ചിത്രത്തിന്റെ ഒടിടി ട്രെയിലിൽ നിന്നും
ഷൈൻ ടോം ചാക്കോയെ കേന്ദ്രകഥാപാത്രമാക്കി എ.ജെ. വർഗീസ് സംവിധാനം ചെയ്ത കോമഡി എന്റർടെയ്നർ ചിത്രം 'അടിനാശം വെള്ളപ്പൊക്കം' ഒടിടി റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ഒടിടി ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. സിനിമയിലെ പ്രധാന മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് ട്രെയിലർ തയാറാക്കിയിരിക്കുന്നത്. സൈന പ്ലേയിലൂടെ ഒക്ടോബർ 16-നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്.
'അടി കപ്യാരേ കൂട്ടമണി', 'ഉറിയടി' എന്നീ ചിത്രങ്ങൾക്ക് ശേഷം എ.ജെ. വർഗീസ് സംവിധാനം ചെയ്ത ഈ ചിത്രം ഒരു ഫുൾ ഫൺ ത്രില്ലർ ജോണറിലാണ് ഒരുക്കിയിരിക്കുന്നത്. 2025 ഡിസംബർ അഞ്ചിനായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്.
സൂര്യഭാരതി ക്രിയേഷൻസിന്റെ ബാനറിൽ മനോജ് കുമാർ കെ.പിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ആർ. ജയചന്ദ്രൻ, എസ്.ബി. മധു, താര അതിയാടത്ത് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. സംവിധായകൻ എ.ജെ. വർഗീസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. വലിയൊരു ഇടവേളയ്ക്ക് ശേഷം സംഗീതസംവിധായകൻ സുരേഷ് പീറ്റേഴ്സ് മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ടിറ്റോ പി. തങ്കച്ചന്റേതാണ് വരികൾ.
ഷൈൻ ടോം ചാക്കോയോടൊപ്പം ബൈജു സന്തോഷ്, ബാബു ആന്റണി, അശോകൻ, മഞ്ജു പിള്ള, തമിഴ് നടൻ ജോൺ വിജയ്, യൂട്യൂബർ ജോൺ വെട്ടിയാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കൂടാതെ വിനീത് മോഹൻ, സജിത് അമ്പാട്ട്, അരുൺ പ്രിൻസ്, എലിസബത്ത് ടോമി, രാജ് കിരൺ തോമസ്, എം.ബി. വിജയകൃഷ്ണൻ തുടങ്ങിയ പുതുമുഖങ്ങളും അണിനിരക്കുന്നു.
ഛായാഗ്രഹണം: സൂരജ് എസ്. ആനന്ദ്, എഡിറ്റിംഗ്: ലിജോ പോൾ, കലാസംവിധാനം: ശ്യാം കാർത്തികേയൻ, മേക്കപ്പ്: അമൽ കുമാർ കെ.സി., കോസ്റ്റ്യൂം ഡിസൈൻ: സൂര്യ ശേഖർ, പ്രൊഡക്ഷൻ കൺട്രോളർ: മുഹമ്മദ് സനൂപ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
Tags : ShineTomChacko AdinashamVellapokkam OTT Trailer