളി പാലത്തിന് സമീപം ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ചെന്പൂർ സ്വദേശി മിത്തൽ പാട്ടീൽ (32) ആണ് മരിച്ചത്. അപകടത്തിന് ശേഷം ഓട്ടോ ഡ്രൈവർ വാഹനം നിർത്താതെ പോയി.
ഓട്ടോ ഡ്രൈവർ യു ടേൺ എടുക്കുന്നതിനിടെ മിത്തൽ സഞ്ചരിച്ച വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നു തെറിച്ചുവീണ മിത്തലിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
ഉടൻ തന്നെ മിത്തലിനെ നാട്ടുകാർ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായി. ഒളിവിൽ പോയ ഓട്ടോ ഡ്രൈവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
പാറ്റ്ന: ബിഹാറിൽ രാഷ്ട്രീയ ജനതാദൾ (ആർജെഡി) എംഎൽഎ രാഹുൽ കുമാറിന്റെ സഹോദരൻ രോഹിത് കുമാറിന്റെ മാല ബൈക്കിലെത്തിയ മോഷ്ടാക്കൾ കവർന്നു. കങ്കർബാഗ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സായ് മന്ദിറിന് സമീപമാണ് സംഭവം.
ക്ഷേത്രത്തിന് സമീപത്തുകൂടി കടന്നുപോകുന്നതിനിടെ മോഷ്ടാക്കൾ ബൈക്കിൽ രോഹിതിന്റെ സമീപത്ത് വരികയും കഴുത്തിൽ കിടന്ന മാല മോഷ്ടിച്ച് സ്ഥലം വിടുകയുമായിരുന്നു.
സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സമീപത്തുള്ള സിസിടിവി കാമറകളിൽ പതിഞ്ഞിട്ടുണ്ട്. വിവരം ലഭിച്ചതിനെത്തുടർന്ന് കങ്കർബാഗ് പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Kerala
കാസർഗോഡ്: പാലക്കുന്നിൽ ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർഥി മരിച്ചു. ഉദുമ കോട്ടക്കുന്നിലെ നസീറിന്റെ മകൻ ലുക് മാൻ (22) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പാലക്കുന്ന് ടൗണിലാണ് അപകടം.
ജിമ്മിൽ പോയി തിരികെ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം ഉണ്ടായത്. കാസർഗോഡ് ഭാഗത്ത് നിന്നും കാഞ്ഞങ്ങാട്ടെക്ക് പോവുകയായിരുന്ന ലോറി അതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ബൈക്കിന് പിന്നിൽ വന്നിടിക്കുകയായിരുന്നു.
മംഗളൂരു ശ്രീദേവി കോളജിൽ ഒന്നാം വർഷ ബിബിഎ വിദ്യാർഥിയാണ് മരിച്ച ലുക് മാൻ.
Kerala
കാസർഗോഡ്: പാലക്കുന്നിൽ ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർഥി മരിച്ചു. ഉദുമ കോട്ടക്കുന്നിലെ നസീറിന്റെ മകൻ ലുക് മാൻ (22) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി ഒമ്പതോടെ പാലക്കുന്ന് ടൗണിലാണ് അപകടമുണ്ടായത്. ജിമ്മിൽ പോയി തിരികെ വീട്ടിലേയ്ക്ക് വരുമ്പോഴാണ് അപകടം ഉണ്ടായത്. കാസർഗോഡ് ഭാഗത്ത് നിന്നും കാഞ്ഞങ്ങാട്ടെക്ക് പോവുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറി അതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ബൈക്കിന് പിന്നിൽ വന്നിടിക്കുകയായിരുന്നു.
മംഗളൂരു ശ്രീദേവി കോളേജിൽ ഒന്നാം വർഷ ബി.ബി.എ വിദ്യാർഥിയാണ് മരിച്ച ലുക് മാൻ. മാതാവ്: റസീന മൊഗ്രാൽപുത്തൂർ. സഹോദരങ്ങൾ: നൗമാൻ,സഫ്റാൻ, ഫാത്തിമ.
District News
പൂവാർ: അമിത വേഗതയിൽ എത്തിയ ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ തെറിച്ച് വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കരുംകുളം പുതിയതുറ ആഴാങ്കൽ പുരയിടത്തിൽ ഡൊമിനിക്കിന്റെയും അജിതയുടെയു മകൻ ഡൊമീഷ് ഡൊമനിക് (16) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കരുംകുളം പുതിയതുറ ഉരിയരിക്കുന്നിൽ ടോംകുമാറിന്റെയും - ഷെറിന്റെയും മകൻ ഷാരോൺ (20) നെ ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ പുലർച്ചെ 12.30 ഓടെ പൂവാർ മൃദംഗ തീയറ്ററിനു സമീപത്തായിരുന്നു അപകടം.അപകട സമയത്ത് ഡൊമീഷ് ബൈക്കിന്റെ പിന്നിലായിരുന്നു എന്ന് പോലീസ് പറഞ്ഞു. വേഗതയിൽ എത്തിയ ബൈക്കിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. മരിച്ച ഡൊമീഷിന്റെ മാതാപിതാക്കൾ വിദേശത്താണ്.
