സിനിമയുടെ ഉത്സവകാലമാണു വേനലവധി. പുത്തന്‍പടങ്ങളുടെ പൂരാവേശത്തിലേക്ക് പുതുതലമുറ മനസുചേര്ക്കുന്ന നാളുകള്‍. ഏപ്രില്‍ രണ്ടിനു വാഴ ഫ്രാഞ്ചൈസിയിലെ പുതുചിത്രം, "വാഴ 2’ന്റെ റിലീസോടെ തിയറ്ററുകളില്‍ അവധിക്കാലത്തിന്റെ ആവേശമുണരും.
വിപിന്‍ദാസിന്റെ തിരക്കഥയില്‍ സവിന്‍ സ സംവിധാനം ചെയ്ത "വാഴ 2’ ഡാര്‍ക് കോമഡി ഡ്രാമയാണ്.
"വാഴ 1 ലെ പ്രധാന കഥാപാത്രങ്ങളുടെ കഥയല്ലിത്. വാഴ 1 ല്‍ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹാഷിര്‍, അലന് ബിന്‍ സിറാജ്, അജിന് ജോയി, വിനായക് എന്നിവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണു വാഴ 2. ഈ നാലുപേരുടെ വളര്‍ച്ചയുടെ കഥകളുമായി, അത്തരം മൂഡിലുള്ള ഒരു സിനിമ’ -സവിന്‍ സ പറയുന്നു.
"വാഴ 2’ലേക്ക് എത്തുമ്പോള്‍ എന്താണു മാറ്റം..?
വാഴ 1 ന്റെ അതേ പാറ്റേണില്‍ പോകുന്ന പരിപാടികളാണ് ഇതിലും. കഥയിലെ സന്ദര്‍ഭങ്ങള്‍ക്കും സ്ഥലങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും ആംബിയന്സിലുമൊക്കെയാണു മാറ്റം. ആദ്യത്തേതില്‍ ബയോപിക് ഓഫ് എ ബില്യണ്‍ ബോയ്സ്. ആണ്‍കുട്ടികള്‍ക്ക് അച്ഛന്മാരുമായുള്ള ബന്ധം മുന്‍നിര്‍ത്തി ചെയ്ത പടമാണത്.
വാഴ 2, ബയോപിക് ഓഫ് എ ബില്യണ്‍ ബ്രോസാണ്. സഹോദരീസഹോദരന്മാരിലേക്കു ബന്ധിപ്പിക്കുന്ന കഥയാണിത്. വീടും അതിനെ ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങളുമായി ബന്ധമുള്ള കഥാസഞ്ചാരം. ഈ കാലഘട്ടത്തില്‍ സംഭവിക്കുന്ന കഥ. ഇതില്‍ രണ്ടു നായികമാർ-എയ്ഞ്ചല്‍, ആരാധ്യ. ലക്ഷ്മിധന്യ കാരക്ടര്‍ വേഷത്തിലാണ്. ഈ സിനിമയ്ക്കു വാഴ 1 മായുള്ള ബന്ധം തിയറ്ററില്‍ കണ്ടുതന്നെയറിയാം.
സിനിമയിലെ തുടക്കം..?
ചെറുപ്പത്തിലേ സിനിമയോട് ഇഷ്ടമായി. തിരുവല്ല പെരിങ്ങരയെന്ന നാട്ടിന്‍പുറത്തുനിന്ന് അതിലേക്ക് എങ്ങനെ എത്തുമെന്നൊന്നും അറിയാത്ത കാലം. സിനിമയില്‍ അസോസിയേറ്റായിരുന്ന, എന്റെ വീടിനു തൊട്ടടുത്തുള്ള സാം ചേട്ടന് വഴിയാണ് ആദ്യമായി അസിസ്റ്റ് ചെയ്യാന്‍ അവസരമുണ്ടായത്.
