ചിത്രത്തിൽ നിന്നും
ആഗോള ബോക്സ് ഓഫീസിൽ ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറിയ സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ 'ദി ഒഡീസി' ഒടിടി റിലീസിനൊരുങ്ങുന്നു. ഗ്രീക്ക് ഇതിഹാസകൃതിയെ ആധാരമാക്കി നോളൻ ഒരുക്കിയ ഈ മാസ്റ്റർപീസ് ലോകമെങ്ങുമുള്ള സിനിമാപ്രേമികൾ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ജൂലൈ 17-ന് തിയറ്ററുകളിൽ എത്തിയ ചിത്രം ഇതിനകം ആഗോള ബോക്സ് ഓഫീസിൽ 1.78 ബില്യൺ ഡോളർ വാരിക്കൂട്ടി.
സിനിമാപ്രേമികൾ ആഴ്ചകളായി കാത്തിരുന്ന ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി അണിയറപ്രവർത്തകർ പ്രഖ്യാപിച്ചു. നവംബർ 17 മുതൽ പ്രൈം വീഡിയോ, ആപ്പിൾ ടിവി തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ ചിത്രം റെന്റിനും പർച്ചേസിനുമായി ലഭ്യമാകും. റെന്റ്, പർച്ചേസ് സമയം കഴിഞ്ഞിട്ടായിരിക്കും അതത് പ്ലാറ്റ്ഫോമുകളിലെ സാധാരണ സബ്സ്ക്രൈബർമാർക്കായുള്ള ഒടിടി സ്ട്രീമിംഗ് ആരംഭിക്കുക.
തന്റെ സിനിമകളുടെ ബിഗ് സ്ക്രീൻ അനുഭവത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്ന സംവിധായകനാണ് ക്രിസ്റ്റഫർ നോളൻ. നിർമാതാക്കളായ യൂണിവേഴ്സൽ പിക്ചേഴ്സുമായി ചേർന്ന് മിനിമം 120 ദിവസത്തെ ഒടിടി വിൻഡോയാണ് അദ്ദേഹം ചിത്രത്തിനായി നേടിയെടുത്തിരിക്കുന്നത്. കോവിഡ് കാലത്തിനു ശേഷം ഹോളിവുഡ് ചിത്രങ്ങൾക്ക് പോലും ഇത്രയും വലിയ തിയറ്റർ റൺ ലഭിക്കുന്നത് അപൂർവമാണ്. ഒടിടിയിൽ എത്തുംവരെ ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരും.
ഹോമർ എഴുതിയ ഗ്രീക്ക് ഇതിഹാസ കാവ്യമായ ഒഡീസിയോട് ക്രിസ്റ്റഫർ നോളൻ നടത്തിയ ദൃശ്യവിരുന്നാണ് ഈ ചിത്രം. ഐമാക്സ് കാമറകളിൽ ചിത്രീകരിച്ച ആദ്യ ഫീച്ചർ ചിത്രം കൂടിയാണിത്. മാറ്റ് ഡാമൺ ഒഡീസിയസ് ആയി എത്തിയ ചിത്രത്തിന്റെ ഫാന്റസി ഘടകങ്ങളും വിഷ്വൽ അനുഭവവും പ്രേക്ഷകരെ വിസ്മയിപ്പിച്ചു.
ഏകദേശം 250 മില്യൺ ഡോളർ (2411 കോടി രൂപ) ബജറ്റിൽ ഒരുങ്ങിയ ചിത്രം, റിലീസ് വാരാന്ത്യത്തിൽ മാത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് നേടിയത് 264 മില്യൺ ഡോളറാണ് (2546 കോടി രൂപ). ഹോളിവുഡ് ബോക്സ് ഓഫീസിലെ സകല കണക്കുകളും തിരുത്തിയെഴുതി മുന്നേറുന്ന ദി ഒഡീസിയുടെ ഡിജിറ്റൽ റിലീസിനായുള്ള കാത്തിരിപ്പിലാണ് സിനിമാലോകം.
Tags : ChristopherNolan TheOdyssey OTT