SUNDAY DEEPIKA
മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായ കുഞ്ചാക്കോ ഓർമയായിട്ട് നാളെ അന്‍പതു വർഷം...
മലയാള സിനിമയുടെ ചരിത്രരചനയിൽ സുവർണാധ്യായങ്ങളിൽ രചിക്കപ്പെടേണ്ട അറുപത്തിയഞ്ചിൽപ്പരം സിനിമകളുടെ രാജശില്പിയാണ് ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടുകാരനായ പുളിങ്കുന്ന് മാളിയംപുരയ്ക്കൽ കുഞ്ചാക്കോ എന്ന വ്യവസായിയും നിർമാതാവും സംവിധായകനും. 1976 ജൂണ്‍ 15ന് 64-ാംവയസിൽ കുഞ്ചാക്കോ ഓർമയായി. അദ്ദേഹത്തിന്റെ സിനിമകൾക്ക് പ്രേക്ഷക മനസുകളിൽ ഇന്നും തിളക്കം.
കർഷകനും ഭൂവുടമയും കുട്ടനാട്ടിലെ പേരുകേട്ട ജന്മിയുമായിരുന്ന മാണി ചാക്കോയുടെയും ഏലിയാമ്മയുടെയും മകനായി 1912 മേയ് മാസത്തിലാണ് കുഞ്ചാക്കോയുടെ ജനനം. പിതാവിന്റെ നിര്യാണത്തിനുശേഷം കയർ വ്യവസായവുമായി ബന്ധപ്പെട്ട് കുഞ്ചാക്കോ ആലപ്പുഴയിലെത്തി. ഈ അവസരത്തിലാണ് വ്യവസായിയും സിനിമാ വിതരണക്കാരനുമായ കെ.വി. കോശിയുമായി കുഞ്ചാക്കോ പരിചയപ്പെടുന്നത്. ടി.വി. തോമസ് ഉൾപ്പെടെയുള്ള കുഞ്ചാക്കോയുടെ സൗഹൃദവലയം ക്രമേണ വിപുലപ്പെട്ടു. തുടർന്ന് എല്ലാവരുടെയും നിർദ്ദേശാനുസരണം 1947ൽ കുഞ്ചാക്കോയുടെ മുഖ്യ പങ്കാളിത്തത്തിൽ ഉദയാ സ്റ്റുഡിയോ സ്ഥാപിച്ചു. കേരളത്തിലെ പ്രഥമ ചലച്ചിത്ര നിർമാണ സ്റ്റുഡിയോ ആയിരുന്നു അത്.
ആദ്യ സിനിമയുടെ പിറവി
സ്റ്റുഡിയോ തുടങ്ങിയതിനുശേഷം കുഞ്ചാക്കോ ഒരു സിനിമയെടുക്കാനുള്ള പ്രവർത്തനങ്ങളിൽ മുഴുകി. കുട്ടനാടു രാമകൃഷ്ണപിള്ളയുടെ രചനയെ ആസ്പദമാക്കി നിർമിച്ച "വെള്ളിനക്ഷത്രം' അങ്ങനെ ഉദയാ സ്റ്റുഡിയോയുടെ ആദ്യ സിനിമയും മലയാളത്തിൽ നിർമിക്കപ്പെട്ട അഞ്ചാമത്തെ സിനിമയുമായി. 1949ൽ പുറത്തിറങ്ങിയ ഈ സിനിമ സംവിധാനം ചെയ്തത് ജർമൻകാരനായ ഫെലിക്സ് ജെ. ബെയ്സ് ആണ്.
ആലപ്പി വിൻസെന്റ്, കണ്ടിയൂർ പരമേശ്വരൻകുട്ടി, കെ. രാമകൃഷ്ണപിള്ള, മുളവന ജോസഫ്, മിസ് കുമാരി, പി. ലളിതാദേവി, പി.എ. അംബുജം, ജാനമ്മ, മിസിസ് റോസ്, ലില്ലി പുന്നൂരാൻ എന്നിവരായിരുന്നു അഭിനേതാക്കൾ. പത്തു പാട്ടുകൾ ഈ സിനിമയിൽ ചേർത്തിരുന്നു. പൂർണമായും കേരളത്തിൽവച്ച് ചിത്രീകരിച്ച ആദ്യ മലയാള സിനിമകൂടിയായിരുന്നു അത്.
വെള്ളിനക്ഷത്രത്തിനുശേഷം ഉദയായുടെ ബാനർ കുഞ്ചാക്കോ രണ്ടുവർഷം ഉപയോഗിച്ചില്ല. സുഹൃത്ത് കോശിയുമായി ചേർന്ന് "കെ ആൻഡ് കെ പ്രൊഡക്ഷൻസ്' എന്ന നിർമാണ കന്പനി സ്ഥാപിച്ചു. തമിഴിലും തെലുങ്കിലും വൻവിജയം നേടിയ കഥാതന്തു വിലയ്ക്കുവാങ്ങി "നല്ല തങ്ക' എന്ന പേരിൽ സിനിമ നിർമിച്ചു. മലയാളത്തിലും വിജയകരമായി പ്രദർശിപ്പിച്ച "നല്ല തങ്ക'യുടെ സംവിധായകൻ പി.വി. കൃഷ്ണയ്യരായിരുന്നു. അഗസ്റ്റിൻ ജോസഫ്, വൈക്കം മണി, മുതുകുളം രാഘവൻപിള്ള, എസ്.പി. പിള്ള, മിസ് കുമാരി, ജഗദമ്മ, തങ്കമ്മ, ബേബി ഗിരിജ എന്നിവരായിരുന്നു അഭിനേതാക്കൾ.
ജീവിതനൗകയിൽ
"നല്ല തങ്ക' വിജയം നൽകിയ ആവേശമുൾക്കൊണ്ട് കുഞ്ചാക്കോയും കോശിയും ചേർന്ന് അടുത്ത സിനിമയുടെ പ്രവർത്തനങ്ങൾ തുടങ്ങി. മലയാളത്തിലെ ആദ്യ സൂപ്പർഹിറ്റ് സിനിമയെന്നു വിശേഷിപ്പിക്കാവുന്ന "ജീവിതനൗക' 1951 മാർച്ചിൽ റിലീസായി. കേരളത്തിൽ മാസങ്ങളോളം പ്രദർശിപ്പിച്ച ഈ ചിത്രം കോശിയുടെ ഉടമസ്ഥതയിലുള്ള ഫിലിം ഡിസ്ട്രിബ്യൂഷൻ കന്പനിയാണ് വിതരണം ചെയ്തത്. ചിത്രത്തിന്റെ വൻ സ്വീകാര്യത കണക്കിലെടുത്ത് മറ്റു ഭാഷകളിലും ജീവിതനൗക നിർമിക്കപ്പെട്ടു.
തിക്കുറിശി സുകുമാരൻ നായരും ബി.എസ്. സരോജയുമായിരുന്നു നായകനും നായികയും. കെ. വെന്പു സംവിധാനം ചെയ്ത ഈ സിനിമയുടെ നിർമാണത്തിൽ മാത്രമല്ല സംവിധാനരംഗത്തും കുഞ്ചാക്കോ തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചു. തന്റെയുള്ളിൽ ഒരു സംവിധായകനുണ്ടെന്ന് കുഞ്ചാക്കോ തെളിയിക്കുകയായിരുന്നു. സിനിമയിലെ ആനത്തലയോളം വെണ്ണതരാമെടാ... എന്ന പാട്ടിന്റെ സീനുകൾ സംവിധാനംചെയ്തത് അദ്ദേഹമായിരുന്നു.
"ജീവിതനൗക'യ്ക്കു ശേഷം കെ ആൻഡ് കെ പ്രൊഡക്ഷസ് "വിശപ്പിന്റെ വിളി' എന്ന സിനിമയുടെ നിർമാണമാരംഭിച്ചു. മോഹൻ റാവു എന്ന തെലുങ്കു സംവിധായകനായിരുന്നു ഈ ചിത്രം ഒരുക്കിയത്. കെ. വെന്പുവിനെ സംവിധായകനാക്കാൻ കുഞ്ചാക്കോ ആഗ്രഹിച്ചിരുന്നുവെങ്കിലും കെ.വി. കോശി അതിനു സമ്മതംമൂളിയില്ല. കോശിയുമായുള്ള ബന്ധം അവസാനിക്കുന്നുവെന്നതിന്റെ സൂചന കൂടിയായിരുന്നു അത്. ചിത്രീകരണവേളയിൽ കുഞ്ചാക്കോയുടെ സംവിധാന നിർദേശങ്ങൾ മോഹൻ റാവു പരിഗണിച്ചതേയില്ല. ഇത് കുഞ്ചാക്കോയിൽ വേദനയുളവാക്കി.
"വിശപ്പിന്റെ വിളി' ചിത്രീകരണം തീരുന്നതിനുമുന്പേ ഉദയായുടെ പേരിൽ കുഞ്ചാക്കോ അടുത്ത സിനിമ നിർമിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. വിശപ്പിന്റെ വിളിയിലെ നായകനായ പ്രേംനസീർ തന്നെയായിരുന്നു "അച്ഛൻ' എന്ന ആ ചിത്രത്തിലേയും നായകൻ. കെ. വെന്പുവിനെ സംവിധായകനായി നിശ്ചയിച്ചുവെങ്കിലും അദ്ദേഹം ഒഴിഞ്ഞതിനെ തുടർന്ന് വെന്പുവിന്റെ മുഖ്യ സഹായിയായ എം.ആർ.എസ്. മണിയെ കുഞ്ചാക്കോ സംവിധാനച്ചുമതല ഏൽപ്പിച്ചു. വിശപ്പിന്റെ വിളിയിലെ ഒട്ടുമിക്ക അഭിനേതാക്കളും അച്ഛനിൽ അഭിനയിക്കാനെത്തി. സിനിമ വിതരണംചെയ്യാൻ എക്സൽ പ്രൊഡക്ഷൻസ് എന്ന കന്പനിയും കുഞ്ചാക്കോ തുടങ്ങി. വിശപ്പിന്റെ വിളി 1957 ഓഗസ്റ്റിലും അച്ഛൻ ഡിസംബറിലും റിലീസ് ചെയ്തു. രണ്ടും വിജയം നേടി. ഇതോടെ കെ.വി. -കുഞ്ചാക്കോ കൂട്ടുകെട്ട് തകർന്നു.
വഴിത്തിരിവായി കിടപ്പാടം
അച്ഛന്റെ വിജയത്തിനുശേഷം കുഞ്ചാക്കോ "അവൻ വരുന്നു' എന്ന സിനിമയുടെ നിർമാണം തുടങ്ങി. ഇതിന്റെ കഥ ഒരുക്കിയത് കുഞ്ചാക്കോ തന്നെയായിരുന്നു. പ്രേംനസീറും, കൊട്ടാരക്കര ശ്രീധരൻ നായരും മുത്തയ്യയും മിസ് കുമാരിയും അഭിനയിച്ച ഈ സിനിമയും വാണിജ്യവിജയം നേടി. നേരത്തേ അച്ഛനിൽ അഭിനയിപ്പിച്ച കുഞ്ചാക്കോയുടെ മകൻ ബോബൻ കുഞ്ചാക്കോ ഇതിലും ബാലവേഷം കൈകാര്യം ചെയ്തിരുന്നു. തുടർന്ന് പുതിയ ചിത്രമായ "കിടപ്പാട'ത്തിന്റെ ചിത്രീകരണമാരംഭിച്ചു. കുഞ്ചാക്കോ എഴുതിയ കഥ സംവിധാനം ചെയ്തത് എം.ആർ.എസ്. മണിതന്നെയാണ്.
പ്രേംനസീറും തിക്കുറിശിയും ഉൾപ്പെടെയുള്ള വൻതാരനിരയാണ് ആ ചിത്രത്തിലും ഉണ്ടായിരുന്നതെങ്കിലും പരാജയമായി. അതോടെ സിനിമാ നിർമാണം നിർത്തിവച്ച് ഉദയാ സ്റ്റുഡിയോ പൂട്ടി. കുഞ്ചാക്കോ തടിവ്യവസായത്തിനായി നിലന്പൂരിലേക്ക് പോയി. ഇതിനിടയിൽ പി. സുബ്രഹ്മണ്യം തിരുവനന്തപുരത്ത് "മെരിലാൻഡ്' സ്റ്റുഡിയോ സ്ഥാപിച്ച് സിനിമാനിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. കുഞ്ചാക്കോയുമായി തെറ്റിപ്പിരിഞ്ഞ കെ.വി. കോശി മെരിലാൻഡുമായി സഹകരിച്ചുതുടങ്ങി.
1957ൽ പ്രഥമ കമ്യൂണിസ്റ്റ് മന്ത്രിസഭ ഇ.എം.എസിന്റെ നേതൃത്വത്തിൽ നിലവിൽവന്നു. 1959ൽ നിലന്പൂരിൽ റബർകൃഷിയും കൂപ്പുലേലവുമായി കഴിഞ്ഞുവന്ന കുഞ്ചാക്കോയ്ക്ക് സുഹൃത്തും ഇ.എം.എസ്. മന്ത്രിസഭയിലെ വ്യവസായ മന്ത്രിയുമായിരുന്ന ടി.വി. തോമസിന്റെ ഒരു സന്ദേശമെത്തി. ഉദയാ സ്റ്റുഡിയോ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ചർച്ചചെയ്യുന്നതിനായി ഉടൻ തിരുവനന്തപുരത്തേക്കുവരണം എന്നതായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. കുഞ്ചാക്കോ തിരുവനന്തപുരത്ത് എത്തി. ഉദയാ സ്റ്റുഡിയോ വീണ്ടും തുറക്കാനും സിനിമയെടുക്കാനുംവേണ്ട സാന്പത്തികമായ പിന്തുണ സർക്കാർ ചെയ്തുകൊടുക്കാമെന്ന് ടി.വി. തോമസ് വാഗ്ദാനം ചെയ്തു. അങ്ങനെ വീണ്ടും സിനിമാനിർമാണം തുടങ്ങാൻ കുഞ്ചാക്കോ തീരുമാനിച്ചു.
കഥതേടി...
സിനിമയ്ക്കുവേണ്ടി കഥ അന്വേഷിക്കാൻ തുടങ്ങി. സുഹൃത്തുക്കളോടും പരിചയക്കാരോടും സിനിമയ്ക്കു പറ്റിയ കഥ തേടിപ്പിടിക്കണമെന്നുള്ള നിർദേശവും കൊടുത്തു. ഉറ്റസുഹൃത്തും കുടുംബ ഡോക്ടറുമായ രാമചന്ദ്രൻ ഒരു നോവൽ കൊടുത്തു. മൊയ്തു പടിയത്തിന്റെ കഥയാണ് സിനിമയ്ക്ക് പറ്റും- ഡോക്ടർ പറഞ്ഞു. കുഞ്ചാക്കോയും നോവൽ വായിച്ചു. തരക്കേടില്ല. മറ്റു സുഹൃത്തുക്കളും വായിച്ച് നല്ല അഭിപ്രായം പറഞ്ഞപ്പോൾ മറ്റൊന്നുംചിന്തിക്കാതെ അതുതന്നെ സിനിമയാക്കാൻ കുഞ്ചാക്കോ തീരുമാനിച്ചു.
