തൃശൂർ ടൈറ്റൻസിന് ജയം
കാര്യവട്ടം: മത്സരത്തിന്റെ പാതിവഴിയിൽ കാര്യവട്ടത്ത് മഴ പെയ്തിറങ്ങിയതോടെ രണ്ടാമത് ബാറ്റിംഗിനിറങ്ങിയ തൃശൂരിന്റെ വിജയ ലക്ഷ്യം ഒൻപത് ഓവറിൽ 83 റണ്‍സ് എന്നു പുതുക്കി നിശ്ചയിച്ച പോരാട്ടത്തിൽ തൃശൂർ ടൈറ്റൻസിന് നിലവിലെ ചാന്പ്യൻമാരായ കൊച്ചി ബ്ലൂ സ്റ്റാർസിനെതിരേ നാലു പന്തു ബാക്കി നിൽക്കേ നാലു വിക്കറ്റ് ജയം.
സ്്കോർ: കൊച്ചി ബ്ലൂ ടൈഗേഴ്സ് 20 ഓവറിൽ ആറിന് 172
തൃശൂർ ടൈറ്റൻസ് 8.2 ഓവറിൽ ആറിന് 83 (വിജയലക്ഷ്യം വിജെഡി: ഒൻപത് ഓവറിൽ 83)കേരളാ ക്രിക്കറ്റ് ലീഗിൽ ഇന്നലത്തെ ആദ്യ മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കൊച്ചി ബ്ലൂടൈഗേഴ്സ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 172 റണ്‍സെടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ തൃശൂർ 5.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 48 റണ്‍സ് എന്ന നിലയിൽ എത്തിയപ്പോഴാണ് മഴ പെയ്തത്. ഒരു മണിക്കൂറോളം മഴ പെയ്തതിനു പിന്നാലെ മത്സരം പുനരാരംഭിച്ചപ്പോഴാണ് മഴനിയമപ്രകാരം ഒൻപത് ഓവറിൽ 83 റണ്‍സ് എന്ന് വിജയലക്ഷ്യം പുതുക്കിയത്.
ഇതോടെ ടൈറ്റൻസിന്റെ വിജയലക്ഷ്യം 22 പന്തിൽ 35 റണ്‍സ് എന്ന നിലയിൽ. എന്നാൽ കളി പുനരാരംഭിച്ച് ആദ്യ രണ്ട് പന്തുകളിൽ തന്നെ കെ.ആർ. രോഹിതും (35) എ.കെ. അർജുനും (പൂജ്യം) മടങ്ങി. തൊട്ടടുത്ത ഓവറിൽ സഞ്ജീവ് സതീശനും (4) നിഖിൽ തോട്ടത്തും (പൂജ്യം) കൂടി മടങ്ങിയതോടെ ആറ് വിക്കറ്റിന് 56 റണ്‍സെന്ന നിലയിലായി ടൈറ്റൻസ്.
നാല് വിക്കറ്റുകൾ ബാക്കി നിൽക്കേ 14 പന്തുകളിൽ നിന്ന് വേണ്ടത് 27 റണ്‍സ്. ഈ ഘട്ടത്തിൽ ക്രീസിലെത്തിയ മുഹമ്മദ് ഇനാന്റെ മിന്നും പ്രകടനമാണ് മത്സരം ടൈറ്റൻസിന് അനുകൂലമാക്കിയത്. ബേസിൽ തന്പി എറിഞ്ഞ എട്ടാം ഓവറിൽ തുടരെ രണ്ട് സിക്സും ഒരു ഫോറും നേടിയാണ് ഇനാൻ കളി തൃശൂരിന് അനുകൂലമാക്കിയത്. നാല് പന്തുകൾ ബാക്കിനിൽക്കെ ടൈറ്റൻസ് ലക്ഷ്യത്തിലെത്തി. മൊഹമ്മദ് ഇനാനും (18), എം.എസ്. അഖിനും (16) പുറത്താകാതെ നിന്നു. കൊച്ചിക്ക് വേണ്ടി ബേസിൽ തന്പി രണ്ട് വിക്കറ്റ് വീഴ്ത്തി.
Tags : Deepika DeepikaNewspaper BreakingNews Thrissur with a thrilling victory