പത്താം ക്ലാസിൽ പരീക്ഷ എഴുതി ഫലം കാത്തിരുന്ന വിദ്യാർഥിയാണ് ഡൊമീഷ്. പരിക്കേറ്റ ഷാരോൺ ബംഗളൂരുവിൽ സ്വകാര്യ കോളജിൽ എൻജിനിനീയിംഗ് വിദ്യാർഥിയാണ്. അപകടത്തിൽ പൂവാർ പോലീസ് കേസെടുത്തു.
National
ന്യൂഡൽഹി: അമിതവേഗത്തിൽ വന്ന കാറും ബൈക്കും കൂട്ടിയിടിച്ചു രണ്ടു പേർ മരിച്ചു. കരവാൾ നഗർ സ്വദേശികളായ രോഹിത് (31), ഹേമന്ത് (33) എന്നിവരാണ് മരിച്ചത്. ഇരുവരും ഐപിഎൽ കണ്ട് വീട്ടിലേക്കു മടങ്ങുകയായിരുന്നു. സംഭവത്തിൽ കാർ ഡ്രൈവർ ഹിമാൻഷു (27) നെ പോലീസ് അറസ്റ്റ് ചെയ്തു.
ഭജൻപുര മെട്രോ സ്റ്റേഷന് സമീപമായിരുന്നു അപകടം നടന്നത്. അമിതവേഗത്തിൽ വന്ന കാർ ബൈക്കിനു പിന്നിൽ ഇടിക്കുകയായിരുന്നു.
സംഭവത്തിൽ കേസെടുത്ത പോലീസ് ഹിമാൻഷുനെ അറസ്റ്റ് ചെയ്തു. ഇയാൾ സഞ്ചരിച്ചിരുന്ന വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. ഫോറൻസിക് വിദഗ്ധർ അപകടസ്ഥലം പരിശോധിച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നു പോലീസ് പറഞ്ഞു.
National
കോൽക്കത്ത: പശ്ചിമബംഗാളിൽ സുവേന്ദു അധികാരിയുടെ സഹായി ചന്ദ്രനാഥ് രഥിനെ വെടിവച്ചു കൊന്ന സംഭവത്തിൽ ആക്രമികൾ എത്തിയത് മോഷ്ടിച്ച ഇരുചക്ര വാഹനത്തിൽ.
WB44D1990 എന്ന രജിസ്റ്റർ നമ്പരിലുള്ള വാഹനത്തിലാണ് പ്രതികളെത്തിയത്. വാഹനത്തിന്റെ ഉടമ വിഭാഷ് കുമാർ ഭട്ടാചാര്യ എന്നയാളാണ്. 2012 മേയ് നാലിനാണ് ബൈക്ക് രജിസ്റ്റർ ചെയ്തത്.
വിഭാഷിന്റെ വിലാസം അന്വേഷിച്ചു ചെന്ന പോലീസിന് ഇയാളെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. ധരംവീർ എന്ന സർക്കാർ ഉദ്യോഗസ്ഥനാണ് നിലവിൽ ഇവിടെ താമസിക്കുന്നത്. 2014 മുതൽ താൻ ഇവിടെ താമസിച്ചുവരികയാണെന്നും വിഭാഷ് എന്ന പേരിൽ ആരെയും അറിയില്ലെന്നും ഇയാൾ പോലീസിനോടു പറഞ്ഞു.
തുടരന്വേഷണത്തിൽ വിഭാഷിനെ പോലീസ് കണ്ടെത്തി. എന്നാൽ തന്റെ ബൈക്ക് മോഷ്ടിക്കപ്പെട്ടതായി ഇയാൾ പോലീസിന് മൊഴി നൽകിയെന്നാണ് റിപ്പോർട്ട്.
പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മഹീന്ദ്ര സ്കോർപിയ കാറിൽ വീട്ടിലേക്ക് പോവുകയായിരുന്ന ചന്ദ്രകാന്തിനെ ബൈക്കിലെത്തിയ ആക്രമികൾ വെടിവയ്ക്കുകയായിരുന്നു. വാഹനത്തിന്റെ മുൻസീറ്റിൽ ഇരുന്ന ചന്ദ്രകാന്ത് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
National
ന്യൂഡൽഹി: ഡൽഹിയിലെ ദാബ്രിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ജാർഖണ്ഡ് സ്വദേശി രാജ്കുമാർ (25) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ ഏഴരയോടെയാണ് സംഭവം.
വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി. രാജ്കുമാറിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷക്കാനായില്ല.
അപകടത്തിൽപ്പെട്ട കാർ ദാബ്രി സ്വദേശിയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും ഡ്രൈവർ നിലവിൽ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ പേലീസ് കേസെടുത്തു. പ്രതിയെ പിടികൂടാനുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: എറണാകുളം പനങ്ങാട് ബൈക്ക് ലോറിയില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. തേവര സ്വദേശി സ്റ്റെഫിന് സ്റ്റീഫന്‍ ആണ് മരിച്ചത്. രാവിലെ ഒമ്പരയോടെ കുഫോസിന് അടുത്താണ് അപകടം സംഭവിച്ചത്.
