Kerala
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇന്ന് വൈകുന്നേരം പ്രഖ്യാപിച്ചേക്കും. ഉച്ചയ്ക്ക് ഒന്നിന് കെപിസിസി ആസ്ഥാനത്ത് ചേരാൻ നിശ്ചയിച്ചിരുന്ന നിയമസഭാകക്ഷിയോഗം വൈകും.
എഐസിസി നേതാക്കൾ വൈകുന്നേരം നാലോടെയാണ് ചാര്‍ട്ടേഡ് വിമാനത്തിൽ തിരുവനന്തപുരത്തേക്ക് എത്തുക. ഈ സാഹചര്യത്തിലാണ് നിയമസഭാകക്ഷിയോഗം വൈകുന്നത്. തീരുമാനം മുദ്രവച്ച കവറില്‍ കൈമാറി നിയമസഭ കക്ഷിയോഗത്തില്‍ പ്രഖ്യാപിക്കാനാണ് നീക്കം.
ദീപ ദാസ് മുൻഷി, എഐസിസി നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക്ക് എന്നിവർക്കൊപ്പം കെ.സി.വേണുഗോപാലും ചാര്‍ട്ടേഡ് ഫ്ലൈറ്റില്‍ തിരുവനന്തപുരത്തെത്തുമോയെന്നും ആകാംക്ഷയുണ്ട്.
അതേസമയം വി.ഡി, കെ.സി, ആര്.സി ക്യാന്പുകൾ ഇപ്പോഴും ആത്മവിശ്വാസത്തിലാണ്. ഘടകകക്ഷികളും ജനവികാരവും അനുകൂലമാണെന്നതാണ് വി.ഡി പക്ഷത്തിന്റെ പ്രതീക്ഷ. . നിയമസഭാകക്ഷി ഭൂരിപക്ഷത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് കെ.സി പക്ഷം അവകാശവാദം ഉന്നയിക്കുന്നത്. സീനിയോറിറ്റി പരിഗണിക്കുമെന്ന വിശ്വാസത്തിലാണ് ആർ.സി പക്ഷം.
National
ന്യൂഡൽഹി: മുഖ്യമന്ത്രിയെ സംബന്ധിച്ച സസ്പെൻസ് നിലനില്‍ക്കെ എഐസിസി നിരീക്ഷകരുമായി ചാർട്ടേർഡ് വിമാനം ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക്. വൈകുന്നേരം നാലിന് വിമാനം തലസ്ഥാനത്തെത്തുമെന്നാണ് വിവരം.
നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷിയുമാണ് വിമാനത്തിൽ ഉണ്ടാകുകയെന്നാണ് വിവരം. അതേസമയം, വിമാനത്തിൽ കെ.സി. വേണുഗോപാലും ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
മുഖ്യമന്ത്രിയെ മുദ്രവെച്ച കവറില്‍ നിയമസഭാ കക്ഷിയോഗത്തില്‍ പ്രഖ്യാപിക്കാനാണ് നീക്കം. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് വെച്ചാണ് നിയമസഭാ കക്ഷി യോഗം നടക്കുന്നത്. അതേസമയം, യോഗം വൈകുമെന്നാണ് സൂചന.
വി.ഡി. സതീശനും രമേശ് ചെന്നിത്തലയും യോഗത്തിലുണ്ടാകും. ഇന്ന് തന്നെ യുഡിഎഫിലെ നിയമസഭാ കക്ഷി നേതാക്കള്‍ ഗവര്‍ണറെ കാണുമെന്നാണ് വിവരം.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷ സാഹചര്യത്തെ തുടർന്ന് രാജ്യത്ത് കോവിഡ് കാലത്തിന് സമാനമായ നിയന്ത്രണം ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
സാധാരണക്കാരെ ദുരിതത്തിലേക്ക് തള്ളിവിടുന്നതാണ് കേന്ദ്ര സർക്കാർ നടപടിയെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷം മൂന്ന് മാസം പിന്നിടുമ്പോഴും ഇന്ത്യയുടെ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിൽ പ്രധാനമന്ത്രി സമ്പൂർണമായി പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യം നേരിടാൻ പോകുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിന് പകരം സാധാരണക്കാരെ ദുരിതത്തിലേക്ക് തള്ളിവിടാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും എഐസിസി ജനറൽ സെക്രട്ടറി വിമർശിച്ചു.
ജനങ്ങൾ ബുദ്ധിമുട്ടാതിരിക്കാൻ ആവശ്യമായ ഇന്ധന ശേഖരം ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ.സി. ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പുകൾക്കും നിസാര രാഷ്ട്രീയത്തിനും മാത്രം മുൻഗണന നൽകുന്ന സർക്കാരിന്റെ പിടിപ്പുകേട് മൂലം രാജ്യം കടുത്ത സാമ്പത്തിക തകർച്ചയിലേക്ക് നീങ്ങുകയാണെന്നും കെ.സി.വേണുഗോപാൽ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: തന്റെ പേരിൽ കെ.സി.വേണുഗോപാലിനെതിരേ പ്രചരിക്കുന്ന വ്യാജ ഫേസ്ബുക്ക് പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കണമെന്നു കാട്ടി മുൻ മന്ത്രി കെ.സി ജോസഫ് എഐസിസിക്ക് പരാതി നൽകി.
ഇതുപോലെ മറ്റു പല നേതാക്കളുടെയും പേരിൽ അവരുടെ അറിവില്ലാതെ പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്. ഇതിന്റെ പിന്നിൽ ആരാണെങ്കിലും ഇത് അല്പത്തരമാണെന്ന് പറയാതെ വയ്യ.
കോണ്‍ഗ്രസ് പാർട്ടിയെയും നേതാക്കളെയും പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്താൻ പാർട്ടിയെ സ്നേഹിക്കുന്ന ആരെങ്കിലും തയാറാകുമെന്ന് തോന്നുന്നില്ല. ഇതുകൊണ്ട് എന്തെങ്കിലും നേടാമെന്ന് ആരും കരുതരുത്.
എനിക്ക് പറയാനുള്ളതു ഞാൻ തന്നെ പറഞ്ഞു കൊള്ളാം. അതിനായി ആരും ബുദ്ധിമുട്ടേണ്ടയെന്നും കെ.സി.ജോസഫ് പറഞ്ഞു
Kerala
ന്യൂഡൽഹി: കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ആരെന്നതിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഇന്നത്തെ യോഗം കഴിയട്ടെയെന്നും . സമവായത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്നും സണ്ണി ജോസഫ് പറഞ്ഞു.
മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം എഐസിസി നടത്തും. പരസ്യ പ്രതിഷേധം പാടില്ലെന്ന് ഹൈക്കമാൻഡ് നിർദേശിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
ഇന്ന് വൈകുന്നേരം നാലിന് മല്ലികാർജുൻ ഖാർഗെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ആദ്യ ഘട്ട ചർച്ചയിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്നില്ല. വി.ഡി. സതീശന്റെയും രമേശ് ചെന്നിത്തലയുടെയും കെ.സി. വേണുഗോപാലിന്റെയും മനസറിയും. കെപിസിസി നേതൃത്വം ആർക്കൊപ്പം എന്നറിയാൻ സണ്ണി ജോസഫുമായും ഖാർഗെ സംസാരിക്കും.
ഭൂരിപക്ഷ എംഎൽഎമാരുടെ പിന്തുണ കെസിക്കാണ്. അതേസമയം ഘടക കക്ഷികളുടെ പിന്തുണ വി.ഡി. സതീശനാണ്. സീനിയോറിറ്റി പരിഗണിക്കണമെന്നാണ് ചെന്നിത്തല ആവശ്യപ്പെടുക. ഇതെല്ലാം പരിഗണിച്ച് ഖാർഗെ നൽകുന്ന റിപ്പോർട്ട് പ്രകാരമായിരിക്കും ഹൈക്കമാൻഡ് ഒരു തീരുമാനം എടുക്കുക.
National
ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടിയുള്ള പോര് രൂക്ഷമായതിനു പിന്നാലെ പ്രശ്നം പരിഹരിക്കാൻ ഫോർമുല തയാറാക്കുന്ന തിരക്കിൽ ഹൈക്കമാൻഡ്. വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യസ്ഥാനത്തിനായി അവകാശവാദമുന്നയിച്ച് രംഗത്തുള്ളത്. മൂവർക്കും വേണ്ടി അണികൾ തെരുവിലിറങ്ങുന്ന സ്ഥിതി ആയതോടെ ഹൈക്കമാൻഡ് വിഷയത്തിൽ ഊർജിതമായി ഇടപെട്ടിരിക്കുകയാണ്. വിഷയം തെരുവിലേക്ക് പോയതിൽ കടുത്ത അതൃപ്തിയിലാണ് ഹൈക്കമാൻഡ്.
നാടെങ്ങും ഫ്ളെക്സ് ബോർഡുകൾ സ്ഥാപിച്ചും പ്രകടനങ്ങൾ നടത്തിയുമാണ് അനുയായികൾ പിന്തുണ പ്രഖ്യാപനം നടത്തുന്നത്. ഇതു മാധ്യമങ്ങളിൽ വലിയ വാർത്തയായതോടെയാണ് പ്രതിരോധത്തിലായിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. മിന്നുന്ന വിജയത്തിന്റെ തിളക്കം വിവാദത്തിൽ മുങ്ങുമോയെന്ന ആശങ്ക ഘടകകക്ഷികൾ അടക്കം പ്രകടിപ്പിച്ചു കഴിഞ്ഞു. ഇതോടെ അവകാശവാദമുന്നയിച്ച നേതാക്കൾ എത്രയും വേഗം സമവായത്തിൽ എത്തിച്ചേരണമെന്നു നിർദേശിച്ചിരിക്കുകയാണ് നേതൃത്വം.
നിരീക്ഷകരായി എത്തിയ മുകുൾ വാസ്നിക്കും അജയ് മാക്കനും നൽകിയ റിപ്പോർട്ട് ചർച്ച ചെയ്യുന്നതിനൊപ്പം സമവായ നീക്കം നേതൃത്വം മുന്നോട്ടുവയ്ക്കും. കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യം എന്താണെന്നു ശശി തരൂർ എംപി എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയെ ധരിപ്പിച്ചിരുന്നു. കേരളത്തിൽ ഇപ്പോൾ നടക്കുന്ന പ്രതികരണങ്ങളും പ്രകടനങ്ങളുമെല്ലാം നേതൃത്വത്തിന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചുള്ള ഫോർമുലയാണ് തയാറാക്കുന്നത്.
അവകാശവാദമുന്നയിച്ചു രംഗത്തുള്ളതിൽ ഒരാൾ ശക്തി തെളിയിച്ച ശേഷം പിന്മാറുമെന്ന പ്രതീക്ഷയാണ് ഹൈക്കമാൻഡ് വൃത്തങ്ങളിൽ ഇപ്പോഴുള്ളത്. ഒപ്പം നിൽക്കുന്ന വിശ്വസ്തർക്കു മന്ത്രിസ്ഥാനം ഉറപ്പു നൽകിയാൽ പിൻമാറാൻ സന്നദ്ധരാകുമെന്ന പ്രതീക്ഷയും ഹൈക്കമാൻഡ് വൃത്തങ്ങൾക്കുണ്ട്.
അങ്ങനെ വന്നാൽ നാളെത്തന്നെ ഒറ്റപ്പേരിലേക്ക് എത്തിച്ചേരാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇതിനിടെ, പിന്തുണയുടെയും പ്രതിഷേധത്തിന്റെയും പേരിൽ നേതാക്കളെ വ്യക്തിപരമായി അവഹേളിക്കാൻ നടക്കുന്ന ശ്രമങ്ങൾ നേതൃത്വത്തെ അലോസരപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിൽ പോലും അവഹേളനപരമായ ബാനർ പ്രത്യക്ഷപ്പെട്ടിരുന്നു.
ഇതിനിടെ, കേന്ദ്രനിരീക്ഷകരായി എത്തിയ സംഘത്തിന്റെ പക്കിൽനിന്ന് എംഎൽഎമാരുടെ അഭിപ്രായം രേഖപ്പെടുത്തിയ രേഖ ഇന്നലെ ചോർന്നത് എംഎൽഎമാർക്കിടയിൽ അതൃപ്തി പടർത്തി. തങ്ങൾ രഹസ്യമായി പറഞ്ഞ കാര്യം മാധ്യമങ്ങൾക്കു ലഭിക്കും വിധം അശ്രദ്ധമായിട്ടാണ് നേതാക്കൾ കൈകാര്യംചെയ്തതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
കൂടിക്കാഴ്ച പൂർത്തിയാക്കി പുറത്തിറങ്ങിയ മുകുൾ വാസ്നിക്കിന്റെ കൈയിലുണ്ടായിരുന്ന അഭിപ്രായം രേഖപ്പെടുത്തിയ ലിസ്റ്റ് ആണ് ഒരു പത്രഫോട്ടോഗ്രാഫർ പകർത്തിയത്. ഏതാനും എംഎൽഎമാർ ആരെയാണ് പിന്തുണയ്ക്കുന്നതെന്ന് ഇതിൽ രേഖപ്പെടുത്തിയിരുന്നു.
അതേസമയം, മുഖ്യമന്ത്രി ചര്‍ച്ചകളില്‍ എംഎല്‍എമാരുടെ അഭിപ്രായം രേഖപ്പെടുത്തിയെന്ന രീതിയില്‍ പുറത്തുവന്ന രേഖ എഐസിസി നിരീക്ഷകര്‍ തള്ളി. പുറത്തുവന്നത് യാഥാര്‍ഥ രേഖയല്ലെന്നും മുഖ്യമന്ത്രിയാരെന്നതില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും നിരീക്ഷകരായ മുകുള്‍ വാസ്നിക്കും അജയ് മാക്കനും പറഞ്ഞു. കൂടിയാലോചനക്ക് ശേഷമുള്ള വിവരങ്ങളല്ല അതില്‍ പ്രതിഫലിക്കുന്നത്. എല്ലാം ഉള്‍ക്കൊള്ളിച്ചുള്ള വിശദമായ റിപ്പോര്‍ട്ടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Kerala
തിരുവനന്തപുരം: പുതിയ മുഖ്യമന്ത്രിയെക്കുറിച്ച് എംഎൽഎമാരുടെ അഭിപ്രായം ആരായാൻ വന്ന ഹൈക്കമാൻഡ് നിരീക്ഷകരുടെ കൈയിലെ റിപ്പോർട്ട് ചോർന്നത് വിവാദമാകുന്നു. എംഎൽഎമാരുമായുള്ള അഭിമുഖം കഴിഞ്ഞ് ഇറങ്ങിവന്ന മുകുൾ വാസ്നിക്കിന്റെ കൈവശം ഇരുന്ന അഭിപ്രായം രേഖപ്പെടുത്തിയ ലിസ്റ്റാണ് ഫോട്ടോഗ്രാഫർമാർ പകർത്തിയത്.
കൈയിൽ പിടിച്ചിരുന്ന പേപ്പറിൽ ഓരോ എംഎൽഎമാരുടെയും പേരും അവർ ആരെയാണ് പിന്തുണയ്ക്കുന്നതെന്നും രേഖപ്പെടുത്തിയിരുന്നു. ഈ പേപ്പറിന്റെ ഒരു ഭാഗമാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. ഇതു ചില പത്രങ്ങൾ പ്രസിദ്ധീകരിച്ചു.
പുറത്തുവന്ന ദൃശ്യങ്ങളിൽ സന്ദീപ് വാര്യർ, സജീവ് ജോസഫ്, ടി.ഒ. മോഹനൻ, സണ്ണി ജോസഫ്, ഉഷ വിജയൻ, ഐസി ബാലകൃഷ്ണൻ, ടി.സിദ്ധിക്ക് തുടങ്ങിയവരുടെ പേരുകൾ ദൃശ്യമാണ്. ഇവർ കെ.സി. വേണുഗോപാലിന് അനുകൂലമാണ് എന്ന രീതിയിലാണ് ഈ പേപ്പറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഐസി ബാലകൃഷ്ണൻ കെ.സി. വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും ഒരു പോലെ പിന്തുണ പ്രഖ്യാപിച്ചതായും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കെ. നീലകണ്ഠന്റെ പേരിനു നേരെ ഒന്നും എഴുതിയതായും കാണുന്നില്ല. ഇദ്ദേഹം നിഷ്പക്ഷത പാലിച്ചതാവും കാരണമെന്നു കരുതുന്നു. എന്തായാലും രഹസ്യമായി സൂക്ഷിക്കേണ്ട രേഖ പുറത്തുവന്നത് വലിയ വിവാദമായി മാറിയിട്ടുണ്ട്. ഇത്രയും രഹസ്യാത്മകതയുള്ള കാര്യം അലക്ഷ്യമായും അശ്രദ്ധമായും കൈകാര്യം ചെയ്തതാണ് ചോരാൻ ഇടയാക്കിയതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. തങ്ങൾ കേന്ദ്രനേതൃത്വത്തെ അറിയിച്ച കാര്യംചോരാൻ ഇടയായതിൽ കടുത്ത അതൃപ്തിയിലാണ് എംഎൽഎമാർ.
Kerala
തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് രൂക്ഷമാകുന്നതിനിടെ ലീഗ് നേതാക്കൾ തലസ്ഥാനത്തേക്ക്. എഐസിസി നിരീക്ഷകർ ഇന്ന് ലീഗ് നേതാക്കളുമായി ചർച്ച നടത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. നേരത്തെ വി.ഡി. സതീശന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
അതിനിടെ സതീശന് പിന്തുണയുമായി മുസ്ലിം ലീഗ് നേതാവും എംഎൽഎയുമായ കെ.എം.ഷാജി രംഗത്തെത്തി. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി.ഡി.സതീശൻ കൊള്ളാമെന്ന എഐസിസി നിഗമനം ശരിയാണെന്ന് അദ്ദേഹം തെളിയിച്ചെന്ന് ഷാജി പറഞ്ഞു. അദ്ദേഹത്തെ നിയോഗിച്ച ഉത്തരവാദിത്തം നേരാം വണ്ണം വിനിയോഗിച്ചു.
ഇതിന്റെ തെളിവാണ് യുഡിഎഫിന്റെ വലിയ വിജയം. ഇനി അനാവശ്യമായ തർക്കങ്ങൾ ഉണ്ടാകാൻ പാടില്ല. 102സീറ്റുകൾ നൽകിയ ജനങ്ങളോട് യുഡിഎഫ് പ്രതിബദ്ധത കാണിക്കണമെന്നും ഷാജി വ്യക്തമാക്കി.
National
ന്യൂഡൽഹി: കേരളത്തിലെ പുതിയ മുഖ്യമന്ത്രി ആരെന്നു കണ്ടെത്താനുള്ള പ്രക്രിയ തിരുവനന്തപുരത്ത് സജീവമായപ്പോഴും ഡൽഹിയിലും നീക്കം തകൃതി. മുഖ്യമന്ത്രിസ്ഥാനത്തേക്കു സാധ്യതയുള്ള മൂന്നു പ്രബലരിൽ കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും സോണിയ ഗാന്ധിയുമായും മല്ലികാർജുൻ ഖാർഗെയുമായും ഇന്നലെ നടത്തിയ ചർച്ച നിർണായകമാകും. സംസ്ഥാനത്ത് തുടരുന്ന വി.ഡി. സതീശനുവേണ്ടി ഏതാനും നേതാക്കളും പ്രവർത്തകരും സമ്മർദം ശക്തമാക്കുന്നുമുണ്ട്.
കേന്ദ്രനിരീക്ഷകരായി തിരുവനന്തപുരത്തെത്തിയ അജയ് മാക്കനും മുകുൾ വാസ്നിക്കും ഇന്ന് കോണ്‍ഗ്രസ് എംഎൽഎമാരുടെ അഭിപ്രായം തേടുന്നതിലാണ് വേണുഗോപാലിനു സാധ്യതയേറുന്നത്. മുതിർന്ന നേതാവ് എ.കെ. ആന്റണിയുമായി നടന്ന ചർച്ചയിൽ ലഭിച്ച സൂചനകൾ കേന്ദ്രനിരീക്ഷകർ ഇന്ന് ഉപയോഗപ്പെടുത്തും. എംഎൽഎമാരുടെ അഭിപ്രായം സംബന്ധിച്ച് ഹൈക്കമാൻഡിന് ഇന്നു രാത്രിയോ നാളെയോ റിപ്പോർട്ട് നൽകും. ഹൈക്കമാൻഡിലെ ധാരണകൾക്കു വിരുദ്ധമല്ലെങ്കിൽ നിയുക്ത മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അധികം വൈകില്ല.
വേണുഗോപാലിനും രമേശിനും സതീശനും ഒരുപോലെ മുഖ്യമന്ത്രിയാകാനുള്ള കഴിവും അർഹതയും പാർട്ടിയോടുള്ള കൂറും ഉണ്ടെന്നാണു മല്ലികാർജുൻ ഖാർഗെ, സോണിയ, രാഹുൽ, പ്രിയങ്ക അടക്കമുള്ളവരുടെ വിലയിരുത്തൽ. കേരളത്തിലെ ജനവിധി അറിയുന്നതിനുമുന്‍പും ശേഷവും നേരിട്ടും അല്ലാതെയും അനൗപചാരികമായി ഇവർ പലതവണ കൂടിയാലോചന നടത്തിയിട്ടുണ്ട്. വേണുഗോപാലിന്റെയും ചെന്നിത്തലയുടെയും സതീശന്റെയും വ്യക്തിപരമായ അഭിപ്രായങ്ങളും അർഹതയും താത്പര്യവും ഹൈക്കമാൻഡിനു മുന്നിലുണ്ട്.
ജയിച്ചെത്തിയ 63 പേരിൽ ഭൂരിപക്ഷവും വേണുഗോപാലിനെ പിന്തുണച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. സീറ്റ് കിട്ടുന്നതിലും പ്രചാരണത്തിന് ആവശ്യമായ ഫണ്ട് നൽകുന്നതിലും ജയിച്ചെത്തിയവരെ സഹായിച്ചത് വേണുഗോപാലാണെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നു.
കേരളത്തിലും കേന്ദ്രത്തിലും മന്ത്രി, മൂന്നു തവണ വീതം എംഎൽഎ, എംപി എന്നീ നിലകളിലെ അനുഭവവും കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് മുതൽ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി വരെയുള്ള പാർട്ടിയിലെ മികവും അനുകൂല ഘടകങ്ങളാണ്. ഹൈക്കമാൻഡിന്റെ ഏറ്റവും വിശ്വസ്തനെന്നതാകും വേണുഗോപാലിന്റെ സാധ്യത കൂട്ടുന്നത്. രാഹുൽ ഗാന്ധിയുമായുള്ള ഹൃദയബന്ധം രഹസ്യമല്ല.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനും യുപി അടക്കമുള്ള ഹിന്ദി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനും മുന്‍പായി എഐസിസിയിലെ സംഘടനാച്ചുമതലയുള്ള ജനറൽ സെക്രട്ടറി പദവി ഒരു ഹിന്ദിക്കാരന് കൈമാറണമെന്ന നിർദേശവും വേണുഗോപാലിന് അനുകൂലമായേക്കും.
2017 മുതൽ എഐസിസി ജനറൽ സെക്രട്ടറിയെന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളിൽ നേതൃത്വത്തിന് മതിപ്പുമുണ്ട്. 2014 മുതൽ തുടർച്ചയായ പരാജയങ്ങളിൽ തകർന്ന കോണ്‍ഗ്രസ് പാർട്ടിയെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നൂറു സീറ്റുകളിലേക്ക് വളർത്തിയതിലും രാഹുലിനെ പ്രതിപക്ഷ നേതാവാക്കിയതിലും വേണുവിന്റെ തന്ത്രങ്ങളുമുണ്ട്.
എന്നാൽ, മൂവരിലെ ഏറ്റവും സീനിയർ നേതാവെന്നതും പൊതുസ്വീകാര്യതയും ആഭ്യന്തരമന്ത്രിയും കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും അടക്കമുള്ള മികവുറ്റ പ്രവർത്തനങ്ങളും ചെന്നിത്തലയ്ക്കുണ്ട്. കരുണാകരൻ മന്ത്രിസഭയിലെ പയ്യൻ മന്ത്രി മുതൽ നിയമസഭയിലും പിന്നീട് പലതവണ ലോക്സഭയിലും ചെന്നിത്തല നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് പാർട്ടിക്കുള്ളിൽ മതിപ്പുണ്ട്. വിദ്യാർഥിരാഷ്ട്രീയം മുതൽ എഐസിസിയിലും പ്രവർത്തകസമിതിയിലും ദീർഘകാലമുള്ള പ്രവർത്തനങ്ങളും മുതിർന്ന നേതാക്കളുമായുള്ള ആത്മബന്ധവും കരുത്താണ്. യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ പ്രസിഡന്റായിരിക്കെ ഉത്തരേന്ത്യയിൽ പാർട്ടിയെ വളർത്താൻ ചെന്നിത്തല നടത്തിയ പ്രവർത്തനങ്ങൾ നിസാരമല്ല.
പ്രതിപക്ഷ നേതാവെന്ന നിലയിൽ പിണറായി സർക്കാരിനെ താഴെയിറക്കി യുഡിഎഫിന് വൻ വിജയം സമ്മാനിച്ചതു സതീശന്റെ നേതൃത്വത്തിലാണെന്നതാണ് അദ്ദേഹത്തിന് ഏറ്റവും അർഹത നേടിക്കൊടുക്കുന്നത്. കേരളത്തിലെ സാധാരണക്കാരിലും പാർട്ടി പ്രവർത്തകരിലും വലിയ പിന്തുണയും അദ്ദേഹത്തിനുണ്ട്.
സതീശന് അർഹതപ്പെട്ട മുഖ്യമന്ത്രിസ്ഥാനം നിഷേധിക്കരുതെന്നാവശ്യപ്പെട്ട് പ്രവർത്തകർ ഹൈക്കമാൻഡിനെ സമീപിക്കുന്നുമുണ്ട്. നിയമസഭയിലെ പ്രകടനത്തിലും സതീശൻ മുന്നിലാണ്. മന്ത്രിയായി മുന്‍പ് പരിചയമില്ലെങ്കിലും പ്രതിപക്ഷനേതാവിന്റെ റോളിൽ മികച്ച സംഭാവനകൾ അദ്ദേഹത്തിനുണ്ട്.
മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷി നേതാക്കൾ സതീശന് അനുകൂലമായി പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. വിവിധ മത, സാമുദായിക സമൂഹങ്ങൾക്കിടയിൽ സതീശന് പിന്തുണ കൂടിയിട്ടുണ്ട്.
National
ചെന്നൈ: ഡിഎംകെയുമായുള്ള സഖ്യത്തിൽ ഉറച്ചുനിന്നത് കോൺഗ്രസിനു തിരിച്ചടിയായെന്ന് തമിഴ്നാടിന്റെ ചുമതലയുള്ള എഐസിസി നേതാവ് ഗിരീഷ് ചോദാൻകർ. തമിഴ്നാട്ടിൽ ഏറെ സ്വീകാര്യതയുള്ള രാഹുൽഗാന്ധിയും വിജയും ഒരുമിച്ച് പ്രചാരണം നടത്തിയിരുന്നെങ്കിൽ 180-190 സീറ്റ് ലഭിക്കുമായിരുന്നുവെന്നു പ്രാദേശിക നേതാക്കൾ പറഞ്ഞിരുന്നുവെന്ന് ചോദാൻകർ പറഞ്ഞു.
സംസ്ഥാനത്തെ യുവാക്കളും വനിതകളും ടിവികെയ്ക്ക് അനുകൂലമായിരുന്നുവെന്ന് ചോദാൻകർ പറഞ്ഞു. ഡിഎംകെയുള്ള സഖ്യത്തിൽ കോൺഗ്രസ് നേതാക്കൾക്കു രോഷമുണ്ടായിരുന്നു. ഞങ്ങളുടെ വോട്ടർമാരും അതേ അഭിപ്രായക്കാരായിരുന്നു. അവർ ടിവികെയ്ക്ക് വോട്ട് ചെയ്തു- ചോദാൻകർ പറഞ്ഞു. ഡിഎംകെ സഖ്യത്തിൽ മത്സരിച്ച കോൺഗ്രസിന് വെറും അഞ്ചു സീറ്റാണു കിട്ടിയത്. 28 സീറ്റിലാണ് കോൺഗ്രസ് മത്സരിച്ചത്.
Kerala
ന്യൂഡൽഹി: കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച മുറുകുന്നതിനിടെ രമേശ് ചെന്നിത്തല നാളെ ഡൽഹിക്ക് തിരിക്കും. മഹാരാഷ്ട്ര ഡിസിസി പുനസംഘടന അജണ്ടയെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും കേരളത്തിലെ സാഹചര്യവും ചർച്ചയാകും.
അതേസമയം കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയ്ക്കായി അജയ്മാക്കനെയും മുകുൾവാസ്നിക്കിനെയും നിരീക്ഷകരായി എഐസിസി നിയോഗിച്ചു. മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും എഐസിസി അറിയിച്ചു. നിയമസഭാകക്ഷി യോഗം വിളിക്കുന്ന ദിവസം നിരീക്ഷകർ കേരളത്തിലെത്തും. ഓരോ എംഎൽഎയേയും നിരീക്ഷകർ നേരിൽ കാണും.
മുഖ്യമന്ത്രി ചർച്ച സംബന്ധിച്ച് ഡൽഹിയിൽ നിർണായക യോഗവും ചേർന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, ജയറാം രമേശ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Kerala
പാലക്കാട്: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മുഖ്യമന്ത്രി ആകുന്നതിനുവേണ്ടി കളഭം കൊണ്ടുള്ള തുലാഭാരം നേർന്ന് യൂത്ത്കോൺഗ്രസ് നേതാവ്. യൂത്ത് കോൺഗ്രസ് മുൻ തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സി.എം. അനിൽകുമാർ ആണ് അദ്ദേഹത്തിന്റെ ജന്മനക്ഷത്ര ദിനമായ രോഹിണി നാളിൽ വഴിപാട് നേർന്നത്.
ഇന്ദിരാ ഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദ്യോഗിക ചിഹ്നമായ കൈപ്പത്തി തീരുമാനിക്കുന്നതിന് കാരണമായെന്ന് പറയപ്പെടുന്ന ക്ഷേത്രദർശനത്തിന്റെ പേരിൽ ചരിത്രപ്രസിദ്ധമായ ഏമൂർ ഹേമാംബിക ( കൈപ്പത്തി പ്രതിഷ്ഠയുള്ള) ക്ഷേത്രത്തിലാണ് കളഭം കൊണ്ടുള്ള തുലാഭാരത്തിന് ചീട്ടാക്കിയത്. പാലക്കാട് ജില്ലയിലെ അകത്തേത്തറ ഗ്രാമത്തിലാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്.
ശ്രീകോവിലിലെ പ്രതിഷ്ഠ ഭക്തരെ അനുഗ്രഹിക്കുന്ന രൂപത്തിൽ രണ്ടു കൈപ്പത്തികളായതിനാൽ കൈപ്പത്തിക്ഷേത്രം എന്നും അറിയപ്പെടുന്നു. ഭാരതത്തിൽ കൈപ്പത്തി പ്രതിഷ്ഠയുള്ള ഏകക്ഷേത്രവും ഇതാണ്.
Kerala
കൊച്ചി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി എറണാകുളം ജില്ലയിൽ നിന്നായിരിക്കണമെന്ന തന്റെ മുൻ പ്രസ്താവന തിരുത്തി എറണാകുളം ഡിസിസി പ്രസിഡന്റും കൊച്ചിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ മുഹമ്മദ് ഷിയാസ്. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം എഐസിസിക്കാണെന്നും മറ്റ് പ്രസ്താവനകൾക്ക് ഇപ്പോൾ പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി എറണാകുളം ജില്ലയിൽ നിന്നുള്ള ആളാകണമെന്നും വി.ഡി. സതീശന്റെ പ്രവർത്തന രീതിയാണ് കേരളത്തിന് ആവശ്യമെന്നും ഷിയാസ് നേരത്തെ പറഞ്ഞിരുന്നു. ഈ പ്രസ്താവന കോൺഗ്രസിനുള്ളിൽ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
ഷിയാസിന്റെ പ്രസ്താവനയെ തള്ളി കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസും രംഗത്തെത്തി. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് എഐസിസിയാണെന്നും പ്രാദേശിക തലത്തിലല്ല ഇത്തരം കാര്യങ്ങൾ തീരുമാനിക്കേണ്ടതെന്നും അവർ പറഞ്ഞു. എല്ലാ കോൺഗ്രസ് നേതാക്കളും മുഖ്യമന്ത്രി പദത്തിന് യോഗ്യരാണെന്നും ദീപ്തി കൂട്ടിച്ചേർത്തു. അതേസമയം, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ 14 സീറ്റുകളിലും യുഡിഎഫ് ഉജ്ജ്വല വിജയം കൈവരിക്കുമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
Kerala
കൊച്ചി: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ നിലവാരം ക്ഷയിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് വക്താവുമായ സുപ്രിയ ശ്രീനാഥ്. വിദ്യാര്‍ഥികളുടെ വലിയ തോതിലുള്ള പലായനം വിദ്യാഭ്യാസ സംവിധാനത്തിന്റെ തകര്‍ച്ചയെ സൂചിപ്പിക്കുന്നതാണെന്നും 2020 മുതല്‍ വിദ്യാര്‍ഥികളുടെ കുടിയേറ്റം ഇരട്ടിയായി ഉയര്‍ന്നുവെന്നും സുപ്രിയ പറഞ്ഞു.
നിര്‍മിത ബുദ്ധി, മെഷീന് ലേണിംഗ് തുടങ്ങിയ പുതിയ സാങ്കേതിക വിദ്യകളെ വിദ്യാഭ്യാസ സംവിധാനത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പിന്നിലാണ്. വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള ബന്ധം നഷ്ടപ്പെട്ടതിന്റെ ഫലമായി യുവജന തൊഴിലില്ലായ്മ നിരക്ക് 29.9 ശതമാനവും വനിതകളില്‍ അത് 47.1 ശതമാനവും ആയി വര്‍ധിച്ചുവെന്നും അവര്‍ ആരോപിച്ചു.
Kerala
ന്യൂഡൽഹി: കെ. സുധാകരൻ അടിയുറച്ച കോൺഗ്രസുകാരനാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. എല്ലാ കാലത്തും അങ്ങനെ തന്നായായിരിക്കുമെന്നും വേണുഗോപാൽ പറഞ്ഞു. സുധാകരന്റെ പാർട്ടിയോടുള്ള അചഞ്ചലമായ കൂറും വിശ്വാസ്യതയും ആർക്കും ചോദ്യം ചെയ്യാവുന്നതിന് അപ്പുറമാണന്നും വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.
കെ. സുധാകരൻ ഡൽഹിയിലെത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും നേരിൽ കണ്ട് മടങ്ങിയതിന് പിന്നാലെയാണ് വേണുഗോപാലിന്റെ പ്രതികരണം. കെ. സുധാകരനെ ബന്ധപ്പെടുത്തി വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന അനാരോഗ്യ ചർച്ചകൾക്കുള്ള മറുപടിയാണ് ഈ കൂടിക്കാഴ്ചയെന്നാണ് വേണുഗോപാൽ പ്രതികരിച്ചത്.
പലവിധ താത്പര്യങ്ങൾക്ക് വിധേയപ്പെട്ട് സുധാകരനുമായി ബന്ധപ്പെട്ട അനാരോഗ്യകരമായ ചർച്ചകൾ ഇനി പ്രസക്തിയില്ല. എല്ലാ കാലവും പാർട്ടി അദ്ദേഹത്തിന്റെ സേവനങ്ങളെ വിലമതിക്കുന്നുണ്ട്. മരണം വരെ കെ. സുധാകരൻ അടിമുടി കോൺഗ്രസുകാരനായിരിക്കുമെന്നും സുധാകരൻ പറഞ്ഞു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനം അതിന്റെ ഹൃദയത്തോട് എക്കാലവും ചേർത്തുപിടിക്കുന്ന പേരുകളിൽ ഒന്ന് കൂടിയാണ് സുധാകരൻ എന്നും കൂടിക്കാഴ്ച വ്യക്തമാക്കുന്നതായി വേണുഗോപാൽ പറഞ്ഞു.
National
ന്യൂഡൽഹി: കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി 40 അംഗങ്ങളടങ്ങുന്ന എഐസിസി താരപ്രചാരകരുടെ നീണ്ട പട്ടിക പുറത്തിറക്കി കോൺഗ്രസ് കേന്ദ്ര നേതൃത്വം. ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖരും കേരളത്തിലെ മുതിർന്ന നേതാക്കളും ഉൾപ്പെടുന്ന വിപുലമായ പട്ടികയാണിത്. കേരളത്തിൽ നിന്നും കെ.സുധാകരൻ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, വി.എം. സുധീരൻ, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, സണ്ണി ജോസഫ്, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയ മുതിർന്ന നേതാക്കളുടെ നീണ്ട നിരതന്നെ താരപ്രചാരകരായി ഇറങ്ങും.
ദേശീയ നേതാക്കളുടെ പട്ടികയിൽ ഒന്നാമതായി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണുള്ളത്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവർക്കൊപ്പം മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ (കർണാടക), എ. രേവന്ത് റെഡ്ഡി (തെലങ്കാന) എന്നിവരും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കേരളത്തിൽ പ്രചാരണത്തിനെത്തും. ഇവർക്ക് പുറമേ സച്ചിൻ പൈലറ്റ്, കനയ്യ കുമാർ തുടങ്ങിയ ദേശീയ തലത്തിൽ ശ്രദ്ധേയരായ നേതാക്കളുടെ സാന്നിധ്യവും കേരളത്തിലെ പ്രചാരണത്തിന് കൂടുതൽ കരുത്തേകും.
Special News
ന്യൂഡൽഹി: അഞ്ച് പതിറ്റാണ്ടുകാലം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിയന്ത്രിച്ച 24 അക്ബർ റോഡിലെ ബംഗ്ലാവ് ഒഴിഞ്ഞുകൊടുക്കാൻ കേന്ദ്ര സർക്കാർ അന്തിമ നോട്ടീസ് നൽകിയതോടെ കോൺഗ്രസ് വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. കോട്ല റോഡിൽ അത്യാധുനിക സൗകര്യങ്ങളോടെ 'ഇന്ദിര ഭവൻ' എന്ന പുതിയ ആസ്ഥാനം പണിതീർത്തിട്ടും പഴയ തട്ടകം വിടാൻ കോൺഗ്രസ് മടിക്കുന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു.
കേവലം ഒരു കെട്ടിടം എന്നതിലുപരി കോൺഗ്രസിന്റെ അതിജീവനത്തിന്റെ അടയാളമാണ് 24 അക്ബർ റോഡ്. ഇതിന് പിന്നിൽ പ്രധാനമായും നാല് കാരണങ്ങളാണുള്ളത്. 1978-ൽ അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള കനത്ത തിരിച്ചടിയിൽ നിന്ന് ഇന്ദിരാഗാന്ധി പാർട്ടിയെ ഉയിർത്തെഴുന്നേൽപ്പിച്ചത് ഈ ഓഫീസിൽ ഇരുന്നാണ്. യുപിഎ സർക്കാരുകളുടെ രൂപീകരണവും സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനവുമെല്ലാം നടന്നത് ഇവിടെയാണ്. അതിനാൽ തന്നെ ഈ വിലാസം ഉപേക്ഷിക്കുന്നത് വൈകാരികമായി പ്രവർത്തകർക്ക് പ്രയാസകരമാണ്.
ബിജെപി തങ്ങളുടെ പുതിയ ആസ്ഥാനമായ ദീൻ ദയാൽ ഉപാധ്യായ മാർഗിലേക്ക് മാറിയിട്ടും പഴയ ഓഫീസായ '11 അശോക റോഡ്' ഇപ്പോഴും കൈവശം വെച്ചിട്ടുണ്ടെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. ഭരണകക്ഷിക്ക് നൽകാത്ത കർശന നിയമങ്ങൾ പ്രതിപക്ഷത്തിന് മാത്രം ബാധകമാക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്നാണ് കോൺഗ്രസിന്റെ വാദം.
ലൂട്യൻസ് ഡൽഹിയുടെ ഹൃദയഭാഗത്തുള്ള ഈ ബംഗ്ലാവ് പാർലമെന്റിനും മറ്റ് ഭരണസിരാകേന്ദ്രങ്ങൾക്കും തൊട്ടടുത്താണ്. രാഷ്ട്രീയ ചർച്ചകൾക്കും നേതാക്കളുടെ കൂടിക്കാഴ്ചകൾക്കും ഏറ്റവും അനുയോജ്യമായ ഇടമാണിത്. അഭിഷേക് മനു സിംഗ്വിയുടെ നേതൃത്വത്തിലുള്ള നിയമസംഘം നോട്ടീസിനെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.
കോൺഗ്രസിന്റെ പുതിയ ആസ്ഥാനമായ 'ഇന്ദിര ഭവൻ' സ്ഥിതി ചെയ്യുന്നത് ബിജെപിയുടെ കേന്ദ്ര ആസ്ഥാനത്തിന് തൊട്ടടുത്താണ്. ദീൻ ദയാൽ ഉപാധ്യായ മാർഗിലെ ഈ 'അയൽപക്കം' ചില പ്രായോഗിക ബുദ്ധിമുട്ടുകൾക്കും കാരണമാകുന്നു. രാഷ്ട്രീയമായി എതിർചേരികളിൽ നിൽക്കുന്ന പാർട്ടികളുടെ ഓഫീസുകൾ തൊട്ടടുത്താകുമ്പോൾ നേതാക്കളുടെയും സന്ദർശകരുടെയും വരവും പോക്കും നിരീക്ഷിക്കപ്പെടാൻ സാധ്യതയുണ്ട്. തന്ത്രപരമായ നീക്കങ്ങൾ ചോരുമോ എന്ന ആശങ്ക ഇരു പാർട്ടികൾക്കുമുണ്ടാകാം.
പ്രതിഷേധങ്ങളും മാർച്ചുകളും നടക്കുമ്പോൾ ഇരു വിഭാഗം പ്രവർത്തകരും ഒരേ തെരുവിൽ മുഖാമുഖം വരുന്നത് ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമായേക്കാം. നിലവിൽ അതീവ സുരക്ഷാ മേഖലയായ ഇവിടെ പോലീസിന്റെ വലിയ സന്നാഹം ആവശ്യമായി വരും. കോൺഗ്രസ് പുതിയ ആസ്ഥാനത്തേക്ക് മാറുന്നത് ഒരു കാലഘട്ടത്തിന്റെ അവസാനമായാണ് കണക്കാക്കപ്പെടുന്നത്. എങ്കിലും, നിയമപോരാട്ടത്തിലൂടെ പഴയ തട്ടകത്തിൽ കുറച്ചുകാലം കൂടി തുടരാനാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി നേതൃത്വം. രാഷ്ട്രീയ വൈരങ്ങൾക്കിടയിലും ഒരേ അയൽപക്കത്ത് പ്രവർത്തിക്കേണ്ടി വരുന്നത് ഇന്ത്യൻ ജനാധിപത്യത്തിലെ രസകരമായ ഒരു പുതിയ അധ്യായമായി മാറും.
National
ന്യൂഡൽഹി: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ദേശീയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡൽഹിയിലെ 24 അക്ബർ റോഡിലെ ബംഗ്ലാവ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ. മാർച്ച് 28നകം കെട്ടിടം ഒഴിഞ്ഞുതരണമെന്നാണ് കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിന്റെ കർശന നിർദേശം.
കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രങ്ങൾ മെനയുന്ന പ്രധാന കേന്ദ്രമാണിത്. കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഉൾപ്പെടെയുള്ള നിർണായക യോഗങ്ങൾ പലതും ചേരുന്നത് ഇപ്പോഴും 24 അക്ബർ റോഡിലുള്ള കോൺഗ്രസിന്റെ ഈ പഴയ ദേശീയ ആസ്ഥാനത്താണ്.
1978 മുതൽ കോൺഗ്രസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ ബംഗ്ലാവ് ഇന്ദിരാഗാന്ധിയുടെ കാലം മുതലുള്ള പാർട്ടിയുടെ അധികാര കേന്ദ്രമാണ്. രാഷ്ട്രീയ പാർട്ടികൾക്ക് സ്വന്തമായി ഭൂമി അനുവദിച്ചു കഴിഞ്ഞാൽ, നിലവിൽ കൈവശം വെച്ചിരിക്കുന്ന സർക്കാർ ബംഗ്ലാവുകൾ നിശ്ചിത സമയത്തിനകം തിരികെ നൽകണമെന്ന ചട്ടപ്രകാരമാണ് നടപടി.
കോൺഗ്രസിന് കോട്ല റോഡിൽ ആസ്ഥാന മന്ദിരം പണിയാൻ ഭൂമി അനുവദിച്ചിട്ടുണ്ടെന്നും കാലാവധി കഴിഞ്ഞിട്ടും പഴയ ബംഗ്ലാവ് കൈമാറിയില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ പ്രധാന തെരഞ്ഞെടുപ്പുകൾ പടിവാതിൽക്കൽ നിൽക്കെ പാർട്ടിയെ പ്രതിസന്ധിയിലാക്കാനുള്ള രാഷ്ട്രീയ നീക്കമാണിതെന്ന് കോൺഗ്രസ് ആരോപിച്ചു.
പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന് പാർട്ടി ആവശ്യപ്പെട്ടു. മാർച്ച് 28-നകം ഒഴിഞ്ഞില്ലെങ്കിൽ ബലം പ്രയോഗിച്ചുള്ള കുടിയൊഴിപ്പിക്കൽ നടപടികളിലേക്ക് കാര്യങ്ങൾ നീങ്ങിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
Kerala
ആലപ്പുഴ: അമ്പലപ്പുഴയിലെ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരനെ പുകഴ്ത്തി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സുധാകരന്റെ രാഷ്ട്രീയ ജീവിതം സുതാര്യമാണെന്നും താൻ കെഎസ്യു പ്രസിഡന്റായിരിക്കമ്പോൾ ആണ് സുധാകരനെ പരിചയപ്പെടുന്നതെന്നും വേണുഗോപാൽ പറഞ്ഞു.
അടർത്തി എടുക്കാൻ പറ്റുന്ന നേതാവല്ല ജി. സുധാകരൻ. അദ്ദേഹം പച്ചയായ മനുഷ്യൻ ആണെന്നും വേണുഗോപാൽ വ്യക്തമാക്കി. കഴിഞ്ഞ തവണ സുധാകരൻ അമ്പലപ്പുഴയിൽ മത്സരിക്കണമെന്ന് ജനങ്ങൾ ആഗ്രഹിച്ചിരുന്നു. പക്ഷേ മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനങ്ങൾ മാത്രമേ പാർട്ടിയിൽ നടക്കുവെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് മണ്ഡലം ആയിരുന്ന അമ്പലപ്പുഴ. സുധാകരനിലൂടെയാണ് സിപിഎം മണ്ഡലം പിടിച്ചെടുത്തതെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലേക്ക് 31 സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടികയ്ക്ക് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതിയോഗത്തിന്റെ അംഗീകാരം. സിറ്റിംഗ് എംഎൽഎമാരിൽ മൂന്ന് പേർ ഒഴികെയുള്ളവർക്ക് സീറ്റ് ധാരണയായി.
ലൈംഗികാതിക്രമ കേസിൽപെട്ട പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ, തൃപ്പുണ്ണിത്തുറ എംഎൽഎ കെ. ബാബു, പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി എന്നിവരാണ് പട്ടികയിൽ ഉൾപ്പെടാത്തത്.
തൃപ്പുണ്ണിത്തുറ എംഎൽഎ കെ. ബാബു നേരത്തെ മത്സരിക്കുന്നില്ലെന്ന് അറിയിച്ചിരുന്നു. എൽദോസ് കുന്നപ്പിള്ളിയുടെ കാര്യത്തിൽ തീരുമാനം അടുത്ത യോഗത്തിലാകും. എൽദോസ് കുന്നപ്പിള്ളിയുടെ കേസിന്റെ വിശദാംശങ്ങൾ പരിശോധിച്ചായിരിക്കും തീരുമാനം.
തിരുവനന്തപുരം
വട്ടിയൂർക്കാവ്-കെ. മുരളീധരൻ
കോവളം-എം. വിൻസെന്റ്
കൊല്ലം
കരുനാഗപ്പള്ളി-സി.ആർ. മഹേഷ്
കുണ്ടറ-പി.സി. വിഷ്ണുനാഥ്
കൊട്ടാരക്കര-ഐഷ പോറ്റി
പത്തനാപുരം-ജ്യോതികുമാർ ചാമക്കാല
ആലപ്പുഴ
ഹരിപ്പാട്-രമേശ് ചെന്നിത്തല
കോട്ടയം
കോട്ടയം-തിരുവഞ്ചൂർ രാധാകൃഷ്ണൻ
പുതുപ്പള്ളി-ചാണ്ടി ഉമ്മൻ
എറണാകുളം
അങ്കമാലി-റോജി എം. ജോൺ
ആലുവ-അൻവർ സാദത്ത്
പറവൂർ-വി.ഡി. സതീശൻ
എറണാകുളം-ടി.ജെ. വിനോദ്
തൃക്കാക്കര-ഉമ തോമസ്
മൂവാറ്റുപുഴ-മാത്യു കുഴൽനാടൻ
കുന്നത്തുനാട്-വി.പി. സജീന്ദ്രൻ
തൃശൂർ
ചാലക്കുടി-സനീഷ് കുമാർ ജോസഫ്
കൊടുങ്ങല്ലൂർ-ഒ.ജെ. ജനീഷ്
മണലൂർ-ടി.എൻ. പ്രതാപൻ
പാലക്കാട്
തൃത്താല-വി.ടി. ബൽറാം
മലപ്പുറം
പൊന്നാനി-കെ.നൗഷാദലി
വണ്ടൂർ-എ.പി. അനിൽകുമാർ
നിലമ്പൂർ-ആര്യാടൻ ഷൗക്കത്ത്
കോഴിക്കോട്
കൊയിലാണ്ടി-കെ. പ്രവീൺകുമാർ
നാദാപുരം-കെ.എം. അഭിജിത്ത്
കോഴിക്കോട് നോർത്ത്-കെ. ജയന്ത്
എലത്തൂർ-വിദ്യ ബാലകൃഷ്ണൻ
വയനാട്
സുൽത്താൻ ബത്തേരി-ഐ.സി. ബാലകൃഷ്ണൻ
കൽപറ്റ-ടി. സിദ്ദിഖ്
കണ്ണൂർ
പേരാവൂർ- സണ്ണി ജോസഫ്
ഇരിക്കൂർ-സജീവ് ജോസഫ്
National
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് ഹോളി ആഘോഷിച്ച് രാഹുൽ ഗാന്ധി. പ്രവർത്തകർക്കൊപ്പമാണ് രാഹുൽ ഹോളി ആഘോഷിച്ചത്.
