കോഴിക്കോട്/ പാലക്കാട്: പാലക്കാട് ഡിവിഷന് വെട്ടിമുറിച്ച് മംഗളൂരു മേഖല മൈസൂരു ഡിവിഷനിലേക്ക് മാറ്റുന്നതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. പാലക്കാട് ഡിവിഷന്റെ ഏറ്റവും പ്രധാനപ്പെട്ട വരുമാന സ്രോതസ് മംഗളൂരു മേഖലയാണ്. മംഗളൂരുവിനെ വേർപെടുത്തി പാലക്കാട് ഡിവിഷനെ ലാഭകരമല്ലാത്തതാക്കി മാറ്റാനുള്ള ആസൂത്രിതനീക്കത്തിന്റെ ഭാഗമാണു വിഭജനമെന്നാണ് ആക്ഷേപം.
വിഷയത്തില്‍ കേരളത്തില്‍നിന്നുള്ള എംപിമാരും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തില്‍ അലംഭാവം വെടിഞ്ഞ് ജനപ്രതിനിധികള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
കുറച്ചുവർഷങ്ങളായി തിരുവനന്തപുരം ഡിവിഷനിലെ നാഗർകോവിൽ മധുര ഡിവിഷനിലേക്ക് ചേർക്കുവാൻ സമ്മർദംതുടരുന്നുണ്ട്. കേരളം സത്വര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഡിവിഷൻതന്നെ നഷ്പ്പെടുന്ന സ്ഥിതി സംജാതമാകും.
അർഹതയുള്ള അത്യാവശ്യ യാത്രക്കാർക്ക് എമർജൻസി ക്വോട്ട ലഭിക്കുന്നതിന് സൗത്ത് വെസ്റ്റേൺ (മൈസൂരു) ഡിവിഷനെ ആശ്രയിക്കേണ്ടിവരും. പാലക്കാട് ഡിവിഷനിൽനിന്നു നേരത്തേ അറുനൂറോളം കിലോമീറ്റർ അടർത്തിയെടുത്തതാണ് സേലം ഡിവിഷൻ രൂപീകരിച്ചതെന്നും അസോസിയേഷന് ചൂണ്ടിക്കാട്ടി.
പ്രതിഷേധവുമായി എംപിമാർ
മംഗളൂരുവിനെ പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് ഒഴിവാക്കിയ നടപടി പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എം.കെ. രാഘവന് എംപി മുന്നറിയിപ്പ് നല്കി.
റെയിൽവേയുടെ തീരുമാനം കേരളത്തോടുള്ള കടുത്ത രാഷ്ട്രീയ അവഗണനയും ദയാവധത്തിനു തുല്യമായ തീരുമാനവുമാണെന്ന് ഷാഫി പറന്പിൽ എംപി കുറ്റപ്പെടുത്തി.
പാലക്കാട് റെയിൽവേ ഡിവിഷൻ സംരക്ഷിക്കുന്നതിനായി ഡിവിഷൻ കേന്ദ്രീകരിച്ചും ഡൽഹിയിലും ശക്തമായ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുമെന്നും ഇതിന്റെ ഭാഗമായി കെപിസിസി ഉടൻ സമരപ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര റെയിൽവേ ബോർഡിന്റെ അന്യായ വിജ്ഞാപനം അടിയന്തരമായി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെ. രാധാകൃഷ്ണൻ എംപി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനു കത്തയച്ചു. പാലക്കാട് ഡിവിഷൻ കടുത്ത സാന്പത്തിക പ്രതിസന്ധിയിലാകുമെന്നും നിലനില്പുതന്നെ അപകടത്തിലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മംഗളൂരു മേഖലയെ വിഭജിച്ച് മൈസൂരു ഡിവിഷന് കൈമാറുന്നത് കർണാടക ബിജെപിയെ പ്രീണിപ്പിക്കാൻ വേണ്ടിയാണെന്ന് വി.കെ. ശ്രീകണ്ഠൻ എംപി. പാലക്കാട് ഡിവിഷൻ ഒരു കാരണവശാലും വിഭജിക്കില്ലെന്ന് റെയിൽവേമന്ത്രി കേരളത്തിന് ഉറപ്പുനൽകിയിരുന്നതാണെന്നും അർധരാത്രിയിൽ ആരുമറിയാതെ കൈക്കൊണ്ട ഈ തീരുമാനം കടുത്ത വാഗ്ദാനലംഘനവും വഞ്ചനയുമാണെന്നും അദ്ദേഹം പറഞ്ഞു.