"ഉമ്മ' എന്നു പേരുള്ള ആ നോവൽ മലബാർ പശ്ചാത്തലത്തിലുള്ള ഒരു മുസ്ലീം കഥയായിരുന്നു. തുടർന്ന് കുഞ്ചാക്കോ നോവലിസ്റ്റ് മൊയ്തു പടിയത്തുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ കൈവശം ഉമ്മയുടെ സിനിമാ സ്ക്രിപ്റ്റും ഉണ്ടായിരുന്നു. എന്നാൽ സ്ക്രിപ്റ്റ് വായിച്ചപ്പോൾ കുഞ്ചാക്കോയക്ക് അതിൽ തൃപ്തിതോന്നിയില്ല. കഥമാത്രം സ്വീകരിച്ച് കുഞ്ചാക്കോ സ്ക്രിപ്റ്റ് തിരിച്ചുകൊടുത്തു. തിരക്കഥാകൃത്തിനായുള്ള അന്വേഷണമായിരുന്നു പിന്നീട്. മറ്റൊരു കഥാകൃത്തിനെക്കൊണ്ട് എഴുതിച്ചെങ്കിലും അതും ശരിയായില്ല. മുസ്ലിം ഭാഷാശൈലിയായിരുന്നു പ്രശ്നം. അപ്പോഴാണ് ഉദയായിൽ ഉണ്ടായിരുന്ന നടനും പ്രൊഡക്ഷൻ മാനേജരുമായ ജോൺ നാടകകൃത്തായ ശാരംഗപാണിയുടെ കാര്യം പറയുന്നത്.
1950 മുതൽ നാടകരംഗത്തു പ്രവർത്തിക്കുന്ന ശാരംഗപാണി ഒരു തയ്യൽക്കാരൻകൂടിയായിരുന്നു. ആലപ്പുഴയിലെ റബർ ഫാക്ടറിയിൽ ജോലിയുമുണ്ട്. ശാരംഗപാണിയുടെ "ചിലന്പൊലി' എന്ന നാടകം സർക്കാർ നടത്തിയ നാടകമേളയിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഹിന്ദു- മുസ്ലിം മൈത്രിയുടെ സന്ദേശമുൾക്കൊള്ളുന്ന നാടകമായിരുന്നു അത്. ആ നാടകത്തിലെ പ്രധാന നടനായിരുന്നു ജോൺ. മുസ്ലിം ഭാഷയും പ്രയോഗങ്ങളും നന്നായി കൈകാര്യം ചെയ്യാൻശാരംഗപാണിക്കു കഴിയുമെന്നു ജോണിന് അറിയാമായിരുന്നു.
ശാരംഗപാണിയെ കുഞ്ചാക്കോ ക്ഷണിച്ചുവരുത്തി. മുസ്ലിം ഭാഷ അറിയാമല്ലോ, അതാണെനിക്കുവേണ്ടത്- കുഞ്ചാക്കോ പറഞ്ഞു. മൊയ്തു പാടിയത്ത് എഴുതിയ ഉമ്മയുടെ നാലു സീനുകൾ ശാരംഗപാണിയെ ഏല്പിച്ചു. ഇതിലെ സംഭാഷണങ്ങൾ മുസ്ലിം ശൈലിയിലാക്കണം എന്നു നിർദേശിച്ച് സ്റ്റുഡിയോയിലെ മുറിയിൽ ഇരുത്തി. ഒരു മണിക്കൂർകൊണ്ട് ശാരംഗപാണി തന്റെ ജോലി പൂർത്തിയാക്കി. എഴുത്ത് ഇഷ്ടപ്പെട്ട കുഞ്ചാക്കോ ഉമ്മയുടെ മുഴുവൻ സ്ക്രിപ്റ്റ് വർക്കും ശാരംഗപാണിയെ ഏല്പിക്കുകയും ഉദയായുടെ സ്ഥിരം സ്ക്രിപ്റ്റ് റൈറ്ററായി നിയമിക്കുകയും ചെയ്തു.
ഉമ്മയുടെ സംവിധാന ചുമതല കുഞ്ചാക്കോതന്നെ ഏറ്റെടുത്തു. ഉദയാ സ്റ്റുഡിയോയിലും പരിസരപ്രദേശങ്ങളിലുമാണ് ഉമ്മ ചിത്രീകരിച്ചത്. തിക്കുറിശി, എസ്.പി. പിള്ള, ബഹദൂർ, ഉമ്മർ, ബി.എസ്. സരോജ, കാഞ്ചന, രാജൻ പി. ദേവിന്റെ പിതാവ് എസ്.ജെ. ദേവ്, നിർമലാ ദേവി, നാടകകൃത്തും സിനിമാ രചയിതാവുമായ എസ്.എൽ. പുരം സദാനന്ദൻ എന്നിവരായിരുന്നു അഭിനേതാക്കൾ. ഉദയായുടെ ആദ്യ സിനിമയായ വെള്ളിനക്ഷത്രം മുതൽ കാമറ അസിസ്റ്റന്റായിരുന്ന ടി.എൻ. കൃഷ്ണൻകുട്ടിയെ ചിത്രീകരണച്ചുമതല ഏല്പിച്ചു.
വസ്ത്രാലങ്കാരം നിർവഹിച്ചത് തയ്യൽക്കാരൻകൂടിയായ ശാരംഗപാണിയായിരുന്നു. പി. ഭാസ്കരൻ - ബാബുരാജ് ടീമായിരുന്നു ഗാനശില്പികൾ. ഉമ്മ വൻ പ്രദർശനവിജയമാണ് നേടിയത്. ഗാനങ്ങളും ജനപ്രിയമായി. മികച്ച സംവിധായകനെന്ന അംഗീകാരം കുഞ്ചാക്കോയ്ക്ക് തെന്നിന്ത്യൻ സിനിമാലോകം നൽകുകയും ചെയ്തു. കുഞ്ചാക്കോ എന്ന സംവിധായകനും ഉദയാ സ്റ്റുഡിയോയും പുലർകാലത്ത് കൂവിയുണർത്തുന്ന ഉദയാ സ്റ്റുഡിയോയുടെ പൂവൻകോഴിയുടെ മുദ്രയും സിനിമാസ്വാദകരുടെ മനസുകളിൽ സ്ഥിരപ്രതിഷ്ഠ നേടുകയായിരുന്നു.
ഉമ്മയ്ക്കു ശേഷം ഉദയാ സ്റ്റുഡിയോയുടെ ബാനറിൽ കുഞ്ചാക്കോ സംവിധാനംചെയ്ത രണ്ടു സിനിമകൾ ആ വർഷം (1960) പുറത്തുവന്നു. "സീത', "നീലിസാലി' എന്നിവ. 1961 ലാണ് വടക്കൻപാട്ടുകഥകളിലേക്ക് കുഞ്ചാക്കോയുടെ ശ്രദ്ധതിരിഞ്ഞത്. അങ്ങനെ മലയാള സിനിമയിലെ ആദ്യ വടക്കൻപാട്ടു സിനിമയായ "ഉണ്ണിയാർച്ച' കുഞ്ചാക്കോ സംവിധാനം ചെയ്തു. തുടർന്ന് "കൃഷ്ണകുചേല', "പാലാട്ടുകോമൻ', "ഭാര്യ', "കടലമ്മ', "റബേക്ക', "പഴശ്ശിരാജ', "അയിഷ', "ഇണപ്രാവുകൾ', "ശകുന്തള', "ജയിൽ', "അനാർക്കലി', "തിലോത്തമ', "മൈനത്തരുവി കൊലക്കേസ്', "കസവുതട്ടം', "തിരിച്ചടി', "പുന്നപ്ര വയലാർ', "കൊടുങ്ങല്ലൂരമ്മ', "സൂസി', "കൂട്ടുകുടുംബം', "പേൾവ്യൂ', "ദത്തുപുത്രൻ', "ഒതേനന്റെ മകൻ', "പഞ്ചവൻകാട്', "ആരോമലുണ്ണി', "പോസ്റ്റുമാനെ കാണാനില്ല', "പൊന്നാപുരം കോട്ട', "തേനരുവി', "പാവങ്ങൾ പെണ്ണുങ്ങൾ', "ദുർഗാ', "തുന്പോലാർച്ച', "മാനിഷാദ', "നീലപ്പൊന്മാൻ', "ധർമ്മക്ഷേത്രേ കുരുക്ഷേത്രേ', "ചീനവല', "ചെന്നായ വളർത്തിയ കുട്ടി', "മല്ലനും മാതേവനും', "കണ്ണപ്പനുണ്ണി' എന്നിവയെല്ലാം കുഞ്ചാക്കോയുടെ സംവിധാനത്തിൽ വാണിജ്യവിജയം നേടിയ സിനിമകളായിരുന്നു. ഈ കാലയളവിൽ ഉദയാ നിർമിച്ച പല സിനിമകളും സംവിധാനം ചെയ്യാൻ മറ്റു സംവിധായകരെയും കുഞ്ചാക്കോ ക്ഷണിച്ചിരുന്നു. എം. കൃഷ്ണൻ നായർ (കാട്ടുതുളസി, ജ്വാല, താര, അഗ്നിമൃഗം), തോപ്പിൽഭാസി (ഒരു സുന്ദരിയുടെ കഥ, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി), എ. വിൻസെന്റ് (ഗന്ധർവ്വക്ഷേത്രം), കെ. രഘുനാഥ് (ലോറാ നീ എവിടെ) എന്നിവരുടെ ചിത്രങ്ങളും കുഞ്ചാക്കോയ്ക്ക് വാണിജ്യവിജയം നേടികൊടുത്തു.
ഇഷ്ടനായകൻ
പ്രേംനസീറായിരുന്നു കുഞ്ചാക്കോയുടെ ഇഷ്ടനായകൻ. അതുകൊണ്ടുതന്നെ പ്രേംനസീർ ഉദയായുടെ കന്പനി ഹീറോ ആയി. പ്രേംനസീറിനോടുള്ള പ്രിയംകൊണ്ട് ഉദയാ സ്റ്റുഡിയോയ്ക്കുള്ളിൽ കുഞ്ചാക്കോ ഒരു പ്രേംനസീർ കോട്ടേജും സ്ഥാപിച്ചു. ഒട്ടേറെ പ്രഗത്ഭ കലാകാരന്മാർക്ക് ആദ്യത്തെ അവസരം നൽകിയത് കുഞ്ചാക്കോ ആയിരുന്നു. അഭയദേവ്, വി. ദക്ഷിണാമൂർത്തി, ശാരംഗപാണി, മിസ്. കുമാരി, എസ്.പി. പിള്ള, ബി.എ. ചിദംബരനാഥ്, വിജയശ്രീ എന്നിങ്ങനെ ഒട്ടനേകം കലാകാരന്മാരും കലാകാരികളും സാങ്കേതിക പ്രവർത്തകരും മലയാള സിനിമയ്ക്കുള്ള കുഞ്ചാക്കോയുടെ സംഭാവനകളായിരുന്നു.
സിനിമയിൽ മുഴുകിയിരിക്കേ അന്ത്യം
"കണ്ണപ്പനുണ്ണി' എന്ന സിനിമയുടെ അവസാന മിനുക്കുപണിയിൽ വ്യാപൃതനായിരിക്കേ മദ്രാസിലെ സ്വവസതിയിൽ വച്ചായിരുന്നു കുഞ്ചാക്കോയുടെ അന്ത്യം- 1976 ജൂണ്‍ പതിനഞ്ചിന്. ഒരു ചലച്ചിത്രപ്രതിഭയുടെ അസ്തമയമായിരുന്നു അത്. അഡ്വ. അന്നമ്മ കുഞ്ചാക്കോ ആണ് അദ്ദേഹത്തിന്റെ ഭാര്യ. മക്കൾ: ബോബൻ കുഞ്ചാക്കോ, മോളി, ജെസി, സുമി.
കുഞ്ചാക്കോയുടെ മരണത്തിനുശേഷം മകൻ ബോബൻ കുഞ്ചാക്കോ ഏതാനും സിനിമകൾകൂടി നിർമിച്ചു. 1986ൽ ഉദയാ സ്റ്റുഡിയോയുടെ പ്രവർത്തനങ്ങൾ നിലച്ചു. "അനശ്വര ഗാനങ്ങൾ' ആയിരുന്നു അവസാനചിത്രം. 2016ൽ പൗത്രനും നടനുമായ കുഞ്ചാക്കോ ബോബന്റെ നേതൃത്വത്തിൽ ഉദയായ്ക്ക് നവജീവൻ നൽകി. ചലച്ചിത്രരംഗത്ത് ആരോഗ്യപരമായ മത്സരമായിരുന്നു ഉദയായും മെരിലാന്റ് സ്റ്റുഡിയോയും തമ്മിലുണ്ടായിയിരുന്നത്.
കുഞ്ചാക്കോയുടെ മരണമറിഞ്ഞ് പി. സുബ്രഹ്മണ്യം അനുശോചനസന്ദേശത്തിൽ ഇങ്ങനെ പറഞ്ഞു: ""ഞങ്ങൾ തമ്മിലുള്ള ബന്ധം യഥാർഥത്തിൽ സൗഹാർദപരമായിരുന്നു. ചില തല്പരകക്ഷികളാണ് ഞങ്ങൾ തമ്മിൽ ശത്രുതയുണ്ടെന്ന തരത്തിൽ പ്രചാരണം നടത്തിയത്. അദ്ദേഹം നിർമിച്ച് സംവിധാനംചെയ്ത സിനിമകൾ ഞാൻ കണ്ട് അഭിപ്രായം അറിയിക്കാറുണ്ട്, എന്റെ സിനിമകൾക്ക് അദ്ദേഹവും. പ്രതിഭാശാലിയായ ഒരു സംവിധായകനെയാണ് മലയാള സിനിമയ്ക്ക് നഷ്ടമായത്.''
Movies
ചെന്നൈ: പ്രശസ്ത തമിഴ് സംവിധായകൻ പി.ഭാരതിരാജ (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ അദ്ദേഹത്തിന്റെ വസതിയിലായിരുന്നു അന്ത്യം. മകൻ മനോജിന്റെ അകാല വിയോഗത്തിന് പിന്നാലെ ഭാരതിരാജയുടെ ആരോഗ്യം മോശമായിരുന്നു.
തമിഴ് സിനിമാ ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള ചലച്ചിത്രകാരന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. ഗ്രാമീണ കഥകൾക്ക് പുനർനിർവചനം നൽകുകയും നിരവധി പുതിയ കലാകാരന്മാരെ സിനിമയിലേക്ക് കൊണ്ടുവരികയും ചെയ്ത സംവിധായകനാണ് അദ്ദേഹം.
ആറ് തവണ ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. 2004-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 1977 ൽ പതിനാറ് വയതിനിലെ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് ഭാരതിരാജ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.
2020-പുറത്തിറങ്ങിയ 'മീണ്ടും ഒരു മര്യാദൈ' എന്ന സിനിമയാണ് അദ്ദേഹം അവസാനം സംവിധാനം ചെയ്തത്. അന്നക്കൊടി (2013), ബൊമ്മലാട്ടം(2009), കൺകളാൽ കൈതുചെയ് (2004), ഈര നിലം (2003), കടൽ പൂക്കൾ (2001), താജ്മഹാൽ (1999), അന്തിമന്താരൈ (1996), കരുത്തമ്മാ (1995), പചുമ്പൊൻ (1995) തുടങ്ങി നിരവധി സിനിമകളുടെ സംവിധായകനാണ്.
2013-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയ ജൂറിയുടെ ചെയർമാനായിരുന്നു. മോഹൻലാൽ ചിത്രമായ 'തുടരും' എന്ന സിനിമയിൽ പഴയകാല സ്റ്റണ്ട് മാസ്റ്ററുടെ വേഷത്തിൽ ഭാരതിരാജ എത്തിയിരുന്നു.
Movies
മോഹിനിയാട്ടം 50 കോടി പിന്നിട്ടതിന് പിന്നാലെ സംവിധായകൻ കൃഷ്ണദാസ് മുരളിക്ക് കാർ സമ്മാനമായി നൽകി ചിത്രത്തിന്റെ നിർമാതാക്കളായ സൈജു കുറുപ്പും തോമസ് തിരുവല്ലയും.
ടൊയോട്ട കമ്പനിയുടെ ചെറിയ എസ്യുവി ഹൈറൈഡറാണ് സമ്മാനമായി നൽകിയത്. ബോക്സ് ഓഫീസിൽ 50 കോടിയിൽ അധികം കളക്റ്റ് ചെയ്ത ചിത്രം ഓടിടിയിലും മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്.
കൃഷ്ണദാസ് മുരളിയുടെ രചനയിലും സംവിധാനത്തിലും 2024-ൽ പുറത്തിറങ്ങിയ ഭരതനാട്യത്തിന്റെ രണ്ടാം ഭാഗമാണ് മോഹിനിയാട്ടം. സൈജു കുറുപ്പിനൊപ്പം സായികുമാർ, അഭിരാം രാധാകൃഷ്ണൻ, കലാരഞ്ജിനി, സുരാജ് വെഞ്ഞാറമൂട്, വിനയ് ഫോർട്ട്, ജഗദീഷ് തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.
ടൊയോട്ടയുടെ ചെറു എസ്യുവിയാണ് ഹൈറൈഡർ. 18.98 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.
Kerala
കൊച്ചി: കൊച്ചിയുടെ കലാ, സാംസ്കാരിക, മതസൗഹാർദ രംഗത്തു നിറസാന്നിധ്യമായ ചാവറ കൾച്ചറൽ സെന്ററിന്റെ ഡയറക്ടറായി ഫാ. അനിൽ ഫിലിപ്പ് സിഎംഐ വീണ്ടും നിയമിതനായി.
സിഎംഐ സന്യാസസമൂഹത്തിന്റെ കീഴിലുള്ള ചാവറ കൾച്ചറൽ സെന്ററിൽ 2016 മുതൽ സേവനം ചെയ്യുന്ന ഫാ. അനിൽ മൂന്നു വർഷമായി ഡയറക്ടറാണ്. സിനിമാ സംവിധായകൻ, മികച്ച സംഘാടകൻ, എഴുത്തുകാരൻ എന്നീ നിലകളിലും ശ്രദ്ധേയനാണ്.
ചാവറ കൾച്ചറൽ സെന്ററിന്റെ അനുബന്ധ സ്ഥാപനങ്ങളായ ചാവറ ഇൻസ്റ്റിറ്റ്യൂട്ട്, ചാവറ മാട്രിമണി, ചാവറ ഫിലിം സ്കൂൾ, ചാവറ സ്റ്റുഡിയോസ്, മൂല്യശ്രുതി, ലൈഫ് നെറ്റ് ചാനൽ എന്നിവയുടെ ഡയറക്ടറായും അദ്ദേഹം പ്രവർത്തിക്കും.
Kerala
കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയായെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). കുറ്റപത്രം ഉടൻ നല്‍കും.
ലൈംഗീക അതിക്രമത്തിന് തെളിവുണ്ടെന്ന് എസ്ഐടി കണ്ടെത്തി. കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തില്ല. അതിജീവിതയെ രഞ്ജിത്ത് ഭീഷണിപ്പെടുത്തിയതായി വിവരമില്ല, കേസിന് മുൻപ് ചില ഒത്തുതീർപ്പ് ശ്രമങ്ങൾ നടന്നതായി വിവരമുണ്ട്.
അതിനിടെ രഞ്ജിത്ത് കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജാമ്യം വ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ടാണ് രഞ്ജിത്ത് കോടതിയെ സമീപിക്കുക. ജില്ല വിട്ട് പുറത്ത് പോകാൻ അനുമതി അടക്കം കോടതിയിൽ ഉന്നയിക്കും. ഹർജി നാളെ നൽകും.
ലൈംഗീകാതിക്രമ കേസിൽ ഉപാധികളോടെ ജാമ്യം ലഭിച്ചതോടെ സംവിധായകൻ രഞ്ജിത്ത് ജയിൽ മോചിതനായിരുന്നു. 10 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
രഞ്ജിത്തിന്റെ ആരോഗ്യ നില പരിഗണിച്ച ശേഷമാണ് ജാമ്യം അനുവദിച്ചത്. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എപ്പോൾ വേണമെങ്കിലും ഹാജരാകാമെന്നും രഞ്ജിത്ത് കോടതിയെ അറിയിച്ചിരുന്നു.
Kerala
കൊച്ചി: ലൈംഗികാത്രികമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണ സംഘം. അന്വേഷണത്തോട് രഞ്ജിത്ത് സഹകരിക്കുന്നില്ലെന്നും വീണ്ടും പോലീസ് കസ്റ്റഡിയിൽ വേണെന്നുമാണ് ആവശ്യം.
നേരത്തെ മൂന്നുനാൾ പോലീസ് കസ്റ്റഡിയിൽ രഞ്ജിത്തിനെ നൽകിയിരുന്നു എങ്കിലും പിറ്റെന്ന് തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. നിലവിൽ എറണാകുളം സബ് ജയിലിലാണ് രഞ്ജിത്തുള്ളത്.
നടിയുടെ അഭിനയം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നിരുന്നില്ല. ഇത് ചൂണ്ടിക്കാണിക്കുകയും സീനുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. ഇതാണ് പരാതിക്ക് കാരണം എന്നാണ് രഞ്ജിത്തിന്റെ വാദം. കസ്റ്റഡി അപേക്ഷയിലും രഞ്ജിത്തിന്റെ ജാമ്യ ഹര്‍ജിയിലും സിജെഎം കോടതിയിൽ ഇന്നും വാദം തുടരും.
Kerala
കൊച്ചി: ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ സംവിധായകന് രഞ്ജിത്തിനെ വീണ്ടും പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രോസിക്യുഷന് കോടതിയില്‍. രഞ്ജിത്തിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്താണ് എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
ജാമ്യാപേക്ഷയില്‍ ഇന്നും വാദം തുടരും. അന്വേഷണവുമായി സഹകരിക്കാന്‍ രഞ്ജിത്ത് വിസമ്മതിക്കുന്നതായി ഇന്നലെ വാദത്തിനിടെ പ്രോസിക്യൂഷന് ആരോപിച്ചു. ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നുകള്‍ കൃത്യമായി കഴിക്കുന്നില്ല. ഫോണ്‍ പോലീസ് പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പുതിയ ഡിജിറ്റല്‍ തെളിവുകളടക്കം കിട്ടിയ സാഹചര്യത്തില്‍ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.
സംഭവദിവസം തന്നെ പ്രതി അതിജീവിതയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചതായും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. അതേസമയം, തെരഞ്ഞെടുപ്പ് കഴിയും വരെ പുറത്തുവിടാതിരിക്കാനാണു പോലീസിന്റെ ശ്രമമെന്നായിരുന്നു രഞ്ജിത്തിന്റെ വാദം.
നന്നായി അഭിനയിക്കാത്തതിനെ വിമര്‍ശിക്കുകയും ചില സീനുകള്‍ ഒഴിവാക്കുകയും ചെയ്തതിന്റെ വിരോധത്തിലാണു നടി വ്യാജ പരാതി നല്‍കിയതെന്ന് രഞ്ജിത് ആരോപി ച്ചു.
Kerala
കൊച്ചി: ലൈംഗിക അതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. നടിയെ ഉപദ്രവിച്ചെന്ന് കണ്ടെത്തിയ കാരവാനിൽ എത്തിച്ചാണ് തെളിവെടുക്കുക. ഷൂട്ടിംഗ് സെറ്റിൽ ഉണ്ടായിരുന്ന രണ്ട് കാരവാനുകളും പോലീസിന്റെ കസ്റ്റഡിയിലാണ് ഉള്ളത്.
അതേസമയം യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വിട്ടിരുന്നു. തിങ്കളാഴ്ച വരെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. എറണാകുളം സിജെഎം കോടതിയാണ് രഞ്ജിത്തിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. രഞ്ജിത്ത് നടത്തിയത് ഗുരുതര കുറ്റകൃത്യമെന്നായിരുന്നു പ്രോസിക്യൂട്ടറിന്റെ വാദം.
രഞ്ജിത്തിന്റെ ആരോഗ്യ സ്ഥിതി പരിഗണിക്കണമെന്ന് അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. നട്ടെല്ലിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കരൾ മാറ്റിവയ്ക്കലിന് വിധേയനായ ആളാണെന്നുമായിരുന്നു രഞ്ജിത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം.
ജനുവരി ഒമ്പതിന് ഫോർട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവനടിയുടെ പരാതി. രഞ്ജിത്തിനെ കാണാൻ കാരവാനിൽ കയറിയപ്പോൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതിയിൽ പറയുന്നു.
ഇടുക്കി എസ്പിയുടെ നിർദേശപ്രകാരം തൊടുപുഴയിൽ വച്ച് കാർ തടഞ്ഞാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. അതിക്രമത്തെ തുടർന്ന് വലിയ മാനസികാഘാതം നേരിട്ട താൻ കൗൺസിലിംഗിന് ശേഷമാണ് പരാതിയുമായി മുന്നോട്ട് വന്നതെന്നും നടി പറഞ്ഞു. നടിയുടെ രഹസ്യ മൊഴിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് പോലീസ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയത്.
Kerala
കൊച്ചി: ലൈംഗികാതിക്രമക്കേസിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിനെതിരെ നടപടിയുമായി സിനിമാ സംഘടനകൾ. രഞ്ജിത്തിനെ ഫെഫ്കയിൽനിന്ന് പുറത്താക്കി.
കേസിൽ വിധി വരുന്നത് വരെ ഡയറക്ടേഴ്സ് യൂണിയനിൽ നിന്നും റൈറ്റേഴ്സ് യൂണിയനിൽ നിന്നും രഞ്ജിത്തിനെ മാറ്റിനിർത്തുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു.
സമാനമായ രീതിയിൽ ആരോപണവിധേയരായ സിനിമാ പ്രവർത്തകർക്കെതിരേ ഇത്തരത്തിലുള്ള നടപടി തന്നെയാണ് നേരത്തെയും സംഘടന എടുത്തിട്ടുള്ളതെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഇപ്പോഴുണ്ടായിരിക്കുന്നത് പ്രാഥമിക നടപടിക്രമമാണെന്നും രണ്ട് യൂണിയനുകളുടെയും ജനറൽ സെക്രട്ടറിമാർക്ക് നിർദേശം നൽകിയ പ്രകാരം ഓൺലൈനായി ഒരു കമ്മിറ്റി ചേർന്ന് വിഷയത്തിൽ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഐസിസിയിൽ പരാതി ലഭിച്ചിട്ടില്ലെന്നും ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.
Movies
സിനിമയുടെ ഉത്സവകാലമാണു വേനലവധി. പുത്തന്‍പടങ്ങളുടെ പൂരാവേശത്തിലേക്ക് പുതുതലമുറ മനസുചേര്ക്കുന്ന നാളുകള്‍. ഏപ്രില്‍ രണ്ടിനു വാഴ ഫ്രാഞ്ചൈസിയിലെ പുതുചിത്രം, "വാഴ 2’ന്റെ റിലീസോടെ തിയറ്ററുകളില്‍ അവധിക്കാലത്തിന്റെ ആവേശമുണരും.
വിപിന്‍ദാസിന്റെ തിരക്കഥയില്‍ സവിന്‍ സ സംവിധാനം ചെയ്ത "വാഴ 2’ ഡാര്‍ക് കോമഡി ഡ്രാമയാണ്.
"വാഴ 1 ലെ പ്രധാന കഥാപാത്രങ്ങളുടെ കഥയല്ലിത്. വാഴ 1 ല്‍ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹാഷിര്‍, അലന് ബിന്‍ സിറാജ്, അജിന് ജോയി, വിനായക് എന്നിവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണു വാഴ 2. ഈ നാലുപേരുടെ വളര്‍ച്ചയുടെ കഥകളുമായി, അത്തരം മൂഡിലുള്ള ഒരു സിനിമ’ -സവിന്‍ സ പറയുന്നു.
"വാഴ 2’ലേക്ക് എത്തുമ്പോള്‍ എന്താണു മാറ്റം..?
വാഴ 1 ന്റെ അതേ പാറ്റേണില്‍ പോകുന്ന പരിപാടികളാണ് ഇതിലും. കഥയിലെ സന്ദര്‍ഭങ്ങള്‍ക്കും സ്ഥലങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും ആംബിയന്സിലുമൊക്കെയാണു മാറ്റം. ആദ്യത്തേതില്‍ ബയോപിക് ഓഫ് എ ബില്യണ്‍ ബോയ്സ്. ആണ്‍കുട്ടികള്‍ക്ക് അച്ഛന്മാരുമായുള്ള ബന്ധം മുന്‍നിര്‍ത്തി ചെയ്ത പടമാണത്.
വാഴ 2, ബയോപിക് ഓഫ് എ ബില്യണ്‍ ബ്രോസാണ്. സഹോദരീസഹോദരന്മാരിലേക്കു ബന്ധിപ്പിക്കുന്ന കഥയാണിത്. വീടും അതിനെ ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങളുമായി ബന്ധമുള്ള കഥാസഞ്ചാരം. ഈ കാലഘട്ടത്തില്‍ സംഭവിക്കുന്ന കഥ. ഇതില്‍ രണ്ടു നായികമാർ-എയ്ഞ്ചല്‍, ആരാധ്യ. ലക്ഷ്മിധന്യ കാരക്ടര്‍ വേഷത്തിലാണ്. ഈ സിനിമയ്ക്കു വാഴ 1 മായുള്ള ബന്ധം തിയറ്ററില്‍ കണ്ടുതന്നെയറിയാം.
സിനിമയിലെ തുടക്കം..?
ചെറുപ്പത്തിലേ സിനിമയോട് ഇഷ്ടമായി. തിരുവല്ല പെരിങ്ങരയെന്ന നാട്ടിന്‍പുറത്തുനിന്ന് അതിലേക്ക് എങ്ങനെ എത്തുമെന്നൊന്നും അറിയാത്ത കാലം. സിനിമയില്‍ അസോസിയേറ്റായിരുന്ന, എന്റെ വീടിനു തൊട്ടടുത്തുള്ള സാം ചേട്ടന് വഴിയാണ് ആദ്യമായി അസിസ്റ്റ് ചെയ്യാന്‍ അവസരമുണ്ടായത്.
ഷൂട്ടിംഗ് ഞാന്‍ ഉദ്ദേശിക്കുന്ന പരിപാടിയൊന്നുമല്ലെന്ന് ആദ്യദിവസം തന്നെ ബോധ്യമായി. എന്നെക്കൊണ്ടാവില്ലെന്നു തോന്നി. പക്ഷേ, സാം ചേട്ടന് ധൈര്യംപകര്‍ന്ന് കൂടെനിര്‍ത്തി. പുസ്തകങ്ങള്‍ തന്നു. ഫിലിം ഫെസ്റ്റിവലുകള്‍ക്കു കൊണ്ടുപോയി. ഒപ്പം പ്രവര്‍ത്തിച്ച ടെക്നീഷന്മാരെ പരിചയപ്പെടുത്തി. ക്രമേണ സിനിമയോടുള്ള കാഴ്ചപ്പാടുകള്‍ മാറി.
അക്കാലത്താണു "പ്രേമം’ റിലീസായത്. പുതിയ സംവിധായകരുടെ പടങ്ങള്‍ കാണാന്‍ തുടങ്ങി. വേറിട്ട സിനിമകളാണ് എല്ലാവരും ചിന്തിക്കുന്നതെന്നു ബോധ്യമായി. പിന്നീടാണു ഞാന്‍ വിപിന്ചേട്ടന്റെയടുത്ത് എത്തിയത്. "ജയ ജയ ജയ ഹേ’യില്‍ അസോസിയേറ്റായി. അഭിനയം അന്നും ഇപ്പോഴും ചിന്തയിലില്ല. എഴുത്തും സംവിധാനവുമായിരുന്നു ആഗ്രഹം. തുടര്‍ന്നു "ഗുരുവായൂരമ്പല നടയില്‍’, "വാഴ’ തുടങ്ങിയ സിനിമകളില്‍. "വ്യസനസമേതം ബന്ധുമിത്രാദികളി’ല്‍ സെക്കന്‍ഡ് യൂണിറ്റ് ഡയറക്ടറായി ഏതാനും ദിവസം ഷൂട്ട് ചെയ്യാനും അവസരമുണ്ടായി.
വാഴ 2 ന്റെ സംവിധായകനായത്..?
വാഴ 1 ല്‍ ഞാന്‍ അസോസിയേറ്റ് ഡയറക്ടറായിരുന്നു. അതിന്റെ പോസ്റ്റ് പ്രൊഡക്ഷനിലും കൂടെയുണ്ടായിരുന്നു. ഹാഷിറിനെയൊക്കെ മുന്‍നിര്‍ത്തി വാഴ 2 ആലോചനയിലാണെന്നും ആ സിനിമ സംവിധാനം ചെയ്യാമോ എന്നും ഒരു ദിവസം വിപിന്‍ ചേട്ടന് എന്നോടു ചോദിച്ചു. സ്വതന്ത്ര സംവിധായകനാവണമെന്ന ചിന്ത വന്നുതുടങ്ങിയിരുന്നതിനാല് കേട്ടമാത്രയില്‍തന്നെ ഞാന്‍ സമ്മതമറിയിച്ചു.
അപ്പോള്‍ വാഴ 2 ന്റെ കഥയിലേക്ക് എത്തിയിരുന്നില്ല. പക്ഷേ, വിപിന്‍ ചേട്ടന് എന്നെ കൃത്യമായി ലാന്‍ഡ് ചെയ്യിപ്പിക്കുമെന്ന വിശ്വാസം അന്നേ ഉണ്ടായിരുന്നു. സാധാരണ സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹിച്ചു വന്നയാളാണു ഞാന്‍. പക്ഷേ, സ്വപ്നത്തില്‍പോലും വിചാരിക്കാത്ത കാര്യങ്ങളാണു പിന്നീടു നടന്നത്.
വിപിന്‍ദാസിന്റെ സ്ക്രിപ്റ്റാണോ ആത്മവിശ്വാസം നല്‍കിയത്..?
Movies
മലയാളത്തിലെ പ്രശസ്ത കുറ്റാന്വേഷണ സിനിമയായ സിബിഐയുടെ ആറാം ഭാഗം ഉടൻ വരുമെന്ന് സംവിധായകൻ കെ. മധു സ്ഥിരീകരിച്ചു. എസ്.എൻ. സ്വാമിയുടെ തിരക്കഥയിലുള്ള ഈ പരമ്പരയ്ക്ക് ആരാധകർ ഏറെയാണ്.
മലയാള സിനിമയുടെ സ്വന്തം ജയിംസ് ബോണ്ട് ആരെന്ന് ചോദിച്ചാൽ ഒരുത്തരമേ കാണാൻ സാധ്യതയുള്ളു. സേതുരാമയ്യർ. സിബിഐ ഫ്രാഞ്ചൈസികളിലൂടെ മലയാളത്തിന്റെ മഹാനടൻ നിറഞ്ഞാടിയ ഈ വേഷത്തിന് ഇന്നും ആരാധകർ ഏറെയാണ്.
അയ്യരുടെ മുഖ്യ ആയുധം കൂര്‍മ ബുദ്ധിയാണ്. ആ ബുദ്ധി ഉപയോഗിച്ച് ഏറെ രസകരമായി അണിയിച്ചൊരുക്കിയത് അഞ്ച് സിനിമകളാണ്. മലയാളത്തില്‍ കുറ്റാന്വേഷണ സിനിമകളുടെ തലവര തന്നെ മാറ്റിമറിച്ച സിനിമയുടെ ആറാം ഭാഗം വരുന്നുവെന്ന വിവരം കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. ഇപ്പോഴിതാ ഈ ഊഹാപോഹങ്ങൾക്ക് അറുതി വരുത്തിയിരിക്കുകയാണ് സംവിധായകൻ കെ. മധു.
സിബിഐ 6 ഉടനെ വരുമെന്നാണ് കെ. മധു ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് കൊണ്ട് പറഞ്ഞിരിക്കുന്നത്. "സിബിഐയുടെ അഞ്ച് ഭാഗങ്ങളും കണ്ടവരാണോ നിങ്ങൾ. ഉറപ്പാണേ. നാളെ മാറ്റി പറയരുത്. അഞ്ച് ഭാഗവും ഇഷ്ടപ്പെട്ടോ. ആറാം ഭാഗം കാണണമോ. എന്നാൽ, ഉടനെ വരും. സിനിമ ഉടനെ പ്രതീക്ഷിക്കാം' എന്നായിരുന്നു കെ. മധുവിന്റെ വാക്കുകൾ. പിന്നാലെ ഏറെ ആവേശത്തിലാണ് സിനിമാസ്വാദകർ.
ഏതാനും ദിവസങ്ങൾക്കു മുൻപാണ് സിബിഐ 6 വരുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്. എന്നാൽ, ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ വന്നിരുന്നില്ല. "ദി പ്രീസ്റ്റ്', "രേഖാചിത്രം' എന്നീ സിനിമകളിലൂടെ ശ്രദ്ധനേടിയ ജോഫിൻ ടി. ചാക്കോ ആകും സംവിധായകനാകുക എന്നും അഭ്യൂഹങ്ങളുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുംദിവസങ്ങളിൽ പുറത്തുവരുമെന്നാണു കരുതപ്പെടുന്നത്.
എസ്.എൻ. സ്വാമിയുടെ തിരക്കഥയിൽ കെ. മധു സംവിധാനം ചെയ്ത സിനിമകളാണ് സിബിഐ സീരീസുകൾ. 1988ൽ ആയിരുന്നു ആദ്യ സിനിമ റിലീസ് ചെയ്തത്. കോളിളക്കം ഉണ്ടാക്കിയ ഓമന കൊലക്കേസുമായെത്തിയ സിനിമ കണ്ട് മലയാളി ഞെട്ടി. തൊട്ടടുത്ത വർഷം സിനിമാനടിയുടെ കൊലപാതക കഥ പറഞ്ഞ് ജാഗ്രത എത്തി.
അഞ്ചു കൊലപാതകങ്ങളിൽ ഒന്ന് ചെയ്തത് താനല്ലെന്ന പ്രതിയുടെ വെളിപ്പെടുത്തലായിരുന്നു 2004ലെ സേതുരാമയ്യർ സിബിഐക്ക് ആധാരം. 2005ൽ നേരറിയാൻ സിബിഐ. ഒരു സ്ത്രീയെ പ്രതി സ്ഥാനത്ത് നിർത്തിയ നാലാം കഥയും പ്രേക്ഷകർ കൈയടിയോടെ വരവേറ്റു.
17 വർഷത്തെ ഇടവേളക്ക് ശേഷം അയ്യർ അഞ്ചാം വരവും നടത്തി. വൻ പ്രതീക്ഷയോടെ ആണ് ഈ ചിത്രം റിലീസ് ചെയ്തതെങ്കിലും വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിരുന്നില്ല.
Movies
നാടക-സിനിമ നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ(71) അന്തരിച്ചു. പുലർച്ചെ കൊല്ലം പട്ടത്താനത്തെ വസതിയിൽ വച്ചാണ് അന്ത്യം.
പുലർച്ചെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു.
നടനും എംഎൽഎയുമായ മുകേഷിന്റെ സഹോദരി ഭർത്താവാണ് രാജേന്ദ്രൻ. അസുഖ ബാധിതനായി ഏറെ നാളായി ചിത്സയിലായിരുന്നു. സംസ്കാരം വെള്ളിയാഴ്ച തൃശൂർ തൃത്തല്ലൂരിൽ. നടി സന്ധ്യ രാജേന്ദ്രനാണ് ഭാര്യ. മകൻ ദിവ്യ ദർശനും സിനിമയിലുണ്ട്.
വി.ആർ. ഗോപിനാഥിന്റെ ഗ്രീഷ്മം എന്ന ചിത്രത്തിലൂടെയാണ് രാജേന്ദ്രൻ സിനിമയിലെത്തിയത്. കാവടിയാട്ടം എന്ന ചിത്രത്തിൽ പ്രധാനവില്ലനായി. ഇടക്കാലത്ത് അദ്ദേഹം സിനിമയിൽനിന്ന് നീണ്ട ഇടവേളയെടുത്തിരുന്നു.
ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലൂടെ ബിഗ് സ്ക്രീനിലേക്ക് മടങ്ങിയെത്തി. ഈ ചിത്രത്തിലെ ഉണ്ണിത്തമ്പുരാൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പട്ടാഭിഷേകത്തിലെ ബലരാമൻ എന്ന വില്ലൻ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
നരസിംഹം, തച്ചിലേടത്ത് ചുണ്ടൻ, പ്രണയവർണങ്ങൾ, സ്നേഹം, ദയ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, മീശമാധവൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
Kerala
കൊല്ലം: നാടക-സിനിമ നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ(71) അന്തരിച്ചു. പുലർച്ചെ കൊല്ലം പട്ടത്താനത്തെ വസതിയിൽ വച്ചാണ് അന്ത്യം.
പുലർച്ചെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു.
നടനും എംഎൽഎയുമായ മുകേഷിന്റെ സഹോദരി ഭർത്താവാണ് രാജേന്ദ്രൻ. അസുഖ ബാധിതനായി ഏറെ നാളായി ചിത്സയിലായിരുന്നു. സംസ്കാരം വെള്ളിയാഴ്ച തൃശൂർ തൃത്തല്ലൂരിൽ. ഭാര്യ: സന്ധ്യ രാജേന്ദ്രൻ. മകൻ: ദിവ്യ ദർശൻ.
Kerala
കൊച്ചി: സംവിധായകന് ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസില്‍ പരാതി നല്കിയ യുവനടിയുടെ രഹസ്യമൊഴി ഉടന്‍ രേഖപ്പെടുത്തും. നിലവില്‍ വിദേശത്തുള്ള യുവതി രണ്ട് ദിവസത്തിനുള്ളില്‍ നാട്ടിലെത്തും. ഇതിനു ശേഷം മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരായി രഹസ്യമൊഴി നല്‍കും.
അതിനുശേഷം ചിദംബരത്തിനെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് എറണാകുളം സൗത്ത് പോലീസ്. തുടര്‍ന്ന് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേയ്ക്ക് കടക്കുമെന്നാണ് സൂചന.
യുവനടിയുടെ പരാതിയില്‍ എറണാകുളം സൗത്ത് പോലീസാണ് കഴിഞ്ഞ ദിവസം സംവിധായകന് ചിദംബരത്തിനെതിരെ കേസെടുത്തത്. 2022 ലാണ് കേസിനാസ്പദമായ സംഭവം. എളംകുളത്തെ ഫ്ളാറ്റില്‍ അതിക്രമിച്ചുകയറിയ ചിദംബരം ലൈംഗിക ഉദ്ദേശ്യത്തോടെ പെരുമാറിയെന്നാണ് പരാതിക്കാരി സൗത്ത് പോലീസിന് നല്കിയ മൊഴി.
സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികാധിക്ഷേപം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നടി കഴിഞ്ഞയാഴ്ചയാണ് പരാതി നല്‍കിയത്. മഞ്ഞുമ്മല്‍ ബോയ്സ്, ജാന്‍ എ മന് എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ചിദംബരം.
Kerala
കൊച്ചി: സംവിധായകൻ ചിദംബരത്തിനെതിരേ ലൈംഗികാതിക്രമ കേസിൽ പരാതി നൽകിയ യുവനടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും.
നിലവിൽ വിദേശത്തുള്ള യുവതി രണ്ടു ദിവസത്തിനുള്ളിൽ നാട്ടിലെത്തും. ഇതിനുശേഷം മജിസ്ട്രേറ്റിനു മുന്നിൽ ഹാജരായി രഹസ്യമൊഴി നൽകും. അതുകഴിഞ്ഞ് ചിദംബരത്തിനെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് എറണാകുളം സൗത്ത് പോലീസ്. തുടർന്ന് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന.
യുവനടിയുടെ പരാതിയില്‍ എറണാകുളം സൗത്ത് പോലീസാണ് കഴിഞ്ഞ ദിവസം ചിദംബരത്തിനെതിരേ കേസെടുത്തത്. 2022ലാണ് കേസിനാസ്പദമായ സംഭവം.
Kerala
കൊച്ചി: മഞ്ഞുമ്മൽ ബോയ്സിന്റെ സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്. കൊച്ചിയിൽ യുവതിയുടെ ഫ്ലാറ്റിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമത്തിന് മുതിർന്നുവെന്നാണ് ചിദംബരത്തിനെതിരെയുള്ള പരാതി.
എറണാകുളം സൗത്ത് പോലീസ് ആണ് യുവതിയുടെ പരാതിയിൽ കേസെടുത്തിരിക്കുന്നത്. ബിഎൻഎസ് 74,75 വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 2022ൽ ആണ് കേസിന് ആസ്പദമായ സംഭവം.
എളംകുളത്തെ പരാതിക്കാരിയുടെ ഫ്ലാറ്റിൽ അതിക്രമിച്ച് കയറി ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയെന്നാണ് പരാതി.
Kerala
കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോർജിനെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. കണ്ണൂരിൽ മന്ത്രിക്ക് പരിക്കേറ്റ സംഭവത്തിലാണ് ജോയ് മാത്യുവിന്റെ പ്രതികരണം. കെഎസ്യു ആക്രമണത്തെ തുടർന്നാണ് പരിക്കേറ്റതെന്നാണ് വീണാ ജോർജും സിപിഎമ്മും പറയുന്നത്. ഇതിനെ പരിഹസിച്ചുകൊണ്ട് ജോയ് മാത്യു ഫെയ്സ്ബുക്കിൽ പോസ്റ്റിടുകയായിരുന്നു.
അപ്രതീക്ഷിതമായ വേദികളിലൂടെ മികച്ച അഭിനേതാക്കൾ പെട്ടെന്ന് കടന്നുവരുന്നത് നിലവിലുള്ളവർക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെങ്കിലും പ്രതിഭകളെ അംഗീകരിക്കേണ്ടതാണെന്നാണ് ജോയ് മാത്യു കുറിച്ചത്. മാറാത്തത് ഒന്നുമാത്രം ക്യാമറ എടുത്ത ദൃശ്യങ്ങൾ എന്ന് മാർക്സ്. എന്നും മികച്ച അഭിനേതാക്കൾക്കൊപ്പമെന്നും അദ്ദേഹം കുറിച്ചു.