നിറങ്ങളുടെയും സ്നേഹത്തിന്റെയും ഉത്സവമായ ഹോളിയിൽ നിങ്ങൾക്കെല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകളെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
ഹോളിയുടെ നിറങ്ങൾ നിങ്ങളുടെ ജീവിതത്തിൽ പുതിയ പ്രതീക്ഷകളും പുതിയ ഉത്സാഹവും എണ്ണമറ്റ സന്തോഷവും നിറയ്ക്കട്ടെയെന്നും രാഹുൽ പറഞ്ഞു.
അതേസമയം കേരളത്തിൽ കോൺഗ്രസ് വലിയ തിരിച്ചുവരവ് നടത്തുമെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു. പത്ത് വർഷത്തിനുശേഷമുള്ള തിരിച്ചുവരവിൽ വൻ ഭൂരിപക്ഷം നേടുമെന്നും എഐസിസി നിരീക്ഷകനായ സച്ചിൻ പൈലറ്റ് പറഞ്ഞു.
Kerala
ആലപ്പുഴ: ജനങ്ങൾക്ക് മുന്നിൽ ഒറ്റപ്പെട്ട് നിൽക്കുന്ന ആരോഗ്യമന്ത്രി വീണാ ജോർജിന് സിമ്പതിയുണ്ടാക്കാൻ മുഖ്യമന്ത്രി നടത്തിയ നാടകമാണ് കണ്ണൂരിലെ സംഭവമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി . പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് ആലപ്പുഴയിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരെയും ശാരീരികമായി ഉപദ്രവിക്കുകയെന്നത് കോൺഗ്രസിന്റെ അജണ്ടയല്ല. മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടെങ്കിൽ പോലീസിന്റെ പക്കലുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണം. ഒരു നുണ നൂറ് വട്ടം പറഞ്ഞ് സത്യമാക്കാൻ നോക്കുകയാണെന്നും വേണുഗോപാൽ പറഞ്ഞു.
ആലപ്പുഴയിൽ സ്ത്രീയുടെ വയറ്റിൽ അഞ്ച് വർഷം മെഡിക്കൽ ഉപകരണം കുടുങ്ങിയിട്ടും അറിയാത്തവർ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മാത്രമാണ്. തുടർഭരണം കിട്ടില്ലെന്നായപ്പോൾ അവസാന നിമിഷം ശമ്പള പരിഷ്ക്കരണമടക്കം പ്രഖ്യാപിക്കുന്നത് എന്തിനാണെന്ന് ജനം തിരിച്ചറിയുമെന്നും വേണുഗോപാൽ പറഞ്ഞു.
ഇത് പാവപ്പെട്ടവന്റെ സർക്കാരാണെന്ന് ഒരു യഥാർഥ കമ്മ്യണിസ്റ്റുകാരനും പറയില്ല. അധികാരത്തിനു വേണ്ടി എന്തും ചെയ്യുന്നവരുടെ സർക്കാരായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട പട്ടികയിൽ 50 സ്ഥാനാർഥികൾ. സിറ്റിംഗ് എംഎൽഎമാരുടെയും ജയസാധ്യതയുള്ള എ ക്ലാസ് മണ്ഡലങ്ങളും അടക്കമുള്ള 50 മണ്ഡലങ്ങളിലാണ് ഒറ്റപ്പേരിലേക്ക് കോണ്‍ഗ്രസ് എത്തിയത്.
ഇതു വൈകാതെ ഹൈക്കമാൻഡിനു കൈമാറും. മത്സര രംഗത്തുള്ള തലയെടുപ്പുള്ള നേതാക്കളെല്ലാം പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ആദ്യഘട്ട പട്ടിക വൈകാതെ ഹൈക്കമാൻഡിന് പ്രഖ്യാപിക്കാൻ കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എംപി തുടങ്ങിയവർ അടുത്ത ദിവസങ്ങളിൽ കേരളത്തിൽ എത്തുന്നുണ്ട്. ആദ്യഘട്ട സ്ഥാനാർഥി പട്ടിക സംബന്ധിച്ച് രാഹുൽ ഗാന്ധിയുമായും മുതിർന്ന നേതാക്കൾ ചർച്ച നടത്തും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗയാത്ര ഇന്ന് ഒൻപതാമത് ജില്ലയിലേക്ക് കടക്കുകയാണ്. യാത്രയ്ക്കു ലഭിക്കുന്ന വൻ സ്വീകരണം യുഡിഎഫിന് വലിയ വിജയത്തിന് വഴിയൊരുക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതീക്ഷ. ഇന്നലെ യുഡിഎഫ് സീറ്റ് വിഭജന ചർച്ചകളും നടന്നു. മുസ്ലിം ലീഗുമായിട്ടായിരുന്നു പ്രധാന ചർച്ച.
എന്നാൽ സീറ്റു മാറ്റത്തിലടക്കം അന്തിമ ധാരണയിൽ എത്തിയിട്ടില്ലെന്നാണ് വിവരം. ഇന്ന് ആർഎസ്പി നേതൃത്വവുമായി സീറ്റ് മാറ്റ ചർച്ചകൾ ഇടുക്കിയിൽ നടക്കുന്നുണ്ട്.മട്ടന്നൂരിനും ആറ്റിങ്ങലിനും പകരമാണ് ആർഎസ്പി സീറ്റ് ചോദിച്ചിട്ടുള്ളത്. ചവറ, ഇരവിപുരം, കുന്നത്തൂർ എന്നിവയാണ് ആർഎസ്പി മത്സരിച്ച മറ്റു മണ്ഡലങ്ങൾ.
National
ന്യൂഡൽഹി: കേരളത്തിലെ കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന പ്രസ്താവനകൾ നടത്തിയ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മണിശങ്കർ അയ്യറിൽനിന്ന് അകലം പാലിച്ചു ദേശീയ നേതൃത്വം.
തിരുവനന്തപുരത്ത് കേരള പ്ലാനിംഗ് ബോർഡ് സംഘടിപ്പിച്ച പരിപാടിയിൽ സിപിഎമ്മിനെയും പിണറായി വിജയനെയും പ്രകീർത്തിക്കുന്ന പരാമർശങ്ങൾ നടത്തിയ മുതിർന്ന കോണ്‍ഗ്രസ് നേതാവിന്റെ വാക്കുകൾ പാർട്ടിയുടെ ഔദ്യോഗിക ഭാഷ്യമല്ലെന്ന് എഐസിസി നേതൃത്വം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ‘വിഷൻ 2031: വികസനവും ജനാധിപത്യവും’ എന്ന പരിപാടിയിൽ പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയായി അധികാരത്തിലെത്തുമെന്നു പറഞ്ഞ മണിശങ്കർ അയ്യർ സിപിഎമ്മിന്റെ ഭരണനേട്ടങ്ങളെ പുകഴ്ത്തുന്ന പ്രസ്താവനകളും നടത്തിയിരുന്നു.
ഇതിനുപിന്നാലെ എഐസിസിയുടെ മാധ്യമവിഭാഗം തലവനും പ്രവർത്തകസമിതി അംഗവുമായ പവൻ ഖേര മണിശങ്കർ അയ്യർക്കു കഴിഞ്ഞ കുറച്ച് വർഷങ്ങളായി കോണ്‍ഗ്രസുമായി ബന്ധമില്ലെന്നും അദ്ദേഹത്തിന്റെ വാക്കുകളും എഴുത്തുകളും സ്വന്തം നിലയിലാണെന്നും എക്സിൽ കുറിപ്പെഴുതിയിരുന്നു.
ഈ സംഭവവികാസങ്ങൾക്കുശേഷം കോണ്‍ഗ്രസ് നേതാക്കൾക്കെതിരേ വിമർശനവും കേരള സർക്കാരിന് പ്രശംസയുമായി മണിശങ്കർ അയ്യർ വീണ്ടും രംഗത്തുവന്നു.
ശശി തരൂർ, കെ.സി. വേണുഗോപാൽ, ജയ്റാം രമേശ്, പവൻ ഖേര തുടങ്ങിയവർക്കെതിരേ രൂക്ഷമായ ഭാഷയിലാണ് മണിശങ്കർ അയ്യർ വിമർശനമുന്നയിച്ചിട്ടുള്ളത്. മണിശങ്കർ അയ്യറുടെ പ്രസ്താവനകളെ കേരളത്തിലെ മുതിർന്ന കോണ്‍ഗ്രസ് നേതാക്കളും തള്ളിയിട്ടുണ്ട്.
National
ന്യൂഡല്‍ഹി: ശശി തരൂര്‍ ഒരു മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന നിർണായക യോഗത്തില്‍ നിന്ന് ശശി തരൂര്‍ വിട്ടുനിന്ന പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.
കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കേണ്ടതിനാലാണ് തരൂര്‍ യോഗത്തിന് എത്താത്തതെന്ന് ചെന്നിത്തല പറഞ്ഞു. ഈ പരിപാടി മാസങ്ങള്‍ക്ക് മുമ്പ് നിശ്ചയിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. തരൂര്‍ ഒരു മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനല്ലെന്നും, അദ്ദേഹത്തിന് മറ്റ് തിരക്കുകളും മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളും ഉണ്ടെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. അതുകൊണ്ടാണ് ഡല്‍ഹിയിലെ തന്ത്രപ്രധാനമായ യോഗത്തില്‍ അദ്ദേഹത്തിന് പങ്കെടുക്കാന്‍ കഴിയാതിരുന്നത്.
തരൂരിന്റെ അസാന്നിധ്യത്തില്‍ യാതൊരുവിധ ആശയക്കുഴപ്പവുമില്ലെന്ന് പറഞ്ഞ ചെന്നിത്തല, അദ്ദേഹം പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായി തുടരുമെന്നും ഓര്‍മ്മിപ്പിച്ചു. വയനാട്ടിലും കൊച്ചിയിലും നടന്ന പാര്‍ട്ടി പരിപാടികളില്‍ അദ്ദേഹം പങ്കെടുത്ത കാര്യവും ചെന്നിത്തല ചൂണ്ടിക്കാട്ടി.
തരൂരിനെപ്പോലെയുള്ള ഒരു ആഗോള പൗരന് അദ്ദേഹത്തിന്റേതായ മറ്റ് തിരക്കുകള്‍ ഉണ്ടാവുക സ്വാഭാവികമാണെന്നും ചെന്നിത്തല പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയസാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സീറ്റ് വിഭജനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുമാണ് കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ ഡല്‍ഹിയില്‍ ഒത്തുചേര്‍ന്നത്.
National
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വവുമായി ശശി തരൂര്‍ എംപി വീണ്ടും അകലുന്നതായി സൂചന. രാഹുല്‍ ഗാന്ധിയുടെ സമീപകാലത്തെ ചില നിലപാടുകളിലും പാര്‍ട്ടി തീരുമാനങ്ങളിലും അതൃപ്തിയുള്ള തരൂര്‍, ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന നിര്‍ണായകമായ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ നിന്ന് വിട്ടുനിന്നേക്കുമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
രാഹുല്‍ ഗാന്ധി അടുത്തിടെ നടത്തിയ ചില പ്രസ്താവനകളും പാര്‍ട്ടി പുനഃസംഘടനയിലെ അവഗണനയുമാണ് തരൂരിനെ ചൊടിപ്പിച്ചത്. പ്രത്യേകിച്ചും കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും വയനാട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ തനിക്ക് അര്‍ഹമായ പ്രാധാന്യം ലഭിച്ചില്ലെന്നും തരൂര്‍ കരുതുന്നതായാണ് സൂചന.
വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളെക്കുറിച്ചും പാര്‍ലമെന്റിലെ തന്ത്രങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാനാണ് എഐസിസി ആസ്ഥാനത്ത് യോഗം വിളിച്ചിരിക്കുന്നത്. ഇതില്‍ നിന്ന് തരൂരിനെപ്പോലൊരു മുതിര്‍ന്ന നേതാവ് വിട്ടുനില്‍ക്കുന്നത് പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കലഹം വീണ്ടും ചര്‍ച്ചയാകാന്‍ കാരണമാകും.
കോണ്‍ഗ്രസില്‍ അഴിച്ചുപണി വേണമെന്ന് ആവശ്യപ്പെട്ട് മുന്‍പ് രംഗത്തെത്തിയ ജി-23 ഗ്രൂപ്പിലെ പ്രമുഖനായിരുന്നു തരൂര്‍.
ഹൈക്കമാന്‍ഡുമായി പലപ്പോഴും വിയോജിപ്പുകള്‍ പ്രകടിപ്പിക്കാറുള്ള അദ്ദേഹം, സ്വന്തം നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതാണ് ഇപ്പോഴത്തെ വിട്ടുനില്‍ക്കലിനും പിന്നിലെന്ന് കരുതപ്പെടുന്നു. അടുത്തിടെ കോണ്‍ഗ്രസിലെ കുടുംബാധിപത്യത്തെ വിയോജിച്ച് ദേശീയ മാധ്യമങ്ങളില്‍ തരൂര്‍ എഴുതിയ ലേഖനവും ചര്‍ച്ചയായിരുന്നു.
Kerala
തിരുവനന്തപുരം: വിശ്വാസികൾ അല്ലാത്തവർക്ക് ദേവസ്വം ഏൽപിച്ചു കൊടുത്തതിന്റെ ഫലമാണ് ശബരിമലയിൽ നടന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ശക്തമായ സമരം ഉണ്ടാകുമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
ശബരിമലയിൽ നടന്നത് സങ്കൽപിക്കാൻ പോലും കഴിയാത്ത കൊള്ളയാണെന്നും എഐസിസി ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടു. ജനുവരി 19ന് നടക്കുന്ന കോൺഗ്രസിന്റെ മെഗാ പഞ്ചായത്തിൽ രാഹുൽഗാന്ധി പങ്കെടുക്കുമെന്നും കെ.സി. വേണുഗോപാൽ അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കേന്ദ്ര സ്ക്രീനിംഗ് കമ്മിറ്റി അംഗങ്ങൾ ഉടൻ കേരളം സന്ദർശിക്കും. കേരളത്തിലെ ഇലക്ഷൻ കമ്മിറ്റി പട്ടിക നൽകും. ജനുവരി മാസം തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താനാണ് ലക്ഷ്യമിടുന്നതെന്നും കെ.സി. വേണുഗോപാൽ അറിയിച്ചു.
സുനിൽ കനഗുലുവിന്റെ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനാണ് തീരുമാനം. കോൺഗ്രസ് സാമ്പത്തിക പ്രതിസന്ധിയുള്ള പാർട്ടിയാണെന്നും എല്ലാവരും തേങ്ങ ചിരകുമ്പോൾ തങ്ങൾ ചിരട്ടയെങ്കിലും ചിരകണ്ടേയെന്നും അദേഹം ചോദിച്ചു.
ശശി തരൂർ പാർട്ടി ലൈനിൽ പ്രവർത്തിക്കുന്നതിൽ സന്തോഷം അറിയിച്ച എഐസിസി ജനറൽ സെക്രട്ടറി ശശി തരൂർ പാർട്ടിക്ക് വിലപ്പെട്ട നേതാവാണെന്നും കൂട്ടിച്ചേർത്തു.
Kerala
ന്യൂഡൽഹി: കേരളത്തിൽ ആര് മുഖ്യമന്ത്രി ആകുമെന്ന കാര്യത്തെ ചൊല്ലി കോണ്‍ഗ്രസില്‍ തർക്കമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. നേതാക്കൾ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നതില്‍ തെറ്റില്ലെന്നും വേണുഗോപാൽ പറഞ്ഞു. ആർക്ക് വേണമെങ്കിലും ക്ലെയിം ഉന്നയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
താന്‍ അവസരങ്ങള്‍ക്ക് വേണ്ടി കടിപിടി കൂടുന്നയാളല്ലെന്നും പാര്‍ട്ടിക്ക് വേണ്ടി ചെയ്യുന്ന ഒരു കാര്യവും ത്യാഗമല്ലെന്നും കെസി വ്യക്തമാക്കി. പാര്ട്ടിയില്ലെങ്കില് നേതാവില്ലെന്നും വേണുഗോപാൽ പറഞ്ഞു.
എംപിമാര്‍ മത്സരിക്കണോയെന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ആണ്. പഴയ ആളുകളെ മാറ്റി നിര്‍ത്തില്ല. അനുഭവ സമ്പത്തും യുവത്വവുമായിരിക്കും ഘടകങ്ങള്‍ എന്നും വേണുഗോപാൽ പറഞ്ഞു.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദത്തിൽ പി.ജെ. കുര്യനെ കെസി വേണുഗോപാല്‍ തള്ളി. എത്ര ഉന്നത നേതാവായാലും സ്ഥാനാര്‍ഥി നിര്‍ണയം പൊതു ചര്‍ച്ചകളിലേക്ക് കൊണ്ടുവരരുത് എന്നാണ് കെ.സി. വേണുഗോപാൽ പറഞ്ഞത്.
Kerala
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം സ്വയം പ്രഖ്യാപിക്കരുതെന്ന് മുന്നറിയിപ്പുമായി എഐസിസി. കേരളത്തിലെ മുതിർന്ന നേതാക്കളെയടക്കം ഇക്കാര്യം ഓർമിപ്പിക്കണമെന്നും എഐസിസി കെപിസിസിക്ക് നിർദേശം നല്കി. തദ്ദേശതെരഞ്ഞെടുപ്പിലെ യുഡിഎഫിലെ മികച്ച വിജയത്തിന് ശേഷം കോൺഗ്രസിലെ ചില മുതിർന്ന നേതാക്കൾ മത്സരിക്കാൻ തയാറാണെന്നും മത്സരിക്കുന്ന മണ്ഡലങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
മുതിർന്ന നേതാക്കളുടെ പരസ്യപ്രതികരണത്തിനെതിരേ സംസ്ഥാന യൂത്ത് കോൺഗ്രസ് എഐസിസി നേതൃത്വത്തെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ്, സ്ഥാനാർഥി നിർണയത്തിൽ തീരുമാനം എഐസിസി തീരുമാനിക്കുമെന്ന നിലപാട് കെപിസിസിയെ അറിയിച്ചത്. നിലവിൽ, സ്ഥാനാർഥി നിർണയത്തിനുള്ള സ്ക്രീനിംഗ് കമ്മിറ്റി എഐസിസിയാണ് പ്രഖ്യാപിക്കുന്നത്.
കഴിഞ്ഞ തവണ 93 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിച്ചത്. ജയിച്ചത് 21 സീറ്റുകളിലും. നിയമസഭാ മണ്ഡലടിസ്ഥാനത്തിൽ രൂപീകരിച്ച കോർ കമ്മിറ്റികൾ നല്കുന്ന പേരുകൾ പരിഗണിച്ചാണ് സ്ഥാനാർഥി നിർണയം നടത്തുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയസാധ്യത മുന്നിൽ കണ്ട് കാബിനറ്റ് ഉൾപ്പെടെ കോൺഗ്രസ് രൂപീകരിച്ചിരുന്നു. എന്നാൽ, മികച്ച വിജയത്തോടെ ഇടതുസർക്കാർ വീണ്ടും അധികാരത്തിലേറുകയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാല്, അഞ്ച് തീയതികളിൽ ബത്തേരിയിൽ കോൺഗ്രസ് ക്യാന്പ് ചേരുന്നുണ്ട്. കോർ കമ്മിറ്റി, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, എംഎൽഎമാർ, എംപിമാർ, കെപിസിസി ഭാരവാഹികൾ എന്നിവരടക്കം ക്യാന്പിൽ പങ്കെടുക്കുന്നുണ്ട്.
National
ബംഗളുരു: ക്രിസ്മസ് അവധിയോട് അനുബന്ധിച്ച് കേരളത്തിലേക്ക് കൂടുതല്‍ ബസ് സര്‍വീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി. ക്രിസ്മസ് തിരക്ക് പരിഗണിച്ചാണ് കർണാടക ആർടിസി കൂടുതല്‍ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ എംപിയുടെ ഇടപെടലിനെ തുടർന്നാണ് നടപടി. കെ. സി. വേണുഗോപാല്‍ എംപി വിഷയം കര്‍ണാടക സര്‍ക്കാരിനോട് ഉന്നയിച്ചിരുന്നു. ഇതേ തുടർന്നാണ് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചത്.
