സിനിമയുടെ അണിയറപ്രവർത്തകർ പങ്കുവച്ച ചിത്രം
ആസിഫ് അലിയും സംവിധായകൻ ജിസ് ജോയിയും വീണ്ടും ഒന്നിക്കുന്ന 'കോട്ടയം ബെൽറ്റ്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ഇരുവരുടെയും ആറാം വരവിലൊരുങ്ങുന്ന ഈ ചിത്രം ഒരു ഫാമിലി ത്രില്ലർ ജോണറിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണ് ഷൂട്ടിംഗ് പാക്കപ്പ് ആയ വിവരം അറിയിച്ചത്.
നാല് സഹോദരങ്ങളുടെ ജീവിതകഥയും അവരുടെ ജീവിതത്തിലെ സംഘർഷഭരിതമായ മുഹൂർത്തങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. കുടുംബബന്ധങ്ങൾക്കും അധികാരപ്പോരാട്ടങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ട് ത്രില്ലറിന്റെ ചടുലതയോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഇതിനോടകം തന്നെ സിനിമ പ്രേമികളുടെ ഇടയിൽ വലിയ പ്രതീക്ഷ ഉയർത്തിയിട്ടുള്ള ചിത്രത്തിന്റെ വിതരണാവകാശം ഐ.എം.പി. ഫിലിംസിനാണ് ലഭിച്ചിരിക്കുന്നത്.
ആസിഫ് അലിക്കൊപ്പം പ്രമുഖരായ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. വിജയരാഘവൻ, ജഗദീഷ്, അശോകൻ, ഷൈൻ ടോം ചാക്കോ, ബോബി കുര്യൻ, വിഷ്ണു അഗസ്ത്യ, അലൻസിയർ, ശ്രീകാന്ത് മുരളി, പ്രേംപ്രകാശ്, വിനീത്, ജിനു ജോസഫ്, ചെമ്പിൽ അശോകൻ, രഞ്ജിത്ത് ശേഖർ, ജിയോ ബേബി, രഞ്ജി പണിക്കർ, വിജയ് സത്യ (പശുപതി), മഹേന്ദ്ര തുടങ്ങി നീണ്ട നിരയാണ് ചിത്രത്തിലുള്ളത്. കൂടാതെ ശ്രുതി രാമചന്ദ്രൻ, ശരണ്യ രാമചന്ദ്രൻ, സാന്ദ്ര ചന്ദ്രൻ, എയ്ക ദേവ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
'1983', 'ക്വീൻ', 'കാണെക്കാണെ' തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളുടെ നിർമാതാവായ ടി.ആർ. ഷംസുദ്ദീനും വേണു ഗോപാലകൃഷ്ണനും ചേർന്നാണ് 'കോട്ടയം ബെൽറ്റ്' നിർമിക്കുന്നത്. ഡ്രീം ക്യാച്ചർ പ്രൊഡക്ഷൻ കമ്പനിയുടെ അഞ്ചാമത്തെ ചിത്രമാണിത്. സുരേഷ് ഗോപാലന്റെതാണ് ചിത്രത്തിന്റെ തിരക്കഥ. ബോബി ആൻഡ് സഞ്ജയ് ടീം ചിത്രത്തിന് ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ നൽകുന്നു.
സംഗീതം: ഗോവിന്ദ് വസന്ത, ഛായാഗ്രഹണം: ബിനേന്ദ്ര മേനോൻ, ചിത്രസംയോജനം: ഇ.എസ്. സൂരജ്, കലാസംവിധാനം: അജയൻ മങ്ങാട്, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: സുധി കട്ടപ്പന, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സാഗർ, പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്, പിആർഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
Tags : AsifAli JisJoy KottayamBelt PackUp Shooting