ഷൂട്ടിംഗ് ഞാന്‍ ഉദ്ദേശിക്കുന്ന പരിപാടിയൊന്നുമല്ലെന്ന് ആദ്യദിവസം തന്നെ ബോധ്യമായി. എന്നെക്കൊണ്ടാവില്ലെന്നു തോന്നി. പക്ഷേ, സാം ചേട്ടന് ധൈര്യംപകര്‍ന്ന് കൂടെനിര്‍ത്തി. പുസ്തകങ്ങള്‍ തന്നു. ഫിലിം ഫെസ്റ്റിവലുകള്‍ക്കു കൊണ്ടുപോയി. ഒപ്പം പ്രവര്‍ത്തിച്ച ടെക്നീഷന്മാരെ പരിചയപ്പെടുത്തി. ക്രമേണ സിനിമയോടുള്ള കാഴ്ചപ്പാടുകള്‍ മാറി.
അക്കാലത്താണു "പ്രേമം’ റിലീസായത്. പുതിയ സംവിധായകരുടെ പടങ്ങള്‍ കാണാന്‍ തുടങ്ങി. വേറിട്ട സിനിമകളാണ് എല്ലാവരും ചിന്തിക്കുന്നതെന്നു ബോധ്യമായി. പിന്നീടാണു ഞാന്‍ വിപിന്ചേട്ടന്റെയടുത്ത് എത്തിയത്. "ജയ ജയ ജയ ഹേ’യില്‍ അസോസിയേറ്റായി. അഭിനയം അന്നും ഇപ്പോഴും ചിന്തയിലില്ല. എഴുത്തും സംവിധാനവുമായിരുന്നു ആഗ്രഹം. തുടര്‍ന്നു "ഗുരുവായൂരമ്പല നടയില്‍’, "വാഴ’ തുടങ്ങിയ സിനിമകളില്‍. "വ്യസനസമേതം ബന്ധുമിത്രാദികളി’ല്‍ സെക്കന്‍ഡ് യൂണിറ്റ് ഡയറക്ടറായി ഏതാനും ദിവസം ഷൂട്ട് ചെയ്യാനും അവസരമുണ്ടായി.
വാഴ 2 ന്റെ സംവിധായകനായത്..?
വാഴ 1 ല്‍ ഞാന്‍ അസോസിയേറ്റ് ഡയറക്ടറായിരുന്നു. അതിന്റെ പോസ്റ്റ് പ്രൊഡക്ഷനിലും കൂടെയുണ്ടായിരുന്നു. ഹാഷിറിനെയൊക്കെ മുന്‍നിര്‍ത്തി വാഴ 2 ആലോചനയിലാണെന്നും ആ സിനിമ സംവിധാനം ചെയ്യാമോ എന്നും ഒരു ദിവസം വിപിന്‍ ചേട്ടന് എന്നോടു ചോദിച്ചു. സ്വതന്ത്ര സംവിധായകനാവണമെന്ന ചിന്ത വന്നുതുടങ്ങിയിരുന്നതിനാല് കേട്ടമാത്രയില്‍തന്നെ ഞാന്‍ സമ്മതമറിയിച്ചു.
അപ്പോള്‍ വാഴ 2 ന്റെ കഥയിലേക്ക് എത്തിയിരുന്നില്ല. പക്ഷേ, വിപിന്‍ ചേട്ടന് എന്നെ കൃത്യമായി ലാന്‍ഡ് ചെയ്യിപ്പിക്കുമെന്ന വിശ്വാസം അന്നേ ഉണ്ടായിരുന്നു. സാധാരണ സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹിച്ചു വന്നയാളാണു ഞാന്‍. പക്ഷേ, സ്വപ്നത്തില്‍പോലും വിചാരിക്കാത്ത കാര്യങ്ങളാണു പിന്നീടു നടന്നത്.
വിപിന്‍ദാസിന്റെ സ്ക്രിപ്റ്റാണോ ആത്മവിശ്വാസം നല്‍കിയത്..?