ശബരിമല തീര്‍ഥാടകരെ കൂടി പരിഗണിച്ച് പത്തനംതിട്ട ഉള്‍പ്പെടെ എട്ട് ജില്ലകളിലേക്കാണ് ബംഗളൂരുവിൽ നിന്ന് പ്രത്യേക ബസ് സര്‍വീസ് നടത്തുക. 24, 25 തീയതികളിലായി 17 ഓളം ബസുകള്‍ പ്രത്യേക സര്‍വീസ് നടത്തും.
എറണാകുളത്തേക്ക് അഞ്ച് ബസുകളും പാലക്കാട്, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് മൂന്നും കോട്ടയം, കണ്ണൂര്‍, പമ്പ എന്നിവിടങ്ങളിലേക്ക് ഓരോ ബസും വീതമാണ് സർവീസ് നടത്തുക.
Kerala
കോട്ടയം: സിപിഎം രാജ്യസഭാ എംപി ജോൺ ബ്രിട്ടാസിനെതിരേ ആഞ്ഞടിച്ച് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല എംഎൽഎ. സിപിഎം-ബിജെപി ബന്ധത്തിലെ ദല്ലാളാണ് ബ്രിട്ടാസ് എന്ന് അദ്ദേഹം ആരോപിച്ചു. കോട്ടയം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര പദ്ധതികൾ സംസ്ഥാനത്ത് ലഭിക്കുന്നതിനായി സാധാരണ ഒരു എംപി ഇടപെട്ടപോലെയല്ല പിഎം ശ്രീ പദ്ധതിയിൽ ബ്രിട്ടാസ് ഇടപെട്ടത്. ഇക്കാര്യം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കിടയിൽ പാലമായി ബ്രിട്ടാസ് പ്രവർത്തിച്ചുവെന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്. മന്ത്രിയുടെ വെളിപ്പെടുത്തലിന് പല മാനങ്ങളുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.
ശബരിമലയുമായി ബന്ധപ്പെട്ട് 500 കോടിയുടെ കൊള്ളയാണ് നടന്നിരിക്കുന്നതെന്നാണ് സംശയിക്കുന്നത്. ഇത് സംബന്ധിച്ച് തന്നോട് ഒരു വ്യവസായി ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു. അദ്ദേഹം തനിക്കറിയാവുന്ന കാര്യങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാൻ തയാറാണെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി കത്ത് നൽകുമെന്നും ചെന്നിത്തല വ്യക്തമാക്കി.
ശബരിമലയിൽ നിന്നും മോഷ്ടിച്ച സ്വർണം പുരാവസ്തു എന്ന പേരിൽ അന്താരാഷ്ട്ര മാർക്കറ്റിൽ വിറ്റതായി സംശയിക്കുന്നുണ്ട്. അന്താരാഷ്ട്ര മാർക്കറ്റിൽ ഇത്തരം അമൂല്യവസ്തുക്കൾക്ക് വലിയ മൂല്യമാണ് ലഭിക്കുന്നത്. ദേവസ്വം മന്ത്രി വി.എൻ.വാസവൻ രാജിവയ്ക്കണമെന്ന നിലപാടിൽ മാറ്റമില്ലെന്നും വാസവനും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തട്ടിപ്പിൽ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
സ്വർണ കൊള്ളയിൽ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎമ്മിനും സർക്കാരിനുമുള്ളത്. സിപിഎമ്മിലെ രണ്ട് നേതാക്കൾ അറസ്റ്റിലായിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. ഇവർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാൻ സിപിഎമ്മിന് ഭയമാണ്. നടപടിയെടുത്താൽ എ. പത്മകുമാർ പല സത്യങ്ങളും വിളിച്ചുപറയുമെന്ന പേടിയാണ് സിപിഎമ്മിനെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
National
മംഗലാപുരം: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും തമ്മില്‍ കൂടിക്കാഴ്ച നടത്തി.
മംഗളൂരു യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. കർണാടകയിൽ മുഖ്യമന്ത്രി കസേരയെ ചൊല്ലി തർക്കം മുറുകുന്നതിനിടെയാണ് കൂടിക്കാഴ്ച.
സിദ്ധരാമയ്യയുടെ പക്ഷത്തെ പ്രമുഖ നേതാക്കള്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. മന്ത്രിമാരായ സമീര്‍ അഹമ്മദ് ഖാന്, ജി. പരമേശ്വര, സതീഷ് ജര്‍കിഹോലി എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. ഡി.കെ. ശിവകുമാറുമായി അടുത്തുനില്ക്കുന്ന ലക്ഷ്മി ഹെബ്ബാള്‍കറും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
സമവായ ശ്രമങ്ങളോട് സിദ്ധരാമയ്യ വിഭാഗവും ഡി.കെ. ശിവകുമാര്‍ വിഭാഗവും വഴങ്ങുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
Kerala
തിരുവനന്തപുരം: ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെയുള്ള പരാതികളിൽ നടപടി കടുപ്പിക്കാനൊരുങ്ങി കോൺഗ്രസ്. ചർച്ചകൾ സജീവമായതോടെ രാഹുലിനെ പുറത്താക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ഇക്കാര്യത്തിൽ പാർട്ടി തീരുമാനം ഉടനുണ്ടായേക്കും.
കെപിസിസി ശിപാര്‍ശയോടെ എഐസിസി ഇതുസംബന്ധിച്ച തീരുമാനമെടുക്കുമെന്നാണ് വിവരം. പുതിയ പരാതികൾ വരുന്നത് നേതൃത്വം ഗൗരവമായാണ് കാണുന്നത്. രാഹുലിനെതിരെ ലഭിച്ച പരാതികളിൽ ഹൈക്കമാന്‍ഡ് വിവരങ്ങള്‍ തേടിയിരുന്നു. കടുത്ത നടപടിയിൽ കെപിസിസിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന സന്ദേശമാണ് ഹൈക്കമാന്‍ഡ് നൽകിയത്. നിലവിൽ രാഹുൽ സസ്പെൻഷനിലാണ്. അതേസമയം, എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെടാൻ പരിമിതിയുണ്ട്.
രാഹുൽ ക്രൂരമായി പീഡിപ്പിച്ചെന്ന് കാണിച്ച് യുവതി നല്കിയ പുതിയ പരാതിയില്‍ കേസെടുക്കുന്ന കാര്യത്തിൽ ഇന്നു തീരുമാനമുണ്ടായേക്കും. അതേസമയം ആറാം ദിവസവും രാഹുൽ ഒളിവിൽ തുടരുകയാണ്. മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി പരിഗണിക്കും.
ജാമ്യാപേക്ഷയിലെ വാദം അടച്ചിട്ട മുറിയിൽ വേണമെന്ന് പ്രോസിക്യൂഷനും രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അനുവദിക്കണോ എന്നതിലാകും ആദ്യവാദം. തനിക്കെതിരായ പരാതിയിലെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദം.
Kerala
ന്യൂഡൽഹി: മുൻ എംപിയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ടി.എൻ. പ്രതാപനെ എഐസിസി സെക്രട്ടറിയായി തെരഞ്ഞെടുത്തു. എഐസിസിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
പുതുച്ചേരിയുടേയും ലക്ഷദ്വീപിന്റെയും ചുമതലയാണ് ഉള്ളത്. 2001 മുതൽ 2011വരെ പഴയ നാട്ടികയിൽ നിന്നും 2011 മുതൽ 2016 വരെ കൊടുങ്ങല്ലൂരിൽ നിന്നും നിയമസഭയിലേയ്ക്ക് വിജയിച്ചിട്ടുണ്ട് പ്രതാപൻ. 2019ൽ തൃശൂരിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.
കെഎസ്യുവിലൂടെ പൊതുരംഗത്ത് വന്ന ടി.എൻ. പ്രതാപൻ യൂണിറ്റ് പ്രസിഡന്റ് മുതൽ സംസ്ഥാന വൈസ്പ്രസിഡന്റ് ഉൾപ്പെടെയുള്ള സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കോൺഗ്രസ് ബൂത്ത്, വാർഡ്, മണ്ഡലം, ബ്ലോക്ക്, ജില്ലാ കമ്മിറ്റികളുടെ പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചു.
കെപിസിസി മെമ്പർ, സെക്രട്ടറി, വർക്കിങ് പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ വഹിച്ച പ്രതാപൻ ഇപ്പോൾ എഐസിസി അംഗം കൂടിയാണ്. മത്സ്യത്തൊഴിലാളി കോൺഗ്രസ് പ്രഥമ ദേശീയ അധ്യക്ഷനായിരുന്നു.
National
ന്യൂഡൽഹി: അടുത്ത വർഷം കേരളത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനാർഥി ഉണ്ടാകില്ലെന്ന് ഹൈക്കാൻഡ്. ഇക്കാര്യം കേരളത്തിലെ നേതാക്കളോട് ഹൈക്കമാൻഡ് വ്യക്തമാക്കി.
ഇതിനായുള്ള വടംവലി പാടില്ലെന്നും നിര്‍ദേശിച്ചു. കേരളത്തിൽ നേതാക്കൾക്കിടയിലെ ഏകോപനം കൂട്ടാൻ സംവിധാനം വരും. എഐസിസി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഉടൻ തുടർനടപടി ഉണ്ടാകും.
പ്രശ്നങ്ങൾ ചർച്ച ചെയ്തു തീർക്കണമെന്ന് നേതാക്കളോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കേരളത്തിലെ സ്ഥാനാർഥി നിർണയം വിജയസാധ്യത മാത്രം നോക്കിയാകും.ഇക്കാര്യത്തിൽ മാനദണ്ഡം എഐസിസി തയ്യാറാക്കും.
കൂട്ടായ നേതൃത്വം എന്ന നിർദേശം കേരളത്തിൽ നടപ്പാവുന്നില്ലെന്ന് എഐസിസി വിമർശിച്ചു. സമര പ്രചാരണങ്ങളിൽ മിക്ക നിർദേശങ്ങളും നടപ്പാക്കുന്നില്ല. മാധ്യമപ്രസ്താവനകൾക്കപ്പുറം താഴെത്തട്ടിൽ പ്രവർത്തനം പോരാ. സ്വന്തം പ്രതിച്ഛായ നിർമിതിയിൽ മാത്രമാണ് നേതാക്കൾ കൂടുതൽ ശ്രദ്ധ നൽകുന്നതെന്നും വിമര്‍ശനമുണ്ട്.