നിയന്ത്രണം വിട്ട ബൈക്ക് എതിരെ വന്ന ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബൈക്ക് ലോറിയില്‍ ഇടിച്ച ശേഷം ലോറിക്കടിയിലേക്ക് കയറി പോവുകയായിരുന്നു. സ്റ്റീഫനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Kerala
തിരുവനന്തപുരം: പ്രഭാതസവാരിക്ക് ഇറങ്ങിയ വയോധികരെ ഇടിച്ചു വീഴ്ത്തി ബൈക്ക് യാത്രികൻ നിർത്താതെ പോയി. തിരുവനന്തപുരം വെള്ളനാട് ഇന്ന് രാവിലെ അഞ്ചിനാണ് സംഭവം.
ബന്ധുക്കളായ ഗീത, സുധ എന്നിവരെയാണ് ബൈക്ക് ഇടിച്ചത്. പരിക്കേറ്റ് റോഡിൽ കിടന്ന ഇവരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഗീതയുടെ ആരോഗ്യനില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അപകടമുണ്ടാക്കിയ ബൈക്ക് യാത്രികനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
National
ന്യൂഡൽഹി: അമിതവേഗതയിലെത്തിയ ടെമ്പോ വാൻ ബൈക്കിൽ ഇടിച്ച് കൗമാരക്കാരൻ മരിച്ചു. ഡൽഹിയിലെ ഷാലിമാർ ബാഗ് മേഖലയിലാണ് സംഭവം.
ഹൈദർപൂർ ഗ്രാമവാസിയായ വിശാൽ(15)ആണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ വിശാലിനെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മരണംസംഭവിക്കുകയായിരുന്നു.
അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വിശാലിന്റെ കുടുംബം ആവശ്യപ്പെട്ടു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Kerala
ആലപ്പുഴ: എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. അമ്പലപ്പുഴ താലൂക്കിലെ മണ്ണഞ്ചേരി സ്വദേശികളായ ശ്രീഹരി (24), ഷാരോൺ (23) എന്നിവരാണ് പിടിയിലായത്.
എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ആണ് ഇരുവരെയും പിടികൂടിയത്. പ്രതികളിൽ നിന്ന് 1.25 കിലോ കഞ്ചാവ് കണ്ടെത്തി. ഇവർ കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഡൊമിനർ ബൈക്കും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
പിടിയിലായ ശ്രീഹരി മുൻപും നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ആലപ്പുഴ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
Kerala
കണ്ണൂർ: ഇരിക്കൂറിൽ ബൈക്കിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബ്ലാത്തൂർ കുലുങ്ങാട്ടെ യദുൽ പ്രകാശ് (26) ആണ് മരിച്ചത്.
ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കല്യാട്ടെ എം.പി. സംഗീത് ചികിത്സയിലാണ്. സിദ്ദിഖ് നഗറിൽ രാവിലെ പത്തോടെയാണ് അപകടമുണ്ടായത്. ഇരിക്കൂർ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്കിലാണ് ലോറി ഇടിച്ചത്.
ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും യദുലിനെ രക്ഷിക്കാനായില്ല. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു യദുൽ. പ്രകാശ്– റോജ ദമ്പതികളുടെ മകനാണ്. സഹോദരൻ: വിദുൽ.
Kerala
കൊച്ചി: കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി നശിച്ചു. ആലുവ പഴങ്ങനാട് സമരിറ്റന്‍ ആശുപത്രിക്ക് മുന്നില്‍ നിര്‍ത്തിയിട്ട ബൈക്കിന്റെ സീറ്റാണ് കത്തി നശിച്ചത്. അടുത്ത് പാര്‍ക്ക് ചെയ്തിരുന്ന മറ്റ് വാഹനങ്ങളിലേക്ക് തീപടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12നുണ്ടായ സംഭവത്തിൽ പുത്തന്‍കുരിശ് സ്വദേശിയായ വിനോദിന്റെ ബൈക്കാണ് കത്തിയത്. സീറ്റ് പൂര്‍ണമായും കത്തി നശിച്ചു. അതേസമയം സംസ്ഥാനത്ത് കനത്ത ചൂട് തുടരുകയാണ്. നിരവധിപേര്‍ക്ക് സൂര്യാതപമേറ്റു.
ഇന്നലെ സൂര്യാതപമേറ്റ് കണ്ണൂര്‍ സ്വദേശി മരിച്ചിരുന്നു. മലപ്പുറത്ത് നാലു വയസുകാരിക്കും കൂത്താട്ടുകുളത്ത് ഇതരസംസ്ഥാന തൊഴിലാളിക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു.
Kerala
വടക്കഞ്ചേരി: മംഗലം പാലത്തിനടുത്ത് 23 ബൈക്കുകൾ കത്തിനശിച്ചു. സിൻഡിക്കേറ്റ് ബാങ്കിനു സമീപത്തെ ബൈക്ക് വർക്ക്പ്പിലാണ് തീപിടിത്തം ഉണ്ടായത്.