എന്നെ വിശ്വസിച്ച് ആദ്യമായി ഒരാള്‍ "ഒരു പടം ഡയറക്ട് ചെയ്യൂ’ എന്നു പറഞ്ഞ ആ നിമിഷം. അതായിരുന്നു എന്റെ ആത്മവിശ്വാസം. കാമുകിയോ അമ്മയോ പോലും എന്നെ അത്ര വിശ്വസിച്ചതായി ഓര്‍ക്കുന്നില്ല. വിപിൻ ചേട്ടന്റെ വാക്കുകള്‍ എന്നെ മാറ്റിമറിച്ചു. അതിനു മുമ്പും എനിക്ക് ആത്മവിശ്വാസമുണ്ടായിരിക്കാം. പക്ഷേ, ഒരു സിനിമ ചെയ്യും എന്ന തീരുമാനത്തില്‍ എത്തിയിരുന്നില്ല.
വാഴ 1 നല്ല രീതിയില്‍ ഹിറ്റാണ്. അതിലെ അഭിനേതാക്കളെല്ലാം പെട്ടെന്നു പ്രശസ്തരായി. ഈ പടം പ്രഖ്യാപിച്ചു പോസ്റ്റര്‍ വന്നതോടെ എവിടെച്ചെന്നാലും വാഴ 2 എന്തായി എന്ന ചോദ്യങ്ങള്‍, വര്‍ത്തമാനങ്ങള്‍. എന്റെ ടെന്‍ഷന്‍ കൂടിവന്നു. ടെന്ഷനുള്ളതുകൊണ്ടാവാം ഞാന്‍ ഇപ്പോഴും പിടിച്ചുനില്‍ക്കുന്നത്.
നടനായി അല്‍ഫോണ്‍സ് പുത്രന്..?
ഇങ്ങനെയൊക്കെ സിനിമ ചെയ്യാന്‍ പറ്റുമോ എന്നു ചിന്തിപ്പിച്ച ചിത്രമാണല്ലോ "പ്രേമം’. അതിന്റെ സംവിധായകന് ഇതില്‍ അഭിനയിക്കാന്‍ വന്നു എന്നത് ആവേശകരമായ അനുഭവമായി. അടിപൊളി മനുഷ്യനാണ്. സഹകരണ മനോഭാവമുള്ളയാളാണ്. നടനെന്ന രീതിയില്‍ തന്റെ കഥാപാത്രത്തിന്റെ കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാണ് അദ്ദേഹം സെറ്റില്‍ നിന്നിരുന്നത്.
വാഴ 2 ലെ പാട്ടുകള്‍, സംഗീതം..?

അങ്കിത് മേനോനാണ് മ്യൂസിക് ഏകോപനം. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചവര്‍, ഞങ്ങളുടെ ഓഡീഷനില്‍ വിജയിച്ചവര്‍ തുടങ്ങി ഒമ്പതു സംഗീത സംവിധായകര്‍ ഇതില്‍ 10- 11 പാട്ടുകളൊരുക്കി. രജത് പ്രകാശ് (ഹാറ്റ്സ്മിത്ത്)സംഗീതംനല്‍കിയ വാനിലച്ചെടിയേ, മലയാളി മങ്കീസിന്റെ കൊച്ചുകേരളം എന്നിവയാണ് റിലീസായത്.
ഇലക്്ട്രോണിക് കിളി, പാര്‍വതീഷ് പ്രദീപ്, അര്‍കാഡോ, ജാസിര്‍ മുഹമ്മദ്, അശ്വിന് ആര്യന്, ആര്‍സി, മുത്തു തുടങ്ങിയവര്‍ ചെയ്ത പാട്ടുകളും സിനിമയിലുണ്ട്. എല്ലാം കഥയ്ക്കുവേണ്ടിയുള്ളതും കഥയുടെ കൂടെ പോകുന്നതുമായ സിറ്റ്വേഷണല്‍ പാട്ടുകളാണ്.
ടെക്നിക്കല്‍ സപ്പോര്‍ട്ട്..?
"ജയ ജയ ജയ ഹേ’യില്‍ അസോസിയേറ്റ് കാമറാമാന് ആയിരുന്ന അഖില്‍ ലൈലാസുരനാണ് ഇതിന്റെ ഛായാഗ്രാഹകന്‍. ഞങ്ങള്‍ ഒരുമിച്ച് മൂന്നാലു പടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വാഴ 1 ന്റെ എഡിറ്ററായിരുന്ന കണ്ണന് മോഹനാണ് ഇതിലും എഡിറ്റര്‍. എന്റെ എടുത്തുചാട്ടങ്ങളൊക്കെ നിയന്ത്രിച്ച്, തെറ്റുകള്‍ തിരുത്തി... അത്തരത്തില്‍ സഹോദരതുല്യമായ ബന്ധം. വിപിന്ചേട്ടന് ഉള്‍പ്പെടെ എല്ലാവരില്‍നിന്നും നല്ല രീതിയിലുള്ള കരുതല്‍ ഉണ്ടായി. അദ്ദേഹം കൂടെയുള്ളത് എപ്പോഴും വലിയ ബലമാണ്.
ഇതു ജെന്‍ സി പ്രേക്ഷകരെ മാത്രം അഡ്രസ് ചെയ്യുന്ന സിനിമയാണോ..?
എല്ലാത്തരം ആളുകള്‍ക്കും ആസ്വദിക്കാനാകുംവിധമാണ് ഈ സിനിമ ഒരുക്കിയത്. സഹോദരിയും സഹോദരനുമൊക്കെയുള്ളവര്ക്ക് ഈ സിനിമ കൂടുതല്‍ കണക്ടാകും. തിരികെ വീട്ടിലേക്ക് എത്തുന്ന അനുഭവമായിരിക്കും വാഴ 2. ഹാഷിര്‍ ഉള്‍പ്പെടെയുള്ളവരെ ഇഷ്ടപ്പെടുന്നവര്‍ ധാരാളമുണ്ട്. പ്ലസ് ടു ജീവിതത്തിന്റെ മൂഡിലുള്ള ഇതിന്റെ പോസ്റ്ററുകളും ഹിറ്റാണ്. 80 ശതമാനം കേരളത്തിലും 20 ശതമാനും ജോര്ജിയയിലുമായിരുന്നു ഷൂട്ടിംഗ്. കഥാപരമായ ആവശ്യമായിരുന്നു വിദേശത്തെ ചിത്രീകരണം.
"ദൃശ്യം 3’ പോസ്റ്ററിലെ വാഴ വന്‍ പ്രമോഷനായിരുന്നല്ലോ..?
വാഴയുടെ ചിത്രമുള്ള "ദൃശ്യം 3’ പോസ്റ്റര്‍ വലിയ അദ്ഭുതമായി. നമുക്ക് ആ സമയത്തു കിട്ടാവുന്നതില്‍ ഏറ്റവും നല്ല പ്രമോഷന്. 50 ലക്ഷം കൊടുത്താലും കിട്ടാത്ത പ്രമോഷന്! "വാഴ’ ഫ്രാഞ്ചൈസി ആണെങ്കില്‍ പോലും പുതിയ പിള്ളേരുടെ പടം എന്ന നിലയില്‍ ആളുകളിലേക്ക് എത്തേണ്ട ഒരു സമയം. പിന്നെ, വേറെ റിലീസ് ഡേറ്റുകള്‍ കിട്ടാനുമില്ല. അങ്ങനെയാണ് ഏപ്രില്‍ രണ്ട് ഉറപ്പിച്ചത്. പിന്നീടു "ദൃശ്യ’ത്തിന്റെ റിലീസ് മേയ് 21 ലേക്കു മാറ്റി.
"വാഴ 3’ നു സാധ്യതയുണ്ടോ..?
ഇതു വിജയിച്ചാല്‍ മുന്നോട്ട് ഇതേ പാറ്റേണിലുള്ള സിനിമകളൊരുക്കാന്‍ പ്രചോദനമാകും. "വാഴ 3’ വന്നാല്‍ അതിലും പുതിയ സംവിധായകനും അഭിനേതാക്കളും തന്നെയായിരിക്കും.