നടൻ കൊച്ചിൻ ഹനീഫയുടെ കുടംബം പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിൽ നിന്നും
മലയാളത്തിന്റെ പ്രിയനടൻ കൊച്ചിൻ ഹനീഫയുടെ കുടുംബം പുതിയ വീട്ടിലേയ്ക്ക് താമസം മാറി. 16 വർഷത്തെ വാടകവീട്ടിലെ താമസത്തിന് ശേഷമാണ് താരത്തിന്റെ ഭാര്യയും ഇരട്ടകളായ രണ്ട് പെൺമക്കളും വെണ്ണലയിലെ വീട്ടിലേയ്ക്ക് താമസം മാറിയത്.
കൊച്ചി വെണ്ണല അംബേദ്കർ റോഡിലാണ് ‘കൊച്ചിൻ ഹനീഫാസ് എബി മൻസിൽ’ എന്ന പേരിലുള്ള വീട് പണി കഴിപ്പിച്ചിരിക്കുന്നത്. പിതാവ് എബി മുഹമ്മദിന്റെ പേരിലാകണം തന്റെ വീടെന്നത് കൊച്ചിൻ ഹനീഫയുടെ എക്കാലത്തെയും വലിയ ആഗ്രഹമായിരുന്നു.
അഞ്ച് ബെഡ്റൂം ഉൾപ്പടെയുള്ള വീട്ടിൽ ഹനീഫയുടെ ഭാര്യ ഫാസിലയ്ക്കും മക്കളായ സഫയ്ക്കും മർവയ്ക്കും കഴിയാം. വീടിന്റെ ഗൃഹപ്രവേശന ചടങ്ങിൽ നടൻ ദിലീപും ഹരീശ്രീ അശോകനുമടക്കമുള്ളവർ പങ്കെടുത്തു.
മക്കളായ സഫയും മർവയും ചേർന്നാണ് ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്.
തലശേരിക്കാരിയായ ഫാസീല ഹനീഫയുടെ മരണശേഷം ബന്ധുക്കൾ നിർബന്ധിച്ചിട്ടും നാട്ടിലേക്ക് മടങ്ങാൻ കൂട്ടാക്കിയില്ല. പേരിന് മുമ്പ് നാടിനെ ചേർത്തുവച്ച വലിയ കലാകാരന്റെ ഓർമകൾ ഈ മണ്ണിൽ തന്നെ ഉണ്ടാകണമെന്ന ആഗ്രഹമായിരുന്നു ഫാസിലയ്ക്ക്. 16 കൊല്ലം കടവന്തറയിലെ വാടക വീട്ടിൽ താമസിച്ച കുടുംബം ഒടുവിൽ കൊച്ചിൻ ഹനീഫുയുടെ ആഗ്രഹപ്രകാരം കൊച്ചിയിൽ തന്നെ വീട് നിർമ്മിക്കുകയായിരുന്നു.
ഹനീഫയുടെ കുടുംബത്തിന് അവശ്യഘട്ടങ്ങളിൽ താങ്ങായി എത്തിയത് നടൻ ദിലീപായിരുന്നു. സഹായത്തിനായി ആർക്കുമുന്നിലും കൈനീട്ടാത്ത കൊച്ചിൻ ഹനീഫയുടെ സ്വഭാവം അറിയാമായിരുന്ന ദിലീപ് കുടുംബത്തിന് സ്ഥിരവരുമാനം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കിയിരുന്നു. ഹനീഫയുടെ ഇന്നോവ കാർ തന്റെ സിനിമ സെറ്റുകളിൽ ഓടാൻ അനുവദിക്കണമെന്ന് ദിലീപ് പറഞ്ഞു.
ഇതിലൂടെ ദിലീപ് കരുതിയത് ഹനീഫയുടെ കുടുംബത്തിന് ഒരു സ്ഥിര വരുമാനം ലഭിക്കുക എന്നതായിരുന്നു.
Tags : Cochin Haneefa Dileep b house movie news