23 ബൈക്കുകൾ പൂർണമായും കത്തിനശിച്ചു. ഫയർഫോഴ്സ് എത്തി തീയണച്ചു. പുതുക്കോട് സ്വദേശി മുതസിറിന്റേതാണ് വർക്ക്ഷോപ്പ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
National
ന്യൂഡൽഹി: ഡൽഹിയിലെ വികാസ് മാർഗിൽ കാർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. വിശ്വാസ് നഗർ സ്വദേശി നീരജ് (35) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ സോനത്തിനും രണ്ട് കുട്ടികൾക്കും അപകടത്തിൽ പരിക്കേറ്റു. കാറോടിച്ച നോയിഡ സ്വദേശി സച്ചിൻ ഗുലാത്തി (45) യെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്തുണ്ടായിരുന്നവർ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
കണ്ണോട്ട് പ്ലേസിൽ നിന്നും കുടുംബത്തോടൊപ്പം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു നീരജും കുടുംബവും. ലക്ഷ്മി നഗറിലേയ്ക്കുള്ള പാതയിൽ എത്തിയപ്പോഴായിരുന്നു സച്ചിന്റെ കാർ നീരജിന്റെ ബൈക്കിൽ ഇടിച്ചുകയറിയത്.
അപകടത്തിന് പിന്നാലെ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ചികിത്സക്കിടെ നീരജ് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്.
സംഭവത്തിൽ കേസെടുത്ത പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
National
ഹൈദരാബാദ്: തെലുങ്കാനയിലെ കീസരയിൽ അമിതവേഗത്തിലെത്തിയ ബൈക്ക് മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു. ഗബ്ബിലാൽപേട്ട് സ്വദേശികളായ എ. കനകരാജു (20), ടി. അരുൺ കുമാർ (19) എന്നിവരാണ് മരിച്ചത്. ഗബ്ബിലാൽപേട്ടിൽ നിന്ന് യാദ്ഗർപള്ളിയിലേക്ക് ചായ കുടിക്കാൻ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു.
കനകരാജുവായിരുന്നു വാഹനം ഓടിച്ചിരുന്നത്. അമിതവേഗത്തിൽ വളവ് എടുക്കുന്നതിനിടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. തലയ്ക്കും കാലിനും പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു.
പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
National
മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ബൈക്ക് കുഴിയിൽ വീണ് രണ്ട് വിദ്യാർഥികൾ മരിച്ചു. മൂന്നാം വർഷ നിയമ വിദ്യാർഥികളായ സാക്ഷാം ബൻസോദ് (20), ആര്യൻ സോണ്‍ടാക്കെ (20) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാത്രി ഭഷണം കഴിക്കാനായി പുറത്തിറങ്ങിയ വിദ്യർഥികളാണ് കോളജിന് സമീപമുള്ള റോഡിലെ കുഴിയിൽ വീണത്. രാത്രി വൈകിയിട്ടും വിദ്യാർഥികൾ ഹോസ്റ്റലിൽ തിരികെ എത്താത്തതിനെ തുടർന്ന് കോളജ് അധികൃതർ വിദ്യാർഥികളുടെ കുടുംബത്തെ വിവരം അറിയിക്കുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.
പിറ്റേന്ന് രാവിലെ നാട്ടുകാരിൽ ചിലരാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തത്.
അമിതവേഗത്തിൽ വന്ന ബൈക്കിന്റെ നിയന്ത്രണം വിട്ട് റോഡിലെ കുഴിൽ വീണതായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗുരുതര പരിക്കേറ്റതിനെ തുടർന്നാണ് വിദ്യാർഥികൾ മരിച്ചത്.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: വീടിന് സമീപം പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. പട്ടം കുന്നുകുഴിപുഷ്പനഗർ സ്വദേശി ആഷിക് റഹ്മാൻ (19) ആണ് പിടിയിലായത്.
കരമന പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം മണക്കാട് സ്വദേശിയായ സന്തോഷ് കുമാറിന്റെ ബൈക്ക് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
സന്തോഷിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് വീടിന് സമീപത്ത് നിർത്തിയിട്ടിരുന്നു. ഈ വാഹനം പ്രായപൂർത്തിയാകാത്ത മറ്റൊരാളുടെ കൂടെ സഹായത്തോടെയാണ് ആഷിക് റഹ്മാൻ മോഷ്ടിച്ചത്. പ്രായപൂർത്തിയാകാത്ത ആളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആഷിക് റഹ്മാനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
തൃശൂർ: സംസ്ഥാന പാതയിൽ വാടാനപ്പള്ളി കാരമുക്കിൽ മാങ്ങാട്ടുകര റോഡിന് സമീപം നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു.
അന്തിക്കാട് ആലിന് കിഴക്ക് കോൾപ്പാടം റോഡിൽ പൂക്കാട്ട് അശ്വിൻ (23) കണ്ടശാംകടവ് മാമ്പുള്ളി തയ്യിൽ വിഷ്ണു (20) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 10.30 നാണ് അപകടമുണ്ടായത്. യുവാക്കൾ സഞ്ചരിച്ച ബൈക്ക് മാങ്ങാട്ടുകര സബ് റോഡിന് സമീപം നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട ബൈക്ക് മറ്റൊരു സൈക്കിളിലും ഇടിച്ചിരുന്നു.
വിഷു ആഘോഷത്തിന്റെ ഭാഗമായുള്ള കലാപരിപാടികൾ കണ്ട് മടങ്ങുന്നതിനിടെയാണ് അപകടം. പരിസരവാസികളും യാത്രക്കാരും ചേർന്ന് ഇരുവരെയും തൃശിരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അശ്വിൻ തൈക്കാട്ടുശ്ശേരി വൈദ്യരത്നം ഔഷധശാലയിലെ ജീവനക്കാരനാണ്. പിതാവ്: രാജൻ. മാതാവ്: ഉഷ. സഹോദരങ്ങൾ: അരുൺ, അഷിൻ. വിഷ്ണുവിന്റെ പിതാവ്: ഷാജു. മാതാവ്: നിഷ. ജിഷ്ണു ഇരട്ടസഹോദരനാണ്.
Kerala
ആലപ്പുഴ: ഫുട്ബോൾ കളികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. മാവേലിക്കര മിച്ചൽ ജംഗ്ഷനിലുണ്ടായ അപകടത്തിൽ പെരിങ്ങിലിപ്പുറം സ്വദേശികളായ മാനവ് (18), ആദിത്യൻ (16) എന്നിവരാണ് മരിച്ചത്.
ടർഫിൽ ഫുട്ബോൾ കളിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. മാനവ് അപകടസ്ഥലത്തും ആദിത്യൻ പരുമലയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
പാങ്ങോട്: അമ്മയോടൊപ്പം റോഡ് മുറിച്ചുകടക്കുമ്പോൾ ബൈക്കിടിച്ച് നാലുവയസുകാരി മരിച്ചു. അമ്മയോടൊപ്പം വിവാഹത്തിനുപോയി ഓട്ടോറിക്ഷയിൽ വീടിനുമുന്നിൽ മടങ്ങിയെത്തിയ നാലു വയസുകാരി റോഡ് മുറിച്ചു കടക്കവേ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു.
പാങ്ങോട് കൊച്ചാലുംമൂട് ഷെഫീക്ക് മൻസിലിൽ മുഹമ്മദ് ഷെഹീറിന്റെയും അമാനയുടെയും മകൾ സനാ മെഹ്റിൻ(4) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടം. അപകടത്തിൽ പരിക്കേറ്റ സനയെ ഉടൻതന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ചയോടെ മരിച്ചു.
പാങ്ങോട് ഗവ. എൽപിഎസിലെ എൽകെജി. വിദ്യാർഥിനിയായിരുന്നു സന. രുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ശനിയാഴ്ച കൊച്ചാലുംമൂട് കബറിസ്താനിൽ കബറടക്കും.
National
ഹൈദരാബാദ്: തെലുങ്കാനയിലെ വനസ്ഥലിപുരത്ത് അമിതവേഗത്തിൽ വന്ന കാർ നിർത്തിയിട്ടിരുന്ന ബൈക്കിലിടിച്ച് രണ്ട് പേർ മരിച്ചു. മദ്യലഹരിയിലായിരുന്ന കെ. രാം കുമാർ റെഡ്ഡി (34) ഓടിച്ച കാറാണ് രണ്ടാം വർഷ എൻജിനിയറിംഗ് വിദ്യാർഥികളായ കെ. ശിവ (20), എൻ. സന്തീപ് കുമാർ (20) എന്നിവരെ ഇടിച്ച് വീഴ്ത്തിയത്.
ഓംകാർ നഗറിലെ ഡിവൈഡറിനു സമീപം വിദ്യാർഥികൾ ബൈക്കിൽ ഇരിക്കുന്പോൾ അമിതവേഗത്തിൽ വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു.
വിദ്യാർഥികളെ ഇടിച്ച ശേഷം കാർ ഒരു കാൽനടയാത്രക്കാരനെയും ഇടിച്ചു. ഇദ്ദേഹം നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബൈക്ക് കാറിനടിയിൽ കുടുങ്ങുകയും 20 കിലോമീറ്ററോളം വലിച്ചുകൊണ്ടുപോവുകയും ചെയ്തു.
തുടർന്ന് ഡിവൈഡറിൽ ഇടിച്ച് കാർ മറിയുകയായിരുന്നു. ഉള്ളിലെ എയർബാഗുകൾ പ്രവർത്തിച്ചതിനാൽ രാം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവസ്ഥലത്ത് എത്തിയ നാട്ടുകാർ പ്രതിയെ പോലീസിൽ ഏൽപ്പിച്ചു. പിന്നീട് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
National
മുംബൈ: മഹാരാഷ്ട്രയിലെ മുംബ്രയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു, ഒരാൾക്ക് പരിക്കേറ്റു. മൂന്ന് പേർ സഞ്ചരിച്ചിരുന്ന ബൈക്കിൽ, പിന്നിൽ നിന്ന് വന്ന ബസ് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ബസിന്റെ മുൻചക്രത്തിനടിയിൽ കുടുങ്ങുകയും ബൈക്ക് യാത്രികരെ വലിച്ചിഴച്ചുകൊണ്ടുപോവുകയും ചെയ്തു.
