ന്യൂഡൽഹി: നൽകിയ ഉറപ്പുകൾ പാലിക്കാൻ കേന്ദ്രസർക്കാർ തയാറായില്ലെങ്കിൽ സമാധാനപരമായ മറ്റൊരു പ്രതിഷേധത്തിലേക്കു കടക്കാനൊരുങ്ങി കോക്രോച്ച് ജനതാ പാർട്ടി (സിജെപി). ജൂലൈ 25ന് സമരം പിൻവലിച്ചതിനുശേഷം നൽകിയ ഉറപ്പുകൾ പാലിക്കുന്നതിനായി സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് ഇതുവരെ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് സിജെപി വ്യക്തമാക്കി.
ഇന്നു നടക്കുന്ന യോഗം നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുമെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും സിജെപി അറിയിച്ചു. സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പൂർണമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ സമാധാനപരമായ മറ്റൊരു രാജ്യവ്യാപക പ്രക്ഷോഭം ഉൾപ്പെടെയുള്ള എല്ലാ തുടർനടപടികളും ഇന്നത്തെ യോഗം പരിഗണിക്കുമെന്നും സിജെപി അറിയിച്ചു.
വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി, നീറ്റ് പരീക്ഷ റദ്ദാക്കിയതിനെത്തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബത്തിന് നഷ്ടപരിഹാരം, പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരേ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കൽ തുടങ്ങിയ ആവശ്യങ്ങളായിരുന്നു സിജെപി കേന്ദ്രസർക്കാരിനു മുന്നിൽ വച്ചത്.
എന്നാൽ ധർമേന്ദ്ര പ്രധാന്റെ രാജി മാത്രമേ സംഭവിച്ചുള്ളൂ. ഉറപ്പുകൾ പാലിക്കുമെന്ന് കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡയും ജിതേന്ദ്ര സിംഗും ഉറപ്പു നൽകിയതോടെയാണു സമരം അവസാനിപ്പിച്ചത്. എന്നാൽ അതിൽനിന്നു പിന്മാറാൻ ശ്രമിക്കുന്നത് യുവാക്കളെ അപമാനിക്കുന്നതിന് തുല്യമാണെന്നും അതിന് അനുവദിക്കില്ലെന്നും സിജെപി വ്യക്തമാക്കി.
പ്രതിഷേധത്തെത്തുടർന്ന് വിദ്യാർഥികൾക്കെതിരേ രജിസ്റ്റർ ചെയ്ത എഫ്ഐആറുകളുടെ സംയോജിത പട്ടിക ഹാജരാക്കാൻ മൂന്നു തവണ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടും കേന്ദ്രസർക്കാർ തയാറായിട്ടില്ല. കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് എഫ്ഐആറുകൾ റദ്ദാക്കാനാണ് ഇത്തരമൊരു ആവശ്യം മുന്നോട്ടുവച്ചത്. കേന്ദ്രസർക്കാരിന്റെ ഈ നിലപാട് വഞ്ചനാപരമാണെന്ന് സിജെപി കുറ്റപ്പെടുത്തി.
പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എല്ലാ എഫ്ഐആറുകളും പിൻവലിക്കുകയോ റദ്ദാക്കുകയോ ചെയ്യുമെന്നും ഭാവിയിൽ ഒരു വിദ്യാർഥിക്കോ സമാധാനപരമായി പ്രതിഷേധിച്ച വ്യക്തിക്കോ എതിരേ ശിക്ഷാനടപടികൾ ഉണ്ടാകില്ലെന്നുമുള്ള വ്യക്തമായ ഉറപ്പാണു ലഭിച്ചത്. ഈ ഉറപ്പുകളിൽ വെള്ളം ചേർക്കാനോ വൈകിക്കാനോ തെറ്റായി വ്യാഖ്യാനിക്കാനോ ലംഘിക്കാനോ നടത്തുന്ന ഏതൊരു ശ്രമവും വിശ്വാസവഞ്ചനയായി കാണുമെന്നും സിജെപി വ്യക്തമാക്കി.
Tags :