ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ
ന്യൂഡൽഹി: ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തിന് മുന്നിലും സെൻട്രൽ ഡൽഹിയുടെ വിവിധ ഭാഗങ്ങളിലും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സൂപ്പർ ഹീറോ കഥാപാത്രമായ ബാറ്റ്മാനുമായി ഉപമിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഡൽഹി പ്രദേശ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ അക്ഷയ് ലാക്രയുടെ നേതൃത്വത്തിലാണ് ഇന്ദിരാ ഭവനും യൂത്ത് കോൺഗ്രസ് ഓഫീസിനും സമീപം ഈ പോസ്റ്ററുകൾ പതിപ്പിച്ചത്.
രാഹുൽ ഗാന്ധിയുടെ ചിത്രത്തിനൊപ്പം ബാറ്റ്മാന്റെ ചിത്രവും ഉൾപ്പെടുത്തി നിർമിച്ച പോസ്റ്ററുകളിൽ "ദി സൈലന്റ് ഗാർഡിയൻ", "എ വാച്ച്ഫുൾ പ്രൊട്ടക്ടർ" (ശബ്ദമില്ലാത്ത കാവലാൾ, ജാഗ്രതയുള്ള സംരക്ഷകൻ) എന്നീ വാചകങ്ങളാണ് കുറിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിൽ ഇൻസ്റ്റാഗ്രാമിൽ നടന്ന 'ആസ്ക് മി എനിതിംഗ്' സെഷനിൽ 'നിങ്ങൾ ബാറ്റ്മാനാണോ?' എന്ന് ഒരു ചെറുപ്പക്കാരൻ ചോദിച്ചപ്പോൾ, "എന്നെയും ബാറ്റ്മാനെയും ഇതുവരെ ആരും ഒരേ മുറിയിൽ കണ്ടിട്ടില്ല" എന്ന് രാഹുൽ തമാശരൂപേണ മറുപടി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബാറ്റ്മാൻ ലുക്കിലുള്ള രാഹുൽ ഗാന്ധിയുടെ പോസ്റ്ററുകൾ ഉയർത്തിയത്.
Tags : RahulGandhi Batman AICC Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash