കൊച്ചി: ലൈംഗിക അതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. നടിയെ ഉപദ്രവിച്ചെന്ന് കണ്ടെത്തിയ കാരവാനിൽ എത്തിച്ചാണ് തെളിവെടുക്കുക. ഷൂട്ടിംഗ് സെറ്റിൽ ഉണ്ടായിരുന്ന രണ്ട് കാരവാനുകളും പോലീസിന്റെ കസ്റ്റഡിയിലാണ് ഉള്ളത്.
അതേസമയം യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വിട്ടിരുന്നു. തിങ്കളാഴ്ച വരെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. എറണാകുളം സിജെഎം കോടതിയാണ് രഞ്ജിത്തിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. രഞ്ജിത്ത് നടത്തിയത് ഗുരുതര കുറ്റകൃത്യമെന്നായിരുന്നു പ്രോസിക്യൂട്ടറിന്റെ വാദം.
രഞ്ജിത്തിന്റെ ആരോഗ്യ സ്ഥിതി പരിഗണിക്കണമെന്ന് അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. നട്ടെല്ലിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കരൾ മാറ്റിവയ്ക്കലിന് വിധേയനായ ആളാണെന്നുമായിരുന്നു രഞ്ജിത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം.
ജനുവരി ഒമ്പതിന് ഫോർട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവനടിയുടെ പരാതി. രഞ്ജിത്തിനെ കാണാൻ കാരവാനിൽ കയറിയപ്പോൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതിയിൽ പറയുന്നു.
ഇടുക്കി എസ്പിയുടെ നിർദേശപ്രകാരം തൊടുപുഴയിൽ വച്ച് കാർ തടഞ്ഞാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. അതിക്രമത്തെ തുടർന്ന് വലിയ മാനസികാഘാതം നേരിട്ട താൻ കൗൺസിലിംഗിന് ശേഷമാണ് പരാതിയുമായി മുന്നോട്ട് വന്നതെന്നും നടി പറഞ്ഞു. നടിയുടെ രഹസ്യ മൊഴിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് പോലീസ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയത്.
Tags : sexual assault case director ranjith evidence collection police