നാടകം വളരട്ടെ എന്ന് കുറിച്ചുകൊണ്ടാണ് ജോയ് മാത്യു പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. എഐ വന്നതോടെ അഭിനേതാക്കൾ നേരിടുന്ന വെല്ലുവിളികൾ ഏറെയാണെന്നും എങ്കിലും മികച്ച അഭിനേതാക്കളുടെ കടന്ന് വരവ് സിനിമയ്ക്ക് കൂടുതൽ പ്രതീക്ഷകൾ നൽകുന്നുണ്ടെന്നും ജോയ് കുറിച്ചിട്ടുണ്ട്.
ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം.
എ ഐ വന്നതോടെ
അഭിനേതാക്കൾ നേരിടുന്ന വെല്ലുവിളികൾ ഏറെയാണ്.
എങ്കിലും മികച്ച അഭിനേതാക്കളുടെ കടന്ന് വരവ് സിനിമയ്ക്ക്
കൂടുതൽ പ്രതീക്ഷകൾ നൽകുന്നു. അപ്രതീക്ഷിതമായ വേദികളിലൂടെ
മികച്ച അഭിനേതാക്കൾ പെട്ടെന്ന് കടന്നുവരുന്നത് നിലവിലുള്ളവർക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. എങ്കിലും പ്രതിഭകളെ അംഗീകരിക്കേണ്ടതാണ്.
മാറാത്തത് ഒന്നുമാത്രം ക്യാമറ എടുത്ത ദൃശ്യങ്ങൾ എന്ന് മാർക്സ്
എന്നും മികച്ച അഭിനേതാക്കൾക്കൊപ്പം
നാടകം വളരട്ടെ!
International
പാരീസ്: ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ ലൂവ്രെ മ്യൂസിയത്തിന്റെ ഡയറക്ടർ ലോറൻസ് ഡെസ് കാർസ് രാജിവച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ 19 ന് ലൂവ്രെ മ്യൂസിയത്തിൽ നടന്ന കവർച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി.
മോഷണം തടയാനുള്ള സാങ്കേതിക സംവിധാനങ്ങളൊന്നും മ്യൂസിയത്തിലുണ്ടായിരുന്നില്ലെന്ന് ലോറൻസ് ഡെസ് കാർസ് പറഞ്ഞു. സംഭവത്തിൽ നാല് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നെപ്പോളിയൻ ചക്രവർത്തി ഭാര്യക്ക് നൽകിയ വജ്രവും മരതകവും നിറഞ്ഞ മാല ഉൾപ്പെടെ എട്ട് വിലപിടിപ്പുള്ള ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ട സംഭവം ഫ്രാൻസിനെ ഞെട്ടിച്ചിരുന്നു.
ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ആർട്ട് ഗാലറികളിലൊന്നാണ് പാരീസിലെ ലൂവ്രെ മ്യൂസിയം. ഡെസ് കാർസ് നേരത്തെ രാജി സമർപ്പിച്ചിരുന്നെങ്കിലും ഫ്രഞ്ച് സർക്കാർ അംഗീകരിച്ചിരുന്നില്ല.
ഡിസംബർ മുതൽ തന്നെ മ്യൂസിയത്തിലെ പല ക്രമക്കേടുകളേക്കുറിച്ചും പരാതി ഉയർന്നിരുന്നു. ശമ്പളത്തിന് വേണ്ടിയുള്ള സമരങ്ങൾ മ്യൂസിയത്തിൽ പതിവായിരുന്നു. മ്യൂസിയത്തിലെ ജല ചോർച്ചകളും ടിക്കറ്റ് വിൽപനയിലെ തിരിമറിയും അടുത്തിടെ വലിയ രീതിയിൽ ചർച്ചയായിരുന്നു.
Movies
സംവിധായകൻ ഷാഫിയുടെ ഒന്നാം ചരമവാർഷിക അനുസ്മരണത്തിൽ സുഹൃത്തിനെക്കുറിച്ചുള്ള ഓർമകളുമായി നടൻ ദിലീപ്. പഞ്ചാബി ഹൗസ് മുതലുള്ള ബന്ധമായിരുന്നു ഷാഫിയുമായിട്ടുള്ളതെന്നും എന്തും തുറന്നു സംസാരിക്കാൻ പറ്റുന്ന സൗഹൃദമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. മലയാളസിനിമയിൽ ശത്രുക്കളില്ലാത്ത ഒരാളായിരുന്നു ഷാഫിയെന്നും ദിലീപ് പറയുന്നു.
''ഈ ചടങ്ങിന്റെ അധ്യക്ഷനും നമുക്കെല്ലാം പ്രിയപ്പെട്ടവനുമായ റാഫി ഭായ്, വേദിയിലുള്ള സിബി സർ, രഞ്ജിത്തേട്ടൻ, രാകേഷേട്ടൻ, ലാലേട്ടൻ, അഴകപ്പൻ, നായിക പ്രയാഗ എന്നിവർക്കും സദസിലുള്ള ഏവർക്കും നമസ്കാരം.
സിബി സാർ പറഞ്ഞതുപോലെ, ഷാഫി ഭായ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരു വർഷമായി എന്ന് വിശ്വസിക്കാൻ പ്രയാസമാണ്. കുറച്ചു മാസങ്ങൾക്കു മുമ്പ് നടന്ന വേർപാട് പോലെയാണ് ഇന്നും തോന്നുന്നത്; സമയം പോകുന്നത് അറിയുന്നില്ല. ‘പഞ്ചാബി ഹൗസ്’ ചെയ്യുന്ന കാലം മുതലുള്ള സുഹൃദ്ബന്ധമാണ് ഷാഫി ഭായിയുമായി എനിക്കുള്ളത്.
അന്നത്തെ ഹിറ്റുകൾ സമ്മാനിച്ച റാഫി-മെക്കാർട്ടിൻ കൂട്ടുകെട്ട് എന്നെ ആ സിനിമയിലേക്ക് അഭിനയിക്കാൻ വിളിച്ചപ്പോഴാണ് ഷാഫിയുമായുള്ള സൗഹൃദം തുടങ്ങുന്നത്. റാഫി ഭായുടെ സഹോദരൻ എന്നതിലുപരി, ഒരേ വേവ്ലെംഗ്തുള്ള ആൾക്കാർ എന്ന നിലയിൽ എന്തും തുറന്നു സംസാരിക്കാൻ പറ്റുന്ന സൗഹൃദമായി അത് വളർന്നു.
എന്റെ കരിയറിൽ മൂന്ന് മെഗാ ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് ഷാഫി. അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കാൻ പോകുക എന്നത് തികഞ്ഞ കംഫർട്ട് സോണിൽ നിന്ന് പെർഫോം ചെയ്യാൻ സാധിക്കുന്ന ഒന്നായിരുന്നു. ഒരു മറയുമില്ലാതെ എന്തും ഡിസ്കസ് ചെയ്യാനും സജഷനുകൾ നൽകാനും പറ്റുന്നത്ര ആഴമുള്ളതായിരുന്നു ഞങ്ങളുടെ ബന്ധം.
അദ്ദേഹം ഇത്ര പെട്ടെന്ന് വിട്ടുപോകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. എത്ര വിഷമിച്ചിരിക്കുന്ന സമയത്തും തമാശയിലൂടെ അതിനെ ലഘൂകരിക്കുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേത്.
വലിയൊരു സന്തോഷമുള്ള ചടങ്ങല്ല ഇതെങ്കിലും, ഷാഫിയുടെ പേരിൽ ഒരു മെമ്മോറിയൽ അവാർഡ് നൽകാനും അത് നല്ല സംവിധായകർക്ക് നൽകണമെന്നുമുള്ള ചിന്ത വരികയും അതിന് സംഘാടകർ മുൻകൈ എടുക്കുകയും ചെയ്തതിൽ വലിയ സന്തോഷമുണ്ട്.
മലയാള സിനിമയിൽ ശത്രുക്കളില്ലാത്ത ഒരാളായാണ് ഷാഫിയെ എനിക്ക് തോന്നിയിട്ടുള്ളത്. എല്ലാവരോടും ചിരിച്ചു കളിച്ച്, പരാതികളോ വിദ്വേഷമോ ഇല്ലാത്ത ഒരാൾ. അദ്ദേഹം ആരെയും കുറിച്ച് പരദൂഷണം പറയുകയോ മറ്റുള്ളവർ അദ്ദേഹത്തെ എതിർത്തു സംസാരിക്കുകയോ ചെയ്യുന്നത് ഞാൻ കേട്ടിട്ടില്ല.
ഇതൊരു വലിയ ചടങ്ങായിരുന്നെങ്കിൽ മലയാള സിനിമ മുഴുവൻ ഇവിടെ എത്തുമായിരുന്നു. ഒരു തുടക്കം എന്ന നിലയിൽ വളരെ ചുരുങ്ങിയ ആളുകളെ ഉൾപ്പെടുത്തി നടത്തിയ ഒരു കൂട്ടായ്മയാണിത്. അദ്ദേഹത്തിന്റെ പേരിലുള്ള അവാർഡ് പ്രഗത്ഭനായ ഒരു സംവിധായകന് തന്നെ നൽകുന്നതിൽ വലിയ സന്തോഷമുണ്ട്. ഈ ചടങ്ങിൽ പങ്കെടുക്കാനും പ്രിയപ്പെട്ടവരെയൊക്കെ കാണാനും സാധിച്ചതിൽ സർവ്വേശ്വരനോട് നന്ദി പറയുന്നു.’’ദിലീപ് പറഞ്ഞു.
Kerala
പത്തനംതിട്ട: മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്തും പരിസര പ്രദേശങ്ങളിലും സിനിമാ ഷൂട്ടിംഗ് നടത്തിയതിന് സംവിധായകൻ അനുരാജ് മനോഹറിനെ പ്രതിയാക്കി കേസെടുത്തു. വനത്തിൽ അതിക്രമിച്ചു കയറിയതിന് വനംവകുപ്പാണ് കേസെടുത്തത്.
പത്തനംതിട്ട റാന്നി ഡിവിഷനിലാണ് നിലവിൽ കേസെടുത്തത്. പെരിയാർ കടുവാ സങ്കേതത്തിന്റെ ഭാഗമായ സ്ഥലത്താണോ ചിത്രീകരണം നടത്തിയതെന്ന് വനംവകുപ്പ് പരിശോധിച്ചുവരികയാണ്.
പമ്പയിൽ ചിത്രീകരണം നടത്തി എന്നായിരുന്നു സംവിധായകന്റെ വാദം.
National
നോയിഡ: നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ കുഴിയിലേക്ക് കാർ വീണ് സോഫ്റ്റ്വേർ എൻജിനിയർ മരിക്കാനിടയായ സംഭവത്തിൽ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് ഡയറക്ടറെ പോലീസ് അറസ്റ്റ് ചെയ്തു.
എംഎസ് വിസ്ടൗൺ പ്ലാനേഴ്സ് ഗ്രൂപ്പ് ഡയറക്ടർ അഭയ് കുമാറാണ് പിടിയിലായത്. 27 കാരനായ യുവരാജ് മേത്തയാണ് മരിച്ചത്. മൂടൽമഞ്ഞിൽ വഴി മറഞ്ഞതോടെ നിയന്ത്രണംവിട്ട കാർ മാലിന്യക്കുഴിയുടെ അതിരുകടന്ന് നിർമാണത്തിലിരുന്ന വാണിജ്യസമുച്ചയത്തിനായി നിർമിച്ച വെള്ളം നിറച്ച കുഴിയിലേക്കു പതിക്കുകയായിരുന്നു.
റോഡിൽനിന്ന് മതിയായ സുരക്ഷയൊരുക്കാതെയാണ് കെട്ടിടം നിർമിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. യുവരാജിന്റെ പിതാവ് നൽകിയ പരാതിയിലാണ് അറസ്റ്റ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശപ്രകാരം പ്രത്യേക പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Movies
ചലചിത്ര സംവിധായകൻ പി.എം. ബെന്നി (94) അന്തരിച്ചു. 1977-ൽ ശ്രീവിദ്യ, എം.ജി. സോമൻ, റാണി ചന്ദ്ര, സുധീർ, കെപിഎസി സണ്ണി എന്നിവർ അഭിനയിച്ച മുഹൂർത്തങ്ങൾ എന്ന സിനിമ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ഷാജി എൻ. കരുണാണ് ഈ ചിത്രത്തിനായി കാമറ ചലിപ്പിച്ചത്. ചലച്ചിത്ര സംവിധായകനും വിഖ്യാത ഛായാഗ്രാഹകനുമായ എ. വിൻസെന്റിന്റെ ഭാര്യാസഹോദരനായ പി.എം. ബെന്നി, വിൻസെന്റ് മാഷിന്റെ ധാരാളം ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.
തുലാഭാരം എന്ന സിനിമയിലെ "കാറ്റടിച്ചു കൊടും കാറ്റടിച്ചു' എന്ന ഗാനരംഗത്ത് അദ്ദേഹം മത്സ്യത്തൊഴിലാളിയായി അഭിനയിച്ചിട്ടുണ്ട്.
NRI
കൊളോണ്‍: ജര്‍മനിയിലെ നോര്‍ത്ത് റൈന്‍വെസ്റ്റ്ഫാലിയ സ്റ്റഫാലിയ സംസ്ഥാനത്തിലെ കൊളോണില്‍ ലോക കേരള സഭാംഗങ്ങള്‍ സംഘടിപ്പിച്ച യോഗത്തില്‍ നോര്‍ക്ക റൂട്ട്സ് സിഇഒ അജിത് കൊളശേരി, ഡയറക്ടര്‍(ലോക കേരള സഭ സെക്രട്ടേറിയറ്റ്) ആസിഫ് കെ. യൂസഫ്, ഐഎഎസ് എന്നിവര്‍ക്ക് സ്വീകരണം നല്കി.
ഡിസംബര്‍ 19ന് കൊളോണ്‍ - റോസ്രാത്തിലെ സെന്റ് നിക്കോളാസ് ഇടവക പാരീഷ് ഹാളില്‍ കൂടിയ യോഗത്തില്‍ വിശിഷ്ടാതിഥികളായി പങ്കെടുത്ത നോര്‍ക്ക റൂട്ട്സ് സിഇഒ അജിത് കൊളശേരി, ലോക കേരള സഭ ഡയറക്ടര്‍ ആസിഫ് കെ. യൂസഫ് ഐഎഎസ് എന്നിവരെ ജര്‍മനിയില്‍ നിന്നുള്ള ലോക കേരളസഭാംഗം ജോസ് കുമ്പിളുവേലില്‍, ലോക കേരള സഭാംഗം ജോളി എം. പടയാട്ടില്‍ എന്നിവര്‍ പൂച്ചെണ്ടുകള്‍ നല്കി ഔപചാരികമായി സ്വീകരിച്ചു.
