മമിത ബൈജു.
തനിക്കെതിരേ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളോടു പ്രതികരിച്ചു യുവതാരം മമിത ബൈജു. തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും കുടുംബാംഗങ്ങളെക്കുറിച്ചും ഓൺലൈനിൽ പ്രചരിച്ച അവകാശവാദത്തോടായിരുന്നു താരത്തിന്റെ രസകരമായ പ്രതികരണം.
മമിതയുടെ സഹോദരൻ മിഥുൻ ബൈജുവാണ് നടിയുടെ പ്രണയവും വിവാഹവുമടക്കമുള്ള ജീവിതത്തിലെ നിർണായക തീരുമാനങ്ങളെല്ലാം എടുക്കുന്നത്, എന്ന തരത്തിൽ അടുത്തിടെ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പ്രചരിച്ചിരുന്നു. ഈ വാർത്തയുടെ കമന്റ് ബോക്സിലാണ് മമിത തന്റെ അത്ഭുതം രേഖപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയത്. 'whaaat?!' എന്നെഴുതിയ ഒരു മിനിയൻ സ്റ്റിക്കർ പങ്കുവച്ചാണു താരം പ്രതികരിച്ചത്.
കരിയറിൽ മികച്ച വിജയങ്ങളിലൂടെ മുന്നേറുന്ന വർഷമാണ് മമിതയുടേത്. ധനുഷിനൊപ്പം അഭിനയിച്ച 'കാര' എന്ന ചിത്രത്തിനു സമ്മിശ്ര പ്രതികരണങ്ങളാണു ലഭിച്ചതെങ്കിലും, തുടർന്നെത്തിയ താരത്തിന്റെ ചിത്രങ്ങളെല്ലാം ആഗോള ബോക്സ് ഓഫീസിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്. ദീപിക പദുകോൺ, ആലിയ ഭട്ട് എന്നിവർക്കുശേഷം ഒരേ വർഷം തുടർച്ചയായി 250 കോടിയിലധികം കളക്ഷൻ നേടുന്ന ചിത്രങ്ങളുടെ ഭാഗമാകുന്ന മൂന്നാമത്തെ ഇന്ത്യൻ നടിയെന്ന നേട്ടവും മമിത സ്വന്തമാക്കി.
നിവിൻ പോളിക്കൊപ്പമുള്ള 'ബെത്ലഹേം കുടുംബ യൂണിറ്റ്', സൂര്യക്കൊപ്പമുള്ള 'വിശ്വനാഥ് ആൻഡ് സൺസ്' തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം താരത്തിനു വലിയ പ്രശംസ നേടിക്കൊടുത്തിരുന്നു. 'ബെത്ലഹേം കുടുംബ യൂണിറ്റ്' എക്കാലത്തെയും വലിയ കളക്ഷൻ നേടുന്ന മലയാള ചിത്രമായി മാറുകയും ചെയ്തു.
വിഷ്ണു വിശാലിനൊപ്പം 'ഇരുണ്ട് വാനം', സംഗീത് പ്രതാപിനൊപ്പം 'ഹലോ ഡിയർ', അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം എന്നിവയാണ് മമിതയുടേതായി അണിയറയിൽ ഒരുങ്ങുന്ന പ്രധാന ചിത്രങ്ങൾ.
Tags : Entertainment MamithaBaiju FilmNews