അപകടത്തിൽ രണ്ട് പേർ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്ക് ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കൊറ്റാമം ആറയൂര്‍ അഴുവ് തോട്ടം ലിയോ നിവാസില്‍ ലിയാനാര്‍ഡോ ദേവ് എബ്രഹാം (25) ആണ് മരിച്ചത്.
ഇന്ന് രാവിലെ രാവിലെ ഉദിയന്‍കുളങ്ങര സേതുലക്ഷ്മി ഭായ് പബ്ലിക് മാര്‍ക്കറ്റിന് മുന്നിലായിരുന്നു അപകടം. പാറശാല ഭാഗത്തു നിന്നും നെയ്യാറ്റിന്‍കരയിലേയ്ക്ക് പോവുകയായിരുന്ന ലിയാനാര്‍ഡോ ദേവ് മാര്‍ക്കറ്റില്‍ നിന്നും പുറത്തേക്ക് ഇറങ്ങി റോഡ് ക്രോസ് ചെയ്യുന്നതിനിടെയാണ് കാൽനടക്കാരനെ തട്ടി നിയന്ത്രണം വിട്ട് ലോറിക്ക് മുന്നിലേക്ക് വീണത്.
ലോറിയിടിച്ചതോടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ലിയാ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറിയതായി പാറശാല പോലീസ് അറിയിച്ചു.
Kerala
തലയോലപ്പറമ്പ്: വെട്ടിക്കാട്ട് മുക്ക്-കാഞ്ഞിരമറ്റം റോഡിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ബൈക്ക് യാത്രികരായ മറവൻതുരുത്ത് പുത്തൻ കരിയിൽ സച്ചിൻ സതീശൻ (23), വൈക്കം പുളിച്ചുവട് അനന്തു നിവാസിൽ അയാൻ ജയൻ (23) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച പുലർച്ചെ 12.30 ന് വടകരതോട്ടം ജംഗ്ഷന് സമീപത്തെ വളവിലായിരുന്നു അപകടം. കോട്ടയത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയും അരയൻ കാവ് നിന്നും വെട്ടിക്കാട്ട് മുക്ക് ഭാഗത്തേക്ക് വരികയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.
വളവിൽ തെന്നി ബൈക്ക് ടാങ്കർ ലോറിയുടെ അടിയിലേക്ക് പോകുകയായിരുന്നു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു.
Kerala
കോഴിക്കോട്: കൊയിലാണ്ടിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്. കൊയിലാണ്ടി അണേല സ്വദേശി ആദര്‍ശി(40)നാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം വൈകുന്നേരം നാലരയോടെ എല്‍ഐസി ഓഫീസിന് മുന്‍വശമാണ് അപകടമുണ്ടായത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആദര്‍ശിന്റെ ദേഹത്തേയ്ക്ക് റോഡരികിലെ വലിയ പേരാലിന്റെ കൊമ്പ് അപ്രതീക്ഷിതമായി പൊട്ടിവീഴുകയായിരുന്നു.
ഉടന്‍ നാട്ടുകാരും മറ്റു വാഹന യാത്രികരും ചേര്‍ന്ന് യുവാവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സക്കായി യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
അപകടം നടക്കുമ്പോള്‍ നിരവധി പേര് മരത്തിന് സമീപത്തായി ഉണ്ടായിരുന്നു. ശബ്ദം കേട്ട് പലരും ചിതറി ഓടിയതിനാല്‍ വലിയ അപകടം ഒഴിവായി.
Kerala
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്കിൽ സഞ്ചരിക്കുകആയിരുന്ന ഏഴ് വയസുകാരൻ മരിച്ചു. അമരവിള സ്വദേശി ശിവകുമാർ,വനിത ദമ്പതികളുടെ ഇളയ മകൻ നിതിൻ സ്വാദിഖ് ആണ് മരിച്ചത്.
അമ്മയോടൊപ്പം സ്കൂട്ടറിൽ അമരവളയിൽ നിന്നും നെയ്യാറ്റിൻകര ഭാഗത്തേക്ക് പോവുകയായിരുന്ന സമയത്ത് നെയ്യാറ്റിൻകര ഗ്രാമത്ത് വച്ച് അതേ ദിശയിൽ വരികയായിരുന്ന ബസ് ഇടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ് തലയ്ക്ക് പരിക്ക് പറ്റിയതിനെ തുടർന്ന് കുട്ടി തൽക്ഷണം മരിക്കുകയായിരുന്നു.
അമ്മയ്ക്കും ഗുരുതരപരിക്കുണ്ട്. ചെങ്കൽ സായി കൃഷ്ണ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് നിതിൻ സ്വാദിഖ്.
Kerala
തിരുവനന്തപുരം : ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കല്ലറ പുലിപ്പാറ കോണത്തു വീട്ടിൽ നിസാർ (43) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ കല്ലറ മരുതമൺ ജംഗ്ഷനിലായിരുന്നു അപകടം. വെമ്പായത്തുള്ള ഭാര്യ വീട്ടിലേക്ക് പോകുമ്പോൾ നിസാർ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ബൈക്കിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ നിസാറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണമടയുകയായിരുന്നു. സംസ്കാരം നടത്തി.
ഭാര്യ: ഷംല. മക്കൾ: ഫർഹാന, ഫിർദൗസ്, അറഫ.
District News
ചിങ്ങവനം: കോട്ടയം ചിങ്ങവനത്തിന് സമീപം പനച്ചിക്കാട്ട് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി പോസ്റ്റ് ഒടിഞ്ഞു വീണു. തുടർന്ന് കാർ താഴ്ചയിലേക്കു മറിഞ്ഞു. പോസ്റ്റും വൈദ്യുതി ലൈനുകളും കൂടെ റോഡിലേക്കാണ് വീണത്. ഈ സമയം ഇതുവഴി കടന്നുപോയിരുന്ന ബൈക്ക് യാത്രികൻ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെ പനച്ചിക്കാട് നെല്ലിക്കൽ പെരിഞ്ചേരിക്കുന്ന് റോഡിലായിരുന്നു അപകടം. സമീപത്തെ മരണവീട്ടിൽ എത്തിയ മല്ലപ്പള്ളി സ്വദേശികളുടെ കാറാണ് അപകടത്തിൽപ്പെട്ടത്.
പോസ്റ്റിലിടിച്ച് താഴ്ചയിലേക്കു മറിഞ്ഞ കാർ ഏതാണ്ട് പൂർണമായും തകർന്ന അവസ്ഥയിലാണ്. കാറിലുണ്ടായിരുന്ന യാത്രക്കാരും പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു.
Kerala
അമരാവതി: ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ ബൈക്കിൽ നിന്നുള്ള വിഷ പുക ശ്വസിച്ച ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു. രാമചന്ദ്രയ്യ (70), കൊച്ചുമക്കളായ കാർത്തിക്ക് (15), ഇരട്ട സഹോദരിമാരായ ചന്ദന (എട്ട്), ചരിത (എട്ട്) എന്നിവരാണ് മരിച്ചത്.
രാമചന്ദ്രയ്യയുടെ മകൻ മുരളിയുടെ ബൈക്കിൽ നിന്നുളള വിഷ പുകയാണ് അപകടം ഉണ്ടാക്കിയത്. തകരാറിലായിരുന്ന ബൈക്കിന്റെ എഞ്ചിൻ രാത്രി മുഴുവൻ സ്റ്റാർട്ട് ചെയ്തു വയ്ക്കാൻ മെക്കാനിക്ക് നിർദേശിച്ചിരുന്നു. ഇതേ തുടർന്ന് ബൈക്ക് വീടിനുള്ളിൽ സൂക്ഷിക്കുകയും സ്റ്റാർട്ടാക്കി വയ്ക്കുകയും ചെയ്തു.
മുരളിയും ഭാര്യയും വീടിന്റെ ടെറസിലും രാമചന്ദ്രയ്യയും കൊച്ചുമക്കളും വീടിനുള്ളിലും ഉറങ്ങാൻ പോവുകയും ചെയ്തു. വീടിന്റെ വാതിലുകളും ജനലുകളും അടച്ചിരുന്നതിനാൽ ബൈക്കിൽ നിന്നുള്ള പുക വീട് മുഴുവൻ നിറഞ്ഞു. വാഹനത്തിൽ നിന്ന് വന്ന കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് നാല് പേരും ശ്വാസംമുട്ടി മരിച്ചത്. സംഭവത്തിൽ കേസെടുത്ത പോലീസ് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ബുള്ളറ്റ് തെന്നി ഓടയിൽ വീണ് സഹോദരങ്ങൾ മരിച്ചു. പുല്ലെയിൽ സ്വദേശികളായ അഭി (22), അനുജൻ അഭിഷേക് (20)എന്നിവരാണ് മരിച്ചത്. കിളിമാനൂരിൽ ഇന്ന് രാവിലെ 6.30നായിരുന്നു അപകടം.
ഉടൻതന്നെ ഇവരെ കേശവദാസപുരത്തുള്ള ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Kerala
കാസർഗോഡ്: കാഞ്ഞങ്ങാട് മഡിയൻ ജംഗ്ഷനിലുണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് പേർ മരിച്ചു. ബൈക്ക് കാൽനട യാത്രക്കാരനെ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്.
കാൽനട യാത്രക്കാരനായ വാണിയമ്പാറ സ്വദേശി അബ്ദുൽ മജീദ് (56), ബൈക്ക് ഓടിച്ച മീനാപ്പീസ് സ്വദേശി നാഫിഖ് (16) എന്നിവരാണ് മരിച്ചത്.