ലോക കേരള സഭാ അംഗമായ പോള്‍ ഗോപുരത്തിങ്കലിന്റെ സഹോദരി റാണി അരീക്കലിന്റെ (സ്വിറ്റ്സര്‍ലണ്ട്) നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ജോസ് കുമ്പിളുവേലില്‍ അധ്യക്ഷത വഹിച്ച് സ്വാഗതം ആശംസിച്ചു. ഫാ. ജോസ് വടക്കേക്കര സിഎംഐ വിശിഷ്ടാതിഥികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
ജോളി എം. പടയാട്ടില്‍ നന്ദി പറഞ്ഞു. വിവിധ മലയാളി സംഘടനകളില്‍ നിന്നും ബിസിനസ് സമൂഹങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളായ ജോളി തടത്തില്‍, മേഴ്സി തടത്തില്‍, തോമസ് അറമ്പന്‍കുടി, അച്ചാമ്മ അറമ്പന്‍കുടി, ഗ്രിഗറി മേടയില്‍, മേരിക്കുട്ടി മേടയില്‍, ചിനു പടയാട്ടില്വേള്ഡ് മലയാളി കൗണ്‍സില്‍), സണ്ണി വേലൂക്കാരന്‍, എല്‍സി വേലൂക്കാരന്‍(ഗ്ലോബല്‍ മലയാളി കൗണ്‍സില്‍), പോള്‍ ചിറയത്ത്, ജോര്‍ജ് അട്ടിപ്പേറ്റി, ജോണ്‍ മാത്യു, ജെന്‍സ് കുമ്പിളുവേലില്‍ (കേരള സമാജം കൊളോണ്‍), രമണി മാത്യു, ശ്യാം (സംസ്ക്കാര ജര്‍മനി) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പങ്കെടുത്തവരുടെ സ്വയം പരിചയപ്പെടുത്തലുകള്‍ക്ക് ശേഷം, നോര്‍ക്ക റൂട്ട്സിന്റെ സംരംഭങ്ങളെയും സേവനങ്ങളെയും നോര്‍ക്ക കെയര്‍, കാരുണ്യം, സാന്ത്വനം, എന്നിവയെക്കുറിച്ചുള്ള അവലോകനം അജിത് കൊളശേരി അവതരിപ്പിച്ചു.
Movies
കൂലി സിനിമയ്ക്ക് ലഭിച്ച വിമർശനങ്ങളിൽ പ്രതികരിച്ച് സംവിധായകൻ ലോകേഷ് കനകരാജ്. തെറ്റുകൾ അടുത്ത ചിത്രത്തിൽ തിരുത്തുമെന്ന് ലോകേഷ് പറഞ്ഞു.
"കൂലിക്കെതിരെ ആയിരക്കണക്കിന് വിമർശനങ്ങളാണ് ഉയർന്നത്. അതെല്ലാം എന്റെ അടുത്ത ചിത്രത്തിൽ തിരുത്താൻ ഞാൻ ശ്രമിക്കും. ഇത്രയധികം വിമർശനങ്ങൾ വന്നപ്പോഴും രജനികാന്ത് സാറിനുവേണ്ടി ജനങ്ങൾ ചിത്രം കണ്ടു. ചിത്രം 500 കോടി കളക്ട് ചെയ്തുവെന്നാണ് നിർമാതാവ് എന്നോട് പറഞ്ഞത്. എല്ലാവർക്കും നന്ദി', എന്നായിരുന്നു ലോകേഷിന്റെ വാക്കുകൾ.
ആഗോള ബോക്സ് ഓഫീസിൽ ചിത്രം 500 കോടി നേടിയിരുന്നു. ഇതുവരെ ലോകേഷ് സംവിധാനം ചെയ്ത സിനിമകളിൽ ഏറ്റവും മോശം ചിത്രമാണ് കൂലിയെന്നാണ് ആരാധകർ പറയുന്നത്.
ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 235 കോടി രൂപ കൂലി നേടിയെന്നാണ് റിപ്പോർട്ട്. ആദ്യ ദിനം ചിത്രം ആഗോള മാർക്കറ്റിൽ നിന്ന് 151 കോടിയാണ് നേടിയത്. നിർമാതാക്കളായ സൺ പിക്ചേഴ്സ് തന്നെയാണ് കളക്ഷൻ വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്.
ഒരു തമിഴ് സിനിമ ആഗോള തലത്തിൽ നിന്ന് നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ ആണിത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമാണം.
Kerala
കൊച്ചി: തിരക്കഥാകൃത്തും നടനും സംവിധായകനുമായ ശ്രീനിവാസന് അന്ത്യാഞ്ജലിയര്‍പ്പിച്ച് ആയിരങ്ങള്‍. രാഷ്ട്രീയ, സിനിമ, സാംസ്കാരിക മേഖലയിലെ നിരവധി പേരാണു പ്രിയ നടനെ അവസാനമായി കാണുന്നതിന് എറണാകുളം ടൗണ്‍ഹാളിലേക്ക് ഒഴുകിയെത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് 12.55 ഓടെയാണു മൃതദേഹം പൊതുദര്‍ശനത്തിനായി എറണാകുളം ടൗണ്‍ഹാളിലെത്തിച്ചത്. ഭാര്യ വിമലയും മക്കളായ വിനീതും ധ്യാനും മരുമക്കളായ ദിവ്യയും അര്‍പ്പിതയും ഉണ്ടായിരുന്നു.
മൃതദേഹം ടൗണ്‍ഹാളിലേക്ക് എത്തിക്കുന്നതറിഞ്ഞ് ആയിരങ്ങളാണ് അവിടെ കാത്തുനിന്നത്. ഉച്ചയ്ക്ക് 1.07 ന് മുഖ്യമന്ത്രി പിണറായി വിജയന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി ടൗണ്‍ഹാളിലെത്തി. മന്ത്രിമാരായ പി. രാജീവ്, സജി ചെറിയാന്, ഹൈബി ഈഡന് എംപി, എംഎല്‍എമാരായ ടി.ജെ. വിനോദ്, റോജി എം. ജോണ്‍, കെ.എന്‍. ഉണ്ണിക്കൃഷ്ണന്, കെ.ജെ. മാക്സി, സിപിഎം ജില്ലാ സെക്രട്ടറി എസ് . സതീഷ്, താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ്, വിനയ് ഫോര്‍ട്ട്, വിഷ്ണു ഉണ്ണിക്കൃഷ്ണന്, സണ്ണി വെയ്ന്‍, ശ്രീനാഥ് ഭാസി, ഷറഫുദ്ദീന്, സായികുമാര്‍, മണികണ്ഠന് ആചാരി, സുരേഷ് കൃഷ്ണ, ലക്ഷ്മിപ്രിയ, അന്‍സിബ, നിഖില വിമല്‍, ബിന്ദു പണിക്കര്‍, സ്നേഹ ശ്രീകുമാര്‍, പേളി മാണി, ശ്രീകുമാര്‍, വിനീത് കുമാര്‍, ബീന ആന്റണി, ശാന്തകുമാരി, റോഷന്, അരുണ്‍ ചെറുകാട്, ഡോ. റോണി ഡേവിഡ്, നിഷ സാരംഗ്, ദുര്‍ഗ കൃഷ്ണ, ശങ്കര്‍ ഇന്ദുചൂഡന്, സന്തോഷ് കീഴാറ്റൂര്‍, മാലാ പാര്‍വതി, ശ്രീകാന്ത് മുരളി, ഷെയ്ന് നിഗം, സീനത്ത്, പേളി മാണി, ശ്രീനിഷ്, സംവിധായകരായ സത്യന് അന്തിക്കാട്, രഞ്ജിത്ത്, സിബി മലയില്‍, കമല്‍, ജോഷി, റോഷന് ആന്‍ഡ്രൂസ്, ലാല്‍ ജോസ്, നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ലിബര്‍ട്ടി ബഷീര്‍, ആന്റോ ജോസഫ്, എന്‍.എം. ബാദുഷ, തിരക്കഥാകൃത്തുക്കളായ എസ്.എന്‍. സ്വാമി, ആലപ്പി അഷ്റഫ്, ബെന്നി പി. നായരമ്പലം, ഗായകരായ ബിജു നാരായണന്, സുദീപ് കുമാര്‍, പ്രദീപ് പള്ളുരുത്തി, സംഗീതസംവിധായകൻ മെജോ ജോസഫ്, കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ്, ഡോ. ജോ ജോസഫ് തുടങ്ങി നിരവധിപേര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി.
Kerala
കോഴിക്കോട്: ശ്രീനിവാസനെപ്പോലൊരു സര്‍ഗപ്രതിഭ ഇനി മലയാളസിനിമയില്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്.
“ഞാന്‍ 1986ല്‍ സിനിമ ചെയ്യുന്ന കാലം മുതല്‍ അടുത്ത സുഹൃദ്ബന്ധം ഉണ്ടായിരുന്നു. എന്റെ നാലഞ്ച് സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ശ്രീനിവാസന്‍തന്നെ തിരക്കഥയെഴുതിയ ‘അയാള്‍ കഥയെഴുതുകയാണ്’ എന്ന സിനിമ നിര്‍മിച്ചതു ഞാനായിരുന്നു. ഒരു ക്ലാസ് നര്‍മം എന്തു കാര്യത്തിലും കണ്ടെത്താനുള്ള ശ്രീനിവാസന്റെ കഴിവ് അപാരമായിരുന്നു.
മിമിക്രി തമാശയല്ല, എക്കാലവും മലയാളിക്കു ചിരിക്കാനുള്ള, ചിന്തിക്കാനുള്ള വക നല്കുന്ന തമാശകളാണ് ശ്രീനിവാസനില്നിന്നുണ്ടായത്. ഏതൊരു കാര്യത്തിലും നര്‍മം കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. എനിക്ക് തോന്നുന്നു, മലയാളസിനിമയില്‍ ഇനി അദ്ദേഹത്തെപ്പോലെ ഒരു പ്രതിഭയെ കണ്ടുമുട്ടാന്‍ പ്രയാസമായിരിക്കും. അത്രമാത്രം സര്‍ഗപ്രതിഭയുള്ള ഒരു അതുല്യ വ്യക്തിത്വമായിരുന്നു അദ്ദേഹം.
നമ്മളൊക്കെ സാധാരണ പറയാറുള്ളതുപോലെ, ഒരു സിനിമ റിലീസ് ചെയ്തു ആ കാലഘട്ടം കഴിയുമ്പോള്‍ ആ സിനിമ മണ്മറഞ്ഞു പോകും. പിന്നെ ആ സിനിമയെക്കുറിച്ച് അധികം ഓര്‍ക്കാറില്ല. പക്ഷേ ശ്രീനിവാസന്റെ മിക്ക സിനിമകളും ഇനി എത്രകാലം കഴിഞ്ഞാലും അതിനൊരു കാലികപ്രസക്തിയുണ്ടാകും. എന്തിനോടും പ്രതികരിക്കാനുള്ള ഒരു കഴിവ്, അതു നര്‍മം കലര്ത്തിയാകുമ്പോള് ആര്‍ക്കും ഒരു ബുദ്ധിമുട്ടോ വേദനയോ ഉണ്ടാകാത്ത രീതിയില്‍ ആഴത്തില്‍ ചിന്തിച്ചു മനസിലാക്കാനുള്ള ഒരു കഴിവ് അദ്ദേഹത്തിന്റെ തിരക്കഥകളിലും സംഭാഷണങ്ങളിലും ഉണ്ടായിരുന്നു.
മലയാളസിനിമയെ സംബന്ധിച്ചിടത്തോളം ഇതൊരു തീരാനഷ്ടം തന്നെയാണ്. അദ്ദേഹത്തിന് കുറച്ചുകാലം കൂടി ദൈവം ആയുസ് കൊടുത്തിരുന്നെങ്കില്‍ ഇനിയും ഒരുപാട് നല്ല സിനിമകളും കഥാപാത്രങ്ങളും നമുക്കു ലഭിക്കുമായിരുന്നു. മലയാളസിനിമയിലെ ഒരു വ്യത്യസ്ത പ്രതിഭയായി അദ്ദേഹം എന്നും മലയാളികളുടെ ഓര്‍മയില്‍ ഉണ്ടാകും. അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ നമ്മുടെ നിത്യജീവിതത്തില്‍ എവിടെയൊക്കെയോ കാണുന്ന കഥാപാത്രങ്ങളാണ് -സ്വര്‍ഗചിത്ര അപ്പച്ചന് പറഞ്ഞു.
Leader Page
വിജയേട്ടന് ഇവിടില്ലേ...
""ഇല്ലല്ലോ, വിജയേട്ടന് മീന്‍ മേടിക്കാന്‍ പോയി.
വെള്ളിയാഴ്ച പോയതാണ്...''
"ചിന്താവിഷ്ടയായ ശ്യാമള' എന്ന സിനിമയുടെ തുടക്കസീനുകളിലൊന്നില് ചിത്രത്തിലെ നായകന് വിജയനെ അന്വേഷിച്ചെത്തുന്ന കൂട്ടുകാരനോട് വിജയന്റെ ഭാര്യ പറയുന്ന ഉത്തരമാണിത്. ഈ ഒറ്റ ഡയലോഗിലൂടെ ആ നായകന് ആരാണെന്നും അദ്ദേഹത്തിന്റെ സ്വഭാവ സവിശേഷതകളെന്താണെന്നും വളരെ കൃത്യമായി വരച്ചിടുകയാണ് ശ്രീനിവാസന്. കുടുംബത്തിലെ ഉത്തരവാദിത്വം നിറവേറ്റാതെ എല്ലാറ്റില്‍നിന്നും ഒളിച്ചോടുന്ന വിജയന് എന്ന കഥാപാത്രത്തെ പരിചയപ്പെടുത്താന്‍ ഇതിലും നല്ലൊരു ഡയലോഗ് ഇല്ല- ഇതായിരുന്നു ശ്രീനിവാസന്. ഇവിടെ അദ്ദേഹത്തിന്റെ ഒരു സിനിമ മാത്രം പരാമര്ശിക്കുന്നതില് അര്‍ഥമില്ല. മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത എത്രയെത്ര സംഭാഷണങ്ങള്‍. ഒരുപക്ഷേ സംഭാഷണങ്ങളിലൂടെ സിനിമകള്‍ ഹിറ്റാക്കിയ അപൂര്‍വം ചലച്ചിത്രകാരന്മാരിലാരാളായിരുന്നു ശ്രീനിവാസൻ.
തിരക്കഥാകൃത്ത്, നടന്, സംവിധായകന് എന്നിങ്ങനെ ബഹുമുഖപ്രതിഭ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുമ്പോഴും തിരക്കഥയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി. സംവിധായകനായി രണ്ടേ രണ്ടു ചിത്രങ്ങള്‍. അവ രണ്ടും മലയാളത്തിന്റെ മാസ്റ്റര്‍പീസുകള്‍ തന്നെ. അഭിനേതാവായി നമ്മെ ആഴത്തില്‍ സ്പര്‍ശിച്ച ഒട്ടേറെ കഥാപാത്രങ്ങള്‍. പക്ഷേ, അതിനും മേലെയായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍. ശ്രീനിവാസന്റെ തിരക്കഥകള്‍, അത് അദ്ദേഹത്തിനു മാത്രം സാധ്യമാകുന്ന മൗലികസൃഷ്ടികളായിരുന്നു.
ശ്രീനിവാസന്റെ രചനയുടെ സൗകുമാര്യവും ആകര്‍ഷണവും തേടിപ്പോയാല്‍ പെട്ടെന്ന് നമുക്ക് ഉത്തരം ലഭിക്കും. അതു തികച്ചും സാധാരണമായിരുന്നു. മലയാളിയുടെ വികാര-വിചാരങ്ങളായിരുന്നു അദ്ദേഹത്തിന്റെ തിരക്കഥകള്‍. ഒരുപക്ഷേ മലയാളികള്‍ക്കുവേണ്ടി മാത്രമാണ് അദ്ദേഹം തിരക്കഥകള്‍ ഒരുക്കിയതെന്നു നമുക്കു തോന്നിപ്പോകും. കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളുമെല്ലാം മലയാളിയുടെ സ്വഭാവങ്ങളോടു ചേര്ന്നുനില്ക്കുന്നു. മറ്റുഭാഷകളില്‍ ഈ സംഭാഷണങ്ങളും കോമഡിയുമൊക്കെ ഇണങ്ങുമോയെന്ന് സംശയം തോന്നിയാല്‍ അദ്ഭുതപ്പെടാനില്ല. അത്രയ്ക്കും മലയാളി സമൂഹവുമായി ചേര്‍ന്നുനിന്നു ഈ രചനകള്‍.
