വി.ഡി. സതീശൻ
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ 100 ദിനത്തിലേക്ക് കടക്കുന്പോൾ വിവാദങ്ങളും ഒപ്പമുണ്ട്. വി.ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതര വിവാദം മുതൽ ഹെലികോപ്റ്റർ സഞ്ചാരം വരെ വിവാദ വിഷയങ്ങളായി മുന്നിലുണ്ട്.
തർക്കങ്ങളെ തുടർന്നു മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെ നിയമന നടപടി പോലും മൂന്നു മാസത്തിനു ശേഷമാണ് പൂർത്തിയാക്കാനായത്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനവും ഇനിയും പൂർത്തിയായിട്ടില്ല.
ബോർഡ്- കോർപറേഷൻ അധ്യക്ഷൻമാരെ നിയമിക്കാൻ കഴിയാത്തതു യുഡിഎഫിൽതന്നെ ഏറെ അസംതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. സണ്ണി ജോസഫ് മന്ത്രിസഭാംഗമായതിനെ തുടർന്നുള്ള കെപിസിസി അധ്യക്ഷ സ്ഥാനവും ഒഴിഞ്ഞു കിടക്കുന്നു. പ്രതിസന്ധികളിൽ മുഖ്യമന്ത്രിയെ പിന്തുണയ്ക്കാൻ പാർട്ടി അധ്യക്ഷൻ ഇല്ലാത്ത അവസ്ഥ.
നൂറിലേറെ സീറ്റിന്റെ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയിട്ടും സുപ്രധാന സ്ഥാനങ്ങളിൽ ഇപ്പോഴും ഇടത് ആഭിമുഖ്യമുള്ളവർ തുടരുന്നതിൽ കോണ്ഗ്രസിലും ഘടകകക്ഷികളിലും അതൃപ്തിയേറെയാണ്. ചില തീരുമാനങ്ങൾ വിവാദമാകുന്പോൾ യു ടേണ് അടിച്ച സർക്കാർ, മറ്റു ചിലതിൽ ഉറച്ചു നിൽക്കുന്ന കാഴ്ചയാണ് കഴിഞ്ഞ 100 ദിവസമായി കാണുന്നത്. മന്ത്രിസഭായോഗത്തിനു ശേഷമുള്ള ബുധനാഴ്ചകളിലെ പത്രസമ്മേളനങ്ങളിലാണ് പല വിവാദങ്ങളുടെയും മുന മുഖ്യമന്ത്രി ഒടിക്കുന്നത്.
അഭിഭാഷക നിയമനങ്ങൾ
അഡ്വക്കറ്റ് ജനറലിന്റെ നിയമനം മുതൽ പബ്ലിക് പ്രോസിക്യൂട്ടർമാരുടെയും സർക്കാർ പ്ലീഡർമാരുടെയും നിയമനം വരെ വിവാദത്തിലായി. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ളവരുടെ കന്പനിക്കുവേണ്ടി കോടതിയിൽ ഹാജരായ ആളെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്ലീഡറായി നിയമിച്ചതാണ് ഇതിൽ ഏറെ വിവാദമായത്.
ഒടുവിൽ അദ്ദേഹത്തെ സ്ഥാനത്തു നിന്ന് ഒഴിവാക്കിയാണ് സർക്കാർ മുഖം രക്ഷിച്ചത്. അഡ്വക്കറ്റ് ജനറലായി മുൻ ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ നിയമോപദേഷ്ടാവായ ജെയ്ജി ബാബുവിനെ നിയമിച്ചതിനെതിരേയും വിമർശനം ഉയർന്നിരുന്നു. പ്രതിപക്ഷത്തിരുന്നപ്പോൾ കോണ്ഗ്രസ് പ്രവർത്തകർക്കെതിരേയുള്ള കേസുകൾക്കായി ഹാജരായവരെ ഒഴിവാക്കിയാണ് നിയമനമെന്നായിരുന്നു പരാതി. എന്നാൽ, തിരുത്താൻ മുഖ്യമന്ത്രി തയാറായില്ല.
ബന്ധുനിയമനം
വൈദ്യുതി മന്ത്രിയായ സണ്ണി ജോസഫ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി അടുത്ത ബന്ധുവിനെ നിയമിച്ചതും വിവാദമായിരുന്നു. ഏറെ വിവാദങ്ങൾക്കൊടുവിൽ മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നു രാജിവയ്പിച്ച് മുഖം രക്ഷിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം
സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണറായി കോഴിക്കോട് സ്വദേശിയായ എൻ. ശേഷാദ്രിനാഥനെ നിയമിച്ചപ്പോൾ സംഘപരിവാർ അനുകൂലിയെന്നു പറഞ്ഞു കെപിസിസി ഭാരവാഹി തന്നെ എതിർപ്പുമായി രംഗത്തെത്തി. എന്നാൽ, മുഖ്യമന്ത്രി ഇക്കാര്യത്തിലും അയഞ്ഞില്ല.
