ഹർദീപ് സിംഗ് നിജ്ജാർ, ഗോൾഡി ബ്രാർ
ഒട്ടാവ: ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തെ ബാധിച്ച ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ നിർണായക വഴിത്തിരിവ്. നിജ്ജാറിനെ വധിച്ചത് താാനും തന്റെ സംഘവുമാണെന്ന് അവകാശപ്പെട്ട് കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഗോൾഡി ബ്രാർ രംഗത്തെത്തി. ഖലിസ്ഥാൻ ഭീകരൻ പരംജിത് സിംഗ് പമ്മയുമായി ഗോൾഡി ബ്രാർ നടത്തിയ ഫോൺ സംഭാഷണത്തിന്റെ ശബ്ദസന്ദേശം പുറത്തുവന്നതിന് പിന്നാലെയാണ് സംഭവം സംബന്ധിച്ച വിവരങ്ങൾ വ്യക്തമായത്.
കാനഡയിലെ ചെറുപ്പക്കാരെ ലഹരിമരുന്ന് കച്ചവടത്തിനായി ഉപയോഗിക്കുകയും അവരെ ഭീഷണിപ്പെടുത്തി വിവരദാതാക്കളാക്കാൻ പ്രേരിപ്പിക്കുകയും ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് സന്ദേശത്തിൽ പറയുന്നു. 16-17 വയസുള്ള യുവാക്കളെ മയക്കുമരുന്ന് മാഫിയയിലേക്ക് തള്ളിവിട്ടവർക്ക് നിജ്ജാർ സംരക്ഷണം നൽകിയിരുന്നെന്നും അതിനാലാണ് തങ്ങൾ ഇടപെട്ട് നിജ്ജാറിനെ വധിച്ചതെന്നും ഗോൾഡി ബ്രാർ വ്യക്തമാക്കുന്നു.
2023 ജൂൺ 18-ന് ബ്രിട്ടീഷ് കൊളംബിയയിൽ വെച്ചാണ് നിജ്ജാർ വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് അന്നത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചെങ്കിലും ആരോപണങ്ങൾ ഇന്ത്യ ശക്തമായി തള്ളിക്കളഞ്ഞിരുന്നു. നിലവിൽ പുറത്തുവന്ന ഓഡിയോ സന്ദേശത്തിന്റെ ആധികാരികത അന്വേഷണ ഏജൻസികൾ പരിശോധിച്ച് വരികയാണ്.
Tags : Gangster GoldyBrar HardeepSinghNijjar LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash