ദി എംവി ഓഷ്യൻ വിന്നർ
ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ ശനിയാഴ്ച മുങ്ങിയ പനാമ പതാകയേന്തിയ ചരക്കുകപ്പലിലെ ജീവനക്കാർക്കായി തീരസംരക്ഷണ സേനയും കിഴക്കൻ നാവിക കമാൻഡും തെരച്ചിൽ ശക്തമാക്കി. ഒഡീഷയിൽനിന്ന് ഇരുന്പയിരുമായി മടങ്ങിയ ദി എംവി ഓഷ്യൻ വിന്നർ കപ്പലാണ് ബംഗാൾ ഉൾക്കടലിൽ മുങ്ങിയത്.
ഒഡീഷയുടെ പാരദ്വീപ് തീരത്തുനിന്ന് ഏകദേശം 230 നോട്ടിക്കൽ മൈൽ അകലെ മുങ്ങിയ കപ്പലിൽ 24 ജീവനക്കാരാണ് ഉണ്ടായിരുന്നത്. 20 ചൈനക്കാരും മൂന്നു മ്യാൻമർ സ്വദേശികളും ഒരു ബംഗ്ലാദേശിയും അടങ്ങുന്ന ഇവരിൽ രണ്ടു പേരെ കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയിരുന്നു.
ദ് മാരിടൈം റെസ്ക്യു കോ-ഓർഡിനേഷൻ സെന്ററിന്റെ(എംആർസിസി) നിർദേശത്തെത്തുടർന്ന് സമീപത്തുണ്ടായിരുന്ന വാണിജ്യ കപ്പൽ എംടി ഐസോപ്പോസ് മേഖലയിൽ രക്ഷാപ്രവർത്തനം നടത്തിയാണു രണ്ടു പേരെ രക്ഷിച്ചതെന്ന് ഇന്ത്യൻ തീരസംരക്ഷണ സേന വക്താവ് അറിയിച്ചു.
മറ്റുള്ളവർക്കായി തെരച്ചിൽ നടത്താൻ മൂന്നു കപ്പലുകളെ മേഖലയിൽ നിയോഗിച്ചതായും വക്താവ് എക്സിൽ കുറിച്ചു.
തീരസംരക്ഷ സേനയുടെ വരദ്, അൻമോൾ എന്നീ കപ്പലുകളാണ് മേഖലയിൽ തെരച്ചിൽ നടത്തുന്നത്. കിഴക്കൻ നാവിക കമൻഡിന്റെ പി81 വിമാനവും തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. ശ്രീവിജയപുരത്തുനിന്നു മറ്റൊരു കപ്പലായ ഋവിജിത് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കും.
Tags : Deepika DeepikaNewspaper BreakingNews search continues ship that sank in Bay of Bengal.