മദ്യത്തിന് നികുതിഘടന
വീര്യം കുറഞ്ഞ മദ്യത്തിനു നികുതി ഘടന ബജറ്റിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ വിവിധ മേഖലയിൽ നിന്നു കടുത്ത എതിർപ്പുയർന്നു. പിന്നീട് ധനവിനിയോഗ ബില്ലിലും ഇത് അംഗീകരിച്ചു. വീര്യം കുറഞ്ഞ മദ്യം നിർമിക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും യുഡിഎഫ് സർക്കാരിന്റെ മദ്യനയത്തിലാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്നുമാണ് സർക്കാർ വാദം. മദ്യത്തിന്റെ നികുതിഘടനയ്ക്ക് നിയമപരമായ അംഗീകാരം നൽകിയ കാര്യത്തിൽ യുഡിഎഫ് യോഗത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
മന്ത്രി സി.പി. ജോണിന്റെ വിവാദ പരാമർശം
യുഡിഎഫ് സർക്കാരിന്റെ ഏറ്റവും സുപ്രധാന തീരുമാനമായ കെഎസ്ആർടിസി ഓർഡിനറി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രയെ ഗതാഗത മന്ത്രി സി.പി. ജോണ് അധിക്ഷേപിച്ചു സംസാരിച്ചുവെന്ന് പരാതി ഉയർന്നു. മക്കളെ സ്വകാര്യ സ്കൂളുകളിൽ വലിയ ഫീസ് മുടക്കി പഠിപ്പിക്കാൻ അയച്ച ശേഷം സ്ത്രീകൾ സൗജന്യ യാത്രയ്ക്കായി ഓടിയെത്തുന്നുവെന്നായിരുന്നു പരാമർശം. വിവാദമായതിനെ തുടർന്നു മന്ത്രി മാപ്പു പറഞ്ഞു തടിയൂരി.
പിഎംശ്രീ വിവാദത്തിൽ ഇനിയും തീരുമാനമായില്ല
സ്കൂളുകൾക്കുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയായ പിഎം ശ്രീ നടപ്പാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനവും വിവാദത്തിനു വഴിവച്ചു. പ്രതിപക്ഷത്തിരുന്നപ്പോൾ സംഘപരിവാർ അജൻഡയെന്നു പറഞ്ഞു എതിർത്ത പദ്ധതിയെ യുഡിഎഫ് നടപ്പാക്കുന്നുവെന്നായിരുന്നു വിമർശനം. എന്നാൽ, കഴിഞ്ഞ സർക്കാർ ഒപ്പിട്ട പദ്ധതിയാണെന്നും പിൻമാറാൻ കഴിയാത്തതിനാൽ തുടരുന്നുവെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും പറഞ്ഞു. ഇതുസംബന്ധിച്ചു പഠിക്കാൻ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയെങ്കിലും ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
ഹെലികോപ്റ്ററിൽ മുഖ്യമന്ത്രി പറന്നു
പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ എപ്പോഴും എതിർത്തിരുന്ന പോലീസ് വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററിൽ മുഖ്യമന്ത്രിയായ ശേഷം സതീശൻ പറന്നതാണ് മറ്റൊരു വിവാദത്തിലേക്ക് സർക്കാരിനെ തള്ളിവിട്ടത്. പ്രളയത്തിന്റെ ആദ്യ നാളുകളിലെ ഏകോപനവുമായി ബന്ധപ്പെട്ടും വിമർശനമുയർന്നിരുന്നു.
ഡിവൈഎസ്പിക്കെതിരേ നടപടിയില്ല
വയനാട് പൂക്കോട് കോളജിലെ വിദ്യാർഥിയായ സിദ്ധാർഥിന്റെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകൻ ഡോ. റാമിനെ അറസ്റ്റ് ചെയ്തപ്പോൾ നടപടിക്രമം പാലിക്കാതെ ജാമ്യം ലഭിക്കാൻ ഇടയാക്കിയ ഡിവൈഎസ്പി സുധീർ കല്ലന്റെ നടപടിയെ ഹൈക്കോടതി പലതവണ വിമർശിച്ചിരുന്നു. ഡിവൈഎസ്പിക്കെതിരേ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കണമെന്നു കോടതി ആവശ്യപ്പെട്ടിട്ടും ആഭ്യന്തര വകുപ്പു നടപടി സ്വീകരിക്കാത്തതും വിമർശനങ്ങൾക്ക് ഇടയാക്കി.
Tags : Deepika DeepikaNewspaper BreakingNews Controversies alongside