ബൈക്ക് യാത്രക്കാരനായ ഹൊസ്ദുർഗ് കടപ്പുറം സ്വദേശി ശൈഖ് മുഹമ്മദ് (17) നെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്.
Kerala
തിരുവനന്തപുരം: ബൈക്ക് ലോറിക്കടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45ന് കണിയാപുരം മസ്താന് മുക്കിലുണ്ടായ അപകടത്തിൽ കണിയാപുരം പള്ളിനട സ്വദേശി അഫ്രാനാണ് മരിച്ചത്.
സിമന്റ് കയറ്റിക്കൊണ്ടുപോയ ലോറിയില്‍ ബൈക്ക് തട്ടിയശേഷം യുവാവ് വാഹനത്തിന്റെ അടിയിൽപ്പെടുകയായിരുന്നു. റോഡിലേക്കു വീണ അഫ്രാന്റെ തലയില്‍ക്കൂടി ലോറിയുടെ പിൻ ചക്രം കയറിയിറങ്ങുകയായിരുന്നു.
സംഭവ സ്ഥലത്തുവച്ച് തന്നെ അഫ്രാന് ജീവൻ നഷ്ടമായിരുന്നു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
National
മുംബൈ: സാൻപാഡയ്ക്കടുത്തുള്ള പാം ബീച്ച് റോഡിൽ അജ്ഞാത വാഹനം ബൈക്കിലിടിച്ച് ഒരാൾ മരിച്ചു. പ്രശാന്ത് ജംദാഡെ (24) എന്ന യുവാവാണ് മരിച്ചത്.
ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്ത സുഹൃത്ത് ഹർമൻ കൗറിന് ഗുരുതര പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് 50 മീറ്റർ അകലെ തെന്നിമാറുകയും പ്രശാന്തിന്റെ തല ശരീരത്തിൽ നിന്നും വേർപ്പെട്ട് പോവുകയും ചെയ്തു. ഹർമന്റെ തലയ്ക്കും രണ്ട് കാലുകൾക്കും ഗുരുതരമായി പരിക്കേറ്റു.
സംഭവസ്ഥലത്ത് സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടില്ലത്തത്തിനാൽ ഇടിച്ച വാഹനം കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല. പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ലക്നോ: ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ അമിതവേഗത്തിൽ വന്ന കാർ ബൈക്കിലിടിച്ച് വിദ്യാർഥി മരിച്ചു. മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥി ആകാശ് പാണ്ഡെ (22) യാണ് മരിച്ചത്. കാറോടിച്ച ഗോൾഡൻ സാഹ്നിയെ പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാത്രി ഒന്‍പതിന് ആകാശും മൂന്ന് സുഹൃത്തുകളും രണ്ട് ബൈക്കുകളിലായി മൊഹദ്ദിപൂർ ഓവർബ്രിഡ്ജിലൂടെ പോകുന്പോഴായിരുന്നു അപകടം സംഭവിച്ചത്. ആകാശ് സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു.
കൂടെയുണ്ടായിരുന്ന രണ്ട് പേരുടെ നില ഗുരുതരമാണ്. ഒരാൾ നിസാര പരിക്കുകളോടെ പരിക്കേറ്റു. പ്രതിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.
Kerala
കോഴിക്കോട്: ബൈക്കിന്റെ രജിസ്ട്രേഷന് നമ്പറും ചെയ്സ് നമ്പറും വ്യാജമായി നിര്‍മിച്ച് ഉപയോഗിച്ച യുവാവ് അറസ്റ്റിൽ. കോഴിക്കോട് തലയേടത്ത് പറമ്പ് സലാം മന്‍സിലില്‍ മുഹമ്മദ് ഷഹദി(19)നെയാണ് മാറാട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഏഴാം തിയതി പുലര്‍ച്ചെ അരക്കിണറിലെ സ്വകാര്യ ആശുപത്രിക്ക് സമീപം സംഘര്‍ഷമുണ്ടെന്നറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയിരുന്നു. പോലീസിനെ കണ്ടപാടെ എല്ലാവരും ചിതറിയോടി. സ്ഥലത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബൈക്ക് പരിശോധിച്ചപ്പോള്‍ നമ്പര്‍ വ്യാജമാണെന്ന് പോലീസിന് ബോധ്യമാവുകയായിരുന്നു.
ചെയ്സ് നമ്പര്‍ മായ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് എന്ജിന് നമ്പര്‍ കണ്ടെത്തി ഉടമയെ ബന്ധപ്പെടുകയും മുഹമ്മദ് ഷഹദിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വാഹനത്തിന്റെ നമ്പര്‍ മാറ്റിയത് എന്തിനാണെന്നും ഏതെങ്കിലും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.
മാറാട് എസ്ഐ അശ്വിന് റോയ്, എഎസ്ഐ മനോജന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മിഥുന് എന്നിവരുള്‍പ്പെട്ട സംഘമാണ് ഷഹദിനെ പിടികൂടിയത്.