കോൽക്കത്ത: പശ്ചിമബംഗാളിൽ സുവേന്ദു അധികാരിയുടെ സഹായി ചന്ദ്രനാഥ് രഥിനെ വെടിവച്ചു കൊന്ന സംഭവത്തിൽ ആക്രമികൾ എത്തിയത് മോഷ്ടിച്ച ഇരുചക്ര വാഹനത്തിൽ.
WB44D1990 എന്ന രജിസ്റ്റർ നമ്പരിലുള്ള വാഹനത്തിലാണ് പ്രതികളെത്തിയത്. വാഹനത്തിന്റെ ഉടമ വിഭാഷ് കുമാർ ഭട്ടാചാര്യ എന്നയാളാണ്. 2012 മേയ് നാലിനാണ് ബൈക്ക് രജിസ്റ്റർ ചെയ്തത്.
വിഭാഷിന്റെ വിലാസം അന്വേഷിച്ചു ചെന്ന പോലീസിന് ഇയാളെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. ധരംവീർ എന്ന സർക്കാർ ഉദ്യോഗസ്ഥനാണ് നിലവിൽ ഇവിടെ താമസിക്കുന്നത്. 2014 മുതൽ താൻ ഇവിടെ താമസിച്ചുവരികയാണെന്നും വിഭാഷ് എന്ന പേരിൽ ആരെയും അറിയില്ലെന്നും ഇയാൾ പോലീസിനോടു പറഞ്ഞു.
തുടരന്വേഷണത്തിൽ വിഭാഷിനെ പോലീസ് കണ്ടെത്തി. എന്നാൽ തന്റെ ബൈക്ക് മോഷ്ടിക്കപ്പെട്ടതായി ഇയാൾ പോലീസിന് മൊഴി നൽകിയെന്നാണ് റിപ്പോർട്ട്.
പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മഹീന്ദ്ര സ്കോർപിയ കാറിൽ വീട്ടിലേക്ക് പോവുകയായിരുന്ന ചന്ദ്രകാന്തിനെ ബൈക്കിലെത്തിയ ആക്രമികൾ വെടിവയ്ക്കുകയായിരുന്നു. വാഹനത്തിന്റെ മുൻസീറ്റിൽ ഇരുന്ന ചന്ദ്രകാന്ത് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
Tags : Bike Suvendu Adhikari Aide Murder Stolen