ശ്രീനിവാസന് തന്റെ തിരക്കഥകളില്‍ പരാമര്‍ശിക്കാത്ത വിഷയങ്ങളില്ല.കുടുംബബന്ധങ്ങള്‍, പൊങ്ങച്ചം, സുഹൃത്ബന്ധം, അസൂയ, കുന്നായ്മ, ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം, അഴിമതി, പ്രണയം, സാമ്പത്തിക പ്രതിസന്ധി ... ഇത്തരം നിരവധി വിഷയങ്ങള്‍ മലയാളികളുടെ പൊതുസ്വഭാവവുമായി ചേര്‍ത്തുവച്ചതായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍. തിരശീലയില്‍ കഥാപാത്രങ്ങൾ മിന്നിമറയുന്പോൾ പ്രേക്ഷകന്റെ മനസില്‍ ഇവരിൽ ആരിലൊക്കെയോ താനുണ്ടെന്ന ഗൂഢസ്മിതം വിരിയുന്നിടത്താണ് ശ്രീനിവാസന് സിനിമകള്‍ ഉദ്ഘോഷിക്കപ്പെടുന്നത്.
അഭിനയം പാഷൻ, പക്ഷേ തിരക്കഥയിൽ...
അഭിനയമോഹവുമായാണ് ശ്രീനിവാസന് സിനിമയിലെത്തിയത്. അതായിരുന്നു അദ്ദേഹത്തിന്റെ പാഷനും. പക്ഷേ, തിരക്കഥാരചനയിലേക്ക് അദ്ദേഹം എത്തപ്പെടുകയായിരുന്നു. പ്രിയദര്‍ശനും സിബിമലയിലും പിന്നീട് സത്യന്അന്തിക്കാടുമൊക്കെയാണ് അതിനു കാരണക്കാരായത്. പ്രിയദര്‍ശനാണ് ആദ്യം ശ്രീനിവാസനെ നിര്‍ബന്ധിച്ച് തിരക്കഥയെഴുതിച്ചത്. തിരക്കഥയെഴുതുകയാണെങ്കിൽ അതില്‍ ഒരു റോളും വാഗ്ദാനം ചെയ്തു. അങ്ങനെയാണ് ഓടരുതമ്മവാ ആളറിയാം എന്ന ഹിറ്റ് ചിത്രം പിറവിയെടുക്കുന്നത്. തുടർന്ന് സിബി മലയിൽ തന്റെ ആദ്യ സിനിമ മുത്താരംകുന്ന് പി.ഒ പ്ലാൻ ചെയ്തപ്പോഴും ശ്രീനിവാസനെയാണ് സമീപിച്ചത്.
മുത്താരം കുന്നിന്റെ തിരക്കഥ വായിച്ച സത്യന് അന്തിക്കാട് മനസില്‍ കുറിച്ചു- ഇതാണ് താന്‍ തേടിനടന്ന രചയിതാവ്. അവിടെ മറ്റൊരു ചരിത്രത്തിന് തുടക്കമാകുകയായിരുന്നു.
തുടര്‍ന്നങ്ങോട്ട് സത്യന്‍അന്തിക്കാട്-ശ്രീനിവാസന് കൂട്ടുകെട്ടില്‍ പിറന്നത് സന്മനസുള്ളവര്ക്ക് സമാധാനം, നാടോടിക്കാറ്റ്, ഗാന്ധിനഗര്സെക്കന്ഡ് സ്ട്രീറ്റ്, സന്ദേശം, പൊന്മുട്ടയിടുന്ന താറാവ് തുടങ്ങി നിരവധി ഹിറ്റ് സിനിമകള്‍. ഈ ചിത്രങ്ങളെ വെറും ഹാസ്യസിനിമകളുടെ ലേബലിലല്ല പ്രേക്ഷകര്‍ കണ്ടത്. വളരെ ഗൗരവമേറിയ പ്രമേയങ്ങള്‍ അതിലളിതമായ സന്ദര്‍ഭങ്ങളിലൂടെ അവതരിപ്പിച്ചപ്പോള്‍ അത് ഹാസ്യമായെന്നു മാത്രം. അവിടെയാണ് ശ്രീനിവാസന് എന്ന രചയിതാവിന്റെ മൗലികത.
മലയാള സിനിമ അതുവരെ കണ്ട തിരക്കഥാ ഫോര്മുലകളില്നിന്ന് വ്യത്യസ്തമായിരുന്നു ശ്രീനിവാസന്റെ രചനകള്‍. നാടക- സാഹിത്യ പശ്ചാത്തലത്തില്‍നിന്നുള്ളവരായിരുന്നു തിരക്കഥാകൃത്തുക്കള്‍ മിക്കവരും. അവരുടെ തിരക്കഥയിലെ അച്ചടിഭാഷയും നാടകീയതയും കണ്ടു ശീലിച്ച പ്രേക്ഷകര്‍ക്ക് ശ്രീനിവാസന്റെ പച്ചയായ ഭാഷയും റിയലിസ്റ്റിക്കായ അവതരണരീതിയുമെല്ലാം ഏറെ പുതുമയായി തോന്നി. പ്രമേയം, ആഖ്യാനം, സംഭാഷണം ഇവയിലൊന്നും സാഹിത്യമോ ഫാന്റസിയോ കാല്പനികതയോ സ്പര്‍ശിക്കാതെ സാധാരണക്കാരുടെ ജിവിത പ്രശനങ്ങളാണ് അദ്ദേഹം പങ്കുവച്ചത്. അതിനായി അദ്ദേഹം ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് സംഭാഷണങ്ങളെയായിരുന്നു. അതുവരെ കണ്ട അച്ചടിഭാഷയിലുള്ള നെടുനീളന്‍ സംഭാഷണങ്ങള്‍ക്കുപകരം നാട്ടിന്‍പുറത്തെ സാധാരണക്കാരന്റെ ഭാഷയിലൂടെ അദ്ദേഹം ആശയവിനിമയം നടത്തി.
ഇടത്തരക്കാരുടെ സ്വപ്നങ്ങൾ...
സാധാരണക്കാരുടെ കഥകളും അവരുടെ വികാര-വിചാരങ്ങളുമായിരുന്നു മിക്ക ശ്രീനിവാസന് സിനിമകളും. അവിടെ മലയാളികളുടെ സഹജ നര്‍മബോധവും പൊങ്ങച്ചവും പാരവയ്പ്പും നന്മകളുമെല്ലാം അദ്ദേഹം സമര്‍ഥമായി ഉപയോഗിച്ചു. ഇടത്തരക്കാരുടെ സ്വപ്നങ്ങള്‍ക്ക് പരിമിതികളില്ല. എപ്പോഴും അവര്‍ ഒരുപടി മുന്നേറാനാണ് ശ്രമിക്കുന്നത്. ഇത്തരം മുന്നേറ്റങ്ങളില്‍ മലയാളി മിഡില്‍ ക്ലാസ് സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങളും വീര്പ്പുമുട്ടലുകളുമെല്ലാം വളരെ യാഥാര്‍ഥ്യബോധത്തോടെയാണ് അദ്ദേഹം വരച്ചുകാട്ടിയത്.
മിഥുനം, തലയണമന്ത്രം, കുടുംബപുരാണം, വരവേല്പ് തുടങ്ങി എത്രയെത്ര സിനിമകള്‍ ഈ ജനുസില്‍ നമ്മള് കണ്ടു. മിഥുനത്തിലും തലയണമന്ത്രത്തിലുമൊക്കെ ഉര്‍വശി അഭിനയിച്ചത് മലയാളത്തിലെ എക്കാലത്തെയും മികച്ച റിയലിസ്റ്റിക്ക് സ്ത്രീ കഥാപാത്രങ്ങളാണ്. തന്റെ മേഖലയായ സിനിമയെയും അദ്ദേഹം തിരക്കഥയ്ക്ക് ഉപകരണമാക്കി. സിനിമയ്ക്കുള്ളിലെ സിനിമയെ യാതൊരു സങ്കോചവുമില്ലാതെ തുറന്നുകാട്ടിയ ചിത്രമായിരുന്നു ഉദയനാണ് താരം.
സൂപ്പർതാരങ്ങളെയൊക്കെ പരിഹസിക്കുന്ന കഥാസന്ദർഭങ്ങൾ ഒട്ടേറെയുണ്ടായിരുന്നെങ്കിലും ആക്ഷേപഹാസ്യത്തിന്റെ പരിധിയിൽനിന്ന് ആരെയും മുറിപ്പെടുത്താതെയാണ് ഈ ചിത്രമൊരുക്കിയത്. കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ കാപട്യങ്ങളെയും ആശയപരമായ വൈരുധ്യങ്ങളെയും നിശിതമായി വിമർശിച്ച സന്ദേശം എന്ന ചിത്രത്തിന്റെ പ്രസക്തിയും വളരെ വലുതാണ്.
Kerala
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ ചലച്ചിത്ര സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ് മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നല്‍കിയത്.
ഹര്‍ജി സ്വീകരിച്ച കോടതി, പോലീസിനോട് തിങ്കളാഴ്ച റിപ്പോർട്ട് നൽകണമെന്ന് നിര്‍ദേശം നല്കി. വനിതാ ചലച്ചിത്ര പ്രവർത്തകയാണ് മുൻ എംഎൽഎ കൂടിയായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ പരാതി നല്‍കിയത്.
കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. കഴിഞ്ഞ മാസം ആറിനായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം.
ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷന് വേണ്ടിയുള്ള കമ്മിറ്റിയില്‍ പരാതിക്കാരിയായ ചലച്ചിത്രപ്രവർത്തകയുമുണ്ടായിരുന്നു. തലസ്ഥാനത്തെ ഒരു ഹോട്ടലിലാണ് ജൂറി അംഗങ്ങൾ താമസിച്ചിരുന്നത്. സ്ക്രീനിംഗിന് ശേഷം ഹോട്ടലിൽ തിരിച്ചെത്തിയ സമയത്ത് കുഞ്ഞുമുഹമ്മദ് മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് ചലച്ചിത്ര പ്രവർത്തക മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്. ഈ പരാതി മുഖ്യമന്ത്രി കൻറോൺമെന്റ് പോലീസിന് കൈമാറുകയായിരുന്നു. പൊലീസിനോടും ചലച്ചിത്ര പ്രവർത്തക പരാതി ആവർത്തിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പൊലീസ് കേസെടുത്തത്.
.
Kerala
തിരുവനന്തപുരം: മുന്‍ എംഎല്‍എയും സംവിധായകനുമായ പി.ടി. കുഞ്ഞുമുഹമ്മദിൽനിന്ന് മോശം അനുഭവം ഉണ്ടായതായി പരാതി നല്കിയ സംവിധായികയുടെ രഹസ്യമൊഴി രേഖപ്പെടുത്താനൊരുങ്ങി പോലീസ്. ഇതിനായി കന്റോണ്‍മെന്റ് പോലീസ് മജിസ്ട്രേട്ട് കോടതിയില്‍ അപേക്ഷ നല്‍കും.
കുഞ്ഞുമുഹമ്മദിനെ ഉടന്‍ ചോദ്യം ചെയ്യുമെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകള്‍ മൂലമാണ് നടപടിക്രമങ്ങള്‍ വൈകുന്നതെന്നുമാണ് പോലീസ് പറയുന്നത്. കുഞ്ഞുമുഹമ്മദില്‍നിന്നു മോശം അനുഭവം ഉണ്ടായതായി ചലച്ചിത്ര അക്കാദമിയെ അറിയിച്ച ശേഷമാണ് സംവിധായിക നവംബര്‍ 27ന് മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്.
തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വഴി ഡിസംബര്‍ രണ്ടിന് ലഭിച്ച പരാതിയില്‍ എട്ടിനാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് കേസെടുത്തതെന്നാണ് പോലീസ് പറയുന്നത്.
തിരുവനന്തപുരത്തെ രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്കു മലയാളം ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിനുള്ള കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു പി.ടി.കുഞ്ഞുമുഹമ്മദ്. ഇതുമായി ബന്ധപ്പെട്ട യോഗത്തിനെത്തിയപ്പോള്‍ ചലച്ചിത്ര അക്കാദമിയുടെ അതിഥികളായാണു കുഞ്ഞുമുഹമ്മദും കേസിലെ പരാതിക്കാരിയും നഗരത്തിലെ ഹോട്ടലില്‍ താമസിച്ചത്.
ഹോട്ടല്‍ മുറിയില്‍ വച്ചു സമ്മതമില്ലാതെ ശരീരത്തില്‍ കടന്നുപിടിച്ചെന്നും അപമാനിച്ചെന്നുമാണു പരാതി. ഹോട്ടലില്‍ നിന്നു പോലീസ് ശേഖരിച്ച സിസിടിവി ദൃശ്യത്തില്‍ ഇരുവരും ഹോട്ടലിലുണ്ടായിരുന്നുവെന്നു വ്യക്തമായിട്ടുണ്ട്.
Movies
മറയൂര്‍ കാടുകളില്‍ അപൂര്‍വമായി കാണപ്പെടുന്ന അമൂല്യവും വിശേഷപ്പെട്ടതുമായ ചന്ദനമരമാണ് വിലായത്ത് ബുദ്ധ. ഗുണനിലവാരമുള്ള ലക്ഷണമൊത്ത ചന്ദനമരം. ബുദ്ധശില്പങ്ങള് നിര്‍മിക്കുന്നതിനാണ് ഇതുപയോഗിക്കുന്നത്. അങ്ങനെയാണ് ഈയിനത്തിനു വിലായത്ത് ബുദ്ധയെന്നു പേരുവീണത്.
അങ്ങനെയുള്ള വിലായത്ത് ബുദ്ധയെ വീട്ടുപറമ്പില്‍ പരിപാലിച്ചു വളര്‍ത്തുന്ന മറയൂരിലെ റിട്ട. അധ്യാപകനും മുന്‍ പഞ്ചായത്തു പ്രസിഡന്റുമായ ഭാസ്കരനും ആ ചന്ദനമരം മോഷ്ടിക്കുമെന്ന് ഭാസ്കരന് മാസ്റ്ററെ പരസ്യമായി വെല്ലുവിളിച്ച അദ്ദേഹത്തിന്റെ ശിഷ്യന് ഡബിള്‍ മോഹന്‍ എന്ന ചന്ദനക്കടത്തുകാരനും തമ്മിലുള്ള പോരാട്ടത്തിന്റെയും പ്രതികാരത്തിന്റെയും സംഭവബഹുലമായ നാള്വഴിച്ചിത്രമാണു വിലായത്ത് ബുദ്ധ.
ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരം. അയ്യപ്പനും കോശിയും എഴുതി സംവിധാനം ചെയ്ത സച്ചിയുടെ ശിഷ്യന് ജയന് നമ്പ്യാര്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം. പക്ഷേ, അയ്യപ്പനും കോശിയുമായി വിലായത്ത് ബുദ്ധയെ താരതമ്യം ചെയ്യാന്‍ മുതിര്‍ന്നാല്‍ സച്ചിയുടെ തട്ട് താണുതന്നെയിരിക്കും. അതാണു സച്ചിയുടെ മാസ്റ്റര്‍ ക്രാഫ്റ്റ്. അതങ്ങനെ തന്നെ തുടരട്ടെ.
Kerala
തൃശൂർ: രാഗം തീയറ്റർ നടത്തിപ്പുകാരനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ടയാളാണ് പിടിയിലായതെന്ന് സൂചന.
പിടിയിലായ ആളെ ഉന്നത ഉദ്യേഗസ്ഥർ ചോദ്യം ചെയ്യുകയാണ്. ഇരുട്ടില്‍ പതിയിരുന്ന് ആക്രമിച്ചത് മൂന്നംഗ സംഘമെന്നാണ് കണ്ടെത്തല്‍.
അതേസമയം, തന്നെ കൊല്ലാൻ ലക്ഷ്യമിട്ട് നടത്തിയ ആക്രമണമാണ് നടന്നതെന്ന് രാഗം സുനിൽ നേരത്തെ പറഞ്ഞിരുന്നു. ആക്രമിച്ചതിനു പിന്നിൽ കൊട്ടേഷൻ സംഘമാണ്. കാറിന്റെ ഗ്ലാസ് തകർത്ത ശേഷം കത്തി ഉപയോഗിച്ച് തന്നെ കുത്താൻ ശ്രമിച്ചു. കൈവച്ച് തടഞ്ഞതിനാൽ ആണ് കഴുത്തിൽ കുത്ത് കിട്ടാതിരുന്നത്.
ഗ്യാസ് നിറച്ച തീ പടരുന്ന സ്പ്രേ ഉപയോഗിച്ച് ആക്രമിക്കാനും ശ്രമം ഉണ്ടായി. സ്പ്രയിൽ നിന്ന് സ്പാർക്ക് വരാതിരുന്നതിനാലാണ് രക്ഷപ്പെട്ടത്. സ്പ്രേ ബോട്ടിൽ ചവിട്ടിത്തെറിപ്പിക്കുന്നതിനിടയിലാണ് കാലിൽ വെട്ടിയതെന്നും സുനിൽ വ്യക്തമാക്കി.
വ്യാഴാഴ്ച രാത്രി പത്തോടെ തൃശൂര്‍ വെളപ്പായയില്‍ സുനിലിന്റെ വീടിന് മുന്നില്‍ വച്ചാണ് സംഭവം. സുനിൽ വീടിനു മുന്പില് വച്ച് കാറില്‍ നിന്നിറങ്ങി ഗേറ്റ് തുറക്കുന്നതിനിടെയാണ് ഇരുട്ടില്‍ പതിയിരുന്ന മൂന്നംഗ സംഘം വാള് ഉപയോഗിച്ച് ഇരുവരെയും വെട്ടിയത്. സുനിലിന്റെ കാലിനും ഡ്രൈവറുടെ കൈയ്ക്കുമാണ് വെട്ടിയത്.
പരിക്കേറ്റ ഇരുവരെയും ആദ്യം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും, പിന്നീട് തൃശൂര്‍ ദയ ആശുപത്രിയിലേക്കും മാറ്റി. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. ഇരുവരെയും വെട്ടിയശേഷം അക്രമിസംഘം ഓടിരക്ഷപ്പെട്ടു. സുനില്‍ പത്തുവര്‍ഷത്തോളമായി രാഗം തീയറ്റര്‍ വാടകയ്ക്ക് എടുത്ത് നടത്തുകയാണ്.
Movies
കോഴിക്കോട് കോർപ്പറേഷന്റെ മേയർ സ്ഥാനാർഥിയായി സംവിധായകൻ വി.എം. വിനുവിനെ രംഗത്തിറക്കാൻ യുഡിഎഫ് നേത്യത്വം. ബുധനാഴ്ച്ചയാകും യുഡിഎഫിന്റെ രണ്ടാം ഘട്ട ലിസ്റ്റ് പുറത്തിറക്കുക. വി.എം. വിനുവിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തോടെ കെപിസിസി ജനറല്‍ സെക്രട്ടറിമാരായ പി.എം. നിയാസും വിദ്യാ ബാലകൃഷ്ണനും മല്‍സരിക്കാനുള്ള സാധ്യത മങ്ങി.
പാറോപ്പടിയോ ചേവായൂരോ മല്‍സരിപ്പിക്കാനാണ് നീക്കം. ആദ്യഘട്ടത്തില്‍ മല്‍സരിക്കാന്‍ വിസമ്മതിച്ച വിനുവുമായി രമേശ് ചെന്നിത്തലയും ഷാഫി പറമ്പിലും നേരിട്ട് കണ്ട് ചര്‍ച്ച നടത്തിയതോടെയാണ് സമ്മതിച്ചത്. കോർപറേഷനിലെ 49 സീറ്റുകളിലാണ് കോൺഗ്രസിനു സ്ഥാനാർഥികളുള്ളത്.
ബാലേട്ടൻ, വേഷം, ബസ് കണ്ടക്ടർ, പല്ലാവൂർ ദേവനാരായണൻ, മയിലാട്ടം, ആകാശത്തിലെ പറവകൾ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ അടക്കം പതിനഞ്ചോളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.
Movies
ഒരു തലമുറയുടെ സ്വപ്നസുന്ദരിയായിരുന്നു ഷീല. ഇന്നും വെള്ളിത്തിരയിലെ മിന്നും താരം. വെള്ളിത്തിരയില്‍ കാമുകിയായും ഭാര്യയായും അമ്മയായും അമ്മൂമ്മയായും സഹോദരിയായും പകര്‍ന്നാടിയ അനുപമ ജീവിതം.
1963ല്‍ ആരംഭിച്ച വെള്ളിത്തിരയിലെ ജീവിതം 62 വര്‍ഷം പിന്നിടുന്നു. 1980ല്‍ സ്ഫോടനം എന്ന ചിത്രത്തോടെ അഭിനയത്തില്‍നിന്നു വിട്ടുനിന്ന ഷീല 2003ല്‍ സത്യന് അന്തിക്കാട് സംവിധാനം ചെയ്ത് വര്‍ണചിത്ര ബിഗ് സ്ക്രീനിന്റെ ബാനറില്‍ മഹാസുബൈര്‍ നിര്‍മിച്ച മനസിനക്കരെ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചുവരവു നടത്തി. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അവര്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളായി എത്തി.
സംവിധായികയായും
സംവിധായകയായും ഷീല തിളങ്ങിയിട്ടുണ്ട്. യക്ഷഗാനം, ശിഖരങ്ങള്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മമ്മൂട്ടി നായകനായ ഒന്നു ചിരിക്കൂ എന്ന ചിത്രത്തിന്റെ കഥ ഷീലയുടേതാണ്.
കുയിലിന്റെ കൂട് എന്ന പുസ്തകവും ഷീല രചിച്ചിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി. ഡാനിയല്‍ പുരസ്കാരവും ഷീലയെ തേടിയെത്തിയിട്ടുണ്ട്.
അഭിനയജീവിതത്തിലെ ചില ഓര്‍മകള്‍ ഷീല തുറന്നുപറഞ്ഞത് ആ മഹാനടിയെ സ്നേഹിക്കുന്നവര്‍ എന്നും നെഞ്ചിലേറ്റുന്നതാണ്.
Kerala
കൊച്ചി: ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ മന്ത്രി സജി ചെറിയാനെതിരെ വിമർശനവുമായി സംവിധായകൻ വിനയൻ. ഈ സര്‍ക്കാരിന്റെ കാലത്ത് ഒരു പരാതിയും ഉയരാത്ത അഞ്ചാമത്തെ സിനിമാ അവാര്‍ഡാണ് പ്രഖ്യാപിച്ചതെന്ന് മന്ത്രി പറഞ്ഞിരുന്നു.
ഇതിനു മറുപടിയായിട്ടാണ് ഫേയ്സ്ബുക്കിലൂടെ വിനയൻ രംഗത്തെത്തിയത്. 2022 ലെ അവാർഡ് പ്രഖ്യാപിച്ചു കഴിഞ്ഞപ്പോൾ പത്തൊമ്പതാം നൂറ്റാണ്ട് എന്ന തന്റെ സിനമയ്ക്ക് അവാർഡ് നിഷേധിക്കാൻ ചലച്ചിത്ര അക്കാഡമി ഇടപെട്ടു. ഇത് വെളിപ്പെടുത്തിയത് ജൂറി അംഗങ്ങൾ തന്നെയാണ്.
അന്നത്തെ ജൂറി അംഗങ്ങളായ നേമം പുഷ്പരാജും ജെൻസി ഗ്രിഗറിയും അക്കാര്യം പറയുന്ന വോയിസ് ക്ലിപ്പുകൾ ഇന്നും സോഷ്യൽ മീഡിയായിലുണ്ട്. മിനിസ്റ്റർ മറന്നു പോയെങ്കിൽ ഞാൻ ഒന്നു കൂടി എടുത്തയച്ചു തരാം.
സ്വജനപക്ഷപാതത്തിലും വിലകുറഞ്ഞ രാഷ്ട്രീയക്കളിയിലും ആരും ഒട്ടും മോശമല്ല. വെറുതെ തള്ളി മറിച്ചിട്ടൊരു കാര്യവുമില്ലെന്നും വിനയൻ പറഞ്ഞു.
Movies
ഫഹദ് ഫാസിലിനെ നായകനാക്കി ആക്ഷൻ ത്രില്ലർ ചിത്രം ഒരുക്കുമെന്ന് ‘96’, ‘മെയ്യഴകൻ’ സിനിമകളുടെ സംവിധായകൻ പ്രേംകുമാർ. ചിയാൻ വിക്രമിനെ നായകനാക്കി പ്രേംകുമാർ ഒരുക്കുന്ന ചിത്രത്തിന് മുൻപ് ആയിരിക്കും ഫഹദ് ഫാസിൽ ചിത്രമെത്തുക. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രേംകുമാർ പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ചത്.
""ചിയാൻ വിക്രം സിനിമയുടെ കഥ എഴുതിക്കൊണ്ടിരിക്കുകയാണ്. അതിന് മുൻപായി ഫഹദ് ഫാസിലിനെ നായകനാക്കി ചിത്രമൊരുക്കും. എന്റെ മുൻ സിനിമകളുടെ ജോണർ ആയിരിക്കില്ല ഫഹദ് ഫാസിൽ ചിത്രത്തിന്. എന്നാൽ പ്രേക്ഷകരെ പിടിച്ചിരിത്തുന്ന ഇമോഷണൽ കണക്ഷൻ സിനിമയ്ക്കുണ്ടാകും. ഫഹദിനെ വച്ചുള്ള ത്രില്ലർ ചിത്രം നാലു വർഷമായി എന്റെ മനസിലുണ്ട്.''പ്രേംകുമാർ പറഞ്ഞു.
‘96’ ‘മെയ്യഴകൻ’ പോലുള്ള ഫീൽഗുഡ് ചിത്രങ്ങൾ തൽക്കാലത്തേക്ക് മാറ്റിപ്പിടിക്കാൻ ചുറ്റുമുള്ളവർ ഉപദേശിച്ചിരുന്നു എന്ന് സംവിധായകൻ വെളിപ്പെടുത്തി. 40 മിനിറ്റ് കഥ പറഞ്ഞപ്പോഴേക്കും ഫഹദിന് ഇഷ്ടമായി എന്നും പ്രേംകുമാർ പറഞ്ഞു. തമിഴിലായിരിക്കും ചിത്രം ഒരുങ്ങുക. 2026 ജനുവരിയിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
Movies
ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ഡോക്യുമെന്ററി സംവിധായകൻ ആർ.എസ്. പ്രദീപ് (58) അന്തരിച്ചു.
ഇന്നു രാവിലെ ഒൻപതു മുതൽ ബേക്കറി ജംഗ്ഷനു സമീപത്തെ വസതിയായ ഒവിആർഎ ഇ-86ൽ മൃതദേഹം പൊതു ദർശനത്തിനുവയ്ക്കും. സംസ്കാരം വൈകുന്നേരം നാലിന് തൈക്കാട് ശാന്തികവാടത്തിൽ.
കേരളത്തിലെ ആദ്യകാല ടെലിവിഷൻ സ്റ്റുഡിയോ ട്രിവാൻഡ്രം ടെലിവിഷന്റെ സ്ഥാപകനായിരുന്നു. ദൂരദർശനു വേണ്ടി ഒട്ടേറെ പ്രോഗ്രാമുകൾ ചെയ്തിട്ടുണ്ട്. 2005 മുതൽ 2013 വരെ കേന്ദ്ര സെൻസർ ബോർഡ് അംഗമായിരുന്നു.
ലെനിൻ രാജേന്ദ്രന്റെ ജീവിതത്തെ ആസ്പദമാക്കി ‘വേനൽ പെയ്ത ചാറ്റു മഴ’2019ലെ മികച്ച ഡോക്യുമെന്ററിക്കുള്ള സംസ്ഥാന അവാർഡ് നേടി. 2023ൽ ‘മൂന്നാം വളവ് ' മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടി.
12 അന്തർദേശീയ ചലച്ചിത്ര മേളകളിൽ ഇത് പ്രദർശിപ്പിച്ചു. ‘പ്ലാവ് ' എന്ന ഡോക്യുമെന്ററി സയൻസ് ആൻഡ് എൻവയോണ്‍മെന്റ് വിഭാഗത്തിൽ സംസ്ഥാന പുരസ്കാരം നേടി. ഡോ. എ.പി.ജെ അബ്ദുൾ കലാമിനെ കുറിച്ചുള്ള വിങ്സ് ഓഫ് ഫയർ, തുഞ്ചത്തെഴുത്തച്ഛൻ, അജാന്ത്രിക്ക് തുടങ്ങി നൂറിലധികം പ്രശസ്ത ഡോക്യുമെന്ററികളുടെ സംവിധായകനാണ്.
National
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനദുരന്തത്തിൽ ഗുജറാത്തി സംവിധായകൻ മഹേഷ് ജിറാവാല(34) മരിച്ചതായി സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്.
വിമാനം മേഘാനിനഗറിലുള്ള ഹോസ്റ്റലിലേക്ക് ഇടിച്ചിറങ്ങുന്പോൾ മഹേഷ് അതുവഴി തന്റെ സ്കൂട്ടറിൽ സഞ്ചരിച്ചതായി സിസിടിവി ദൃശ്യങ്ങളിലുണ്ടായിരുന്നു.
അപകടത്തിനു പിന്നാലെ മഹേഷിന്റെ മൊബൈൽഫോൺ പ്രവർത്തനരഹിതമായിരുന്നു. കത്തിക്കരിഞ്ഞ സ്കൂട്ടർ പോലീസ് തിരിച്ചറിഞ്ഞതിനു പിന്നാലെ വാഹത്തിന്റെ രജിസ്ട്രേഷൻ നന്പറും മരണം ഉറപ്പിക്കുന്നതിനു സഹായിച്ചു.
മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുത്തു. മഹേഷ് ജിറാവാല പ്രൊഡക്ഷന്റെ ബാനറിൽ ഗുജറാത്തിയിൽ സംഗീത വീഡോയികളും ടെലിവിഷൻ പരസ്യങ്ങളും നിർമിച്ച ഇദ്ദേഹം 2019-ൽ പുറത്തിറങ്ങിയ "കോക്ടെയ്ൽ പ്രേമി പൗ ഓഫ് റിവഞ്ച് 'എന്ന ചിത്രത്തിന്റെ സംവിധായകനാണ്.