പാസുകളിൽ ഇമിഗ്രേഷൻ മുദ്ര
ന്യൂഡൽഹി: ഇന്ത്യയിൽനിന്നു വിദേശത്തേക്ക് പോകുന്ന യാത്രക്കാർക്ക് ആശ്വാസമായി പേപ്പർ ബോർഡിംഗ് പാസുകളിൽ ഇമിഗ്രേഷൻ മുദ്ര പതിപ്പിക്കുന്നത് അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ. യാത്രക്കാർക്ക് സ്മാർട്ട്ഫോണുകളിലെ ഇ-ബോർഡിംഗ് പാസ് ഉപയോഗിച്ച് ഇമിഗ്രേഷൻ ക്ലിയറൻസ് പൂർത്തിയാക്കാൻ സാധിക്കുന്ന തരത്തിലാണ് പുതിയ മാറ്റം. സെപ്റ്റംബർ ഒന്നിന് പരിഷ്കരിച്ച രീതി പ്രാബല്യത്തിൽ വരും.
ഫിസിക്കൽ ബോർഡിംഗ് പാസുകൾ നിർബന്ധമാക്കുന്നത് യാത്രക്കാർക്ക് അസൗകര്യം ഉണ്ടാക്കുന്നുവെന്ന കണ്ടെത്തലിനെത്തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ബ്യൂറോ ഓഫ് ഇമിഗ്രേഷൻ (ബിഒഐ) പുതിയ നിർദേശം വിമാനത്താവളങ്ങൾക്കു കൈമാറി.
വിദേശത്തേക്കു യാത്ര ചെയ്യുന്നവർക്ക് സുരക്ഷാപരിശോധനകൾക്കുമുമ്പ് ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. സാധാരണ ഇന്ത്യയിൽനിന്നും പുറപ്പെടുന്ന യാത്രാക്കാരുടെ പാസ്പോർട്ടിനൊപ്പം പേപ്പർ ബോർഡിംഗ് പാസുകളിലും ഇമിഗ്രേഷൻ സീൽ പതിപ്പിക്കുകയാണ് പതിവ്. എന്നാൽ ശരിയായ രീതിയിലല്ലാതെ സീൽ പതിപ്പിക്കുന്നതുകൊണ്ടുണ്ടാകുന്ന ആശയക്കുഴപ്പങ്ങളും പിശകുകളും പരിഹരിക്കുകയാണ് ലക്ഷ്യം.
അതേസമയം പേപ്പർ ബോർഡിംഗ് പാസുകൾ കൈവശമുള്ളവർക്ക് അത് ഉപയോഗിക്കാമെങ്കിലും അതിലും സീൽ പതിപ്പിക്കില്ല.മുന്പുതന്നെ സിഐഎസ്എഫിന്റെ സുരക്ഷാ പരിശോധനാസമയത്ത് ബോർഡിംഗ് പാസുകളിൽ മുദ്ര പതിപ്പിക്കുന്നത് നിർത്തിവച്ചിരുന്നു.
ഇതിനുപുറമെ, ഇന്ത്യൻ പാസ്പോർട്ടുകളിൽ ഇമിഗ്രേഷൻ എൻട്രി, എക്സിറ്റ് സീലുകൾ പതിപ്പിക്കുന്ന രീതിയും ഉടൻതന്നെ അവസാനിപ്പിക്കാൻ അധികൃതർ പദ്ധതിയിടുന്നുണ്ട്. നിലവിൽ ഇതിന്റെ ട്രയൽ റൺ നടന്നുവരികയാണ്.
Tags : Deepika DeepikaNewspaper BreakingNews more immigration stamps on boarding