പ്രതീകാത്മക ചിത്രം
മുംബൈ: മഹാരാഷ്ട്രയിൽ ഡോക്ടർമാർക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നു. താനെ ജില്ലയിലെ കല്ല്യാൺ ഈസ്റ്റിലുള്ള ഭാനു ജ്യോതി സ്വകാര്യ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡോ. യോഗേന്ദ്ര ജയ്സ്വാളിനാണ് മർദനമേറ്റത്. സംഭവത്തിൽ രോഗിയുടെ മകൻ വിനീത് ജയ്വന്ത് ദേശ്മുഖിനെതിരെ കോൾസേവാഡി പോലീസ് കേസെടുത്തു.
വാരിയെല്ലിന് പരിക്കേറ്റ രോഗിയെ ഡോക്ടർ പരിശോധിക്കുകയും തുടർന്നുള്ള ചികിത്സയും മരുന്നുകളും സംബന്ധിച്ച് വിവരിക്കുകയും ചെയ്യുമ്പോഴായിരുന്നു സംഭവം. ഒരേ കാര്യങ്ങൾ തന്നെ ആവർത്തിച്ച് ചോദിച്ച പ്രതി ഡോക്ടറോട് അനാദരവോടെയും പ്രകോപനപരമായും സംസാരിക്കുകയായിരുന്നു. ബഹുമാനക്കുറവ് ചോദ്യം ചെയ്തതോടെ പ്രകോപിതനായ പ്രതി, ഡോക്ടറെ അധിക്ഷേപിക്കുകയും കഴുത്തിന് പിടിച്ച് മർദിക്കുകയുമായിരുന്നു.
ആശുപത്രിയിലുണ്ടായിരുന്ന മറ്റുള്ളവർ ഇടപെട്ടാണ് ഡോക്ടറെ രക്ഷപ്പെടുത്തിയത്. ശിവസേന കൗൺസിലർ ഡോക്ടറെ മർദിച്ച മുൻ സംഭവത്തിന് പിന്നാലെയുണ്ടായ സമാന സംഭവം ഡോക്ടർമാർക്കിടയിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഡോക്ടർമാർക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും മറ്റ് സംഘടനകളും ആവശ്യപ്പെട്ടു.
Tags : Doctor Assault Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash