കോഴിക്കോട്: മംഗളൂരു മേഖല ദക്ഷിണ റെയിൽവേയിൽനിന്നു മാറ്റി സൗത്ത് വെസ്റ്റേൺ റെയിൽവേ സോണിനു കീഴിലുള്ള മൈസൂരു ഡിവിഷന് നൽകാനുള്ള റെയിൽവേ ബോർഡിന്റെ നീക്കത്തിനെതിരേ ശക്തമായ പ്രതിഷേധവുമായി യുഡിഎഫ് എംപിമാര്‍.
തീരുമാനം അന്യായവും പ്രതിഷേധാർഹവും മലബാറിലെ ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്നു യുഡിഎഫ് എംപിമാരായ എം.കെ. രാഘവനും ഇ.ടി. മുഹമ്മദ് ബഷീറും വാർത്താസമ്മേളനത്തിൽ ആരോപിച്ചു. മലബാറിലെയും കേരളത്തിലെ മൊത്തത്തിലുള്ളതുമായ റെയിൽവേ വികസനത്തെയും യാത്രക്കാരുടെ ആനുകൂല്യങ്ങളെയും തകർത്തുകൊണ്ട് കൈക്കൊണ്ട ഈ തീരുമാനം യാതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല.
കേരളത്തിന്റെ റെയിൽവേ അവകാശങ്ങൾ കവർന്നെടുക്കുന്ന ഈ നടപടിക്കെതിരേ ആദ്യഘട്ട സമരമെന്ന നിലയിൽ തിരുവോണ നാളിൽ യുഡിഎഫ് എംപിമാർ പാലക്കാട് ഡിആർഎം ഓഫീസിന് മുന്നിൽ സത്യഗ്രഹമിരിക്കും. റെയിൽവേ ബോർഡ് ഉത്തരവ് പ്രകാരം 2026 ഒക്ടോബർ ഒന്നു മുതലാണു മംഗളൂരു പ്രദേശം ദക്ഷിണ പശ്ചിമ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്കു മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്.
ഈ തീരുമാനം പിൻവലിക്കാനുള്ള ആവശ്യം കേന്ദ്ര റെയിൽവേ മന്ത്രാലയത്തിനു മുന്നിൽ ഉന്നയിക്കാനും ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകാനും കഴിഞ്ഞ ദിവസം ചേര്‍ന്ന എംപിമാരുടെ അടിയന്തര യോഗത്തില്‍ തീരുമാനമെടുത്തു.
ഇത്രയും പ്രധാനപ്പെട്ട ഒരു തീരുമാനം കൈക്കൊണ്ടത് കേരള സർക്കാരുമായോ സംസ്ഥാനത്തുനിന്നുള്ള പാർലമെന്റ് അംഗങ്ങളുമായോ മുൻകൂട്ടിയുള്ള ഒരുവിധ ചർച്ചയോ അറിയിപ്പോ ഇല്ലാതെയാണെന്നതു ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്ന് എംപിമാര്‍ ആരോപിച്ചു.
Tags : Deepika DeepikaNewspaper BreakingNews Railway Division Bifurcation