മുഖ്യമന്ത്രി സി. ജോസഫ് വിജയ്
ചെന്നൈ: തമിഴ്നാട്ടിൽ കൂടുതൽ ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. സ്ത്രീകളുടെ സൗജന്യ ബസ് യാത്രാ പദ്ധതിയായ 'വെട്രി പയന തിട്ടം' കൂടുതൽ ബസുകളിലേക്ക് വിപുലീകരിച്ചു. ഗാന്ധിജയന്തി ദിനം മുതൽ നഗരങ്ങളിലും മെട്രോപ്പോലീത്തൻ പ്രദേശങ്ങളിലും ഡീലക്സ്, ലിമിറ്റഡ് സ്റ്റോപ്പ്, എക്സ്പ്രസ് ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതായി മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചു. പ്രതിവർഷം 6,000 കോടി രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. നിലവിൽ ഓർഡിനറി, സിറ്റി ബസുകളിലാണ് ഈ ആനുകൂല്യം ഉള്ളത്.
രണ്ടര ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്ക് അടുത്ത പൊങ്കൽ മുതൽ മൂന്ന് സൗജന്യ ഗ്യാസ് സിലിണ്ടറുകൾ നൽകുമെന്ന് വിജയ് പ്രഖ്യാപിച്ചു. 1.34 കോടി കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന ഈ പദ്ധതിയുടെ തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാഞ്ചീപുരത്തെ പരന്തൂർ വിമാനത്താവള പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. കർഷകർ രാജ്യത്തിന്റെ നട്ടെല്ലാണെന്നും, ചെന്നൈയിൽ മറ്റൊരു സ്ഥലത്ത് പുതിയ വിമാനത്താവളം നിർമിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇതിനുപുറമെ, നിലവിലെ ചെന്നൈ വിമാനത്താവളത്തിൽ അഞ്ചാമത്തെ ടെർമിനൽ നിർമിക്കുമെന്നും വിജയ് അറിയിച്ചു.
പരന്തൂറിലെ 13 ഗ്രാമങ്ങളിലെ 5,746 ഏക്കറിൽ 29,400 കോടി രൂപ ചിലവിൽ വിമാനത്താവളം നിർമിക്കാനായിരുന്നു മുൻ സർക്കാരിന്റെ പദ്ധതി. കർഷക സമരം അവഗണിച്ച് സ്ഥലം ഏറ്റെടുപ്പുമായി മുന്നോട്ടുപോയ പദ്ധതിക്കെതിരെ 2025 ജനുവരിയിൽ വിജയ് നേരിട്ട് സമരമുഖത്ത് എത്തിയതോടെയാണ് വിഷയം ദേശീയശ്രദ്ധ നേടിയത്.
Tags : Deepika BreakingNews ChiefMinisterVijay WelfareScheme