ലോകേഷ് കനകരാജ് പങ്കുവച്ച ചിത്രം
സൂപ്പർതാരം അല്ലു അർജുനും പ്രമുഖ സംവിധായകൻ ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രം 'AA23' സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു. പ്രഖ്യാപനം മുതൽ വലിയ പ്രതീക്ഷ സൃഷ്ടിച്ചിരിക്കുന്ന പ്രോജക്റ്റിനെക്കുറിച്ച് പുതിയ സൂചനകളുമായി സംവിധായകൻ രംഗത്തെത്തി.
അല്ലു അർജുന് മുന്നിൽ കഥയോ ദൃശ്യങ്ങളോ വിവരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. 'കൂടുതൽ ആവേശകരമായ വിവരങ്ങൾ ഉടൻ വരുന്നു' എന്ന കുറിപ്പോടെയെത്തിയ ചിത്രം നിമിഷനേരംകൊണ്ട് വൈറലായി.
അനിരുദ്ധ് രവിചന്ദർ സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ അനൗൺസ്മെന്റ് ട്രാക്ക് നേരത്തെ തന്നെ സംഗീതാസ്വാദകർ ഏറ്റെടുത്തിരുന്നു. ഇന്ത്യൻ സിനിമയിലെ പ്രമുഖ നിർമാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സും ബി വി വർക്സും സംയുക്തമായാണ് ഈ വമ്പൻ പ്രോജക്ട് നിർമിക്കുന്നത്.
നവീൻ യെർനേനി, വൈ. രവിശങ്കർ എന്നിവരാണ് നിർമാതാക്കൾ. ഒപ്പം അല്ലു അർജുന്റെ സുഹൃത്തുക്കളായ ബണ്ണി വാസ്, നടരാജ്, സന്ദീപ് റാമിനേനി, സ്വാതി എന്നിവർ സഹനിർമാതാക്കളായി ചിത്രത്തിനൊപ്പമുണ്ട്. പി.ആർ.ഒ: ആതിര ദിൽജിത്ത്.
അല്ലു അർജുന്റെ സ്റ്റൈലിഷ് മാസ് ഭാവവും ലോകേഷ് കനകരാജിന്റെ റിയലിസ്റ്റിക്-ആക്ഷൻ മേക്കിംഗ് ശൈലിയും ഒരേകുടക്കീഴിൽ വരുമ്പോൾ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ചലച്ചിത്ര വിരുന്നുകളിലൊന്നാകും ഇതെന്നാണ് ആരാധകരുടെ വിലയിരുത്തൽ. ചിത്രത്തിൽ ഇതുവരെ കാണാത്ത വേറിട്ട ലുക്കിലാകും താരം എത്തുകയെന്നും സൂചനയുണ്ട്. വരും ദിവസങ്ങളിൽ സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്.
Tags : AlluArjun LokeshKanagaraj AA23 Director