സൊമാലിയയിൽ കുട്ടികളിലെ പട്ടിണിയും
മൊഗാദിഷു: രാജ്യാന്തര സഹായധനത്തിൽ വരുത്തിയ വൻ വെട്ടിക്കുറവിനെത്തുടർന്ന് സൊമാലിയയിൽ കുട്ടികളിലെ പട്ടിണിയും പോഷകാഹാരക്കുറവും അതീവ ഗുരുതരമാകുന്നുവെന്ന് യൂണിസെഫ്. ഈ വർഷം ഏകദേശം 19 ലക്ഷത്തോളം കുട്ടികൾ രാജ്യത്തു രൂക്ഷമായ പോഷകാഹാരക്കുറവ് നേരിടേണ്ടിവരുമെന്ന് യുഎൻ ഏജൻസി മുന്നറിയിപ്പ് നൽകി.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോടെ പോഷകാഹാര പുനരധിവാസ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണത്തിൽ 32 ശതമാനത്തിന്റെ വർധനവുണ്ടായിട്ടുണ്ട്.
അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങൾ ധനസഹായം തടഞ്ഞുവച്ചതോടെ, സൊമാലിയയിലെ ചില പ്രദേശങ്ങളിലേക്കുള്ള സഹായധനത്തിൽ 80 ശതമാനത്തിലധികം കുറവുണ്ടായതായി ‘മെഡിസിൻസ് സാൻസ് ഫ്രോണ്ടിയേഴ്സ്’ നേരത്തേ വ്യക്തമാക്കിയിരുന്നു.
കടുത്ത വരൾച്ചയും ആഭ്യന്തരസംഘർഷങ്ങളും ജനങ്ങളുടെ കുടിയേറ്റവുമാണ് നിലവിലെ സ്ഥിതി വഷളാക്കുന്നത്. കൂടാതെ, ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ധനത്തിനും വളത്തിനും വില വർധിച്ചതും തിരിച്ചടിയായി.
ആരോഗ്യകേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നു
സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇതുവരെ 205 ആരോഗ്യ-പോഷകാഹാര കേന്ദ്രങ്ങളുടെ പ്രവർത്തനം നിലച്ചു. രാജ്യത്തുടനീളമുള്ള 618 ഓളം കേന്ദ്രങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിലാണെന്ന് യൂണിസെഫ് വക്താവ് ജെയിംസ് എൽഡർ വ്യക്തമാക്കി.
ആരോഗ്യകേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നതു വഴി കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ തടയാൻ കഴിയുന്ന മരണങ്ങൾ വർധിക്കാൻ കാരണമാകുമെന്നും സൊമാലിയയെ കൈവിടേണ്ട സമയമല്ല ഇതെന്നും യൂണിസെഫ് ഓർമിപ്പിച്ചു.
പോഷകാഹാരക്കുറവ് നേരിടുന്ന 19 ലക്ഷം കുട്ടികളിൽ അഞ്ചുലക്ഷത്തോളം പേർ ജീവനുതന്നെ ഭീഷണിയാകുന്ന അതീവ ഗുരുതരമായ അവസ്ഥയിലാണ്.
Tags : Deepika DeepikaNewspaper BreakingNews Starvation worsens in Somalia