വിമല ദേവി, രാജേഷ്
കുരുക്ഷേത്ര: ഹരിയാനയിലെ കുരുക്ഷേത്രയിൽ ഭർത്താവിനെ കൊലപ്പെടുത്തി വയർകീറി ആന്തരികാവയവങ്ങൾ പുറത്തെടുത്ത് ഭാര്യ. ഉത്തർപ്രദേശ് സീതാപുർ സ്വദേശിയായ രാജേഷ് ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ രാജേഷിന്‍റെ ഭാര്യ വിമല ദേവിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകം പുറത്തറിഞ്ഞതിന് പിന്നാലെ വീടിന്‍റെ ടെറസിൽനിന്ന് ചാടി പരിക്കേറ്റ പ്രതി നിലവിൽ ചികിത്സയിലാണ്. ആരോഗ്യനില മെച്ചപ്പെട്ടാൽ മാത്രമേ പ്രതിയിൽനിന്ന് കൂടുതൽ മൊഴിയെടുക്കാൻ സാധിക്കൂ എന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചോടെ ദമ്പതിമാർ താമസിച്ചിരുന്ന വാടകവീട്ടിലായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. ദമ്പതിമാർ തമ്മിൽവഴക്കുണ്ടായിരുന്നതായി വീട്ടുടമ റിങ്കു പോലീസിന് മൊഴി നൽകി.
വഴക്കിനിടയിൽ ശബ്ദം കേട്ട് റിങ്കു വീടിന്‍റെ ടെറസിൽ എത്തിനോക്കിയപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന രാജേഷിനെ കണ്ടത്. വയറിൽ ഗുരുതരമായി പരിക്കേറ്റ് കിടക്കുന്ന രാജേഷിന്‍റെ വയർ കീറി കുടൽമാല പുറത്തെടുക്കുന്ന ഭീകരമായ കാഴ്ച്ചയാണ് വീട്ടുടമ കണ്ടത്. അല്പസമയത്തിനുശേഷം റിങ്കുവിനെ കണ്ടതോടെ പരിഭ്രാന്തയായ യുവതി വീടിന്‍റെ ടെറസിൽനിന്ന് താഴേക്ക് ചാടുകയായിരുന്നു. പരിക്കേറ്റ യുവതിയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് 35 സെന്‍റിമീറ്ററോളമുള്ള ആഴത്തിലാണ് രാജേഷിന്‍റെ വയർ കീറിയിരിക്കുന്നതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. യുവാവിന്‍റെ കരളിന്‍റെ ഒരുഭാഗവും ഒരു വൃക്കയും കാണാനില്ലെന്നും പോസ്റ്റ്മോർട്ടം പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് മൂന്ന് കത്തികൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
വിമലാദേവിയും രാജേഷും തമ്മിൽ ഇടയ്ക്കിടെ വഴക്കിടാറുണ്ടായിരുന്നുവെന്ന് വീട്ടുടമ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. വിമലാദേവി ബാധയൊഴിപ്പിക്കൽ, മന്ത്രവാദം തുടങ്ങിയ ആചാരങ്ങളും പരമ്പരാഗത ചികിത്സയും നടത്തിയിരുന്നതായും ഇയാൾ പറഞ്ഞു.
വർഷങ്ങൾക്ക് മുൻപ് വിവാഹിതരായ ദമ്പതിമാർക്ക് മക്കളില്ലായിരുന്നു. ദുർമന്ത്രവാദത്തിന്‍റെയോ അന്ധവിശ്വാസത്തിന്‍റെയോ ഭാഗമായാണോ യുവതി ഭർത്താവിന്‍റെ ആന്തരികാവയവങ്ങൾ പുറത്തെടുത്തതെന്ന കോണിലും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
Tags : Wife Husband CutsBody Deepika DeepikaNewspaper BreakingNews NewsUpdate Headlines