ഹൂറിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത നോട്ടുകൾ എണ്ണുന്നു
മൈസൂരു: കർണാടകയിലെ മാണ്ഡ്യയിൽ ഭിക്ഷാടനം നടത്തിയ വയോധികയുടെ മരണശേഷം വീട്ടിൽ നിന്ന് ചാക്കുകളിൽ നിറച്ച നിലയിൽ ലക്ഷക്കണക്കിന് രൂപ കണ്ടെത്തി. പ്രായാധിക്യം മൂലമുള്ള അസുഖങ്ങളെ തുടർന്ന് മരിച്ച ഹൂർ (68) എന്ന വയോധികയുടെ വീട്ടിലാണ് എട്ടു ലക്ഷത്തോള്ളം രൂപ കണ്ടെത്തിയത്.
മാണ്ഡ്യയിലെ സബ്ദരിയബാദ് മൊഹല്ലയിൽ വാടകവീട്ടിൽ താമസിച്ചിരുന്ന ഹൂർ, നഗരത്തിലെ റോഡുകളിലും ജംഗ്ഷനുകളിലും ഭിക്ഷയെടുത്താണ് ജീവിച്ചിരുന്നത്. കുറച്ചു വർഷങ്ങൾക്ക് മുമ്പ് സഹോദരി മരിച്ചതിനെ തുടർന്ന് ഹൂർ ഒറ്റയ്ക്കായിരുന്നു താമസം.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മരിച്ച ഇവരുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം നാട്ടുകാരും ബന്ധുക്കളും ചേർന്ന് വീട് പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്. വീടിനുള്ളിൽ മുപ്പതിലധികം ചാക്കുകളിലായി 10, 20, 50 രൂപയുടെ നോട്ടുകളും നാണയങ്ങളും നിറച്ച നിലയിലായിരുന്നു.
ചാക്കുകളിലെ പണവും ബാങ്ക് അക്കൗണ്ടിലെ ബാലൻസ് പരിശോധിച്ചപ്പോൾ ആകെ 8,40,000 രൂപയോളം ഉള്ളതായി കണ്ടെത്തി. ഈ പണം പിന്നീട് അവരുടെ സഹോദരങ്ങൾക്ക് കൈമാറി. സഹോദരങ്ങളിൽ ഒരാൾ ആറു ലക്ഷം രൂപ എടുത്തപ്പോൾ, മറ്റേയാൾ തനിക്ക് ലഭിച്ച 2,40,000 രൂപ സംഭാവനയായി നൽകി. സ്വാഭാവിക മരണമായതിനാൽ പോലീസ് കേസെടുത്തിട്ടില്ല.
Tags : Deepika BreakingNews Coins House