ബംഗ്ലാദേശിൽ വീടിന്റെ ടെറസിൽ കൊലപ്പെടുത്തി
ധാക്ക: ബംഗ്ലാദേശിൽ വീടിന്റെ ടെറസിൽ വച്ചുള്ള ലഹരിമരുന്ന് ഉപയോഗം ചോദ്യം ചെയ്ത റിട്ട. അധ്യാപകനെയും ഭാര്യയെയും രണ്ടു മക്കളെയും ലഹരിസംഘം ക്രൂരമായി കൊലപ്പെടുത്തി. രംഗപ്പുർ ജില്ലാ സ്കൂളിലെ വിരമിച്ച അധ്യാപകനായ ഗണപതി ചക്രവർത്തി (65), ഭാര്യ പ്രീതിലത ചക്രവർത്തി (50), മക്കളായ അഗാമി ചക്രവർത്തി (23), പ്രിയം ചക്രവർത്തി (12) എന്നിവരാണു കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മഗ്ധ, സിദ്ധാർഥ എന്നീ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
ബംഗ്ലാദേശിലെ രംഗപ്പുരിലുള്ള ദാസ്പാറയിലായിരുന്നു സംഭവം. വ്യാഴാഴ്ച രാത്രി സമീപത്തെ കെട്ടിടത്തിൽനിന്ന് ഗണപതിയുടെ വീടിന്റെ ടെറസിലേക്ക് കടന്നുകയറിയ പ്രതികൾ ‘യാബ’എന്ന മാരക ലഹരിമരുന്ന് ഉപയോഗിക്കുകയായിരുന്നു. ശബ്ദം കേട്ട് മുകളിലെത്തിയ ഗണപതി ഇവരെ ചോദ്യം ചെയ്തു. തങ്ങളെ തിരിച്ചറിയാതിരിക്കാൻ ഗണപതിയുടെ തോളിലുണ്ടായിരുന്ന തോർത്ത് ഉപയോഗിച്ച് പ്രതികൾ ഇയാളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ബഹളം കേട്ട് അന്വേഷിച്ചെത്തിയ ഭാര്യ പ്രീതിലതയെ ഗോവണിപ്പടിയിലും തുടർന്ന് മകൾ അഗാമിയെയും പ്രിയനെയും വീടിനുള്ളിലും വച്ച് പ്രതികൾ വധിച്ചു.
കൊല്ലപ്പെട്ട 12 വയസുകാരൻ പ്രിയം പ്രതികളിലൊരാളായ സിദ്ധാർഥിന്റെ സഹോദരന്റെ സുഹൃത്തായിരുന്നു. തങ്ങളെ തിരിച്ചറിയുമെന്ന ഭയത്താലാണ് കുട്ടിയെയും കൊലപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി.
കൊലപാതകം നടത്തിയശേഷം പ്രതികൾ ഏഴു മണിക്കൂറോളം വീടിനുള്ളിൽ തങ്ങി. ഫ്രിഡ്ജിലിരുന്ന ഭക്ഷണസാധനങ്ങൾ കഴിക്കുകയും കവർച്ചയ്ക്കായുള്ള കൊലപാതകമാണെന്നു വരുത്തിത്തീർക്കാൻ അലമാരകൾ തുറന്നിട്ട് സാധനങ്ങൾ വലിച്ചിടുകയും തെളിവ് നശിപ്പിക്കാൻ ഫോണുകൾ സോപ്പുവെള്ളത്തിൽ മുക്കിവയ്ക്കുകയും ചെയ്തിരുന്നു. സ്വർണാഭരണങ്ങളും കവർന്നു.
ശനിയാഴ്ച രാത്രിയായിട്ടും കുടുംബാംഗങ്ങളെ ഫോണിൽ കിട്ടാതായതോടെ ബന്ധുക്കൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ വ്യാപകമായ തെരച്ചിലിൽ പ്രതികളെ പിടികൂടുകയും ഇവർ ഒളിപ്പിച്ച സ്വർണാഭരണങ്ങൾ വീണ്ടെടുക്കുകയും ചെയ്തു.
Tags : Deepika DeepikaNewspaper family of four murdered in Bangladesh